പുസ്തകാവലോകനം
നോവൽ : വെള്ളാരം കല്ലുകൾ തേടുന്ന പെൺകുട്ടി
നോവലിസ്റ്റ് : പ്രദീപ് മാരിയിൽ
അവലോകനം : അഞ്ജലി രഞ്ജിത്ത്
മേശപ്പുറത്ത് ശാന്തമായി കിടക്കുന്ന ഒരു പുസ്തകം. ഗവേഷണത്തിന്റെ തിരക്കിൽ ഏറെ നാളായി ഒന്നും വായിക്കാൻ സമയം കിട്ടുമായിരുന്നില്ല. “ഒരു പേജ് മാത്രം വായിക്കാം” എന്നൊരു ലഘുചിന്തയോടെ തുറന്ന ആ പുസ്തകം, പിന്നീട് എന്നെ മുഴുവനായും അതിന്റെ ലോകത്തിലേക്ക് കൊണ്ടുപോയി.
ഓരോ വെള്ളാരം കല്ലും ഓരോ ജീവിതത്തിന്റെ ചെറുതും വലുതുമായ അനുഭവങ്ങളെ സാക്ഷ്യം വഹിക്കുന്നതുപോലെ… മനുഷ്യരുടെ ജീവിതപാതകളിൽ നിന്ന് ശേഖരിച്ച ഓർമ്മകളും വേദനകളും നിസ്സംഗമായ നിമിഷങ്ങളും ഇവിടെ കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു.
വായിച്ചുകൊണ്ടിരിക്കുമ്പോൾ ചിലപ്പോൾ വാക്കുകൾക്കപ്പുറം ഒരു നിശ്ശബ്ദത മനസ്സിൽ നിറയുന്നു. ചില വരികൾ എവിടെയോ കണ്ണ് നനയിപ്പിക്കുകയും ചില ദൃശ്യങ്ങൾ ഓർമ്മകളുടെ വാതിൽ തുറക്കുകയും ചെയ്യുന്നു. ആശുപത്രി വരാന്തകളുടെ മങ്ങലും വിഷുക്കാലത്തിന്റെ ഓർമ്മകളും….. ജീവിതത്തിന്റെ പല ദൃശ്യങ്ങൾ കഥകളുടെ ഇടവേളകളിൽ മിന്നിമറയുന്നു.
ഓരോ അദ്ധ്യായവും വായിക്കുമ്പോൾ അത് ഒരു എഴുത്തുകാരന്റെ സൃഷ്ടി മാത്രമല്ല, മറിച്ച് പല മനുഷ്യരുടെ ജീവിതാനുഭവങ്ങളുടെ ചുരുളുകളാണ് എന്ന് തോന്നുന്നു.
ഓരോ കഥയും നമ്മുടെ മനസ്സിൽ ഒരു വെള്ളാരം കല്ലുപോലെ നിശ്ശബ്ദമായി കിടന്നുകൊണ്ട് ദീർഘകാലം ഓർമ്മയായി നിലനിൽക്കുന്നു.
“വെള്ളാരം കല്ലുകൾ തേടുന്ന പെൺകുട്ടി” എന്ന ഈ പുസ്തകം, വായനക്കാരനെ ഓർമ്മകളുടെയും അനുഭവങ്ങളുടെയും വഴിയിലൂടെ നടത്തിക്കുന്ന ഒരു സുന്ദരമായ സാഹിത്യയാത്രയാണ്.
മനുഷ്യജീവിതത്തിന്റെ ചെറുനിമിഷങ്ങളെയും അതിന്റെ ആഴമുള്ള അർത്ഥങ്ങളെയും ഇത്ര മൃദുവായി അവതരിപ്പിച്ച നിങ്ങളുടെ എഴുത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
വാക്കുകളുടെ ഈ യാത്ര തുടരട്ടെ…
ജീവിതത്തിന്റെ വഴികളിൽ നിന്ന് വീണ്ടും വീണ്ടും വെള്ളാരം കല്ലുകൾ തേടി… അവയെ മനസ്സിനെ തൊടുന്ന കഥകളാക്കി നമ്മളിലേക്ക് എത്തിക്കാൻ….. ഇനിയും ഒരുപാട് എഴുതാൻ സാധിക്കട്ടെ…

Leave a Reply