
സ്വപ്നം പോലെ..
കഥ.
ലാലിരംഗനാഥ്.
സ്വന്തം അമ്മയുടെ ഫോട്ടോയും ആയി ചെറുപുഷ്പം ഓർഫനേജിൽ നിന്നും പടിയിറങ്ങുമ്പോൾ എലീനയുടെ മനസ്സിൽ വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായിരുന്നു. കാത്തു കിടന്ന ടാക്സിയിൽ കയറി അമ്മയെ കാണാൻ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പുറപ്പെടുമ്പോൾ അവൾ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു മേരി എലീനയായ കേട്ട അറിവുള്ള കഥയുടെ ചുരുക്കം.
എട്ടാം വയസ്സിൽ അനാഥാലയത്തിൽ നിന്നും ജർമൻ ദമ്പതികളായ റീച്ചാർഡിന്റെയും ക്രിസ്റ്റീനയുടെയും കൈപിടിച്ച് എയർപോർട്ടിലേക്ക് പോകുമ്പോൾ, മേരി എന്ന് വിളിക്കുന്ന അവൾ എലീന എന്ന് പേരുമാറിയതിന്റെയും ജർമനിയിലെ വലിയ ബിസിനസുകാരുടെ വളർത്തുമകളായി അകലങ്ങളിലേക്ക് യാത്രയാകുന്നതിന്റെയും പൊരുൾ ഒന്നും അവൾക്കറിയില്ലായിരുന്നു. സിസ്റ്റർ ഗ്രേസിയെ വിട്ടുപോകുന്ന ഒരു ദുഃഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ കുഞ്ഞുമേരിക്ക്.
14 വർഷം എല്ലാ സൗഭാഗ്യങ്ങളോടും കൂടി ജീവിച്ചപ്പോഴും, മുതിർന്നപ്പോൾ കേട്ടറിവുള്ള അമ്മയെക്കുറിച്ച് എലീന ചോദിച്ചു തുടങ്ങി. പ്രസവിച്ചു മൂന്നാം ദിവസത്തിൽ മരിച്ചുപോയെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു ക്രിസ്റ്റിയും റിച്ചിയും അവളെ. സൗഭാഗ്യങ്ങൾക്കിടയിൽ വളരുമ്പോഴും വളർത്തച്ഛന്റെയും അമ്മയുടെയും സ്നേഹ വാത്സല്യങ്ങൾ അനുഭവിച്ച ജീവിക്കുമ്പോഴും എപ്പോഴൊക്കെയോ എലീന മനസ്സിൽ അമ്മയുടെ രൂപ മേഞ്ഞെടുത്ത് താലോലിക്കും ആയിരുന്നു.. ഏകാന്തതകളിൽ സംസാരിക്കുമായിരുന്നു.
പക്ഷേ ഒരാഴ്ച മുൻപ് ആണ് എല്ലാ ചിന്തകളെയും തകിടം മറിച്ചുകൊണ്ട് ആ മയിൽ നാട്ടിലെ അനാഥാലയത്തിൽ നിന്നും റിച്ചാർഡിനെ തേടിയെത്തിയത്. എലീനയെ നാട്ടിലെത്തിച്ച് അവളുടെ ജീവിച്ചിരിക്കുന്ന അമ്മയെ ഒന്ന് കാണിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട്.
ആ സ്ത്രീയുടെ മാനസികനില വർഷങ്ങളായി തകരാറിലാണെന്നും, ഇപ്പോൾ സ്വന്തം കുഞ്ഞിനെ കാണിച്ചാൽ ഒരു പക്ഷേ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയും എന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടതും മറ്റുമുള്ള വിവരങ്ങൾ കാണിച്ച് ബന്ധുക്കളുടെ അപേക്ഷയായി സിസ്റ്റർ ഗ്രേസിയാണ് റിച്ചാർഡിനെ ബന്ധപ്പെട്ടത്.
പക്ഷേ ആദ്യം ഒന്നും പോകാൻ എലീന കൂട്ടാക്കിയില്ല ആയിരുന്നു. അനാഥത്വത്തിലേക്ക് തന്നെ വലിച്ചെറിഞ്ഞ് സ്വന്തം ജീവിതം തേടിപ്പോയ അമ്മയായിരുന്നു അപ്പോൾ അവളുടെ മനസ്സും മുഴുവൻ. ആരാധിച്ചിരുന്ന വിഗ്രഹം ഉടഞ്ഞു ചിതറുകയായിരുന്നല്ലോ, ശിഥിലമായ മനസ്സുമായി സിസ്റ്റർ ഗ്രേസിയുടെ മുന്നിലിരുന്ന് സത്യങ്ങൾ എല്ലാം കേട്ടപ്പോൾ മനസ്സിലെ കാറ്റും കോളും അടങ്ങിയിരുന്നു.
മെഡിക്കൽ വിദ്യാർഥിനി ആയിരുന്നപ്പോഴാണ് ഒരു ഉന്മാദ പാർട്ടിയുടെ അബോധാവസ്ഥയിൽ ജീവന്റെ തുടുപ്പ് പ്രിയ എന്ന പെൺകുട്ടിയുടെ ഉദരത്തിൽ ഉണ്ടായത്. പ്രതാപികളായ വീട്ടുകാർ എത്ര നിർബന്ധിച്ചിട്ടും ആ കുഞ്ഞിനെ നശിപ്പിക്കാൻ അവൾ കൂട്ടാക്കിയില്ല. പ്രസവിച്ചപ്പോൾ കുഞ്ഞു മരിച്ചു പോയെന്ന് പ്രിയേ ബോധ്യപ്പെടുത്താനും വീട്ടുകാർക്ക് പ്രയാസമുണ്ടായില്ല. അങ്ങനെയാണ് അനാഥാലയത്തിൽ മേരിയായി എട്ടുവർഷം എലിൻ വളർന്നത്.
പ്രിയയുടെ അച്ഛൻ അവളുടെ വിവരങ്ങൾ എല്ലാം അന്വേഷിക്കുമായിരുന്നു. വിവാഹിതയായി ഒരാഴ്ച കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് വന്നപ്പോൾ അവിചാരിതമായി കേട്ട് അച്ഛനെയും അമ്മയുടെയും സംഭാഷണത്തിൽ നിന്നും തന്റെ കുഞ്ഞ് ജീവിച്ചിരിക്കുന്നു എന്നുള്ള സത്യം മനസ്സിലാക്കിയ പ്രിയ അന്ന് നിശബ്ദയായതാണ്. പിന്നീട് അവൾ സംസാരിച്ചിട്ടില്ല ആയിരുന്നു. സംസാരിക്കാത്ത പ്രിയയെ ഭർത്താവും ഉപേക്ഷിച്ചിരുന്നു.
എലീനയുടെ ചിന്തകൾ നീണ്ടു പോയപ്പോൾ കാർ മാനസികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ എത്തിയിരുന്നു.
മുറിക്കുള്ളിൽ അടച്ചിട്ട പ്രാകൃതമായ ഒരു രൂപം. അമ്മയെ കണ്ടപ്പോൾ ഒരു നിമിഷം അവളുടെ മനസ്സൊന്നു പതറി.. എലീനയെ കണ്ടപ്പോൾ ആ കണ്ണുകളിൽ വിടർന്ന വാത്സല്യ ഭാവം.. ഒരു പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ല സ്വന്തം ചോരയെ തിരിച്ചറിയാൻ എന്ന് തോന്നി പോകുമായിരുന്നു.
ഏറെസമയം അമ്മയുടെ കൈകൾ പിടിച്ചു നിന്നതല്ലാതെ ഒന്നും പറയാൻ കഴിഞ്ഞില്ല അവൾക്ക്. പറയാതെ അറിഞ്ഞ സ്നേഹത്തിന്റെ ഊഷ്മളത പ്രിയയുടെ കണ്ണുകളിൽ തിളക്കമായിരുന്നത് ഡോക്ടർ തിരിച്ചറിഞ്ഞു.
” ഇതാരാണെന്ന് അറിയുമോ? “.. ഡോക്ടർ പ്രിയയോട് ചോദിച്ചു.
പ്രിയ തലയാട്ടി എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ. വാക്കുകൾ പുറത്തു വന്നില്ലെങ്കിലും സ്വന്തം മകളുടെ കൈകൾ അവൾ മുറുക്കി പിടിച്ചു. സകല നിയന്ത്രണങ്ങളും വിട്ടലീന അമ്മയെ ചേർത്തുപിടിച്ച് അങ്ങനെ നിന്നു. തിരിച്ചറിഞ്ഞ രക്തബന്ധത്തിന്റെ.. ഊഷ്മള തന്നുകൊണ്ട്.. ഏറെനേരം കുറേനേരം അങ്ങനെ നിന്നു.
അമ്മയുടെ വിരൽത്തുമ്പുകളിൽ നിന്ന് അടർന്നു മാറാൻ മടി കാണിക്കുന്ന കുഞ്ഞു പൈതൽ ആവുകയായിരുന്നു അവൾ.. മടങ്ങണമെന്നത് അനിവാര്യതയായിരുന്നു..
തിരികെ കാറിൽ എയർപോർട്ടിലേക്ക് തിരിച്ചപ്പോൾ, സമ്പന്നതയുടെ കൊടുമുടിയിൽ ജീവിച്ചപ്പോഴും അനുഭവിച്ചിരുന്ന അനാഥത്വത്തിന്റെ ഒരു ചെറു തെങ്ങൽ… അതിന്റെ ഒച്ച ഇപ്പോൾ മനസ്സിൽ നിന്നും ഉയരുന്നില്ല എന്ന് എലീനയ്ക്ക് തോന്നി.
ജർമ്മനിയിൽ തിരിച്ചെത്തിയപ്പോൾ അവളെ കാത്ത് ഒരു സന്തോഷ വാർത്തയുണ്ടായിരുന്നു. പ്രിയ, എലീനയുടെ അമ്മ വർഷങ്ങൾക്ക് ശേഷം സംസാരിച്ചു എന്നുള്ള വാർത്ത.
അനാഥത്വത്തിലേക്ക് തള്ളിവിട്ട് സുഖജീവിതം തേടി പോയതല്ല തന്റെ അമ്മ എന്നറിഞ്ഞ നിമിഷം ഉടഞ്ഞുവീണ അമ്മയുടെ ബിംബത്തിന് ജീവൻ കൊടുത്തിരുന്നു അവൾ.. ഇപ്പോൾ ശബ്ദവും കിട്ടിയിരിക്കുന്നു.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ളവളായി എലീന മറ്റാരെക്കാളും.. ഒരു സ്വപ്നം പോലെയെല്ലാം.
Leave a Reply