Book Review – Rajath Kuttyattur’s Collection of short story

രജത് കുറ്റ്യാട്ടൂർ എഴുതിയ രജത രേഖകൾ എന്ന ചെറുകഥാ സമാഹാരത്തെക്കുറിച്ച് ഒരു ആസ്വാദനക്കുറിപ്പ്

ഡോ. പ്രേംരാജ് കെ കെ

കഥപറയുന്നതിലും മിതത്വവും അച്ചടക്കവും പാലിക്കണം എന്ന കരുതലോടെയാണ് രജത് കഥകൾ പറയുന്നത്. വായനക്കാരിലേക്ക് പ്രയാസമില്ലാതെ കഥകളുടെ വർണ്ണയുടുപ്പുകൾ അണിയിക്കുന്നതിൽ വിദഗ്ദൻ തന്നെയാണ് രജത് തന്റെ ആദ്യ കഥാസമാഹാരത്തിൽ കാണിച്ചുതരുന്നത്. 

ഫുട്ബാൾ പ്രേമികളുടെ നാട്ടിൽ നിന്നും യൂറോപ്പിലെത്തിയ കഥാകാരൻ “കനീജിയ ” എന്ന ഫുട്ബാൾ കളിക്കാരന്റെ പേര് നാവിൽനിന്നും ഉതിർന്നതുകൊണ്ടുമാത്രം തോക്കിൻ കുഴലിൽ നിന്നും പോക്കറ്റടിക്കാരിൽ നിന്നും രക്ഷപ്പെട്ടു എന്നത് രസാവഹമായ അനുഭവം തന്നെയാണ്. അത് വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുകയാണ് ഇതിലെ ആദ്യ കഥയിൽ.  സ്‌കൂൾ അങ്കണത്തേക്ക് കടന്നുചെല്ലുമ്പോൾ നമ്മളെല്ലാവരും നമ്മുടെ കുട്ടിക്കാലത്തേക്ക് ചെല്ലുന്നു എന്നത് ഒരു വാസ്തവം . ഒരു അധ്യാപകന്റെ കണ്ണ് തുറപ്പിക്കുന്ന അനുഭവകഥ പറയുന്ന കഥയാണ് “ഒരു സ്‌കൂൾ വരാന്തയിൽനിന്ന് “.   

കഥാകാരന് കുറ്റാന്വേഷണകഥകളും വഴങ്ങുന്നു എന്നതിന് തെളിവാണ് “അന്വേഷണം എന്ന കഥ. ഒരു കളവും അതിലൂടെ അതീന്ദ്രിയ ശക്തി എന്നൊന്ന് ഉണ്ടോ എന്ന ഒരു അവസ്ഥയിലേക്ക് വിരൽചൂണ്ടുന്നു “ഒരന്വേഷണം” . സോനാപ്പൂരിലൂടെ ഒഴുകുന്ന ഗംഗ എന്ന കഥ നമ്മെ കൂട്ടികൊണ്ടുപോകുന്നത് സോനാപ്പൂരിലേക്കാണ്. അവിടം സന്ദർശിച്ചവർക്ക് വീണ്ടും അവിടെ എത്തിയതായി തോന്നും, പോകാത്തവർക്ക് പുതിയൊരു അനുഭവവും. ഗംഗയെന്ന പെൺകുട്ടി രക്ഷപ്പെട്ട് ഗംഗയാറ്റിൽ ചാടി എങ്ങോട്ടോ പോകുമ്പോൾ വായനക്കാരുടെ മനസ്സിൽ ഗംഗയിലെ ഓളങ്ങൾപോലെ സഹതാപത്തിന്റെ ഓളങ്ങൾ അലയടിക്കുന്നു. അവസാനത്തെ അത്താഴം എന്ന കഥയിലേക്ക് വരുമ്പോൾ “ഇല്ലാത്തവനെയും  ഉള്ളവനെയും ” ഒരു തുലാസിൽ വെച്ചാൽ ഏതുഭാഗം പൊങ്ങിനിൽക്കും  എന്ന അവസ്ഥ. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലെ പാലം ഈ പറഞ്ഞ തുലാസ് അയാൾ മനുഷ്യൻ എന്ത് ചെയ്യും! ഒരു പഴയ ഇരുചക്രവാഹനത്തിന്റെ അന്ത്യം കാണേണ്ടിവരുന്ന ഇരുചക്രപ്രേമിയെ  നമുക്ക് “ഒരു പഴഞ്ചൻ ക്രക്സ് കഥയിൽ ” കാണാം.  ലോക്ക്ഡൌൺ കാലത്ത് മുറിയിൽ ലോക്ക് ആയാലുള്ള അവസ്ഥ ഒരു കള്ളൻ നന്നായറിഞ്ഞു. “ലോക്ക്ഡൌൺ ” എന്ന കഥയിൽ ഒരു ലോക്ക് “ഡൌൺ” ആയ കഥപറയുന്നു.  നമ്മളിൽ ഒരാളുടെ കഥയെന്ന് തോന്നിപ്പിക്കുന്നതാണ് “മണ്ഡൂക കാവ്യം ” നാംതന്നെ ചിലപ്പോൾ മണ്ഡൂകമാണോ എന്ന് തോന്നിയാൽ സംശയിക്കാനില്ല, ഒരുനാൾ ആരുടെയോ പിടിയിലോ നീർക്കോലിയുടെ വായിലോ ആകേണ്ടവരാണല്ലോ നമ്മളും. ഇന്നത്തെ ലോകത്ത് എല്ലാവരുടെയും കൈയിൽ മൊബൈൽ ഉണ്ടെന്നും അതുകൊണ്ടുതന്നെ നമ്മളെല്ലാവരും നിരീക്ഷണത്തിലാണ് എന്ന സന്ദേശം നൽകുന്ന കഥ വീണ്ടും വീണ്ടും നമ്മളോരോരുത്തരും ഓർക്കേണ്ടതുണ്ട്. നമ്മളിൽ പലരും ചെയ്യാൻ മടിക്കുന്ന കാര്യമാണ് വാഹന അപകടത്തിൽ പെട്ട ഒരാളെ രക്ഷിക്കുക എന്നത്. എന്നാൽ “പർദ്ദയ്ക്കുള്ളിലെ ബാനു ” എന്ന കഥയിലെ നായകൻ അങ്ങനെ അല്ല. മഹാമഹാനഗരത്തിൽ ചെന്നിട്ടും ഒരു നാട്ടിന്പുറത്തുകാരന്റെ മനസ്സ് നമുക്ക് ഇതിൽ കാണാം. ബാംഗ്ളൂർ നഗരത്തിൽ ഒരു സ്ത്രീ തനിക്ക് യാത്രചെയ്യേണ്ടിവരുമ്പോൾ സംഭവിക്കുന്ന ഒരു അനുഭവ കഥപോലെ തോന്നിക്കുന്ന കഥ “ഇരുമ്പു ദണ്ഡുകൾ”. സമൂഹത്തിൽ ഇന്ന് നടമാടുന്ന അവസ്ഥയിലേക്ക് വിരൽചൂണ്ടുന്നു.

ഒരു പരീക്ഷാനുഭവവും അത് പിന്നീട് ജോലിയിൽ എങ്ങനെ പിന്തുടരുന്നു എന്നും പറയുന്ന കഥയായ ഒരു സാധാരണക്കാരന്റെ പ്രതികാരം , നമുക്ക് കാണിച്ചു തരുന്നത് പ്രതികാരം ചെയ്യുക എന്നത് ഒരു ഉയർന്ന ചിന്തയുള്ള ഒരാളുടെ മനസ്സാണ്. വടക്കുനോക്കിയന്ത്രമായ കേരളത്തിലെ  മീഡിയക്കാരുടെ കണ്ണിൽ പോയ ഒരു കരട് കാണാത്ത അവസ്ഥയെ നിശിതമായി വിമർശനം നടത്തുന്ന ഒരു അവസ്ഥ കാട്ടുചോലകൾ ചുവക്കുമ്പോൾ എന്നകഥയിൽ കാണാം. ഒരു വീടുവാങ്ങുമ്പോൾ വാങ്ങിക്കുന്നയാൾ ചിലസ്വപ്നങ്ങൾ നെയ്തുകൂട്ടുന്നു, കടക്കെണിയിൽ പെടുമ്പോൾ ആ കെണി ജീവിതം ഇല്ലാതാക്കുന്നു. ആ വീട് പിന്നീട് പലർക്കും കെണി ആകാം.  വിശ്വാസങ്ങൾക്ക് മേലെ ഏതോ ഒരു ശക്തി തന്നെ നയിക്കുന്നതുപോലെ ഒരു അനുഭവം ഉണ്ടാകാം. അത്തരമൊരു അവസ്‌ഥയെക്കുറിച്ച് പറയുന്നതാണ് ജപ്തി ചെയ്ത ഫ്ലാറ്റ്. ശമ്പളവും ജീവിത ചിലവും ഒരു തുലാസിൽ കിടന്നാടുമ്പോൾ ജീവിതം മുന്നോട്ട് പോകാൻ ഒരധികവരുമാനം വേണ്ടുന്ന അവസ്ഥ. അത് കണ്ടെത്തുന്നത് അവധിദിവസങ്ങളിൽ ആകുമ്പോൾ കൂടുതൽ സന്തോഷം. അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോവുകയാണ് “ഒഴിവുദിവസത്തെ അധിക ജോലി ” എന്ന കഥയിലൂടെ കഥാകാരൻ.  ഗുമസ്തൻ പറമ്പും തേങ്ങാ മോഷണവും കിണറും ഒക്കെ പഴയകാല ജീവിതത്തിന്റെ ഭാവമായിരുന്നു എന്ന് കഥാകാരൻ ഓർമ്മിക്കുന്നു   കവിത രചനയും, ഐ ടി മേഖലയിലുള്ള ജോലിയും പിന്നെ മാട്രിമോണി സൈറ്റും ഇപ്പോഴത്തെ തലമുറയുടെ ജീവിതം തുടങ്ങുന്നതും ചിലപ്പോൾ ഒരന്ധാളിപ്പിൽ  ഡെഡ് ഏൻഡ് തോന്നുന്ന നിമിഷവും രചന എന്ന കഥയുടെ ആകെ തുകയായി തോന്നാം. ചാമ്പയ്ക്ക മരമുള്ള സ്‌കൂൾ മുറ്റത്തേക്കൊരു എത്തിനോട്ടം അവിടെ ഇർഷാദിനെ ഓർമ്മിക്കുന്ന കഥാകാരനെ “ഇച്ചാക്കിന്റെ പാന്റ്സ് ” എന്ന കഥയിൽ നിങ്ങൾക്ക് പരിചയപ്പെടാം.

മൂന്നാം കണ്ണ് എന്ന് പറയുന്ന സി സി ടി വി യുടെ ആവിർഭാവം പല ക്രിമിനൽ കേസുകളും വേഗത്തിൽ തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതും ചിലരുടെ സ്വകാര്യ സഞ്ചാരം തടസ്സപ്പെടാൻ ഇവയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന വാസ്തവം പറയുകയാണ് തൈക്കടവിലെ മൂന്നാം കണ്ണുകൾ എന്ന കഥയിൽ. സ്നേഹത്തിന്റെയും കരുണയുടെയും കൈകൾ എങ്ങനെ നീളുന്നത് എന്ന് പ്രവചിക്കാൻ ആകില്ല. ആ കൈകൾ എങ്ങിനെ ചിലരെ തഴുകുന്നു ആശ്വസിപ്പിക്കുന്നു എന്ന് അറിയണമെങ്കിൽ ആ അവസ്ഥയിലൂടെകടന്നുപോകണം എന്ന നമുക്ക് “ദൈവത്തിന്റെ സ്വന്തം നാട് ” എന്ന കഥയിൽ കാണാം .  ഭൂമിയിൽ നമ്മൾ പണിയുന്ന മതിൽക്കെട്ടുകൾ മനുഷ്യ മനസ്സിനെ അകറ്റുന്ന മതിൽക്കെട്ടുകൾ ആകാതിരിക്കട്ടെ എന്ന് “മതിൽ കെട്ടുകൾ ” എന്നകഥയിൽ കഥാകാരൻ ആശ്വസിക്കുന്നു.

നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ സഹ ജീവികളെ വ്യത്യസ്ത തലങ്ങളിലൂടെ കാണേണ്ടതുണ്ട് എന്ന് വരച്ചുകാട്ടുന്ന കഥകളാണ് എന്റെ നാട്ടിലെ ഷമ്മി, ഒരു ഡെലിവറി കഥ, ലേസുകൾ തുന്നിച്ചേർത്ത തടങ്ങൾ എന്നതൊക്കെ.

ഇതിലെ കഥകളെല്ലാംതന്നെ അരോചകമായ വിവരങ്ങളോ ചിന്തകൾക്ക് അതീതമായ സന്ദർഭങ്ങളോ വായനക്കാർക്ക് പരിചയപ്പെടുത്താൻ ശ്രമിക്കുന്നില്ല എന്നത് കഥകളെ മികച്ചതാക്കുന്നു. സാധാരമായ ചുറ്റുപാടുകൾ കഥാകാരന്റെ വീക്ഷണത്തിലൂടെ കടന്നുപോകുമ്പോൾ അത് കഥകളാകുന്നു എന്ന സത്യം നാം ഈ കഥകളിലൂടെ മനസ്സിലാക്കണം.   ഏതായാലും വളരെ വിഭിന്നവും അനുഭവങ്ങളുടെ പാഠങ്ങളും കൊണ്ട് ഇതിലെ കഥകൾ വായനക്കാരുടെ മനസ്സിൽ ഇടംപിടിക്കുന്നവയാണ് എന്നതിൽ സംശയമില്ല.  കഥാകാരൻ രജത് പ്രഥമ കഥാ സമാഹാരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് തീർത്തും പറയാം. എല്ലാവിധ ആശംസകളും നേരുന്നു.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*