
മായാ ശ്രീകുമാർ ഇന്ന് പാൽകുളങ്ങര ദേവീ ക്ഷേത്രവേദിയിൽ നൃത്തച്ചുവടുകളുമായി വീണ്ടും
തിരുവനന്തപുരം : ദൂരദർശൻ മുൻ വാർത്താ അവതാരക മായാ ശ്രീകുമാർ നൃത്തചുവടുകളുമായി വീണ്ടും വേദികളിൽ എത്തുന്നു. തിരുവനന്തപുരം പാൽകുളങ്ങര ദേവീ ക്ഷേത്രവേദിയിൽ ഇന്ന് (മാർച്ച് 29 ശനി ) വൈകിട്ട് 6.15 നാണ് മായയുടെ നൃത്തം. ശ്രീ നടരാജ ഡാൻസ് അക്കാദമിയിൽ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരിയുടെ മനോഹര നൃത്തം ആസ്വദിക്കാൻ വലിയൊരു കൂട്ടം ഇന്ന് ക്ഷേത്രത്തിൽ എത്തിച്ചേരും. ആറാമത്തെ വയസ്സിൽ ചിലങ്ക അണിഞ്ഞ മായയ്‌ക്ക് നൃത്തത്തോടുള്ള അഭിനിവേശം പ്രസിദ്ധമാണ്.കലാമണ്ഡലം ഭാരതി, കലാക്ഷേത്ര വിലാസിനി, വിനയചന്ദ്രൻ, പട്ടം സനിൽകുമാർ തുടങ്ങിയവരാണ് ഗുരുക്കന്മാർ.
ജോലി സംബന്ധമായും കുടുംബകാര്യങ്ങളിൽ ശ്രദ്ധനൽകേണ്ടിയിരുന്ന സാഹചര്യങ്ങളാലും കുറേക്കാലം നൃത്തവേദിയിൽ നിന്നും റിനിൽക്കേണ്ടി വന്നു. നീണ്ട 27 വർഷങ്ങൾക്ക് ശേഷം പാൽകുളങ്ങര ദേവി സന്നിധിയിൽ കഴിഞ്ഞ വർഷം ഭരതനാട്യം അവതരിപ്പിച്ചിരുന്നു. കൊച്ചു മകൾ ദിയാ സുരേഷിന്റെയും മകൾ ഡോ. ധന്യയുടെയും ഭർത്താവ് ശ്രീകുമാറിന്റെയും സാന്നിധ്യത്തിൽ നടന്ന നൃത്തം മറക്കാനാവാത്ത അനുഭവമായിരുന്നെന്ന് മായ പറഞ്ഞു.
മകൾ ധന്യയും മായയും ചേർന്ന് ജുഗൽബന്ധി രീതിയിൽ മുമ്പ് നൃത്തങ്ങൾ അവതരിപ്പിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം കൊച്ചു മകൾ നടരാജ ഡാൻസ് അക്കാദമിയിലെ വിദ്യാർത്ഥിനിയായി ചേർന്നപ്പോൾ കൊച്ചു മകൾ ദിയയെ നൃത്തപരിപാടികൾക്ക് കൊണ്ടു പോകുന്നതും അണിയിച്ചൊരുക്കുന്നതുമൊക്കെ മായാ ശ്രീകുമാറാണ്. വീണ്ടും നൃത്ത രംഗത്തേക്ക് തിരിച്ചു വരാൻ കഴിയുമെന്ന് സ്വപ്നേപി വിചാരിച്ചില്ല എന്നാണ് മായാ ശ്രീകുമാർ പറയുന്നത്. സതി എന്ന മറ്റൊരു സീനിയർ നർത്തകിയും മായയ്ക്കൊപ്പം ഇതേ വേദിയിൽ നീണ്ട ഇടവേളയ്ക്കു ശേഷം ഭരതനാട്യം അവതരിപ്പിച്ചിരുന്നു. ദൂരദർശനിൽ 11 വർഷം മായ ന്യൂസ് വായിച്ചിരുന്നു.അതുകഴിഞ്ഞ് ഒരു സ്വകാര്യ ചാനലിൽ 11 വർഷവും മറ്റൊരു ചാനലിൽ 12 വർഷവും വാർത്ത വായിച്ചു.പ്രേക്ഷകരുടെ പ്രിയപ്പെട്ട ഈ മുൻ വാർത്താ അവതാരക വീണ്ടും നൃത്തം അവതരിപ്പിക്കുമ്പോൾ ആസ്വാദകരുടെ മനം നിറയും എന്ന് മായയുടെ ഗുരുക്കന്മാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.ഏപ്രിൽ 26 ന് ഗുരുവായൂർ ക്ഷേത്രനടയിൽ നൃത്തം അവതരിപ്പിക്കുന്നുവെന്നതാണ് മായയുടെ വലിയ സന്തോഷവും അഭിമാനവും.അന്ന് രാവിലെ 9.30 മുതൽ 11 മണി വരെ ഭരതനാട്യം ചിലങ്ക പൂജയായി അവതരിപ്പിക്കും. ജീവിതത്തിലെ വലിയ ആഗ്രഹമാണ് അന്ന് സഫലമാകുന്നതെന്ന് മായ പറയുന്നു. കൊച്ചുമകൾ ദിയയുടെയും മകൾ ധന്യയുടെയും ഒപ്പം നൃത്തം ചെയ്യണമെന്നൊരു ആഗ്രഹവും മായ പങ്കുവച്ചു.
PRO : റഹിം പനവൂർ


Leave a Reply