ഷെഹനായി മുഴങ്ങുമ്പോൾ…..
ഡോക്ടർ പ്രേംരാജ് കെ. കെ. യുടെ ‘ഷെഹനായി മുഴങ്ങുമ്പോൾ’ എന്ന നോവൽ ആദ്യന്തം അതീവ ഹൃദ്യവും രസകരവുമായി അനുഭവപ്പെട്ടു. ഭാരതത്തിന്റെ ആധുനിക നഗരമായ മുബൈയിൽ പുരാതനകാലത്തു ജീവിച്ചിരുന്ന പാഴ്സി കുടുംബത്തിന്റെ ജീവിതം നോവലിസ്റ്റ് അത്യാകർഷകമായി വരച്ചുകാട്ടുന്നു. ഉന്നത ശ്രേണിയിൽ വിരാജിക്കുന്ന ഒരു പാഴ്സി കുടുംബത്തിൽ പിറന്ന അനാഹിത എന്ന പെൺകുട്ടിയും ഇന്ത്യയുടെ ദക്ഷിണാഗ്രത്തിലെ കൊച്ചുസംസ്ഥാനമായ കേരളത്തിലെ കോട്ടയംകാരനായ സംഗീതജ്ഞൻ തോമസും തമ്മിലുള്ള പ്രണയം പൂവണിയാതെ പോകുന്നത് നോവലിന് ഒരു ചടുലഭാവം നൽകുന്നു. പാഴ്‌സി ആചാരങ്ങൾക്കു വിരുദ്ധമായി തോമസിനെക്കൊണ്ട് അനാഹിതയെ വിവാഹം കഴിപ്പിക്കുവാൻ സാദ്ധ്യമല്ല എന്നു ഫാജിസ് ഭീഷണി മുഴക്കി. തന്റെ പ്രിയതമനിൽ നിന്നും കുടിലമാർഗ്ഗ ത്തിലൂടെ അവളുടെ ബന്ധുവായ ഫാജിസ് അവളെ ഇറാനിൽ എത്തിക്കുന്നത് തോമസിനു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഫാജിസ് എന്ന സംഗീതജ്ഞന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നത് തോമസ് നിശബ്ദനായി നോക്കിക്കാണുന്നു .
ഫാജിസിന്റെ കുടിലത കമ്രാന്റെ കുതിരപ്പുറത്തു നിന്നുള്ള ദുരൂഹ വീഴ്ചയിലും ഒളിഞ്ഞു കിടപ്പുണ്ട്. തന്റെ പ്രാണപ്രേയസിയെ ആത്മാർത്ഥമായി സ്നേഹിച്ച തോമസിന് അവളുടെ വേർപാട് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. മാനസികമായി തളർന്ന തോമസ് ഒരു മനോരോഗ ചികിത്സാലയത്തിൽ എത്തിപ്പെടുന്നു. ഈ നോവലിന്റെ ഗതിവിഗതികൾ പലപ്പോഴും അനുവാചകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നു. വെറുപ്പും, ചതിയും വഞ്ചനയും, സ്നേഹവും, പ്രേമവും എല്ലാം നോവലിസ്റ്റ് യഥോചിതം തന്റെ കഥാപാത്രങ്ങളിലൂടെ ആവിഷ്കരിക്കുന്നുണ്ട്. അനുവാചകരെ പിടിച്ചിരുത്തുവാൻ പര്യാപ്തമായതും ചിന്തോദ്ദീപകവുമായ ഈ നോവൽ വായനക്കാരുടെ മനസ്സിനെ മഥിക്കും എന്നുള്ളതിന് രണ്ടു പക്ഷമില്ല. അഡോർ പബ്ലിഷിങ് ഹൗസിൽ അച്ചടിയും മിനുക്കു പണികളും പൂർത്തിയാക്കി പ്രകാശനം ചെയ്യപ്പെട്ട 191 പേജുകളുള്ള ഈ നോവൽ വായനക്കാർ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നത് നിസ്തർക്കമാണ്.
ഡോക്ടർ സുരേഷ് കുമാർ എം.ബി.
Leave a Reply