മാനം നിറയെ വർണ്ണങ്ങൾ
ജ്യോത്സന.
ഡോ.പ്രേംരാജ് കെ കെയുടെ കഥകൾ
അക്ബർ കക്കട്ട് ദേശീയ പുരസ്കാരം നേടിയ ചെറുകഥാസമാഹാരം
പ്രക്ഷുബ്ധമായ മനസ്സ് എന്ന കടലിലെ ഓളത്തള്ളലിൽ ആടിയുലയുന്ന കുറേ ജീവിതങ്ങൾ. കഥാകാരന്റെ വാക്കുകൾ കടമെടുത്തതാണ്.
സമകാലിക ജീവിതത്തിന്റെ പ്രശ്നങ്ങളും ഗതികേടുകളും, മനുഷ്യൻ അഭിമുഖീകരിക്കുന്ന വൈകാരികമായ 13 ചെറുകഥകളിലൂടെ നമുക്ക് കാണാം.
മനേ ബേക്ക.. മനേ–
ഒരു സെയിൽസ് മാന്റെ തിരക്കുകളും അവന്റെ ജീവിതവും.ഓരോ സെയിൽസ്മാനും മനസ്സിൽ കാണുന്നത് ഓരോ ഡീൽ ക്ലോസ് ചെയ്യുന്നതാണ്. അവന്റെ പ്രവർത്തിയുടെ ഫലം കാണുന്നത് ഡീൽ ക്ലോസ് ആകുമ്പോഴാണ്,അല്ലാതെ ബാങ്ക് അക്കൗണ്ടിൽ കമ്മീഷൻ വരുമ്പോഴല്ല. കോർപ്പറേറ്റ് കമ്പനികൾ അവരവരുടെ ടാർജെറ്റ് നോക്കുന്ന സമയത്ത് തൊഴിലാളികളുടെ മനസ്സറിയാതെ അവരുടെ മേൽ സമ്മർദ്ദങ്ങൾ കൂട്ടി ലാഭേച്ചക്ക് വേണ്ടി ശ്രമിക്കുന്ന കമ്പനികളുടെ കഥ പറയുകയാണ് മനേ ബെക്കാ മനേ.
അവൾ കമല– കാമാത്തിപുരത്തെ ഒരു പെൺകുട്ടി ചുവന്ന കുപ്പിവളകളെ ഇഷ്ടപ്പെടുന്ന കമല. അവളെ ഇഷ്ടപ്പെടുന്ന ഗോപാൽ, അവനും രക്ത വർണ്ണത്തിൽ അവസാനിക്കുന്ന കഥ. സ്നേഹത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു. ഒരിറ്റു സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന ഒരു സ്ത്രീയെ കമലയിലൂടെ നമുക്ക് കാണാം.
കല്യാൺ നഗറിലെ പല്ലി– ജോലിയെ ഇഷ്ടപ്പെടുന്ന മോഹൻ, ജീവിതത്തിന് മനോഹാരിത ആസ്വദിക്കാതെ ജോലിയിൽ മാത്രം ജീവിതം തള്ളി നിൽക്കുന്ന ഒരാൾ, അവസാനം തന്റെ ബാലൻസ് ഷീറ്റിൽ ഒന്നുമില്ലെന്ന തിരിച്ചറിവ്.
കമ്പിളിക്കുപ്പായത്തിലൂടെ – അമേരിക്കയിൽ നിന്നും കൊണ്ടുവന്ന ഒരു കമ്പിളിക്കുപ്പായത്തിന്റെ കഥ പറഞ്ഞു തരുന്നു. ഇത് വെറും ഒരു കമ്പിളി കുപ്പായം അല്ല. സഹായത്തിന്റെ വേറൊരു മുഖമാണ്. നമ്മൾ ഇന്ന് ചെയ്യുന്ന ഒരു സഹായം അത് ഒരുനാൾ നമുക്ക് തിരിച്ചു കിട്ടും, ഇതുതന്നെയാണ് കമ്പിളി കുപ്പായം എന്ന കഥയിലൂടെ കഥാകാരൻ നമുക്ക് മനസ്സിലാക്കിത്തരുന്നത്.
ബീകര ഊട്ട. -റിസപ്ഷൻ വിളിച്ചു പോയപ്പോൾ ഉണ്ടായ ഒരു രസകരമായ അബദ്ധമാണ് ഈ കഥയിലൂടെ കാണാൻ കഴിയുന്നത്.എല്ലാവർക്കും പറ്റാവുന്ന ഒരു ചെറിയ അബദ്ധത്തിന്റെ കഥ.
ശബ്ദത്തിന്റെ മണം.. റെയിൽവേ ട്രാക്കിനോട് ചേർന്ന് നിൽക്കുന്ന ഒറ്റമുറി വീട്. വിശ്വസിച്ചു കൂടെ കൂട്ടിയവൻ ചതിക്കും എന്ന് നമ്മൾ ആരും ചിന്തിക്കാറില്ലല്ലോ. നമ്മളെല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ “ബേവക്കൂഫ് “.
ഡാച്ചൻ പറഞ്ഞത്– മ്യാന്മാറിലെ മനോഹരമായ പ്രകൃതിയും സുന്ദരികളായ യുവതികളും റെയിൽ പാളത്തിലെ കച്ചവടക്കാരും.ചെസ്സ് എന്ന സുന്ദരിയായ പെൺകുട്ടി. അവളോടുള്ള പ്രണയം, വിരഹം ഒരുതരം വൈകാരികമായ പ്രണയം ഇതിലൂടെ നമുക്ക് കാണാം. ഒരു പെൺകുട്ടിയെ ആത്മാർത്ഥമായി പ്രണയിക്കുക അവളിൽ നിന്നും ആ പ്രണയം തിരിച്ചു കിട്ടാതിരിക്കുമ്പോൾ ഉണ്ടാവുന്ന വൈകാരികമായ അനുഭവങ്ങളാണ് ഡാച്ചൻ എന്ന കഥാപാത്രത്തിലൂടെ നമുക്ക് കാണാൻ കഴിയുന്നത്.
മാനം നിറയെ വർണ്ണങ്ങൾ– മനോഹരമായ വർണ്ണങ്ങളുടെ പൊട്ടുകൾ സമ്മാനിച്ച ആകാശത്തിലെ പട്ടങ്ങൾ, അപ്രതീക്ഷിതമായി കിട്ടിയ പട്ടത്തിന്റെ ഒരു വാൽഭാഗവും, അനിതയെ തേടലും. ശരിക്കും ഒരു സസ്പെൻസ്. ഇത് ഒരു അനിതയുടെ മാത്രം കഥയല്ല ഒരുപാട് അനിതന്മാരുടെ കഥ.നമ്മൾ മുന്നിൽ കാണുന്നതൊന്നും പലപ്പോഴും കാണാറില്ല എന്നതാണ് സത്യം. നമ്മുടെ മുമ്പിലുള്ള സത്യത്തെ സന്തോഷത്തെ നാം കാണാതെ നാടായ നാടെല്ലാം നാം പരക്കം പായുന്നു. ‘മുറ്റത്തെ മുല്ലയ്ക്ക് മണമില്ല ‘ എന്ന് നമ്മളൊക്കെ പറയാറില്ലേ അതിന്റെ വേറെ ഒരു തലത്തിലുള്ള കഥയാണിത്.
മൗനമേ നിറയും മൗനമേ.. കൊച്ചുമോനെ കാണാൻ ആഗ്രഹിച്ച അമ്മൂമ്മ, മകൻ എത്തുമ്പോഴേക്കും ഒന്നും മിണ്ടാതെ അമ്മൂമ്മ പോയി. ഇന്നത്തെ ജീവിതത്തിന്റെ
സങ്കടങ്ങളിലേക്ക് കൊണ്ടുപോയി. ഇന്നത്തെ അണു കുടുംബത്തിൽ കാണാൻ കഴിയാത്ത ബന്ധങ്ങളാണ് മുത്തശ്ശി മുത്തശ്ശനും കൊച്ചുമക്കൾ എന്നുള്ളത്.
നേരറിയും നേരം.. പേര് പോലെ തന്നെ. പലതും നമ്മൾ മനസ്സിലാക്കി വരുമ്പോഴേക്കും സമയം ഒരുപാട് വൈകിപ്പോകും. പ്രണയവും വിവാഹവും വിരക്തിയും എല്ലാറ്റിന്റെയും ഒരു സംഗമം. മാതാപിതാക്കളും പെൺകുട്ടികളും അഭിമുഖീകരിക്കുന്ന ഒരു വിഷയം തന്നെയാണ്. വിവാഹ വാഗ്ദാനങ്ങൾ നൽകിയും പല പ്രലോഭനങ്ങൾക്ക് വഴങ്ങിയും മറുനാടുകളിലേക്ക് മനുഷ്യ ബോംബ് ആയി പൊട്ടിത്തെറിക്കാനും വേശ്യാ തെരുവുകളിലേക്കും വലിച്ചെറിയപ്പെടുന്ന പെൺകുഞ്ഞുങ്ങളുടെ കഥകൾ ആണല്ലോ നാം ഇപ്പോൾ കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്.
ചക്രവാളത്തിലേക്കുള്ള ദൂരം– ജീവിതസാഹചര്യങ്ങളുമായി പരിചയമുള്ള തോന്നിക്കുന്ന ശൈലിയുള്ള കഥകൾ ലെനയിലൂടെ ഇവിടെ അവതരിക്കപ്പെടുന്നു. നമ്മെ സഹായിക്കുവാൻ ഒരു അദൃശ്യ കൈകൾ ഉണ്ടാവും എന്നുള്ളതാണ് സത്യം.വിശ്വാസത്തിന്റെ ശക്തമായ ചക്രവാളം.
കാൻകൂണിൽ നിന്നും — തെറ്റിധാരണകൾ കൊണ്ട് ഒരു അച്ഛനിൽ നിന്നും അകന്ന മകൾ, അതിൽ നിന്നും ഉള്ള മോചനത്തിന് വേണ്ടി നടക്കുന്ന മകളെയും, ദുഃഖ
ഭാരത്താൽ നീറുന്ന ഒരു അച്ഛനെയും ഈ
കഥയിലൂടെ കാണാം. ഇതിൽ നിന്ന് നമുക്ക് ഒരു കാര്യം കൂടി വായിച്ചെടുക്കാം. ലഹരി, ഒരു ലഹരിക്കും അടിമയാകാതെ അതിൽ നിന്നും നമ്മൾ പുറം തിരിഞ്ഞു നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഓർമ്മകളുടെ വസന്തം — “വയസ്സും പ്രായവും ആയാൽ വീട്ടിലിരിക്കണം ചിലരുടെ വാക്കുകൾ ആണ്. അതിനു തക്കതായ ഒരു മറുപടിയും ഉണ്ട് “ഇന്നു ഞാൻ നാളെ നീ ” ഓർമ്മകൾക്ക് എന്നും വസന്തം.
ഇനിയും പുതുമകളുള്ള ഒരുപാട് കഥകൾ എഴുതുക എല്ലാവിധ ആശംസകളും നേരുന്നു
വളരെ നല്ല കഥകളുടെ സമാഹാരം. എഴുത്തുകാരനും അവലോകനമെഴുതിയ ശ്രീമതി.ജ്യോത്സ്നയ്ക്കും അഭിനന്ദനങ്ങൾ