ഡോ. പ്രേംരാജ് കെ. കെയുടെ ചെറുകഥാ സമാഹാരം ” സുലോഷോവ ഡയറി ” ഒരു അവലോകനം.
കാലത്തിനനുസരിച്ച് മനുഷ്യന്റെ ചിന്തയും മാറുന്നു. ജീവിത യാഥാർത്ഥ്യങ്ങൾ കഥകളായി മാറുമ്പോൾ വ്യക്തികളിൽ ചിന്താശേഷി വളരുന്നു. ഡോ. പ്രേംരാജ് കെ. കെ യുടെ പതിനഞ്ച് ചെറുകഥകൾ അടങ്ങിയ “സുലോഷോവ ഡയറി ” എന്ന ചെറുകഥാ സമാഹാരം വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കുന്നു. അതുകൊണ്ടു തന്നെ മികച്ച വായനാസുഖം തരുന്ന ഈ സമാഹാരം ഒരു അപൂർവ കൃതി എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഈ കൃതിയെക്കുറിച്ച് ഏതാനും വാക്കുകൾ ഞാനിവിടെ കുറിക്കുന്നു.
സുലോഷോവ ഡയറി എന്ന കഥ നിഷ്കളങ്കയായ ബാലിക ജൂലിയയുടെ മുത്തച്ഛനെ ക്കുറിച്ചുള്ള അന്വേഷണം ഓരോ വായനകാരനെയും ഈറനണിയിക്കുന്നു. മാതാപിതാക്കൾ നഷ്ടപ്പെട്ട ആ കുഞ്ഞു മനസ്സ് വിശന്നലഞ്ഞ് ഉദ്ദേശലക്ഷ്യത്തിലെത്തുകയും തന്റെ ദൗത്യം പൂർത്തീകരിക്കണം എന്ന ദൃഢനിശ്ചയം ചിന്തനീയം തന്നെ. കൂടാതെ പോളണ്ടിലെ സുലോഷോവ ഗ്രാമത്തിന്റെ ഭംഗി കഥാകാരൻ അതി മനോഹരമായി വർണ്ണിച്ചിരിക്കുന്നു. കൂടാതെ ചില ഭക്ഷണ പദാർത്ഥങ്ങളായ സ്ട്രോ ജെലുഡോ , പിയറോജി, ജെങ്കൂയ എന്നിവ വായനക്കാരെ പരിചയപ്പെടുത്തുന്നു.
തോറ്റൻ പാട്ടും, പൊട്ടൻ തെയ്യവും ചില നാടിന്റ ആചാരനുഷ്ഠാനങ്ങളെ വെളിപ്പെടുത്തുന്നു. “ആരെ കൊത്ത്യാലും ചോരേ ല്ലേ! എന്ന കഥയിലെ പൊട്ടൻ ദൈവം കുട്ടി കാലത്ത് ഏതൊരു വ്യക്തിയുടെയും
കൗതുകവും ഭക്തിയും നിറയ്ക്കുന്ന ചിന്തകളിലൊന്നാണ്. ഉത്സവ കാലത്ത് തറവാടുകളിലെ സദ്യയൊരുക്കലും, അതിഥി സൽക്കാരവും കേമം തന്നെ. തലേ ദിവസത്തെ വീടൊരുക്കലും, ജാതി ഭേദമെന്യേ എല്ലാവരും ഉത്സവാഘോഷത്തിൽ പങ്കെടുക്കുന്ന കാഴ്ചയും കുളിർമ പകരുന്ന ഒന്നാണ്.
കാരണവർ പറയുന്ന പോലെ മക്കൾ അനുസരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ രീതി മാറിയിരിക്കുന്നു. ചെറിയ പട്ടണങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം ദാരിദ്ര്യം നിറഞ്ഞതു തന്നെ. പെട്ടിക്കട നടത്തി ജീവിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരവും, അവരുടെ കൊച്ചു സന്തോഷങ്ങളുമാണ് ” കലുങ്കി”ലൂടെ കഥാകാരൻ വായനകാരിലേക്ക് എത്തിക്കുന്നത്. കൂടാതെ നിഷ്കളങ്കമായ പ്രണയവും, കാമുകി – കാമുകൻമാർ അനുഭവിക്കുന്ന വേദനയും, ചിന്തകളും അവർ കലുങ്കിൽ കുറിക്കുന്ന അക്കങ്ങളുടെ അർത്ഥങ്ങൾ കഥാകാരൻ തികച്ചും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്നു.
കളിക്കൂട്ടുകാർ എപ്പോഴും എല്ലാവരുടെയും ഒരു സ്വകാര്യ അഹങ്കാരമാണ്. “ഓലച്ചാത്തൻ ” എന്ന കഥയിൽ കഥാകാരൻ തന്റ കളി കൂട്ടുകാരുമായുള്ള കുസൃതികൾ അതിമനോഹരമായി വർണ്ണിച്ചിരിക്കുന്നു.
പ്രണയിക്കാത്തവർ ആരു തന്നെയുണ്ടാവില്ല. എന്നാൽ ആ പ്രണയം യാഥാർത്ഥ്യമാകുമ്പോഴാണ് ജീവിതം വസന്തകാലമാകുന്നത്. ഇവിടെ പ്രണയത്തിന് അർത്ഥമില്ലാതെ വേർപിരിയുന്ന അവസ്ഥ അത്യധികം വേദനാജനകമാണെന്ന് “ബിഗിച്ച് ടവേഴ്സിലൂടെ ” കഥാകാരൻ വിവരിക്കുന്നു.
ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ പരസ്പര വിശ്വാസവും സ്നേഹവുമാണ്. എന്നാൽ അത് ഒരാളിൽ മാത്രം ഒതുങ്ങി നിൽക്കുമ്പോഴാണ് കലഹിച്ചു വേർപിരിയേണ്ടി വരുന്നത്. മോചനദ്രവ്യം എന്ന കഥയിലെ യശോധരൻ കുറെ കാലം പ്രവാസിയായി ജീവിച്ചു നാട്ടിൽ വന്നു, സ്വന്തം ഭാര്യയുടെ കൂടെ സന്തോഷത്തോടെ കഴിയുവാനാഗ്രഹിക്കുന്നു. അതേസമയം അയാൾക്ക് തന്റെ ഭാര്യയോടുള്ള അമിത സ്നേഹം കാമ ഭ്രാന്തിലേക്കു മാറുകയും, അത് സഹിക്കുവാൻ കഴിയാതെ ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന അവസ്ഥ വായനക്കാരിൽ വയസ്സു കാലത്തെ ദാമ്പത്യ ജീവിതം ഒരു ചോദ്യചിഹ്നമോ ? എന്ന അവബോധം ഉണ്ടാക്കുവാൻ ഡോ. പ്രേംരാജ് കെ. കെ യുടെ അക്ഷരങ്ങൾക്ക് സാധിച്ചു.
പ്രകൃതിയെ മറന്നു ജീവിക്കുവാൻ ആർക്കും സാധ്യമല്ല. എന്നാൽ പ്രകൃതിയുടെ ഭംഗി ആസ്വദിച്ച് തങ്ങൾക്ക് ഇഷ്ടപ്പെട്ട വസ്തുക്കൾ ശേഖരിച്ച് “ലോഗ് ബുക്ക് ” തയ്യാറാക്കുന്ന നിഷ്കളങ്ക ബാല്യത്തെ കഥാകാരൻ മനോഹരമായി വർണ്ണിക്കുന്നു. ഒപ്പം കുട്ടികൾക്കിടയിലെ കൊച്ചു പിണക്കങ്ങളും , ഇണക്കങ്ങളും, മുതിർന്നവർ മാതൃകയാക്കണം എന്ന് കഥാകാരൻ പരോക്ഷമായി പരമാർശിക്കുന്നു.
“വരട്ട് ചൊറി” എന്ന അധ്യായത്തിൽ ആഘോഷങ്ങൾ എങ്ങനെ ആസ്വദിക്കാം എന്നു ചിന്തിക്കുന്ന ഒരു കൂട്ടം അന്തേവാസികളും , അവരുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും , വ്യത്യസ്ത സംഘടനകൾ എങ്ങനെ സമൂഹത്തിൽ പ്രവർത്തിക്കുന്നു എന്നതിന്റെ സൂചനയും കഥാകാരൻ നൽകുന്നു. കൂടാതെ “വരട്ട് ചൊറി ” എന്ന രോഗം മറ്റുളളവർ പരിഹാസമായി കാണുമ്പോൾ , ആ രോഗാവസ്ഥ ആർക്കും എപ്പോൾ വേണമെങ്കിലും വരാമെന്നും , ഒരു അസുഖത്തിന്റെ പേരിൽ ആരെയും വില കുറച്ച് കാണരുതെന്ന് കഥാകാരൻ വായനക്കാരെ ഓർമ്മപ്പെടുത്തുന്നു. കൂടാതെ വ്യക്തികളുടെ തൊലിപുറമുള്ള രോഗത്തേക്കാൾ കഠിനമാണ് സമൂഹത്തിലെ ചിലരുടെ മനസ്സിലെ വരട്ട് ചൊറി എന്ന് കഥാകാരൻ പരോക്ഷമായി രേഖപ്പെടുത്തുന്നു.
ഒരു ഗ്രാമീണ പശ്ചാത്തലവും, അവിടുത്തെ ജനങ്ങളിൽ നാടകം കാണാനുള്ള മോഹവും , അതിനിടയിലെ മോഷണവും വളരെ മനോഹരമായി കഥാകാരൻ ” വെളിച്ചം ഇല്ലാതാകുമ്പോൾ ” എന്ന കഥയിൽ വർണ്ണിച്ചിരിക്കുന്നു. മോഷണം ഒരു കലയാക്കി ജീവിക്കുന്നവർ ഇപ്പോഴും സമൂഹത്തിലുണ്ട്. അവർ ധനാർത്തിയാൽ അന്ധൻമാരായി മാറുന്നു. പക്ഷേ ഈ കഥയിൽ മോഷണകാരനെ കണ്ടുപിടിക്കുവാൻ അക കണ്ണുള്ള ഒരു അന്ധൻ വേണ്ടി വന്നു.
“വരയായ് വർണ്ണമായ് ‘ എന്ന കഥയിൽ ചിത്രങ്ങൾ വരച്ച് വിറ്റുകിട്ടുന്ന കാശു കൊണ്ട് കുടുംബ ഭാരം ഏറ്റെടുത്തു നടത്തുന്ന ഒരു പാവം പെൺകുട്ടിയുടെ കഥ ഏതൊരു വായനക്കാരനെയും ഈറനണിയിക്കുന്നു. ഇന്നത്തെ സമൂഹം ഒരു പെൺകുട്ടി ഒറ്റപ്പെട്ടു പോയാൽ അവളെ ദുഷിച്ച കണ്ണോടു കൂടി കാണുന്നു. പക്ഷേ ഈ കഥയിലെ അഡ്രിൻ എന്ന സഞ്ചാരി ആ പെൺകുട്ടിയെ മകളായി കണ്ട് അവൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും, തന്റെ ഭാര്യയെയും കൂട്ടി അവളെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോവുകയും ചെയ്യുന്നു . ഇന്നത്തെ കാലഘട്ടത്തിൽ പെൺ വാണിഭങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അഡ്രിന്റെയും ഭാര്യയുടെയും മനുഷ്യത്വം മരിച്ചിട്ടില്ല എന്നു സൂചിപ്പിക്കുന്നു.
” നാലു വർണ്ണപ്പൂക്കൾ ” എന്ന കഥ ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ താളാത്മകമായി വർണ്ണിച്ചിരിക്കുന്നു. ഋതുഭേദങ്ങളെ കുറിച്ചും , അവ മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും പരോക്ഷമായി സൂചിപ്പിക്കുന്നു. പുരാണത്തിൽ വനങ്ങൾ ശകുന്തളയ്ക്ക് വസ്ത്രങ്ങൾ നൽകിയതു പോലെ, രേണുക കഷ്ടപാടിലൂടെ പഠിച്ചു ഉയർന്നപ്പോൾ, അവളും, അച്ഛനും നട്ട വൃക്ഷലതാദികൾ അവളുടെ ജീവിതത്തിനു നിറം നൽകി. കൂടാതെ നാട്ടിൻ പ്രദേശത്തെ റോഡുകളുടെ ശോചനീയാവസ്ഥ, അധികാരത്തിലേറിയ വർ ശ്രദ്ധിക്കാതെ പോകുന്നു എന്ന ചിന്ത കഥാകാരന്റെ അനീതക്കെതിരെയുള്ളരോക്ഷം മനസ്സിലാക്കാം.
പാട്ടവിളക്ക് എന്ന കഥയിൽ കർണ്ണാടകയിൽ ഹാവേരിയിലെ തടാകത്തിന്റെ സമീപത്തുള്ള പൂന്തോട്ടങ്ങളെ ക്കുറിച്ചും, അവയുടെ പ്രത്യേകതയും, ചരിത്രത്തിലേക്കൊരു എത്തിനോട്ടവും നടത്തുന്നു. . ഈ കഥയിലെ പാലിൻ തന്റെ കാമുകി ആനന്ദാ പ്രണയത്തിന്റെ പേരിൽ പിഴച്ചുപോയിട്ടും , അവളുടെ മകനെ തന്റെ മൂത്ത മകനായി വളർത്തുകയും, സ്വന്തം രക്തത്തിൽ പിറന്ന പെൺകുഞ്ഞ് തന്റെ കാമുകിയുടെ പുനർജന്മമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ജനിച്ച ഉടനെ കുഞ്ഞിനെ കണ്ടപ്പോൾ അതിന്റെ കൈയിലേക്ക് വെള്ളിനാണയം വെച്ചുകൊടുക്കുന്ന ഒരു മനസ്സുണ്ട് ഈ കഥയിൽ, അയാളിലെ സ്നേഹം കാണാതെപോകുവാൻ വായനക്കാർക്ക് കഴിയില്ല.
പ്രണയം പ്രകൃതിയുടെ വരദാനമാണ്. എന്നാൽ അത് ആത്മാർത്ഥവും, യാഥാർത്ഥ്യവുമായിരിക്കണം. എന്നാൽ പലയിടങ്ങളിലും സ്ത്രീ ഒറ്റപ്പെടുമ്പോൾ അവൾ കപടസ്നേഹത്തിൽ അകപ്പെടുന്നു. “കരിയിലക്കിളികൾ ” എന്ന കഥ പ്രണയം എന്ന വികാരം ഒരു നിമിഷ നേരത്തേക്ക് വേണ്ടതല്ല, മറിച്ച് അത് ആയുഷ്കാലം വരെ നിൽക്കുന്ന ഒരു ദാമ്പത്യത്തിന്റെ കെട്ടുറപ്പാകണമെന്നും കഥാകാരൻ വായനകാരനെ ബോധ്യപ്പെടുത്തുന്നു. മുഖംമൂടി ധരിച്ച ചില ആളുകൾ നമുക്കിടയിൽ ഉണ്ടെന്ന സത്യം നമ്മൾ ചെറിയ ഭയത്തോടെ അറിയുന്നു.
ഒരു ഗ്രാമീണ പശ്ചാത്തലത്തിലെ ജീവിതവും, അവിടുത്തെ ചുറ്റുപാടുകളും, അവ നഷ്ടപ്പെട്ട് നഗരത്തിലേക്കു പോകേണ്ടി വന്ന ഒരു കുടുംബത്തിന്റെ അവസ്ഥ ” ഞൊട്ടാനൊടിയൻ” എന്ന കഥയിലൂടെ കഥാകാരൻ വരച്ചു കാണിക്കുന്നു. ഗ്രാമത്തിന്റെ സ്പന്ദനം അറിയാൻ കൊതിക്കുന്ന മനസ്സ് പട്ടണത്തിലെ ചിലരിൽ എന്നും കുടിയിരിക്കുന്നു എന്നതാണ് വാസ്തവം.
ഓരോ വ്യക്തിക്കും ജീവിക്കുവാൻ സ്വാതന്ത്ര്യമുള്ളതു പോലെ മരിക്കുവാനും സ്വാതന്ത്ര്യമുണ്ട്. അവയവ ദാനം ചെയ്തിട്ടുപോലും പെറ്റമ്മയെ നോക്കാതെ സ്വത്തിനെ മാത്രം സ്നേഹിക്കുന്ന ഒരു യുവ തലമുറയെ കഥാകാരൻ “ലിവിങ്ങ് വിൽ ” എന്ന കഥയിലൂടെ വായനക്കാരെ ബോധ്യപ്പെടുത്തുന്നു. നമുക്ക് പരിചിതമല്ലാത്ത ഒരു നിയമ വസ്തുത ഒരു കഥയിലൂടെ പറയുകയാണ് കഥാകാരൻ.
കേരളത്തിനു പുറത്തുള്ള ജനങ്ങളുടെ ജീവിത നിലവാരവും, യുദ്ധക്കെടുത്തി മൂലം ഒറ്റപ്പെടുന്ന വ്യക്തികൾ സമൂഹത്തിൽ അനുഭവിക്കുന്ന വേദനയും, അതുപോലെ സ്ത്രീകൾ സമൂഹത്തിൽ മുന്നേറാൻ ശ്രമിക്കുമ്പോൾ അനുഭവിക്കുന്ന ദുരിതങ്ങളും , സ്നേഹിക്കുവാൻ ആരുമില്ലാത്ത സ്ത്രീകളെ കാമഭ്രാന്തോടെ വീക്ഷിക്കുന്ന നേർകാഴ്ചകളും ഡോ. പ്രേംരാജ് കെ. കെ. തന്റെ എഴുത്തിലൂടെ വായനകാരുടെ ഹൃദയത്തിലെത്തിക്കുന്നു.
ഈ സമാഹാരത്തിൽ സ്ത്രീ സമൂഹം കടന്നുപോകുന്ന അവസ്ഥകൾ വിവിധ തലങ്ങളിലൂടെ അവതരിപ്പിക്കുന്നു എന്നതാണ് വായനക്കാരെ ഇതിലേക്ക് അടുപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് എല്ലാവരും വായിക്കേണ്ടുന്ന ഒരു സമാഹാരമാണ് ഇതെന്ന് അടിവരയിട്ടു പറയുന്നത്. ഒരു കൈ സഹായം ലഭിച്ചാൽ ഓരോ സ്ത്രീയും ജീവിതത്തിൽ മുന്നോട് വരും, അവർക്ക് അതിനുള്ള അവസരം ലഭിക്കണമെന്നു മാത്രം. ചുരുക്കിപ്പറഞ്ഞാൽ ഈ സമാഹാരം മികച്ച ഒരു കൃതിയെന്ന് ഞാൻ വിലയിരുത്തുന്നു.
ഇനിയും അദ്ദേഹത്തിന്റ അക്ഷരങ്ങൾ തിളങ്ങട്ടെ എന്ന് ആശംസിക്കുന്നു.
രഞ്ജിത . വി.കെ
കോഴിക്കോട്

Leave a Reply