Paattavilakku – Short story by Premraj K K

പാട്ടവിളക്ക്

ചെറുകഥ

രചന : ഡോ.  പ്രേംരാജ് കെ കെ

ഗ്ലാഡിയോലസ് എന്ന ചെടി വളർത്താൻ തുടങ്ങിയിട്ട് എട്ട് വർഷങ്ങളാകുന്നു. സോമണ്ണ ഈ ചെടിയുടെ ഭൂകാണ്ഡങ്ങൾ തന്നിട്ട് എട്ട് വർഷം. അന്ന് മകൾ, ഹരിണി  ജനിച്ച ദിവസമായിരുന്നു. മകൾ ഉണ്ടായതറിഞ്ഞ് സോമണ്ണ ആശുപത്രിലേക്ക് വരികയായിരുന്നു ഉണ്ടായത്.

എവിടെയോ ദൂരയാത്ര കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ അദ്ദേഹതിന്റെ കൈയിൽ ഒരു സഞ്ചി ഉണ്ടായിരുന്നു. അതിൽ എന്തൊക്കെയോ കുത്തിനിറച്ചിട്ടുമുണ്ടായിരുന്നു. അതുംകൊണ്ട് ആശുപത്രയിലേക്ക് കടന്നുവരുമ്പോൾ കവാടത്തിനു മുന്നിൽ വെച്ച് സെക്യൂരിറ്റി സഞ്ചി തുറന്നു കാണിക്കാൻ പറഞ്ഞു. സോമണ്ണ സഞ്ചി തുർന്ന് കാണിച്ചപ്പോൾ സെക്യൂരിറ്റി  ആ സഞ്ചി അകത്തേക്ക് കടത്തിവിടാൻ സമ്മതിച്ചില്ല. കാരണം അകത്തൊക്കെ മണ്ണ് വീഴും എന്നതുകൊണ്ടുതന്നെ. അപ്പോൾ സോമണ്ണ ഒരു സൂത്രം പ്രയോഗിച്ചു. ഇത് മരുന്നാണെന്നും, അകത്ത് കിടക്കുന്ന രോഗിക്ക് എണ്ണയുണ്ടാക്കി കൊടുക്കുവാനാണെന്നും പറഞ്ഞു.

വെളിയിൽ വെച്ചിട്ട് പോയാൽ മതിയെന്ന് സെക്യൂരിറ്റി .  അത് പറ്റില്ല, ഇതിൽ പലതരം മരുന്നുകൾ ഉണ്ടെങ്കിൽ ഓരോന്നും വേറെ വേറെ ആവശ്യത്തിനെന്നും, അത് രോഗിയുടെ കൂടെയുള്ള ആൾക്ക് വിശദീകരിക്കണമെന്നും സോമണ്ണ. നിവൃത്തിയില്ലാതെ സെക്യൂരിറ്റി അയാളെ അകത്തേക്ക് കടത്തിവിട്ടു.

ഹരിണിയെക്കണ്ട് മടങ്ങിപ്പോകുമ്പോൾ  അയാൾ കുറെ നോട്ടുകൾ എടുത്ത് അവളുടെ മൃദു കൈകളിൽ വെച്ചു കൊടുത്തു. അപ്പോഴാണ് അയാൾ ഒരു കാര്യം ഓർത്തത്. സഞ്ചി കൊണ്ടുവന്നപ്പോൾ തിരികെ കൊണ്ടുപോയാൽ സെക്യൂരിറ്റി പ്രശ്നമുണ്ടാക്കിയാലോ. അതുകൊണ്ട് അയാൾ ഒരു കാര്യം ചെയ്തു. സഞ്ചിയിൽ കൈയിട്ട് വാൾലില്ലിച്ചെ ടിയുടെ ഖാണ്ഡങ്ങൾ പുറത്തടുത്ത് ഒരു കടലാസ്സിൽ പൊതിഞ്ഞ്  ഹരിണിയുടെ പിതാവ് പാലിന് കൊടുത്തു. ഇത് വളരെ ഭംഗിയുള്ള പൂക്കൾ തരുന്ന ചെടിയാണെന്നും. ആഗസ്ത് മാസത്തിൽ പിറന്നവരുടെ ചെടിയാണെന്നും പറഞ്ഞു. അപ്പോൾ പാലിൻ ചിരിച്ചുകൊണ്ട് സോമണ്ണയെ ഓർമ്മപ്പെടുത്തി, ഈ മാസം ആഗസ്റ്റ്‌ ആണെന്ന കാര്യം. 

അതുകേട്ട് സോമണ്ണ ആശ്ചര്യത്തോടെ ഹരിണിയെ നോക്കി. ഉടനെ അദ്ദേഹം ജുബ്ബയുടെ കീശയിൽ കൈയിട്ട് ഒരു വെള്ളി നാണയം എടുത്ത് നോക്കി, അതിൽ ഗണപതിയുടെ  ചിത്രം ഉണ്ടെന്ന് ഉറപ്പ് വരുത്തി  രണ്ടു കണ്ണിലും ചേർത്തുവെച്ച്  ഹരിണിയുടെ തലഭാഗത്തായി വെച്ചു. തിരിഞ്ഞു നടക്കുമ്പോൾ നിഷ്കർഷിച്ചു,  ഈ വരുന്ന ഗണേശ ചതുർത്ഥിക്ക് വീട്ടിലേക്ക് ചെല്ലണമെന്ന്.

ഹാവേരിയിലെ ഹെഗേരി  തടാകത്തിന്റെ പടിഞ്ഞാറോട്ട് മാറി പൂക്കൾ നിറഞ്ഞുനിൽക്കുന്ന പാടങ്ങളാണ്. എങ്ങും വർണ്ണാഭയമായ പാടം. പലവർണത്തിലുള്ള പുതപ്പ് മൂടിക്കിടക്കുന്ന ഭൂമി. അതി സുന്ദരിയായ ഭൂമി. ആർക്കും വാരിപുണരാൻ തോന്നിക്കുന്ന വിധം പൂ പട്ടുചേലകൾ അണിഞ്ഞ് ആരെയും കൊതിപ്പിക്കും.

ആ മണ്ണിലാണ്  പാലിൻ വർണ്ണങ്ങൾ  വിളയിക്കുന്നത് .  അവിടമാകെ അയാളുടെ കൂട്ടരാണ്.  ഹൈദർ അലി തിഗള സമൂഹത്തെ വെച്ചാണ് ബംഗളൂരിലെ ലാൽബാഗ് ഉദ്യാനം ഉണ്ടാക്കിയതെന്ന് ചിലർ പറയുന്നു. എന്നാൽ പതിനാറാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിന്റെ ഗവർണർ നാടപ്രഭു കെംപെഗൗഡ നിർദ്ദേശിച്ചിട്ടാണ് തിഗള സമൂഹം പുഷ്പവ്യവസായത്തിലേക്ക് തിരിഞ്ഞത് എന്നും പറയുന്നുണ്ട്. പാലിൻ അതാണ് വിശ്വസിക്കുന്നത്. അതാണ് സത്യം. കാരണം, പാലിൻ പറയുന്നു, അയാൾക്ക് അറിയുന്ന ചില കുടുംബങ്ങളുടെ കൈയിൽ ഇപ്പോഴും കെംപെഗൗഡ  സമ്മാനിച്ച പല വസ്തുക്കളും ഉണ്ടെന്നും അവ ഈ ഉത്തരവിനോട് അനുബന്ധിച്ചതാണെന്നും പറയുന്നു. ആ ഉത്തരവ് പ്രകാരമാണ് പോലും അവരുടെ സമൂഹം കർണാടക കൂടാതെ,  തമിഴ് നാട്ടിലും, ആന്ധ്രയിലും പുഷ്പകൃഷി ആരംഭിച്ചത്.

പാലിൻ  സ്വയം  അധ്വാനിച്ച് ഉണ്ടാക്കിയതാണ് സ്വത്തുക്കളിൽ ഭൂരിഭാഗവും. ഹാവേരിയിലെ വണ്ണിയൻ സമൂഹത്തിൽ അയാൾ ഒരു മികച്ച പുഷ്പ കർഷകനാണ്‌.

ഹാവേരിയിലെത്തന്നെ യത്തിനഹള്ളിയിലെ കർഷക കുടുംബത്തിൽ നിന്നാണ് അയാളുടെ ഭാര്യ  നളിനി.  അവരും പൂക്കളുടെ മണവും കാറ്റും കൊണ്ട് വളർന്നവർ തന്നെ. അതുകൊണ്ടുതന്നെ  കുട്ടിക്കാലത്ത് പൂക്കളായിരുന്നു അവരുടെ കളിക്കൂട്ടുകാർ . പനിനീരും ചെമ്പകവും വിവിധതരം തെച്ചിയും അരളിയും ഒക്കെ നളിനിയുടെ അച്ഛൻ നട്ടുവളർത്തിയുരുന്നു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ സർക്കാർ ആശുപത്രിയോട് വിടപറഞ്ഞ്  പാലിനും നളിനിയും കുഞ്ഞു ഹരിണിയും വീട്ടിലേക്കെത്തി. അപ്പോൾ മൂത്തമകൻ  ഗഗൻ ആവേശത്തോടെ കുഞ്ഞിനെ കാണാനായി ഓടിയെത്തി. പാലിൻ കീശയിൽനിന്നും ഗണപതിയുടെ ചിത്രമുള്ള  – സോമണ്ണ നൽകിയ  – വെള്ളിനാണയം എടുത്ത് അവൻ നൽകി. അവൻ അത്ഭുതത്തോടെ നാണയം തിരിച്ചും മറിച്ചും നോക്കിയിട്ട് ചോദിച്ചു “ആശുപത്രീല് വെച്ച് കുഞ്ഞുണ്ടായാൽ നാണയം കിട്ടുമോ?”

“പിന്നല്ലാതെ.. കിട്ടും “

“അപ്പോൾ ഞാൻ ഉണ്ടായപ്പോൾ കിട്ടിയ നാണയം എവിടെ?”

“ഓ.. അതോ.. ” പാലിൻ ഉത്തരം പറയാൻ ബുദ്ധിമുട്ടി . വെറും അഞ്ചുവയസ്സായ കുട്ടിയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നതായിരുന്നു അയാളുടെ വിഷമം.

വീട്ടിന്നകത്തേക്ക് കയറിപ്പോയ നളിനി അതുകേട്ട് പറഞ്ഞു “പെൺകുഞ്ഞുണ്ടായാൽ മാത്രമേ തരൂ എന്നാണ് ആശുപത്രിക്കാർ പറഞ്ഞത് “

ഗഗന് സന്തോഷമായി. അവനത് കുഞ്ഞു ഹരിണിയുടെ കൈയിൽ പിടിപ്പിക്കാൻ ശ്രമിച്ചു. അത് വഴുതി  മൊസൈക്ക് ഇട്ട തറയിൽ വീണു.

സോമണ്ണ നൽകിയ വാൾലില്ലിയുടെ വേരുകൾ വെക്കാനായി പാലിൻ പുറത്തേക്കിറങ്ങി. മുറ്റത്ത് ഒരു മൂലയിൽ ഈർപ്പമുള്ള ഭാഗത്ത് വെച്ച് തൊടിയുടെ മൂലയിൽ ചെന്ന് ഉറക്കെ വിളിച്ചു “നിർമ്മലാ.. നിർമ്മലാ.. “

അകലെനിന്നും നിർമ്മല വിളികേട്ടു.

പാലിന്റെ കുടുംബവുമായി വളരെ അടുത്ത ഒരു സ്ത്രീയാണ് നിർമ്മല. അവർ വളരെ സഹവർത്തിത്വത്തോടെ കഴിയുന്ന നല്ല അയൽവാസികൾ.

ഗഗൻ പിതാവിനെ തേടി പുറത്തേക്കിറങ്ങി.

“നീ അകത്തേക്ക് പോയി അനിയത്തിയുടെ കൂടെ ഇരിക്കൂ.. “

“അമ്മയുണ്ടല്ലോ അവിടെ ?”

‘അമ്മ വിശ്രമിക്കട്ടെ..”

അൽപനേരം അവൻ അവിടെ ചുറ്റിനടന്നപ്പോഴേക്കും നിർമ്മല വന്നു.

അവളുടെ കൈയും പിടിച്ച് അവൻ അകത്തേക്ക് കയറിപ്പോയി.

പാലിൻ ആ വാൾലില്ലി വേരുകൾ പാടത്തിൻറെ ഒരു അരികിലായി വെച്ചുപിടിപ്പിച്ചു.  മാസങ്ങൾ കഴിഞ്ഞപ്പോൾ അവ പൂവിട്ടു. വാൾ പോലുള്ള തണ്ടും ഫണൽ ആകൃതിയിലുള്ള പൂക്കളും അതീവ ചന്തമുള്ളവയായിരുന്നു.   ഗഗനും, നളിനിയും നിർമ്മലയും പൂക്കൾ കണ്ട് ആനന്ദിച്ചു.  വിവിധ വർണ്ണത്തിലുള്ള പൂക്കൾ.

നളിനി ഹാരിണിയെ മാറോട് ചേർത്തുകൊണ്ട്  ചോദിച്ചു: “നമ്മുടെ മോൾ ഇത്രയേറെ വർണ്ണപുഷ്പങ്ങളാണോ കൊണ്ടുത്തന്നത് “

പാലിൻ  ചിരിച്ചുകൊണ്ട് എന്തോ പറഞ്ഞു, പക്ഷെ അതാരും കേട്ടില്ല.

നളിനി ചോദ്യം തുടർന്നു : “നിങ്ങളെന്താ ഈ ചെടികൾ മുമ്പ് വളർത്താതിരുന്നത് ?”

“അല്ലാതെതന്നെ നമുക്ക് വളരെയധികം വ്യത്യസ്തമായ ചെടികൾ ഉണ്ടല്ലോ..”

“എന്നാലും ഇതിന്റെ ഒരു ഭംഗി അപാരം തന്നെ .. ഇത് എത്രനാൾ നിലനിൽക്കും “

“ചെടിയിൽ തന്നെയാണെങ്കിൽ  കുറെ അധികം നാൾ. വെട്ടിയാൽ മൂന്നുനാലു ദിവസം തീർച്ചയായും നിലനിൽക്കും “

“ഇതിന് നല്ല വിലകിട്ടുമോ ?”

“ഉം.. തരക്കേടില്ല.. “

“എന്നാൽ ഒരു പാടം നിറയെ ഇത് വെച്ചുകൂടെ?”

“എന്തിനാ നളിനി. നമ്മൾ മൂന്നോ നാലോ തരം കൃഷിയിൽ മാത്രം  ശ്രദ്ധകേന്ദ്രീകരിക്കണം.. എന്നാലേ അവയിൽ നല്ല വിളവ് ഉണ്ടാകൂ “

“അതിന്റെ കൂടെ ഇതുകൂടി ചേർന്നാൽ എന്താണ് വല്യ ബുദ്ധിമുട്ട് ?”

‘ഹേയ്.. ബുദ്ധിമുട്ട് ഒന്നുമില്ല ..”

“എന്നാൽ ഇതും കൂടെ കൃഷി ചെയ്യൂ . നമ്മുടെ മോൾ കൊണ്ടുവന്നതല്ലേ.”

നിർമ്മല  അതിനെ പിൻതാങ്ങി. “അതാവുമ്പോൾ  ഏതു സമയത്തും പൂക്കൾ ഉണ്ടാകുമല്ലോ ?’

“ഇല്ല ..വർഷത്തിൽ അഞ്ചാറു മാസം മാത്രം”

“മതിയല്ലോ”

പാലിൻ അവളെയൊന്ന് തുറിച്ചു നോക്കി.

അയാൾ പാടത്തിന്റെ കുറുകെ നടന്നു. “നിങ്ങൾ വീട്ടിലേക്ക് പോയിക്കൊള്ളൂ.. ഞാൻ അല്പം കഴിഞ്ഞ് വരാം..”

വരമ്പുകളിലൂടെ അയാൾ നടന്നു. പെട്ടെന്ന് കാലിടറി. തനിക്കെന്തുപറ്റി. അയാൾ ആലോചിച്ചു. കണ്ണടച്ചും ഏതു പാതിരാത്രിക്കും കാലിടറാതെ നടക്കാറുള്ളതാണല്ലോ. 

വർഷങ്ങൾക്ക് മുമ്പ്

ആനന്ദാ സുന്ദരിയായിരുന്നു. ഒരു സാധാരണ ഗ്രാമീണപെൺകുട്ടി.  ഒരിക്കൽ  പാലിൻ പറയുകയുണ്ടായി “അവൾ തിഗള പെൺകുട്ടിയായിരുന്നെങ്കിൽ കല്യാണം കഴിക്കാമായിരുന്നു.”

അതുകേട്ട് സോമണ്ണ ചിരിച്ചു :”എഡോ.. നീയൊക്കെ ഇങ്ങനെ ചിന്തിച്ചാലോ.. നിനക്ക് ഇഷ്ടമാണെങ്കിൽ പോയി കൂട്ടികൊണ്ടുവാടോ.. “

പക്ഷെ തന്റെ സമുദായത്തിൽ അങ്ങനെ ഒരു പതിവില്ല. മറ്റു സമുദായത്തിൽ നിന്നും പെണ്ണുകെട്ടാറില്ല. 

അവൾ , ആനന്ദാ, ഗ്രാമത്തിലെ പലരെയും കൊതിപ്പിച്ചിരുന്നു.

പെട്ടെന്ന് ഒരുനാൾ അവളെ കാണാതായി. ആരും അവളെക്കുറിച്ച് അന്വേഷിച്ചതുമില്ല. എന്നാൽ പാലിൻ അവളെ ഓർത്തു. പലവട്ടം. അവളെ സ്വപ്നം കണ്ടു.

പാലിൻ ഒളിഞ്ഞും തെളിഞ്ഞും അവളെ നോക്കാറുണ്ട്. അത് അവൾ മനസ്സിലാക്കിയിട്ടുമുണ്ട്. പാലിൻ ഒരിക്കലും തന്റെ ഇഷ്ടം അവളോട് പറഞ്ഞിട്ടില്ല. പറയാൻ ധൈര്യമില്ലായിട്ടല്ല. അങ്ങനെ ഒരു സമ്പ്രദായം തങ്ങൾക്കില്ലലോ.

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള  മാസങ്ങളിൽ കെട്ടുകണക്കിന് പൂക്കൾ തന്ന  വാൾ ലില്ലി ചെടികൾ അറുത്തുമാറ്റി പുതിയ ചെടികൾ വെക്കാനുള്ള സമയമായി. വാൾ പോലുള്ള തണ്ടോടുകൂടി പൂക്കൾ വെട്ടിയെടുത്താലും ചെടിയുടെ അല്പം അടിഭാഗം  അവിടെത്തന്നെ നിലനിൽക്കും. അവയും വെട്ടിമാറ്റി പുതുതായി കിഴങ്ങുകൾ പാകേണ്ടതുണ്ട്.

അറുത്തുമാറ്റിയ ചെടികളെല്ലാം കൂനകൂടി ഇട്ടിരിക്കുന്നു. ഉണങ്ങിയ അതിനെ തീവെച്ച് വെണ്ണീരാക്കി പാടത്തുതന്നെ വിതറും. അതിനുശേഷം വേരുകൾ പാകും.

ഒരുദിവസം അതിനു തീവെക്കുവാൻ പാലിൻ തീരുമാനിച്ചു.

ആ രാത്രി സോമണ്ണയും കൂടെ ചേരാമെന്ന് സമ്മതിച്ചു.  ഉണങ്ങിയ ഇലകൾക്ക് തീ കൊളിത്തിയിട്ട്  പോകാൻ പറ്റില്ല. അവിടെത്തന്നെ കാവലിരിക്കേണ്ടതുണ്ട്. തീ അടുത്ത പാടത്തേക്ക് പടരാതെ സൂക്ഷിക്കണം.

സോമണ്ണയുമായി ചേർന്ന് അല്പം മദ്യസേവ നടത്തുകയും ആകാമെന്ന് കരുതി പാലിൻ അതിനുള്ള പദ്ധതി തയ്യാറാക്കി.

അങ്ങനെ സന്ധ്യമയങ്ങിയപ്പോൾ ഇരുവരും മദ്യസേവ തുടങ്ങി. കൂനയ്ക്ക് തീയും കൊളുത്തി. ഒന്നോ രണ്ടോ മണിക്കൂറുകൾ മതി. അപ്പോഴേക്കും ഒരു കുപ്പി മദ്യവും തീരും.

അധികനേരം കഴിഞ്ഞില്ല , ആരോ ഒരാൾ അവരുടെ അടുത്തേക്ക് നടന്നു വരുന്നു. തീയുടെ മഞ്ഞവെളിച്ചത്തിൽ അവർ വ്യക്തമായും കണ്ടു. അതൊരു സ്ത്രീയാണല്ലോ.  കൈയിൽ ഒരു പാട്ടവിളക്കും. അതിന്റെ തീനാളം ആടിയുലയുന്നു.

അത് ആനന്ദാ ആയിരുന്നു. അടുത്തെത്തിയപ്പോൾ അവർ വ്യക്തമായി കണ്ടു, അവളുടെ കൈയിൽ ഒരു കുഞ്ഞ്.

“അണ്ണാ, രക്ഷിക്കണം.. എനിക്ക് പോകാൻ ഒരിടം ഇല്ലാതായി..”

ഇരുവരുടെയും ഞെട്ടൽ മാറിയിരിക്കുന്നില്ല.

“എന്തുപറ്റി ?” സോമണ്ണ ചോദിച്ചു.

“അയാളെന്നെ ചതിച്ചു ..”

“വിവാഹം ചെയ്യാമെന്ന് പറഞ്ഞിട്ട് റോഷൻ …”

“ഏത് റോഷൻ ?”

“മൊത്തമായി പൂക്കൾ എടുക്കുന്ന ആളില്ലേ “

“റോഷൻ ഭായ് .. .. അയാൾ എന്ത് ചെയ്തു “

“വിവാഹം സമ്മതിക്കാതെ അയാളെന്നെ തഴഞ്ഞു…”

“അതിന് ഞങ്ങൾ ചെയ്യണം ..” അല്പം അരിശത്തോടെ സോമണ്ണ ചോദിച്ചു. മാത്രമല്ല തന്റെ കൂട്ടുകാരൻ പാലിന് അവളെ വിവാഹം ചെയ്യാൻ കഴിയാത്തതിൽ അല്പം നീരസവും ഉണ്ട്.

“എനിക്കും  കുഞ്ഞിനും താമസിക്കാനൊരു ഇടം കിട്ടിയാൽ മതി “

“അതൊന്നും നടക്കില്ല പെണ്ണെ.. .. എന്നിട്ട് വേണം നാട്ടുകാർ ഞങ്ങളെ തല്ലാൻ..”

“ഇവിടെ ഇല്ലെങ്കിൽ വേണ്ട.. വേറെ എവിടെയെങ്കിലും.. നിങ്ങൾ വലിയ സ്വാധീനം ഉള്ള ആളല്ലേ..”

അവർതമ്മിൽ കുറെ നേരം സംസാരിച്ചു.

ഒടുവിൽ സോമണ്ണ ചോദിച്ചു “പാലിൻ, നിനക്ക് പോറ്റാമോ ഇവളെ.. “

ഒരു നിമിഷം അവളുടെ മുഖം തെളിഞ്ഞു.  അയാളുടെ ഉത്തരത്തിനായി അവളും സോമണ്ണയും അൽപനേരം കാത്തു.

പ്രതീക്ഷയുടെ തീനാളം മുഖത്ത് തെളിഞ്ഞുകാണാം.. അവൾ  പാലിന്റെ അടുത്തേക്ക് ചെന്നു. കുഞ്ഞിനെ അയാൾക്ക് നേരെ നീട്ടി.. അയാൾ അറിയാതെ കൈകൾ നീട്ടി. . അവൾ ,കുഞ്ഞിനെ അയാൾക് നൽകി..

“എന്താടോ ..നിനക്ക് നോക്കാമോ ഇവരെ.. നാട്ടുകാരോട് ഞാൻ പറഞ്ഞോളാം..”

പെട്ടെന്ന് പാലിൻ  പൊട്ടിത്തെറിച്ചു..

“എനിക്ക് വേണ്ട…. പിഴച്ചുണ്ടായ കുഞ്ഞിനെ എനിക്ക് വേണ്ട.. .. പിഴച്ചവളെയും.. “

ആനന്ദാ ഇടതുകൈയിൽ പാട്ടവിളക്കുമായി തിരിഞ്ഞു നടന്നു.  പെട്ടെന്നവൾ ആ പാട്ടവിളക്ക് തലയിലൂടെ കമിഴ്ത്തി… മുന്നിൽ  ഉയർന്നുപൊങ്ങുന്ന തീച്ചൂള അവളെ മാടി വിളിച്ചു.

                    ***

ആനന്ദാ എന്ന പെണ്ണ് എരിഞ്ഞടങ്ങിയ ശേഷം വാൾലില്ലിയുടെ പൂക്കൾ വിടർന്നത് ഹരിണി ജനിച്ച ശേഷമാണ്.

                    ***

Premraj K K’s Books – Overview

1 Comment

  1. അതിമനോഹരവും ഭാവോജ്വലവുമായ കഥ. അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published.


*