വർഷങ്ങൾക്കു മുമ്പ് ബിരുദത്തിന് പഠിക്കുന്ന കാലം. നീലേശ്വരം കോളേജ് ലൈബ്രറിയിൽ നിന്നൊരു പുസ്തകമെടുത്തു. ടി പത്മനാഭന്റെ കഥാസമാഹാരം നാട്ടിലേക്കുള്ള ബസ്സിൽ സൈഡ് സീറ്റ്.. പുസ്തകം തുറന്നു. ആദ്യത്തെ കഥ “കാട്ടിലെ കഥ” വായിക്കാൻ തുടങ്ങിയപ്പോൾ വല്ലാത്തൊരു പരിചിതത്വം. വായന തുടർന്നപ്പോൾ ഇതെന്റെ നാടല്ലേ ,… ഇതിലെ കഥാപാത്രങ്ങൾ എന്റെ നാട്ടുകാരും വീട്ടുകാരുമല്ലേ .. അതെ….. അതെ…. എന്ന് മനസ്സ് ഉറപ്പിച്ചുവെങ്കിലും വീട്ടിലെത്തി കഥ അമ്മയെ വായിച്ചു കേൾപ്പിച്ചു. അമ്മയുടെ കണ്ണിൽ നിന്നും അടർന്ന് വീണ കണ്ണീര് പറഞ്ഞു തന്നു. ഇത് ഈ നാടിന്റെ കഥ തന്നെ… വിയർപ്പിന്റെ … കണ്ണീരിന്റെ.. ഗ്രാമീണമായ നിഗൂഢതയുടെ കഥ…. എങ്കിലും അന്നത്തെ ധൈര്യത്തിന് ടി പത്മനാഭന് ഒരു കത്തെഴുതി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ പോസ്റ്റ്മാൻ ഉപേന്ദ്രേട്ടൻ വന്നു “നിനക്കൊരു കത്തുണ്ട്.. ഒരു പത്മനാഭൻ … ഉപേന്ദ്രേട്ടൻ from address വായിച്ചിട്ടേ അന്ന് കത്ത് തരൂ… വെള്ള ലെറ്റർ പാഡിൽ പച്ച, മഷിയിൽ “പ്രിയപ്പെട്ട അനിയത്തി… ” എന്ന് തുടങ്ങുന്ന ആ കത്ത് ഇന്നും ഒരു നിധി പോലെ സൂക്ഷിക്കുന്ന ആളാണ് ഞാൻ.
പിന്നീട് “അരവിന്ദന്റെ കത്തുകൾ” സക്കറിയയുടെ പുസ്തകം വായിച്ചപ്പോൾ മനസ്സ് വീണ്ടും മന്ത്രിച്ചു… ക്ടാരി പുല്ലും, നെയ്‌പ്പുല്ലും, പാറപ്പൂക്കളും ആകാശത്തോട് കഥ പറയുന്ന നാട് എന്റേതല്ലേ… സക്കറിയയ്ക്ക് ഒരു കത്തുഴുതാനുള്ള ധൈര്യം മധ്യവയസിനില്ലാത്തതുകൊണ്ട് എഴുതിയില്ല.
ഇന്ന്, ഈ തുലാമഴയുടെ ആരവങ്ങൾ ആർത്തിരമ്പുന്ന രാത്രിയിൽ എന്റെ മനസ്സിൽ വല്ലാത്തൊരു പ്രകമ്പനം ബാക്കിയാക്കിയ ഒരു നോവൽ വായിച്ചവസാനിച്ചിരിക്കയാണ്. … കായാമ്പൂവിന്റെ തീഷ്ണ സുഗന്ധവും പാലപ്പൂവിന്റെ മാദകഗന്ധവും .. ഇന്നേ അങ്ങകലെ കുന്നുകൾ അതിരിട്ട എന്റെ ഗ്രാമത്തിലേക്ക് അതിന്റെ ഭൂതകാല ഗരിമയിലേക്ക്.. നിഷ്കളങ്കരും നിർമ്മമരുമായ എന്റെ കുറെ മനുഷ്യരുടെ ഓർമ്മയിലേക്ക് നയിച്ചിരിക്കുകയാണ്.
സാധാരണക്കാരും അൽപസ്വൽപം കാപട്യവും താൻപോരിമയുമുള്ള ഭൂവുടമകളും – ജീവിച്ച് മരിച്ച മണ്ണിന്റെ വല്ലാത്തരോർമ്മ … ഡോ. പ്രേംരാജിന്റെ “കായാവും ഏഴിലം പാലയും ” എന്ന നോവൽ എന്നിൽ വീണ്ടും ചോദ്യങ്ങൾ ബാക്കിയാക്കുകയാണ്.
ഇത് എന്റെ നാടല്ലേ! ഈ കുളിർമ്മയും ഈ പച്ചപ്പും, ഈ ദുരൂഹതയും, എന്റെ നാടിൻറെ ചരിത്രമല്ലേ.. എഴുത്തുകാരന്റെ മുൻകൂർ ജാമ്യം “തികച്ചും സാങ്കൽപ്പികം” എന്ന വാക്കുകൾക്ക് വില നൽകികൊണ്ട് ചോദ്യങ്ങൾ മനസ്സിൽ അടക്കിവെച്ചുകൊണ്ട് ഒരു വായനക്കാരി എന്ന നിലയിലുള്ള ആസ്വാദനക്കുറിപ്പിലേക്ക് കടക്കുന്നു.
അവതാരികയിൽ കെ ജയചന്ദ്രൻ പറഞ്ഞുവെച്ച വാക്കുകളിൽ നിന്ന് തുടങ്ങട്ടെ.. “കായാവും ഏഴിലം പാലയും” എന്ന നോവൽ 20 ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ജീവിച്ച ആൾക്കാർക്ക് സ്വന്തം ജീവിതം പോലെ തോന്നിയേക്കാം. ചരിത്രവും സംസ്കാരവും ഭാവനയും കെട്ടുകഥയും ചേർന്ന് തികച്ചും ഭ്രമാത്മകമായ ഒരന്തരീക്ഷം നമ്മുടെ ഗ്രാമങ്ങളുടെ പ്രത്യേകതയാണ്. പൊതിയൂർ എന്ന ഗ്രാമത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല തന്നെ.
24 അധ്യായങ്ങൾ. ഓരൊ അദ്ധ്യായവും ആകാംക്ഷയും ആകർഷകത്വവും നിലനിർത്തുന്നതിൽ എഴുത്തുകാരൻ്റെ കൈയ്യടക്കമുള്ള ആഖ്യാനശൈലിക്ക് സാധിച്ചിട്ടുണ്ട്. ലളിതം എങ്കിലും ജിജ്ഞാസ വളർത്താൻ കെൽപ്പുള്ള അവതരണ മികവ്.
കഥാപാത്രങ്ങൾ , സംഭവങ്ങൾ തികച്ചും റിയലിസ്റ്റിക് ആയി എഴുതി വരുമ്പോഴും ഏതൊരു ഗ്രാമീണ മനസ്സിലും ഇടം നേടിയിട്ടുള്ള മിത്തുകൾ. അവയുടെ രഹസ്യാത്മകത ഓരോ സന്ദർഭത്തിലും തെളിഞ്ഞു വരുന്നതായി കാണാം.
പഴമയിൽ നിന്ന് പരിഷ്കാരത്തിലേക്ക് ഒരു നാട് എങ്ങനെ വളർന്നു എന്ന് മനസ്സിലാക്കണമെങ്കിൽ നാടിൻറെ ചരിത്രം അറിയണം. ആ നാട്ടിൽ ജീവിച്ച് മൺമറഞ്ഞുപോയ മനുഷ്യരെ അറിയണം. ആരാലും അറിയപ്പെടാതെ ഒരു നാടിൻറെ ഭാഗധേയം നിർണ്ണയിച്ച പച്ച മനുഷ്യർ. അവരുടെ ആശയാഭിലാഷങ്ങൾ , അതിന്റെ സഫലീകരണത്തിന് വേണ്ടി മാറ്റിവെച്ച രാപകലുകൾ. പൊതിയൂർ എന്ന ഗ്രാമം അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു rural area ആയി വളർന്നതിന്റെ പിന്നിൽ അവിടെ ജീവിച്ചവരുടെ പുരോഗമനപരമായ ആശയങ്ങൾ ഉണ്ട്.
കഥാപാത്ര സൃഷ്ടിയിൽ തികച്ചും മിതത്വത്തോടെയുള്ള സമീപനം അഭിനന്ദനാർഹം തന്നെ. ഭർത്താവിന്റെ അപഥസഞ്ചാരത്തെപ്പറ്റി അറിഞ്ഞിട്ടും അർത്ഥഗർഭമായ മൗനം പാലിക്കുകയും തികച്ചും സംയമനത്തോടെ വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്ത പർവ്വതിയമ്മ – മനസ്സിൽ മായാതെ നില്കുന്നു.
രൂക്ഷ ഗന്ധങ്ങൾ പല സന്ദർഭങ്ങളിലും നോവൽ രചനയിൽ തീഷ്ണ സാന്നിധ്യമായി മാറുന്നുണ്ട്. പൂക്കളുടെ, പൂത്ത കാടിന്റെ, അപമൃത്യു വരിച്ചന്റെ അങ്ങനെ ഗന്ധങ്ങൾ നമ്മുടെ ഘ്രാണ ശക്തിയെ കീഴടക്കുന്നു.
കൃഷ്ണഭക്തി ഈ നോവലിൽ ഒളിഞ്ഞും തെളിഞ്ഞും വിഷയമാവുന്നുണ്ട്. കായാമ്പൂവ് കൃഷ്ണന്റെ നിറമാണല്ലോ. പണ്ട് പരന്നു കിടക്കുന്ന കരിമ്പാറയിൽ ശ്രീകൃഷ്ണൻ മുട്ടുകുത്തിയിരുന്ന് ഓടക്കുഴൽ വായിച്ച അടയാളം കാണിച്ച് തരാം എന്ന് പറഞ്ഞ് കായാമ്പൂ കൂട്ടങ്ങൾക്കരികിലെത്തിയപ്പോൾ “അതാ യക്ഷി വരുന്നൂ” എന്ന് പറഞ്ഞ് പേടിപ്പിച്ച് ഓടിച്ച ഒരു തൊപ്പിക്കാരൻ വികൃതിയുണ്ടായിരുന്നു. സ്കൂൾ കാലത്ത് ആ വികൃതിക്കുട്ടി തന്നെയല്ലേ ഈ നോവലെഴുതിയത് എന്ന് തികട്ടിവരുന്ന ചോദ്യം
ഉള്ളിൽ ഒതുക്കികൊണ്ട് പറയട്ടെ , പ്രിയപ്പെട്ട കഥാകാരാ, ഇന്നിന്റെ അനുഭവങ്ങൾ നാളെ ഓർമ്മകളാവുകയും അവ കഥയിലൂടെയും നോവലിലൂടെയും അടയാളപ്പെടുത്തുക എന്നത് എഴുത്തുകാരൻ്റെ ജീവിത നിയോഗമാണ്. ആ നിയോഗം ഭംഗിയായി നിർവ്വഹിക്കാൻ നിനക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും ഇനിയും എഴുതിക്കൊണ്ടിരിക്കുക. ഭാവുകങ്ങൾ…
എം ആർ. പുലിയന്നൂർ
Leave a Reply