Book Review – When Shehni Sounds – by Panku Jobi

ഡോ.പ്രേംരാജ് കെ കെയുടെ നോവൽ ‘ഷെഹ്നായി മുഴങ്ങുമ്പോൾ’ – ആസ്വാദനക്കുറിപ്പ്

                                            – പങ്കു ജോബി

       ദുരഭിമാനം കഥാവഴിയിൽ നിന്നും മായ്ചുകളഞ്ഞ അനാഹിതയിലും  പ്രശസ്തിയിലേക്കുള്ള എല്ലാ അവസരങ്ങളും തട്ടിതൂവപ്പെടുമ്പോഴും സ്വന്തം ഇഷ്ടത്തിൽ ഉറച്ചു തന്നെ നിൽക്കും എന്ന ചിന്തയുടെ കഥാപാത്ര രൂപമായ തോമസിലും പറഞ്ഞു തുടങ്ങുന്ന നോവൽ; ‘ഷെഹ്നായി മുഴങ്ങുമ്പോൾ’. ആദിലിനും അനാഹിതയ്ക്കും തോമസിനും ഒപ്പം കഥ കേട്ട് കേട്ട് പകുതി ദൂരം പിന്നിട്ടു കഴിയുമ്പോഴാണ് വായനയുടെ വേഗവും കഥയോടുള്ള ഇഷ്ടവും ഇരട്ടിയാക്കുന്ന കഥാപാത്രങ്ങളെ പരിചയപ്പെടുന്നത്.

       ബന്ധങ്ങൾ കൊണ്ട് കെട്ട്പിണഞ്ഞു കിടക്കുന്ന കഥാപാത്രങ്ങൾ, പക്ഷേ, ഓരോ കഥാപാത്രത്തെയും വായനയുടെ മനസ്സിലേക്ക് തെളിമയോടെ വരച്ചു ചേർക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിരിക്കുന്നു.

           ഭാര്യമാർ മൂന്നുള്ളപ്പോഴും തന്റെ മൂന്നാമത്തെ ഭാര്യയ്ക്ക് വന്നുപോയ പിഴവിന്  ഒരു പിഞ്ചു കുഞ്ഞിന് കൂടി വധശിക്ഷ വിധിക്കുന്ന ചിന്ത, സ്ത്രീയ്ക്കും പുരുഷനും സമൂഹം രചിച്ചിരിക്കുന്ന വ്യത്യസ്തമായ നിയമസംഹിതയുടെ പ്രതീകമായി കാണാം.

          മാന്യതയും സ്നേഹവും കൊണ്ട് പൊതിഞ്ഞ് ചതി വിൽക്കുന്ന മനുഷ്യന്റെ പ്രതിരൂപം തനിക്ക് ചുറ്റുമുള്ള ജീവിതങ്ങളെ വിരൽത്തുമ്പിൽ കോരുത്ത നൂൽപ്പാവയെപോലെ ചലിപ്പിക്കുന്ന കാഴ്ചയും നോവലിൽ കാണാം. അയാളുടെ വിരൽത്തുമ്പിലെ നൂൽപൊട്ടിച്ച് സ്വാതന്ത്രരായ കഥാപാത്രങ്ങൾ അവർപോലുമറിയാതെ നിർജീവമായി കിടക്കുന്നതും നമുക്ക് നോവലിൽ കണ്ട് പോകാം.

     ഒരു പാഴ്സികുടുംബത്തിന്റെ കഥ പറയുന്ന നോവലിൽ മരണശേഷം നഗ്നശരീരം നിശബ്ദതയുടെ ഗോപുരത്തിന് മുകളിൽ പ്രകൃതിയ്ക്ക് സമർപ്പിക്കുന്ന സന്ദർഭവും  ആ ശരീരത്തെ ഭക്ഷിക്കാൻ ആർത്തിയോടെ കാത്തിരിക്കുന്ന കഴുകൻമാരും പുതിയ വായനാനുഭവം നൽകുന്നു.

      മാവ കേക്ക്, സോൾ കഡി, കൈരിച പൻഹ, വട പാവും മിസലും തുടങ്ങി വ്യത്യസ്തങ്ങളായ  രുചിക്കൂട്ടുകൾ വളരെ വിശദമായി എഴുത്തുകാരൻ പരിചയപ്പെടുത്തുന്നുണ്ട് പുസ്തകത്തിൽ. വായനയ്ക്കൊടുവിൽ  ചായകൊതിയുള്ള വായനക്കാരുടെ മനസ്സിൽ ഇറാനിയൻ ചായയുടെ രുചി മായാത തങ്ങി നിൽക്കുക തന്നെ ചെയ്യും.

         നോവലിനൊപ്പം; കഥയ്ക്കും      കഥാപാത്രങ്ങൾക്കും ഒപ്പം സഞ്ചരിക്കവേ വായനയുടെ താളത്തിന് ഇടയ്ക്ക് ഒരു ചെറിയ  താളപ്പിഴ അനുഭവപ്പെട്ടുവെങ്കിലും  ഒരു കൂട്ടം മനുഷ്യരുടെ ജീവിതരീതികളും രുചികളും സംസ്കാരവും വളരെ മനോഹരമായി വായനയിലേക്ക് പകർന്നു വച്ചൂ,  നോവലിസ്റ്റ്.

നോവലിന്റെ രചയിതാവിന് ഹൃദയപൂർവ്വം  ആശംസകൾ!

ഇനിയും ഒരുപാട് ഒരുപാട്  കഥകൾ ഉണ്ടാവട്ടെ…

കഥകൾ ഒരുപാട് ഒരുപാട്  വായനയിലേക്കും  എത്തട്ടെ.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*