Maanam Niraye Varnnangal – മാനം നിറയെ വർണ്ണങ്ങൾ 

Maanam Niraye Varnnangal (The sky is full of colors) മാനം നിറയെ വർണ്ണങ്ങൾ – Collection of short stories. Releasing soon. Written by Premraj K K

മാനം നിറയെ വർണ്ണങ്ങൾ  – Review

ആകാശമെന്നത് പ്രകൃതിയെന്ന ചിത്രകാരന്റെ വലിയ കാൻവാസാണ്. അവിടെ വരച്ചുകൂട്ടുന്ന ചിത്രങ്ങൾ അനേകമാണ്. പ്രഭാതത്തിലും സന്ധ്യയിലും മനോഹര വർണ്ണങ്ങൾ  കൊണ്ട് അനല്പസുന്ദരമായ കാഴ്ചകൾ ഒരുക്കപ്പെടുന്നു. മഴ മാറിയ നേരങ്ങളിൽ മാരിവില്ലിന്റെ മനോഹാരിത സൃഷ്ടിക്കുന്നത് ആർക്കാണിപ്പെടാത്തത്! എന്നാൽ മഴക്കാർ മൂടിയ ആകാശത്തിൽ നരച്ച ചിത്രങ്ങളും വരക്കപ്പെടുന്നു.

നമ്മുടെയൊക്കെ ജീവിതമാകുന്ന ക്യാൻവാസിൽ  വരക്കപ്പെടുന്ന ചിത്രങ്ങൾ പലപ്പോഴും വർണ്ണാഭമായിരിക്കും. ചിലരുടെ ജീവിതത്തിൽ അധികവും നരച്ച ചിത്രങ്ങൾ മാത്രമേ ഉള്ളൂ എന്ന് തോന്നും. എങ്കിലും അവിടെയും ചിലപ്പോൾ ഇന്ദ്രധനുസ്സിന്റെ മാസ്മരിക സൗന്ദര്യം ദർശിക്കാം. ആ ആനന്ദത്തിന്റെ അനുഭൂതി നൈമിഷികമാകാം. പ്രേംരാജ് കെ കെ യുടെ കഥാസമാഹാരമായ മാനം നിറയെ വർണ്ണങ്ങൾ എന്ന പുസ്തകം നമ്മോട് പറയുന്നത് ജീവിതത്തിന്റെ വർണ്ണങ്ങളെക്കുറിച്ചാണ്,  അല്ലെങ്കിൽ വർണ്ണമില്ലായ്മയെക്കുറിച്ചാണ്.

ഇതിലെ 13 കഥകളിലും ജീവിതത്തിന്റെ ആകസ്മികത ഉണ്ട്. വ്യത്യസ്തമായ പേരുകൾ ഓരോ കഥയെയും ജൈവികമാക്കുന്നു.  പ്രേംരാജിന്റെ കഥകളുടെ പ്രത്യേകത എന്ന് പറയുന്നത് അവയുടെ ലാളിത്യമാണ്. ബോംബെ, ബാംഗ്ളൂർ തുടങ്ങിയവയാണ് കഥയുടെ പ്രധാന ലൊക്കേഷനുകൾ. മനുഷ്യന്റെ ആത്യന്തികമായ ഭാവം സ്നേഹമാണെന്ന് ഓരോ കഥയും നമ്മോട് പറയുന്നു. കഥയുടെ രചനാ ശൈലി ആരെയും അത്ഭുതപ്പെടുത്തും. കഥയുടെ രസച്ചരട് മുറിഞ്ഞുപോകാത്ത, ആകസ്മികത ഉള്ളിലൊതുക്കിയ, വായനക്കാരന് അടുത്തതെന്ത് എന്ന ആകാംക്ഷ ഉണ്ടാക്കുന്ന രീതിയിൽ കഥകൾ എഴുതാൻ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്.

അവൾ കമല എന്ന കഥയിൽ കാമാത്തിപുരത്തെ  ഒരു പെൺകുട്ടിയുടെ കഥയാണ്. ചുവന്ന കുപ്പിവളകൾ വാങ്ങാൻ വരുന്ന കമല എന്ന കുട്ടിയെ സ്നേഹിക്കുന്ന ഗോപാലും ചുവപ്പ് എന്ന രക്ത വർണ്ണത്തിൽ അവസാനിക്കുന്ന കഥയും സ്നേഹ തീവ്രതയല്ലേ സൂചിപ്പിക്കുന്നത്! ഇതിലെ ആദ്യ കഥയായ “മനെ ബേക്കാ ..മനെ” എന്ന കഥയിൽ അപാർട്മെന്റ് വിൽക്കാൻ നിയോഗിക്കപ്പെടുന്ന ഒരു സെയിൽസ്മാന്റെ ജീവിതമാണ് പറയുന്നത്. മറ്റുള്ളവർക്ക് കാണാൻ സുന്ദരമാണെങ്കിലും ജോലിസ്ഥലത്തെ കടുത്ത മാനസിക സമ്മർദ്ദം ഓരോരാളുടെ ജീവിതവും എത്രമേൽ ദുരിതമാക്കപ്പെടുന്നു എന്ന് വരച്ചു കാണിക്കുന്നു. കല്യാൺ നഗറിലെ പല്ലി എന്ന കഥയിൽ കാണുന്ന വർക്ക് ഹോളിക് ആയ മോഹൻ എന്ന കഥാപാത്രം നമ്മുടെ ഒക്കെ ഉള്ളിലുള്ള ഒരാളാണ്. ജീവിതത്തിന്റെ മനോഹരമായ വർണ്ണങ്ങൾ ആസ്വദിക്കാൻ കഴിയാതെ എപ്പോഴും ഫയലിന്റെ കൂടെ ജീവിതം തള്ളി നീക്കുന്ന ഒരാൾ. അവസാനം അക്കാര്യം തിരിച്ചറിയുമ്പോഴേക്കും ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ നാം എത്തിയിട്ടുണ്ടാവും.

റിസപ്‌ഷന്  വിളിച്ചാൽ പോവുക എന്നത് നമ്മുടെ സാമാന്യ മര്യാദയാണ്. പോയപ്പോൾ ഉണ്ടായ ഒരു അബദ്ധമാണ് രസകരമായ രീതിയിൽ “ബീകര ഊട്ട” എന്ന കഥയിലൂടെ ചുരുൾ നിവരുന്നത്. കഥാപാത്രങ്ങളുടെ വളരെ ചെറിയ പ്രത്യേകതകൾപോലും ശ്രദ്ധിക്കുന്ന രീതിയിലുള്ള ആഖ്യാനരീതി ഈ കഥയിലും കാണാം.

യഥാർത്ഥത്തിൽ നമ്മെ ഓരോരുത്തരെയും ആരാണ് സ്നേഹിക്കുന്നത് എന്നത് നമ്മിൽ പലരും അറിയുന്നില്ല. അത്തരമൊരു അന്വേഷണമാണ് ഈ കഥാസമാഹാരത്തിന്റെ പേരിലുള്ള കഥയായ “മാനം നിറയെ വർണ്ണങ്ങൾ” എന്നതിലൂടെ കഥാകൃത്ത്‌ വരച്ചിടുന്നത്. പ്രകാശ് എന്ന ചെറുപ്പക്കാരന് അപ്രതീക്ഷിതമായി ഒരു പട്ടത്തിന്റെ വാൽ ഭാഗം കിട്ടുന്നു. കുട്ടികൾ ആകാശത്ത് പരത്തിയ മനോഹരമായ വർണങ്ങളുള്ള അനേകം പട്ടങ്ങളിൽ ഒന്നിന്റെ വാൽ ഭാഗമാണ് ഇതെന്ന് പ്രകാശ് വിചാരിച്ചത്. എന്നാൽ അത് തനിക്കാണെന്ന സൂചന ലഭിച്ചതോടെ പ്രകാശ് അത് ആരാണെന്ന് തന്നതെന്ന അന്വേഷണം ആരംഭിക്കുന്നു. ഏതോ ഒരു അനിതയാണെന്ന് മനസ്സിലാക്കിയ അയാൾ തനിക്ക് പരിചയമുള്ള അനിതമാരെ കാണാൻ തുടങ്ങുന്നു. കഥയുടെ സസ്പെൻസ് നഷ്ടപ്പെടുത്താതെ കൊണ്ടുപോകാൻ കഴിയുന്നു എന്നതാണ് ഈ കഥയുടെ പ്രത്യേകത.  ഇതിലെ അനിതമാർ നമുക്കിടയിലുള്ള പെൺകുട്ടികൾ തന്നെയാണ്. ഒരു കൈ സഹായം കിട്ടിയാൽ വെളിച്ചത്തേക്ക് വരാൻ  വെമ്പുന്ന അനിതമാർ. നമുക്ക് തൊട്ടടുത്തുള്ള ചിലരെ നമ്മൾ കാണാതെ പോകുന്നു. എന്നാൽ അവർ നമുക്ക് ഇടയിലേക്ക് വരാൻ ശ്രമിക്കുന്നു, അത്തരം അനിതമാരെ കണ്ടെത്തുക എന്നും കൂട്ടിവായിക്കാം.  പ്രകാശ് താമസിക്കുന്ന ഒറ്റമുറി വീട്. എനിക്ക് ഞാൻ മാത്രം, എനിക്ക് ആരും വേണ്ട എന്ന ചിന്തയെ തൊട്ടടുത്തിരിക്കുന്ന അനിത മാറ്റിമറിക്കുന്നതും കാണാം. എന്നാൽ , കുട്ടിത്തത്തിന്റെ വർണകാഴ്ചകൾ പട്ടങ്ങളോട് ഉപമിക്കാൻ കഥാകൃത്ത്‌ ശ്രമിച്ചതായും കരുതാം.

മ്യാന്മാറിലെ മനോഹരമായ പ്രകൃതിയും അതിന് മുതൽകൂട്ടാകുന്ന,  പൂക്കളുടെ ഇതിവൃത്തത്തിൽ പറഞ്ഞുപോകുന്ന മറ്റൊരു കഥയാണ് “ഡാച്ചെൻ പറഞ്ഞത്”. ദായിനിങ്ഗോൺ  റയിൽവേ സ്റ്റേഷൻ അതിസുന്ദരമായ ഒരു സ്ഥലമാണ്. അവിടെ പൂക്കൾ വിൽക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടിയാണ് ചെസ്സാ.. അവളെ വിവാഹം കഴിക്കാൻ പോകുന്ന ചെറുപ്പക്കാരൻ – ചെസ്സായെ കാണാതാവുന്ന നഷ്ടപെടലിന്റെ വ്യഥ – അത് നായകനിൽ ഉണ്ടാക്കുന്ന ദുരന്തം – എന്നിവ വളരെ വൈകാരികതയുടെ ഇതിൽ വിവരിച്ചുപോകുന്നുണ്ട്.  ഇതിൽ അവൻ അവൾ തന്നെയാകുന്നു, അല്ലെങ്കിൽ അവൾ തന്നെയാണ് അവൻ. ഒരുതരം നിരുപാധിക പ്രണയം.ഇതിൽ കാണാം. 

ഇതിലെ മറ്റു കഥകളായ ശബ്ദത്തിന്റെ മണം, മൗനമേ നിറയും മൗനമേ, നേരറിയും നേരം, ചക്രവാളത്തിലേക്കുള്ള ദൂരം, കാൻകൂണിൽനിന്നും , ഒരോർമ്മയുടെ വസന്തം എന്നിവയും വ്യത്യസ്തമായ കഥകൾ കൊണ്ട് വേറിട്ടു നിൽക്കുന്നു. ചില കഥകൾക്ക് നമ്മുടെ ജീവിത സാഹചര്യങ്ങളുമായി പരിചിതമുണ്ടെന്ന് തോന്നുമെങ്കിലും തന്റേതായ ശൈലിയിലൂടെ കഥകൾ അവതരിപ്പിക്കാൻ പ്രേംരാജിന് കഴിഞ്ഞിട്ടുണ്ട്.

വളരെ ചെറിയ കാലയളവിൽ തന്നെ മികച്ച രണ്ട് കഥാസമാഹാരങ്ങൾ പുറത്തിറക്കാൻ കഴിയുക എന്നത് വളരെ അത്ഭുതകരമായ കാര്യമാണ്. മലയാള ചെറുകഥാരംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്താൻ  പ്രേംരാജിന് സാധിക്കും. ജീവിതത്തിന്റെ വർണ്ണങ്ങളെയും വർണ്ണമില്ലായ്മയെയെയും കഥകളിലൂടെ, കഥാപാത്ര രചനയിലൂടെ വെളിച്ചത്തു കൊണ്ടുവരിക വഴി ഒരു സാർവ്വ ലൗകികമാനം കഥകൾക്ക് കൊണ്ടുവരാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട് എന്നത് പ്രധാന സംഗതിയാണ്. എഴുതിക്കൊണ്ടേയിരിക്കുക എന്നാണ് നമ്മൾക്ക് ഈ കഥാകൃത്തിനോട് പറയാനുള്ള ഒരു പ്രധാനകാര്യം. തന്റെ രചനയിൽ ഇനിയും പുതുമകൾ കണ്ടെത്താൻ ഇദ്ദേഹത്തിന്‌ കഴിയട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.

കെ. ജയചന്ദ്രൻ

പ്രധാനാധ്യാപകൻ

News on Manorama online: https://www.manoramaonline.com/literature/bookcategories/stories/2022/10/29/book-maanam-niraye-varnangal.html

To order : Flipkart : https://www.flipkart.com/maanam-niraye-varnangal/p/itmb0db40f67ec08?pid=RBKGGQPY69SZG7GH

On Amazone : https://www.amazon.in/dp/9356276889?ref=myi_title_dp

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*