പുസ്തക പരിചയം – ” കായാവും ഏഴിലം പാലയും “
യുവ എഴുത്തുകാരനായ ഡോ. പ്രേംരാജ് കെ കെ യുടെ ” കായാവും ഏഴിലം പാലയും “
എന്ന നോവൽ മികച്ച വായനാനുഭവം നൽകി.
നിരവധി ചെറുകഥകളും ലേഖനങ്ങളും എഴുതിയ പ്രേംരാജിന്റെ ആദ്യ നോവലാണ് ഇതെങ്കിലും തഴക്കം വന്ന എഴുത്തുകാരന്റെ വഴക്കത്തോടെ രചന പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്.
പതിറ്റാണ്ടുകൾക്കുമുമ്പുള്ള കാസറക്കോട്ടെ അവികസിത ഗ്രാമ പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന നോവലിൽ തികച്ചും നാടൻ ജീവിത ചുറ്റുപാടുകളെ തെളിമയോടെ വരച്ചു കാട്ടാൻ സാധിച്ചിട്ടുണ്ട്.
പഴയ കാല ജീവിതത്തിന്റെ നേർചിത്രം തന്നെയാണത്.
പുതു തലമുറയ്ക്ക് അന്യമായിട്ടുള്ള പഴയ ജീവിത രീതി നമുക്ക് ഇതിൽ വായിച്ചെടുക്കാം.
പുഴയോരവും മണൽ വാരലും
കൃഷിയും ഉത്സവവും നാട്ടാചാരങ്ങളും എല്ലാം ഇതിൽ ഇഴ ചേർന്നു നിഴലിക്കുന്നു.
ഓരോ അധ്യായം കഴിയുന്തോറും അടുത്തതു കൂടി വായിക്കണം എന്നുതോന്നും.
ചുരുങ്ങിയ വാചകങ്ങളിലാണ് പലതും വിവരിക്കുന്നതെങ്കിലും ചിത്രം വ്യക്തവും ജീവസ്സുറ്റതുമാണ്.
ഉദാഹരണത്തിന്: ദീപാവലി ആഘോഷം , ഉത്സവം, വിഷു തുടങ്ങിയവ.
മറ്റൊന്ന് എടുത്തു പറയുവാനുള്ളത് ഈശ്വര സാക്ഷാത്കാരത്തെ അവതരിപ്പിക്കുന്നതാണ് .
ആത്മീയതയുടെ പുതിയ തലം നമുക്ക് നോവലിൽ കാണിച്ചു തരുന്നു. കണ്ണനെ തേടിയുള്ള അവസാന യാത്ര അതാണ് സൂചിപ്പിക്കുന്നത്. വൈകുണ്ഠ പ്രാപ്തി.
പ്രണയവും പ്രകൃതിയും കലഹവും ആഘോഷവും ആത്‌മീയതയും എല്ലാം സമ്മേളിച്ചിട്ടുള്ള ” കായാവും ഏഴിലം പാലയും ” നല്ല നോവലാണെന്നതിൽ സംശയമില്ല.
ഡോ. പ്രേംരാജിന്റെ തൂലികത്തുമ്പിൽ നിന്ന് ഇനിയും ഭാവന ഇതൾ വിടരട്ടെ .
സ്നേഹത്തോടെ
ശ്രീധരൻ പൂലൂർ
Leave a Reply