Book Review – Cicily Jose’s Ottamuri – Short story collection – By Premraj K K

സിസിലി ജോസിന്റെ “ഒറ്റമുറി” എന്ന ചെറുകഥ സമാഹാരത്തെക്കുറിച്ച് ഒരു കുറിപ്പ് ഡോ . പ്രേംരാജ് കെ കെ എഴുതുന്നു.

ആദ്യമേ പറയട്ടെ, ഒറ്റമുറി എന്ന ഈ ചെറുകഥ സമാഹാരം എന്നെ ആകർഷിച്ചത് അതിന്റെ തന്മയത്വമാണ്. ഹൃദ്യമായ വായന നൽകുന്ന സമാഹാരം. ഇതിൽ പത്തൊൻപത് ചെറുകഥകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. വളരെ ലളിതമായ രീതിയിൽ കഥപറയുന്ന രീതിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത് എന്നത് ഇതിനെ വായനക്കാരുടെ പ്രിയ പുസ്തകമാക്കുന്നു .

ജയപരാജങ്ങൾ അറിയാണെങ്കിലും അക്ഷരങ്ങൾ അറിഞ്ഞിരിക്കണമെന്ന സന്ദേശം അങ്കലാപ്പ് എന്ന കഥയിൽ ലിസിയിലൂടെ പറയുകയാണ് ഇവിടെ. പ്രതിമ എന്ന കഥയിൽ പറയുന്നത് നമുക്ക് നമ്മളെത്തന്നെ നഷ്ട്ടപ്പെട്ടാലുണ്ടാകുന്ന അവസ്ഥ, അത് ജോലി സ്ഥലത്തുനിന്നും  പടർന്ന് വീട്ടിൽ വരെ എത്തുമ്പോൾ ഞാൻ ആരാണ് എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലാതാകുന്നു. നമ്മുടെ ചിന്തയിൽ ഒരു തീ പൊരി വീഴ്ത്താൻ പാകമായ ഒരു കുഞ്ഞു  കഥ. പ്രിയകൂട്ടുകാരിക്ക് മുല്ലപ്പൂവ് തല അലങ്കരിച്ചപ്പോൾ അതൊരു അപകടമാകുമെന്നും ഇത്തരം കൃത്യങ്ങൾ ആരോടും ചെയ്യരുതെന്ന് കൂട്ടുകാരി പറഞ്ഞപ്പോൾ തകർന്നത് ഒരു ഹൃദയമാണ് .

ചിലപ്പോൾ നമ്മൾ ഓരോരുത്തരും കടന്നുപോകാൻ ഇടയുള്ള വഴി അല്ലെങ്കിൽ എത്തിച്ചേരാൻ പോകുന്നയിടം , വൃദ്ധസദനം ആയിരിക്കാം. അങ്ങോട്ടുള്ള യാത്രയെ വളരെ വ്യത്യസ്തമായി കാണിച്ചുതരുന്ന ഒരു കഥയാണ്

“കുരിശിന്റെ വഴിയിലൂടെ ഒരു വൃദ്ധന്റെ യാത്ര” .  സ്വന്തം വീട്ടിൽ / നാട്ടിൽ വിവാഹത്തിന് മുമ്പ് എങ്ങനെയായിരുന്നോ ഒരു പെൺകുട്ടി അതിൽനിന്നും വേറിട്ടുനിൽക്കുന്ന പെണ്ണായിമാറുന്നു വിവാഹശേഷം, അങ്ങനെയുള്ള രാച്ചിയുടെ കഥപറയുകയാണ് “രാച്ചിയെ കാണ്മാനില്ല” എന്ന കഥയിൽ. ഒരു കുഞ്ഞ് അനാഥനാവുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം  അതെ സമയം സനാധനനാകാനും , അത്തരം ഒരു കുട്ടിയുടെ കഥയാണ്  ” ആശ്രയം ” എന്ന കഥയിൽ.  മാംസം ഉള്ളപ്പോഴാണ് നമ്മുടെ ചിന്തകളൊക്കെ മലിനമാകുന്നത്, വാടകയ്ക്ക് വന്നവർ വീട് കയ്യേറിയതുപോലെയാണ് നമ്മുടെ ഓരോരുത്തരുടെയും സ്ഥിതി, അത്തരം ഒരു അവസ്ഥയാണ് “പുനർജനം” നമുക്ക് കാണിച്ചു തരുന്നത്.  

നാട്ടിൻപുറത്തെ പെട്ടിക്കടയും കല്യാണവും നമ്മളെ വിട്ടുപോകുമ്പോൾ ഈ കണ്ണീമ്പി എന്ന കഥയിലൂടെ വായനക്കാരെ അത്തരമൊരു ഗ്രാമത്തിലേക്ക് കൂട്ടികൊണ്ടുപോവുകയായണ് കഥാകാരി, ഇരട്ടപ്പേര് കണ്ടുപിടിക്കുന്നതും ഒരു ഭാവനയാണ് , ആ കല നാട്ടിൻപുറത്താണ്  സുലഭം.  വായന നശിച്ചുപോകുന്നു ഈ കാലത്ത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് പാപ്പരാകുന്ന ഒരു അവസ്ഥ ആലോചിക്കുക. തന്റെ പുസ്തകം വായിച്ചോ എന്ന് ചോദിച്ചാൽ വായിക്കാരെ ഇല്ലെന്നും, സമയമില്ലെന്നും പറയുന്ന ഉറ്റവർ, അത്തരം പരിതസ്ഥിതിയിൽ എഴുത്തും നിന്നുപോകുന്ന പരിതസ്ഥിതി. അതാണ് വായന എന്ന കഥയിലൂടെ വായനക്കാർ അറിയേണ്ടത്. 

ചേച്ചിയുടെ ഷർട്ടുമിട്ട് സെന്റ് ഓഫ് പാർട്ടിക്ക് പോയി ഫോട്ടോ എടുത്തപ്പോൾ വലിയ പ്രതീക്ഷയായിരുന്നു ആനന്ദിക്ക്. പഴയ നാളുകളിലൂടെ ഒരു യാത്രയാണ് സെന്റ് ഓഫ് എന്ന കഥയിൽ.     നഷ്ടപ്പെടൽ എന്നത് എന്നും ഒരു നൊമ്പരം തന്നെയാണ്. പണ്ട് ഉണ്ടായിരുന്ന ഗ്രാമാന്തരീക്ഷത്തിൽ അത് തീവ്രമായിരുന്നു എന്നൊന്നും പറയാനാവില്ല, എന്നാൽ അന്ന് ബന്ധങ്ങൾക്ക് ഊഷ്മളത ഉണ്ടായിരുന്നു എന്ന് തോന്നുക കഥയാണ്  “യാത്രയയപ്പ്.” കാണാതായ അശ്വിൻ എന്ന കുട്ടിയെ തേടി അമ്മ, രാത്രയിൽ നീക്കിവെച്ച ചോറ് കഴിച്ചത് ആരായാലെന്ത്, അത് തന്റെ അശ്വിൻ തന്നെയാണ് എന്ന് ആ അമ്മ. 

ഈ സമാഹാരത്തിന്റെ പേരുള്ള കഥയാണ് “ഒറ്റമുറി” , നാലു ചുവരുകൾക്കുള്ളിൽ ജീവിതം  ഒതുക്കേണ്ടിവന്ന ഒരാളുടെ മനസികസ്ഥിതി വായനക്കാർക്ക് കാട്ടിത്തരുന്ന കഥയാണിത്. മരുന്നിന്റെ ലിസ്റ്റ് മനസ്സിലാകത്തക്കവിധം എഴുതിയാൽ എന്താണ് കുഴപ്പം, അതും കൊണ്ട് കുറച്ചധികം ചുറ്റേണ്ടിവന്ന സ്ത്രീയുടെ കാര്യമാണ് മരുന്ന് എന്ന കഥയിൽ. വെള്ളപ്പൊക്കം, ഒന്നാമൻ, ഫ്ലാറ്റ്, മരണാനന്തരം, എന്നീ കഥകൾ  മനുഷ്യനും അവന്റെ വിവിധ വികാരങ്ങളും വ്യത്യസ്തമായ കോണുകളിലൂടെ നോക്കിക്കാണുകയാണ് കഥാകാരി. ഗ്രാമത്തിന്റെ ഇടവഴിയിലൂടെ പോകുന്ന പ്രതീതി നമുക്ക് ഈ കഥകളിൽ  നിന്നും ഉണ്ടാകും.മാനുജന്റെ തല ഉയർന്നു പൊങ്ങി “താനെത്ര കേമൻ ” എന്ന ചിന്ത ഉണ്ടാകുമ്പോൾ ഒരു കാര്യം ഓർക്കുക ആ കേമത്തരം തിരിച്ചെടുക്കാൻ ഈശ്വരന് ഏതാനും നിമിഷംമാത്രം മതി . ഈ കഥാസമാഹാരത്തിലൂടെ കടന്നുപോകുമ്പോൾ ഇത്തരം തിരിച്ചറിവുകൾ നമ്മളിലുണ്ടാക്കുന്നു എന്നതാണ് വാസ്തവം. നമ്മൾ നമ്മളെത്തന്നെ വിചാരണയ്ക്ക് നിർത്തുക, ശിക്ഷയും സ്വയം നടപ്പിലാക്കുക, അധികം വൈകുന്നതിനുമുമ്പ്. ഈ സമാഹാരത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോൾ അത്തരം ചിന്തകൾ നമ്മളിൽ ഉണ്ടായാൽ അത്ഭുതപ്പെടേണ്ട. 

സിസിലി ജോസിന്റെ “ഒറ്റമുറി ” എന്ന കഥാസമാഹാരം നൽകുന്ന വായനാസുഖം വളരെ ഉയർന്നതാണ്. ഇത്തരം കഥകൾ വീണ്ടും എഴുതുവാൻ ടീച്ചർക്ക് പ്രചോദനം ഉണ്ടാകട്ടെ എന്ന്  ആശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

ഡോ. പ്രേംരാജ് കെ കെ

ബെംഗളൂരു.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*