Ranjitha V K’s Book review – Premraj K K’s Mazhameghangalude Veedu

മഴ മേഘങ്ങളുടെ വീട്
………………………………….
അവലോകനം
……………………..

വായന മനുഷ്യനെ മായാലോകത്തെത്തിക്കുന്നു. ഡോ. പ്രേം രാജ് കെ. കെ യുടെ ” മഴ മേഘങ്ങളുടെ വീട് ” എന്ന ചെറുകഥയിലെ ഓരോ കഥകളും തികച്ചും വ്യത്യസ്തമായ ജീവിത ചിന്തകളിലൂടെ കടന്നു പോകുന്നു. “ആവലാതികളുടെ അന്ത്യം” എന്ന കഥയിൽ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുണ്ടായിട്ടും ആത്മാഭിമാനം പണയപ്പെടുത്താതെ, അഭിമാനത്തോടെ ജീവിക്കുവാൻ ശ്രമിക്കുന്ന മധുസൂദനൻ എന്ന കഥാപാത്രം ഓരോ കുടുംബത്തിലുമുണ്ട് എന്ന കാര്യം നമ്മെ ഓർമ്മപ്പെടുത്തുന്നു. “നിങ്ങളെ ഞാൻ എന്ത് വിളിക്കും ? ” എന്ന കഥയിൽ അമ്മ നഷ്ടപ്പെട്ടതിനു ശേഷം സ്നേഹം എന്താണെന്ന് മനസ്സിലാക്കുവാൻ കഴിയാത്ത കുട്ടിയുടെ മുന്നിൽ രണ്ടാനമ്മ വരുമ്പോൾ അവരെ എന്തു വിളിക്കും ?എന്നു ചോദിക്കുന്ന നിഷ്കളങ്ക ബാല്യം ഓരോ വായനകാരനെയും മനസ്സലിയിപ്പിക്കുന്നു. എത്ര വലിയ കുടുംബമായാലും അവിടെയുള്ള കുടുംബനാഥ എപ്പോഴും ഒരു വിളക്ക് തന്നെ യാണ്.

“തങ്കത്തിങ്കൽ പോലൊരു പെണ്ണ്” എന്ന കഥയിൽ ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകൾ അനുഭവിക്കുന്ന മനോവേദനയും, അവളെ അന്യ പുരുഷൻമാർ വേശ്യയായി ചിത്രീകരിക്കുന്നതും അവസാനം അവളുടെ ജീവിതം അവൾക്കു തന്നെ മുന്നോട്ടു കൊണ്ടുപോവാനാവാതെ വീണ്ടും തെരുവിലേക്കു തന്നെ വലിച്ചെറിയപ്പെടുന്നു. “മഴ മേഘങ്ങളുടെ വീട് ” എന്ന കഥയിൽ സ്നേഹത്തിന് ഒരു പാട് അർത്ഥമുണ്ടെന്ന് കാണിക്കുന്നു. മനുഷ്യനു മനുഷ്യനോട് തോന്നുന്ന സ്നേഹത്തിനപ്പുറമാണ് ഇണക്കി വളർത്തുന്ന ജീവികൾ നൽകുന്നത്. തന്നെ പരിപാലിക്കുന്നവരെ സ്വന്തം രക്ഷിതാക്കാളായി കരുതുകയും, അവരുടെ ഗന്ധം പോലും മായാതെ, മറയാതെ മനസ്സിലാക്കി ദുരന്തത്തിൽ അകപ്പെട്ട വരെ തേടി പോകുന്ന ദൃശ്യം വായനകാരനെ ഈറനണിയിക്കുന്ന ഒന്നാണ്. നമ്മെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ നഷ്ടമായാൽ , അവിടെ പിന്നെ സുഖ ഭോഗങ്ങൾക്കു വരെ പ്രാധാന്യം കുറയുന്നു. ദുരന്ത തീരം ചെളി കൊണ്ട് നിറഞ്ഞപ്പോഴും , തന്റെ അമ്മയുടെ ശബ്ദം അവൻ മറന്നില്ല.ആ അമ്മയെ ഒന്ന് സ്നേഹത്തോടെ കെട്ടിപിടിക്കുവാൻ ഉള്ള ബോവിയുടെ മനസ്സ് അവർണ്ണനീയം തന്നെ.

വസ്ത്രങ്ങൾ വിറ്റു നടക്കുന്ന അളകമ്മ, തന്റെ ജീവിതത്തേക്കാൾ ഉപരി, പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് , വസ്ത്രങ്ങൾ എത്തിക്കുവാൻ തിടുക്കം കൂട്ടുന്ന രംഗം” വർണ്ണവസ്ത്രങ്ങൾ” എന്ന കഥയിലൂടെ വായനക്കാരന്റെ കണ്ണു തുറപ്പിക്കുന്നു. “സ്വയംകൃതാനർത്ഥം ” എന്ന കഥയിലെ കുഞ്ഞിരാമൻ ചില ഭവനങ്ങളിലെ കഥാപാത്രം തന്നെയാണ്. ചെറുപ്പത്തിന്റെ ആവേശത്തിൽ ആത്മാർത്ഥ സ്നേഹത്തിനു വില നൽകാതെ കാമ ഭ്രാന്തിളകി നടന്ന യുവാവ് അവസാനം രോഗ ദുരിതത്തിലകപ്പെട്ട് ആത്മഹത്യ തെരഞ്ഞെടുക്കുന്നു.

മാടക്കടയുടെ മട്ടുപ്പാവ് ” എന്ന കഥയിലെ ശങ്കരേട്ടന്റെ അവസ്ഥ ഇന്നത്തെ അണുകുടുംബത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു. സ്വന്തം ശരീരം മറന്ന് അദ്ധ്വാനിച്ചു മക്കളെ വളർത്തുന്ന ഒരച്ഛന് അവസാന കാലത്ത് തന്റെ മകന്റെ സ്നേഹം നഷ്ടപ്പെടുന്ന അവസ്ഥ അതിദയനീയം തന്നെ. സ്നേഹം, ആത്മാർത്ഥത, ഇവ ഒന്നും ആർക്കും പിടിച്ചു വാങ്ങുവാൻ സാധിക്കില്ല. അത് മനസ്സിൽ നിന്നു തന്നെയുണ്ടാവണം എന്ന തത്ത്വം ഓരോ വായനക്കാരനെയും ഓർമ്മപ്പെടുത്തുന്നു.

പലിശക്കാരിൽ നിന്നും പണം കടം വാങ്ങുന്ന ഓരോ കുടുംബത്തിന്റെയും അവസ്ഥ “പാപ്പാത്തികളുടെ താഴ്‌വര ” എന്ന കഥയിൽ നിറഞ്ഞു നിൽക്കുന്നു. അച്ഛന്റെ കടത്തിന്റെ ഭാരം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുന്ന ചില കുട്ടികളും ഉണ്ട് എന്നു മനസ്സിലാകാം. “വിദ്യാധനം സർവ്വധനാൽ പ്രധാനം ” . വിദ്യ ആർക്കും കട്ടു കൊണ്ടു പോകുവാൻ സാധ്യമല്ല. വിദ്യ പറഞ്ഞു കൊടുക്കും തോറും വർദ്ധിക്കും. അത് പാത്രമറിഞ്ഞു നൽകുമ്പോൾ പണത്തെക്കാൾ മൂല്യം നന്മയുള്ള മനസ്സാണ് എന്ന ചിന്ത വായനക്കാരനെ ” വരാന്ത വക്കീൽ” എന്ന കഥയിലൂടെ ഓർമ്മിപ്പിക്കുന്നു .

” തുന്നി കെട്ടിയ മേഘങ്ങൾ ” എന്ന കഥയിൽ അദ്ധ്വാനത്തിന്റെ ഫലമനുഭവിക്കാൻ കഴിയാതെ ധനാർത്തി പൂണ്ട മനുഷ്യനാൽ സ്വയം ജീവനൊടുക്കേണ്ടി വന്ന ഒരു കുടുംബത്തെ മനോഹരമായി വർണ്ണിച്ചിരിക്കുന്നു. അവസാനം തുന്നിചേർക്കുവാൻ കഴിയാത്ത വിധം മേഘങ്ങൾ വിട്ടകലുകയും, കുഞ്ഞു മേഘങ്ങളായി രേഷ്മ എന്ന കൊച്ചു മകളും, മുത്തശ്ശിയും മാത്രം അവശേഷിക്കുന്നു.

ഓരോ വ്യക്തികളുടെയും ഇടയിൽ അറിയാതെ പൊട്ടി മുളയ്ക്കുന്ന പ്രണയ ബന്ധവും, ആധിയും പഴയ കാല ഓർമ്മകളുടെ പുതുക്കലും , ആകാംക്ഷയും ” ഓർമ്മയുടെ വരമ്പുകളിലൂടെ” എന്ന കഥയിൽ നിഴലിച്ചു കാണാം.

വ്യക്തികൾ എത്ര തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണെങ്കിലും, വൈകല്യമുള്ളവരാണെങ്കിലും നിഷ്കളങ്ക പ്രണയം ഓർമ്മയിൽ സൂക്ഷിക്കപ്പെടും എന്ന സത്യം “അനുരാഗത്തിൽ വർണ്ണം” എന്ന കഥ നമ്മെ ബോധ്യപ്പെടുത്തുന്നു.റോഡു സുരക്ഷയുടെ അപാകത മൂലം അംഗവൈകല്യം സംഭവിച്ച വ്യക്തികൾ അനുഭവിക്കുന്ന മനോവേദനയും, അവരെ സമൂഹം ചൂഷണത്തിനിരയാക്കുകയും ചെയ്യുന്നതുമാണ് ” പൊയ് കാലുകൾ ” നമ്മെ ഓർമ്മപ്പെടുത്തുന്നത്.

“ഭൂമിയെ വന്ദിച്ചു പാടുക നാം ” എന്ന കഥയിൽ ഓരോ വ്യക്തിയും തൊഴിൽ ചെയ്യുമ്പോൾ തന്റെതായ വിശ്വാസത്തിൽ മനസ്സർപ്പിക്കുന്നു. ഇവിടെ നാരായണൻ എന്ന കഥാപാത്രം തന്റെ വിഷമങ്ങൾ ഭൂമിദേവിയോടു പറയുമ്പോൾ,ജേക്കബ് മെഴുകുതിരി കത്തിച്ചു വെച്ച് യേശുവിനെ പ്രാർത്ഥിക്കുന്നു.

സാഹിത്യ ലോകത്തെ നല്ല സൃഷ്ടികൾ ഒരിക്കലും നശിക്കുന്നില്ല. അവയ്ക്കുള്ള അംഗീകാരം കാലമെത്ര കഴിഞ്ഞാലും തേടിയെത്തും, എന്നാലും പണം ചിലവാക്കി അംഗീകാരങ്ങൾ നേടുകയില്ല എന്ന ഒരു എഴുത്തുകാരന്റെ ഉറച്ച മനോവികാരം പ്രകാശ് എന്ന കഥാപാത്രത്തിലൂടെ ഡോ. പ്രേംരാജ് കെ.കെ. “ബുഫെ പുരസ്കാരം” എന്ന കഥയിലൂടെ വായനകാരെ ബോധ്യപ്പെടുത്തുന്നു. “ജുറാബ് ഗഞ്ച് ” എന്ന കഥയിൽ വ്യക്തികൾ ചെയ്യുന്ന ബിസിനസ്സ് രംഗത്തുണ്ടാകുന്ന പാളിച്ചകളും, മറ്റുള്ളവർ മൂലം അപരാധം കേൾക്കേണ്ടി വരുന്ന അവസ്ഥയും വിശദീകരിക്കുന്നു. ഡോ. പ്രേംരാജ് കെ.കെ യുടെ ഈ ചെറു കഥാ സമാഹാരം വായനകാരുടെ മനസ്സിൽ പലതരത്തിലുള്ള മഴമേഘങ്ങൾ സൃഷ്ടിക്കപ്പെടുമെന്നു തീർച്ച. ഇനിയും പുത്തൻ ചെറുകഥകൾ ഡോ. പ്രേംരാജ് കെ.കെ യുടെ മനസ്സിൽ വിരിയട്ടെ എന്ന് ആശംസിക്കുന്നു.

രഞ്ജിത . വി. കെ
കോഴിക്കോട്.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*