വളരെ ആകസ്മികമായി എന്റെ കൈയിലേക്കെത്തിയ പുസ്തകമാണ് ഡോ. പ്രേംരാജ് കെ കെയുടെ “ട്യൂലിപ് പുഷ്പങ്ങളുടെ പാടം”. ഒരു ദിവസം മുഴുവനായെടുത്ത് ഞാൻ വായിച്ചു തീർത്തതാണ് ഈ പുസ്തകം. പി[പതിനഞ്ചോളം കഥകളടങ്ങിയ ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ അദ്ദേഹത്തിന്റെ ശക്തമായ രാഷ്ട്രീയം പ്രകടിപ്പിക്കുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനാധിപത്യ സംസ്കാരത്തിന്റെ ഇടയിൽ നിന്നുകൊണ്ടാണ് കഥാകാരൻ കഥ പറയുന്നത്. കെ ഇ എൻ ന്റെ പ്രബന്ധങ്ങളിൽ (തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ ) വായിച്ചതോർക്കുന്നു, “ചില്ലകളിലെ പൂക്കൾ കണ്ട് പുളകിതനാകാനല്ല, പേരിന്റെ പരുക്കത്തിലേക്കു കണ്ണുതുറന്നു അശാന്തമെങ്കിലും ജീവിതത്തിന്റെ അർത്ഥപൂർണ്ണമായ ഇടച്ചിൽ കാണുന്നതിൽ” ഇവിടെ കഥാകാരൻ വിജയം കൈവരിച്ചിരിക്കുന്നു.
ഈ കഥാ സമാഹാരത്തിലെ ആദ്യ കഥ “മൺശില്പങ്ങൾ” മാത്രം മതി എഴുത്തുകാരന്റെ വൈദഗ്ധ്യം വെളിവാക്കപ്പെടാൻ. കഥയിലെ ആദ്യത്തെ ഖണ്ഡികയിലെ ഒരു വരി “നിഴൽ വീടിനോളം വലുതായി ” എന്നതാണ്. രാത്രിയായി, നേരം ഇരുട്ടി തുടങ്ങിയ, നാം കഥകളിൽ വായിച്ചുകൊണ്ടേയിരിക്കുന്ന ക്ളീഷേ പദപ്രയോഗത്തിൽ നിന്നും വ്യത്യസ്തമായി കഥാകാരൻ ഉപയോഗിച്ച ഭാഷ പ്രശംസനീയമാണ്. കൂടാതെ “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്” എന്ന സഹോദരൻ അയ്യപ്പന്റെ സമീപനത്തിൽ നിറഞ്ഞു നിൽക്കുന്ന സാമൂഹിക ബോധത്തെ ഉൾക്കൊണ്ട്, ജീർണിച്ച ഈ സാമൂഹിക വ്യവസ്ഥിതിക്കെതിരെ ആത്മത്യാഗം എന്ന സമരമുറ സ്വീകരിക്കുന്ന നായകനാണ് ഈ കഥയിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. “എല്ലുപൊട്ടിയ ഗോപുരങ്ങൾ കണക്കുഞങ്ങൾ ഉയർന്നിടും” എന്ന് ആക്രോശിച്ച അധഃസ്ഥിത വിഭാഗത്തിന്റെ ശബ്ദം, നാം “കുറത്തി ” എന്ന കൃതിയിൽ കണ്ടു. അതിന്റെ മൗനമായ ആഖ്യാനമാണ് ഈ കഥാസമാഹാരത്തിൽ പലയിടത്തും നമുക്ക് കാണാൻ കഴിയുന്നത്.
ഏറ്റവും പ്രധാനം കഥാസമാഹാരത്തിലെ പല കഥകളിലെയും പ്രധാന കഥാപാത്രങ്ങൾക്കു പോലും പേര് ഇല്ല. അവനെന്നും അവളെന്നും അയാളെന്നും വായിച്ച്, അവസാനം അത് നമ്മൾ / അനുവാചകർ തന്നെയാകുന്ന മന്ത്രികം ഈ കഥകൾക്കുണ്ട്.
സ്വനാസനം എന്ന കഥ, ഉൾവലിച്ച് ഞാനെന്റെ ഉള്ളിൽ ചെന്നു തട്ടും എന്നു പറഞ്ഞതിന്റെ ഒരു ആവർത്തന ഭാഗമാണ്. പ്രിയപ്പെട്ടവയുടെ സൗന്ദര്യം പങ്കുവെക്കലിൽ കൂടിയാണ് എന്ന യാഥാർഥ്യബോധം കൈവരിക്കുന്ന നായകനെ കഥാന്ത്യത്തിൽ കാണാം.
മേഘച്ചിത്രങ്ങൾ എടുത്തുപറയേണ്ട മറ്റൊരു കഥയാണ്. കഥാകാരന്റെ സൂക്ഷ്മപാടവം വെളിവാക്കുന്ന കഥ. മേഘത്തിന്റെ formation , ആ പ്രതിഭാസത്തെ എത്ര മാനുഷികമായാണ് അദ്ദേഹം കഥയിൽ വിവരിച്ചിരിക്കുന്നത് ! ഈ കഥയുടെ അവസാനം അറിയാതെ നമ്മൾ, പുസ്തകത്തിൽ നിന്നും ഒന്നു കണ്ണെടുക്കും, പുറത്തേക്കുനോക്കും, വിഷാദം കലർന്ന ഒരു പുഞ്ചിരി മുഖത്തു പരക്കും, ദീർഘനിശ്വാസം കഴിക്കും, വായന തുടരും, ഈ process ലൂടെ അല്ലാതെ ഒരു വായനക്കാരനും മേഖാചിത്രങ്ങൾ എന്ന കഥയ്ക്കു വെളിയിൽ വരാൻ കഴിയില്ല. ഉറപ്പ്.
അങ്ങനെ ഈ കഥാസമാഹാരം സമൂഹത്തിൽ എല്ലാ വിഭാഗങ്ങളിലേക്കും യാത്ര ചെയ്തിരിക്കുന്നു. അംഗപരിമിതർ, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ കലാകാരൻമാർ അങ്ങനെ വേട്ടയാടപ്പെടുന്ന എല്ലാ ജീവിതത്തിലേക്കുമുള്ള പ്രയാണമായി ഈ കഥാസമാഹാരം മാറുന്നു.
ആശസകളോടെ
ശില്പ ആർ
Leave a Reply