A Cycle – Story

ഒരു സൈക്കിൾ

ചെറുകഥ

ഡോ. പ്രേംരാജ് കെ കെ

മച്ചുനിയൻ  സൈക്കിൾ ചോദിച്ചപ്പോൾ അമ്മാവൻ പുത്തൻ ബി എസ് എ സൈക്കിൾ വാങ്ങിക്കൊടുത്തു. വാതിൽ പടിയിൽ പാതി മറച്ച് ഞാൻ കാര്യം അച്ഛനോട്  പറഞ്ഞു എനിക്കും ഒരെണ്ണം വേണമെന്ന്. ഇപ്പോൾ സൈക്കിളൊന്നും വേണ്ട. വല്ലതും പഠിക്കാൻ നോക്ക് എന്ന് അച്ഛൻ മുരണ്ടു.

പല രാത്രികൾ സ്വപ്നം എന്നെ പിടികൂടി സൈക്കിൾ ഓടിച്ച് അഞ്ചാറ് കിലോമീറ്റര് ദൂരമുള്ള സ്‌കൂളിലേക്ക് പോകുന്നതും കൂട്ട്കാർക്ക് ലിഫ്റ്റ് കൊടുക്കുന്നതും ഒക്കെ. 

സാധനങ്ങൾ വാങ്ങാൻ അമ്മ കടയിലേക്ക്‌ പറഞ്ഞുവിടും. വല്യ ഉത്സാഹമായിരുന്നു കടയിലേക്ക് പോകാൻ, കാരണം ബാക്കി വരുന്ന ചില്ലറ പൈസ  തിരിച്ചു കൊടുക്കേണ്ട. അതുതന്നെ. അതിൽനിന്നും എടുത്താണ് പണ്ട് ചിത്രകഥകൾ വാങ്ങിയത്, ഇല്ലായിരുന്നെങ്കിൽ കുറച്ചു നേരത്തേ സൈക്കിൾ വാങ്ങാമായിരുന്നു.

ആയിടയ്ക്ക് അകന്ന ബന്ധത്തിൽപ്പെട്ട ഒരു ചിറ്റപ്പന്റെ കല്യാണം കൂടാൻ പോയി. അവിടെ വെച്ച് രമേശിനെ പരിചയപ്പെട്ടു. അവനും എന്റെ പ്രായം തന്നെയായിരുന്നു.  അവനും അവന്റെ അമ്മാവനും കൂടി ഒരു സൈക്കിൾ കട നടത്തുന്നുണ്ട്.  അവനോട് എന്റെ കാര്യം പറഞ്ഞു. അവൻ സമ്മതിച്ചു. അഞ്ഞൂറ് രൂപയ്ക്ക് ഒരു അധികം പഴക്കമില്ലാത്ത സൈക്കിൾ ഒപ്പിക്കാം. 

അങ്ങിനെ മാസങ്ങൾ കാത്തിരുന്നു രൂപ 500 തികയാൻ. അതിനിടയ്ക്ക് പല കഥാപുസ്തകങ്ങളും ചിത്രകഥകളും വാങ്ങിയിരുന്നു.  

സ്‌കൂളിന്റെ അടുത്ത് തന്നെ “വിസ്‌ഡം കോർണർ ” എന്ന പേരിൽ കൃഷ്ണൻ മാസ്റ്റർ നടത്തിയിരുന്ന പുസ്തകക്കടയുണ്ട്. ഈ കൃഷ്ണൻ മാസ്റ്റർ ഏതോ സ്‌കൂളിൽ  പ്രധാനാധ്യപകനായിരുന്നു, വിരമിച്ച ശേഷം ഇങ്ങനെ ഒരു കടവെച്ചു.

പല കുട്ടികളും അവിടെപ്പോയി ചിത്ര പുസ്തകങ്ങൾ വാങ്ങാറുണ്ടായിരുന്നു. കൃഷ്ണൻ മാസ്റ്റർ സ്നേഹത്തോടെ പുസ്തകങ്ങളൊക്കെ വായിക്കാൻ കൊടുക്കുകയും ചെയ്യും. അദ്ദേഹം പറയുമായിരുന്നു “കുട്ടികൾ പുസ്തകങ്ങൾ വായിച്ചാൽ അതിലെ അക്ഷരങ്ങൾ മാഞ്ഞുപോകുമോ? അതേ സമയം വായന കുട്ടികളിൽ അക്ഷരങ്ങൾ തെളിയിക്കുകയും ചെയ്യും.”

പൂമ്പാറ്റ, ബാലരമ, അമർചിത്രകഥ, അമ്പിളിയമ്മാവൻ അങ്ങിനെ എത്രയെത്ര പുസ്തകങ്ങളാണ് അവിടെ എന്ന് ഞാൻ അത്ഭുതപെട്ടിട്ടുണ്ട്.

ആ ദിവസം വന്നെത്തി. സൈക്കിൾ വാങ്ങാൻ പോകുന്ന ദിവസം . രമേശിന്റെ സൈക്കിൾ കട മുപ്പതോളം കിലോമീറ്റർ ദൂരെയാണ്. രാവിലെതന്നെ ബസ്സിൽ കയറി പുറപ്പെട്ടു. ബസ്സിൽ ഉണ്ടായിരുന്ന പരിചയ മുഖങ്ങൾ പലരും ചോദിച്ചു.”എങ്ങോട്ടാണ് ഒറ്റയ്ക്ക് “

ഞാൻ മറുപടി പറഞ്ഞു :”സ്‌കോളർഷിപ്പിനുള്ള കോച്ചിങ് ക്ലാസ്സുണ്ട്, അതിന് പോവുക “

അവർ വിശ്വസിച്ചോ എന്തോ.

രമേശിന്റെ കട അന്വേഷിച്ച് കുറേനേരം നടന്ന് ഒടുവിൽ കണ്ടെത്തി. അവൻ നല്ലവൻ എനിക്കായി വെച്ചുറപ്പിച്ച സൈക്കിൾ കടയുടെ മൂലയിൽ സൂക്ഷിച്ചിരുന്നു.

പണം കൈമാറി സൈക്കിൾ സ്വന്തമാക്കി.

കഥ അതുകൊണ്ടൊന്നും തീരുന്നില്ല. ഇനി 30 ഓളം കിലോമീറ്റർ സൈക്കിൾ ചവിട്ടണം. ആദ്യം വല്യ ഉത്സാഹം തോന്നി. പത്തോളം കിലോമീറ്റർ സഞ്ചരിച്ചപ്പോൾ കാര്യം അത്ര എളുപ്പമല്ല എന്ന് മനസ്സിലായി. കയറ്റവും ഇറക്കവും കൂടുതലുള്ള വഴിയാണ്. ഇനി പിന്തിരിയാൻ ആവില്ല. മുന്നോട്ട് തന്നെ.

തലയ്ക്കുമുകളിൽ സൂര്യൻ കത്തിജ്വലിച്ചു. അന്ന് എന്നും തോന്നാത്ത ചൂട് സൂര്യനുണ്ടെന്ന് തോന്നി. ഇടയ്ക്കിടെ വഴിയരികിലെ പാറക്കെട്ടുകൾക്ക് മേലെ കിടന്നും ഇരുന്നും വിശ്രമിച്ചു. വഴിയരികിൽ കണ്ട കുറെ വീടുകളിൽ കയറി വെള്ളം കുടിച്ചു. 

അന്ന് രാത്രി  ഉറങ്ങാൻ കഴിഞ്ഞില്ല, കാരണം കാലിലെ പേശികളെല്ലാം വലിഞ്ഞു മുറുകി. വായ വറ്റി വരണ്ടു. വെള്ളം എത്രകുടിച്ചിട്ടും മതിവരാത്ത അവസ്ഥ.

അതുകൊണ്ടും തീരുന്നില്ല ഈ കഥ.

കാലിലെ വേദന മാറാൻ രണ്ടു ദിവസമെടുത്തു. സ്‌കൂളിലേക്ക് സൈക്കിളിലായി യാത്ര. ഒരു ദിവസം വൈകുന്നേരം ട്യൂഷനും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി സർക്കാർ എസ്റ്റേറ്റിൽ ജോലിചെയ്യുന്ന സ്ത്രീകൾ വഴിയിൽ കോട്ടം കൂട്ടമായി ഉണ്ടായിരുന്നു.

റോഡിന്റെ അരികിലൂടെ സൈക്കിൾ ഓടിച്ചിരുന്ന എന്റെ ദേഹത്ത് അതിലൊരു സ്ത്രീ വീണു. ബഹളമായി. എന്നോട് പൈസ ചോദിച്ചു. എന്റെ കൈയിൽ എവിടെ പൈസ!!!

കിട്ടിയ അവസരത്തിൽ ഞാൻ അതിവേഗത്തിൽ  സൈക്കോടിച്ചു പോയി. 

ഞാൻ കരുതി പ്രശ്നമൊന്നും ഇല്ല , തീർന്നു എന്ന്.

പിറ്റേന്ന് രാവിലെ ആ സ്ത്രീയുടെ രണ്ടുമക്കളും പിന്നെ ആരോ രണ്ടുപേരും വീട്ടിലെത്തി ബഹളം ആരംഭിച്ചു.  അവരുടെ മക്കളിൽ ഇളയവൻ എന്റെ കൂടെ പടിക്കുന്നവൻ വിനോദ് ആണ്. അവൻ ഉള്ളതുകൊണ്ട് പ്രശ്ങ്ങൾ തീരും എന്നാണ് ഞാൻ കരുതിയത്. എന്നാൽ അവൻ അവരെയെല്ലാം കൂടുതൽ പിരി കൂടിക്കൊണ്ടിരുന്നു. 

“അമ്മയുടെ കൈ ഒടിഞ്ഞിട്ടുണ്ട്, പണിക്കു പോകാൻ ആവില്ല, അഞ്ഞൂറ് രൂപ തരണം”

ഞാൻ പറഞ്ഞു “എന്റെ സൈക്കിളിനു അഞ്ഞൂറു രൂപയാണ് വിലതന്നെ”

അപ്പോൾ അമ്മ ഇടപെട്ടു . അമ്മ പറഞ്ഞു “നൂറു ഉറുപ്പിക  തരാം” എന്നായി.

ആൾകൂട്ടം വിട്ടില്ല . എന്നാൽ ആ സൈക്കിൾ തന്നെ പോരട്ടെ .

അമ്മ എന്നോട് പറഞ്ഞു “അവർ അത് കൊണ്ടുപോട്ടെ, നമുക്ക് വേറെ ഒരെണ്ണം , ഇതിലും നല്ലത് വാങ്ങിക്കാം “

അവർ അത് കൊണ്ടുപോയി.

പുതിയൊരെണ്ണം വാങ്ങിക്കാം എന്ന് പറഞ്ഞ സൈക്കിൾ പിന്നീട് വാങ്ങിയത് ഞാൻ ജോലി ചെയ്‌തു തുടങ്ങിയപ്പോഴാണ്.

Note / Disclaimer :  Filmgappa.com does not promote or encourage any illegal activities, contents published here are provided by individuals  and copy rights reserved to the respective authors.

1 Comment

Leave a Reply

Your email address will not be published.


*