ഡോ. പ്രേംരാജ് . കെ. കെ യുടെ ” ഉൽക്ക ” എന്ന ബാലനോവലിനെക്കുറിച്ച് ആസ്വാദനക്കുറിപ്പ് .
അക്ഷരങ്ങൾ ഹൃദയഹാരിയായ കഥയായ് പുസ്തകതാളുകളിലേക്ക് പകർത്തപ്പെടുമ്പോൾ അതിനെ വായനക്കാർ വളരെയധികം ഇഷ്ടത്തോടു കൂടി വായിക്കുകയും തുടർന്ന് ആ പ്രിയം എഴുത്തുകാരനിലേക്ക് സംവേദിക്കുകയും ചെയ്യുമ്പോൾ അത് അയാൾക്ക് വീണ്ടും എഴുതുവാനുള്ള പ്രചോദനമാകുന്നു. ഡോ. പ്രേംരാജ് കെ. കെ എന്ന എഴുത്തുകാരൻ “ഉൽക്ക” എന്ന നോവലിലൂടെ വായനക്കാർക്ക് നൽകുന്ന അക്ഷരങ്ങളുടെ വിരുന്ന് ഓരോ വായനക്കാരനും ആസ്വദിക്കുവാൻ പാകത്തിലുള്ളതാനെന്ന് സംശയമേതുമന്യേ പറയുവാൻ കഴിയും.
ഇരുപത് അദ്ധ്യായങ്ങൾ അടങ്ങിയ പ്രേംരാജ് കെ കെ യുടെ ഈ നോവൽ വായനകാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതോടൊപ്പം കുറെ അറിവുകളൂം നൽകുന്നു. ഈ നോവലിന്റെ ആരംഭത്തിൽ പരിചയപ്പെടുന്ന അജിത്ത് എന്ന കഥാപാത്രം ജോലിയിലെ സഹപ്രവർത്തകരുടെ കുടില തന്ത്രങ്ങൾ മൂലം അനുഭവിക്കുന്ന മനോവ്യഥ സമൂഹത്തിലെ ഏതൊരു വ്യക്തിയും അനുഭവിക്കുന്ന അവസ്ഥയാണെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നു.
വിവാഹകമ്പോളത്തിൽ സ്ത്രീയായാലും പുരുഷനായാലും “ഒരു ജോലി” എന്നത് എപ്പോഴും ഒരു പ്രധാന ഘടകം തന്നെയാണ് എന്ന് നോവലിസ്റ്റ് പരോക്ഷമായി വായനകാരെ ബോധ്യപ്പെടുത്തുന്നു. വിവാഹപ്രായം എത്തിനിൽക്കുന്ന മക്കൾ ഏതൊരു മാതാപിതാക്കളുടെയും വേദനയാണ്. കണ്ണടയുന്നതിനു മുമ്പെ മക്കളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ഓരോ മാതാപിതാക്കളുടെയും ആകുലതകളും നോവലിസ്റ്റ് എടുത്തു പറയുന്നു.
“സാളഗ്രാമം ” എന്ന വിശേഷാൽ കല്ലിനെക്കുറിച്ച് പറയുമ്പോൾ പുരാണകഥയെക്കുറിച്ച് ഒരു ധാരണയുണ്ടാക്കുന്നു. പല മൂല്യങ്ങളും പുരാണങ്ങളിലൂടെ വ്യക്തികൾ മനസ്സിലാക്കുന്നു. അതേസമയം മാനുഷിക മൂല്യങ്ങളും , ഈശ്വരവിശ്വാസവും, അന്ധവിശ്വാസവും വേർതിരിച്ചറിയുവാൻ അകകണ്ണ് വേണമെന്നു കൂടി കഥാകൃത്ത് അടിവരയിട്ടു പറയുന്നു. അതോടൊപ്പം നാമജപത്തിന്റെ പ്രാധാന്യം പറയുന്നതോടൊപ്പം വിശ്വാസത്തിന്റെ ആവശ്യകതയും പറയുന്നുണ്ട്.
വിദ്യാഭ്യാസ കാലഘട്ടം ഓരോ വിദ്യാർത്ഥിക്കും പ്രധാനം തന്നെ. വിദ്യാർത്ഥികളുടെ മാനസിക വളർച്ചാ കാലഘട്ടത്തിൽ ഓരോ രക്ഷിതാക്കളും മക്കളുടെ വിദ്യാഭ്യാസത്തിൽ വേണ്ടത്ര ഊന്നൽ നൽകണമെന്നും, ഭാഷാപഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും എഴുത്തുകാരൻ വായനകാരെ ബോധ്യപ്പെടുത്തുന്നു.
അധ്യാപകർ, മാതാപിതാക്കളെ പോലെ തന്നെ വഴികാട്ടിയാണെന്നും അവർ ഓരോ വിദ്യാർത്ഥിയുടെയും ഉത്തമ സുഹൃത്താണെന്നും പറയാം. ഈ നോവിലെ കൃഷ്ണദാസ് ( കൃഷ് ) എന്ന ബാലന്റെ പ്രോസോപാഗ്നോസിയ മേഘടീച്ചർ തിരിച്ചറിയുകയും, മാതാപിതാക്കളുമായി ചർച്ച ചെയ്യുന്ന രംഗം ഏതൊരു വായനകാരനെയും ഗുരു ശിഷ്യബന്ധത്തിന്റെ ആഴത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. ഈ നോവിലെ ‘ഉൽക്കയെ ‘ആദ്യമായി കാണുമ്പോൾ കുട്ടികൾ പ്രകടിപ്പിക്കുന്ന ജിജ്ഞാസയും, മലയാളത്തിലെന്നപ്പോലെ ഇംഗ്ലീഷ് വാക്കും പഠിക്കുവാൻ ശ്രമിക്കുന്നതിലൂടെ വിദ്യാർത്ഥികൾ എപ്പോഴും ഭാഷാ വൈഭവത്തിലും, അന്വേഷണത്തിലും തൽപരരായിരിക്കുവാൻ മുതിർന്നവർ കുട്ടികളെ വളർത്തിയെടുക്കണമെന്നും എഴുത്തുകാരൻ ഓർമ്മിപ്പിക്കുന്നു.
പ്രോസോപാഗ്നോസിയ എന്ന മുഖാന്ധത വൈകല്യമുള്ള ഒരു ബാലൻ എങ്ങനെ കഥയുടെ ഗതി നിർണ്ണയിക്കുന്നുവെന്നും, കൂട്ടുകാരുമൊത്ത് വ്യത്യസ്ത രീതിയിൽ ചിന്തിച്ച്, കമ്പ്യൂട്ടർ ടെക്നോളജി ഉപയോഗിച്ചും, ആധുനിക രീതിയിൽ സയൻസിന്റെ വിവിധ മേഖലകളായ ഡി.എൻ. എ ടെസ്റ്റിംഗ്: ജിയോളജിക്കൽ അനാലിസിസ്, അതുമല്ലെങ്കിൽ മറ്റ് പല ആധുനിക ടെസ്റ്റുകൾ അധ്യാപകരിലൂടെ ചോദിച്ചറിയുവാൻ ശ്രമിക്കുക, കമ്പ്യൂട്ടറിലൂടെ കണ്ടെത്തുവാൻ ശ്രമിക്കുക, എന്നിവയിലൂടെ ഉൽക്കയെ കണ്ടുപിടിക്കുവാൻ ചിന്തിക്കുന്ന വിദ്യാർത്ഥികളുടെ ഇടയിലെ സംഘടിത പ്രവർത്തനം, അറിവ് പങ്കുവെയ്ക്കുക, സ്വയം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, മറ്റുള്ളവരെ കൂടി ജിജ്ഞാസുക്കളാക്കുക, ഉയർന്ന തലത്തിൽ നിരീക്ഷിക്കുവാനുള്ള വിദ്യാർത്ഥികളുടെ കഴിവ്, അത് നേടിയെടുക്കുവാനുള്ള പരിശ്രമം, ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സ്ഥലങ്ങൾ കണ്ടുപിടിക്കാനുള്ള ചിന്താശേഷി എന്നിവ വിദ്യാർത്ഥികൾക്ക് ഉണ്ടായിരിക്കണമെന്ന് എഴുത്തുകാരൻ വായനകാരെ ധരിപ്പിക്കുന്നു.
പഠന വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകുകയും , അത് കണ്ടെത്തി അവരെ മുന്നോട്ട് നയിക്കുവാൻ ഓരോ അധ്യാപകനും ശ്രമിക്കണമെന്നും, മാതാപിതാക്കൾ അതിനായി മുൻകരുതലുകൾ എടുക്കണമെന്നും നോവലിസ്റ്റ് സൂചിപ്പിക്കുന്നു.’റെക്കോ ‘ എന്ന ഉപകരണത്തിന്റെ പ്രത്യേകതയും വായനക്കാരെ പരിചയപ്പെടുത്തുന്നു.
വളർത്തുമൃഗങ്ങൾ നിർമ്മല സ്നേഹമുള്ളവരാണ്. അവർ മനുഷ്യരിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ എത്രത്തോളമുണ്ടെന്ന് ഈ നോവലിൽ കൂടി നോവലിസ്റ്റ് വായനക്കാരെ ബോധ്യപ്പെടുത്തുന്നു.
ഈ നോവലിലെ ഉല്പതിഷ്ഠാനന്ദ എന്ന സ്വാമിയാണ് യഥാർത്ഥത്തിൽ ഉൽക്ക എന്ന കല്ല് അജിത്ത് എന്ന വ്യക്തിക്ക് നൽകുന്നത്. അയാൾ, അതിന്റെ മഹാത്മ്യം മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നു, പക്ഷേ പിന്നീട് അത് നഷ്ടപ്പെട്ടപ്പോൾ , ഒരു കൂട്ടം വിദ്യാർത്ഥികൾ ഉൽക്കയെ അന്വേഷിച്ച് പോകുന്നത് , കുട്ടികളിലെ അന്വേഷണപാടവം, അതു കണ്ടുപിടിക്കുവാനുള്ള ഊർജ്ജസ്വലത, ക്രിയാത്മകത, സാഹസികത എന്നിവയൊക്കെ വായനകാരെ ചിന്തിപ്പിക്കുവാൻ പ്രേരിതമാക്കുന്നു.
ആധുനിക തലമുറ ഈശ്വരവിശ്വാസത്തിൽ നിന്നും വിട്ടകന്ന് സ്വാർത്ഥചിന്തയോടു കൂടി കൊലയും, കളവും നടത്തി ജീവിക്കുന്ന കാലഘട്ടത്തിൽ ഉൽക്ക എന്ന വസ്തുവിനെ “സാളഗ്രാമം ” എന്ന് വിശേഷിപ്പിക്കുമ്പോൾ സാളഗ്രാമം എന്താണെന്നും, അതിന്റെ പ്രത്യേകതയും, ദൈവികതയും കൂടി ഡോ. പ്രേംരാജ്. കെ.കെ വായനകാരെ ബോധ്യപ്പെടുത്തുന്നു.
ശാസ്ത്രവും, പുരാണങ്ങളും പരസ്പരം ബന്ധമുണ്ടെന്നും, പ്രകൃതിയിലെ ഓരോ വസ്തുവിന്റെയും പ്രാധാന്യം മനസ്സിലാക്കി വേണം വിദ്യാർത്ഥികൾ മുന്നോട്ട് സഞ്ചരിക്കേണ്ടത് എന്നു കൂടി നോവലിസ്റ്റ് വായനകാരെ ധരിപ്പിക്കുന്നു. കുട്ടികളെ മന:ശാസ്ത്രപരമായി നിരീക്ഷിച്ച് അവരുടെ കഴിവുകളെ കണ്ടെത്തി, അവരെ മുന്നോട്ടു നയിക്കുവാൻ രക്ഷിതാക്കളും , അദ്ധ്യാപകരും ഒരുപോലെ പങ്ക് വഹിച്ചാൽ ശാസ്ത്രപരമായ അവബോധം അവരിൽ ഉണ്ടാവുമെന്നും നോവലിസ്റ്റ് പരോക്ഷമായി സൂചിപ്പിക്കുന്നു.
വായനകാരെ എപ്പോഴും ചിന്തയിലേക്കു നയിക്കുന്ന എഴുത്തിനുടമയായ ഡോ. പ്രേംരാജ്. കെ.കെ യുടെ ഉൽക്ക” എന്ന ബാല നോവൽ വായനകാരുടെ ഹൃദയത്തിൽ ഇടം പിടിക്കട്ടെ എന്നാശംസിക്കുന്നു.
വില : 230 രൂപ
പേജ് : 146
പ്രസാധകർ : അഡോർ പബ്ലിഷിങ് ഹൌസ്
രഞ്ജിത . വി.കെ
കോഴിക്കോട്.

Leave a Reply