Suloshowa Diary – Book Review by Jayachandran K

പ്രേംരാജ് കെ കെ യുടെ ചെറുകഥ സമാഹാരം സുലോഷോവ ഡയറി എന്ന ചെറുകഥ സമാഹാരത്തെക്കുറിച്ച് ഒരു ചിന്ത.

കഥാകാരൻ ആമുഖത്തിൽ പറഞ്ഞതുപോലെ കഥകൾ കാലത്തിനും ദേശത്തിനും അതീതമായി സഞ്ചരിക്കുന്നു. അതുതന്നെയാണ് എനിക്കും ആദ്യമായി പറയാനുള്ളത്. ഇതിലെ കഥകൾ അതുതന്നെയാണ് വായനക്കാർക്ക് കാണിച്ചുതരുന്നത്.  പല ദേശങ്ങളിലൂടെ  വായനക്കാരെ കൂട്ടികൊണ്ടു ചെല്ലുവാൻ ഇതിലെ കഥകൾക്ക് കഴിഞ്ഞിരിക്കുന്നു. മലയാളികൾക്ക് അത്രയൊന്നും പരിചയമില്ലാത്ത പോളണ്ടിലെ സുലോഷോവ എന്ന ഗ്രാമവും അലാസ്കയിലെ വിറ്റിയ  എന്ന രസകരമായ ഇടവും അവിടുത്തെ ആൾത്താമസമുള്ള ബിഗിച്ച് ടവേഴ്സ് എന്ന കെട്ടിടവും ജാഫ്ന പട്ടണവും താണ്ടി ചെന്നൈയിൽ  ചില ജീവിതങ്ങൾ കണ്ട് കർണാടകത്തിലൂടെ സഞ്ചരിച്ച് കേരളത്തിൽ എത്തുമ്പോൾ മുന്നേ പറഞ്ഞത് എത്ര ശരിയാണെന്ന് അതിശയിച്ചുപോകും. പതിനഞ്ച് കഥകൾ ഉൾക്കൊള്ളുന്ന ഈ സമാഹാരത്തെക്കുറിച്ച് ഏതാനും വാക്കുകൾ ഞാൻ പറയാം.

ഇതിലെ ആദ്യകഥ, സുലോഷോവ ഡയറി , പോളണ്ടിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന സംഭവമാണ്. അഞ്ചു തലമുറ മുമ്പ് നടന്ന ഒരു ചരിത്ര സംഭവവുമായി കോർത്തിണക്കിയാണ് ഈ കഥ പറയുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ കരാള ഹസ്തത്തിൽനിന്നും രക്ഷപ്പെട്ട ഒരാൾ എത്തിപ്പെടുന്നത് ഈ ഗ്രാമത്തിലാണ്. ആ മനുഷ്യനെ തേടി അഞ്ചാം തലമുറയിലെ ഒരു പെൺകുട്ടി എത്തപ്പെടുന്നത് യാദൃച്ഛികമാണോ അതോ ഏതോ വിഭ്രാന്തിയിൽ പെട്ട് ഉഴലുകയാണോ അവൾ? വായനക്കാരുടെ ചിന്തകൾക്ക് ആളിപ്പടരാനുള്ള ഒരു തീപ്പൊരി വിതറിയിട്ട് കഥാകാരൻ വായനക്കാരെ വീക്ഷിക്കുന്നു.

കാസർഗോഡിന്റെ മണ്ണിൽ താളംകൊട്ടുന്ന തെയ്യക്കോലങ്ങളുടെ ഓർമ്മകളിലൂടെ കഥാകാരൻ വായനക്കാരെ തെയ്യം കാണാൻ കൂട്ടിക്കൊണ്ടുപോകുന്ന കഥയാണ് “ആരെ കൊത്തിയാലും ചോരല്ലേ ” . അവിടെയുള്ള ഒരു തെയ്യം കലയായ “പൊട്ടൻ തെയ്യം ” ഒരു കുഞ്ഞു മനസ്സിനെ എങ്ങിനെയാണ് സ്വാധീനിച്ചിരുക്കുന്നത് എന്ന് നാം മനസ്സിലാക്കുമ്പോൾ തെയ്യം കാണാൻ വായനക്കാർക്കും കൊതിതോന്നും.

ജാഫ്നയിൽ നിന്നും പ്രണയമെന്ന വികാരം തലയിലേന്തി മലബാറിലെ ഒരു ഗ്രാമത്തിലേക്ക് വരുമ്പോൾ എന്തൊക്കെ പ്രതീക്ഷകളായിരിക്കും അവൾക്ക് ഉണ്ടായിരിന്നിരുക്കുക. എന്നാൽ കഥാകാരൻ അക്കാര്യം പരോക്ഷമായി നമ്മുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ അവളെ കൂട്ടിക്കൊണ്ടുവന്നു ഒരാളുടെ മനസ്സ് നേരിട്ട് തുറക്കുകയാണിവിടെ. ശ്രീലങ്കൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷനിൽ ജോലി ചെയ്യുന്ന അയാൾ എങ്ങനെയാണ് അതൊക്കെ വിട്ടെറിഞ്ഞ് സ്വന്തം ഗ്രാമത്തിൽ താമസമാക്കി എന്ന് നാം “കലുങ്ക് ” എന്ന കഥയിലൂടെ വായിച്ചറിയണം.

നമ്മളൊട്ടുംതന്നെ ഗൗനിക്കാതെ ഓലചാത്തൻ – ഓട്ടൊറുമ രണ്ടുകുട്ടികളിലൂടെ നമ്മുടെ വില്ലനായി വരുമ്പോൾ അവരുടെ സൗഹൃദം ഉലയാതെ നിലനിർത്തുവാൻ ആ ഓട്ടെലിക്ക്  കഴിയുന്നു. അങ്ങനെ ഓലച്ചാത്തനും ഒരു കഥാപാത്രമാവുകയാണ് “ഓലചാത്തൻ” എന്ന കഥയിലൂടെ.  സന്തോഷ പര്യവസായി ആയ ഈ കഥ നമ്മളിൽ കുളിർമ്മയുണ്ടാക്കും.

അമേരിക്കയുടെ വടക്കുമാറി അലാസ്കയിൽ നിന്നും കുറച്ചു ദൂരെ അംഗറേജ് എന്ന സ്ഥാലത്തിനടുത്തായി വിറ്റിയ എന്ന ഗ്രാമവും അവിടെ ആളുകൾ താമസിക്കുന്ന ഒരേയൊരു കെട്ടിടവും വായനക്കാർക്ക് പരിചയപ്പെടുത്തുന്നത് വഴി പൊലിഞ്ഞുപോയ ഒരു പ്രണയബന്ധത്തെക്കുറിച്ച് നമ്മളോട് പറയുന്ന കഥയാണ് ബിഗിച്ച് ടവേഴ്സ് എന്ന കഥ. രസകരമായി അവതരിപ്പിക്കുന്ന ഈ കഥയിലൂടെ  വായനക്കാർ  കടന്നുപോകുമ്പോൾ  ശ്രദ്ധിക്കുക , രണ്ട് അവസരങ്ങളിലാണ് (കാലം ) ഇതിലെ സംഭവം നടക്കുന്നത് എന്നതാണ്.

മോചനദ്രവ്യം എന്ന കഥയിൽ നമ്മൾ വായിച്ചെടുക്കുന്നത് , വിവാഹമോചനം തേടുന്ന സ്ത്രീകൾ ചിലപ്പോൾ ഈ പറഞ്ഞ മോചനദ്രവ്യം മാത്രം പ്രതീക്ഷിച്ചുകൊണ്ടല്ല. മനഃസമാധാനം എന്നൊന്ന് പണംകൊടുത്ത് നേടാനാവില്ല എന്നും ഓരോ സ്ത്രീക്കും അവരുടേതായ സ്വാതന്ത്ര്യവും ഇഷ്ടങ്ങളും ഉണ്ടെന്നതാണ്.

ഒരാളുടെ പ്രയത്നം മറ്റൊരാൾ തട്ടിയെടുത്താൽ എന്താവും അവസ്ഥ! അത് ഒരു കുട്ടിയുടേതാകുമ്പോൾ  അവന്റെ മനസ്സ് എത്രമാത്രം വേദനിച്ചുകാണും. നമ്മൾ ഓരോരുത്തരും കുട്ടികളായിരുന്നു, അന്ന് അനുഭവപ്പെട്ട ഒരു സംഭവം തന്മയത്വമായി അവതരിപ്പിക്കുകയാണ് “ലോഗ്ബുക് ” എന്ന കഥയിലൂടെ. കൂടാതെ കുട്ടികളുടെ മനസ്സ് വിഷമിപ്പിക്കുന്ന ഒരു ചെറിയ അഴിമതിയും ഇതിലൂടെ തുറന്ന് കാട്ടുന്നു. അഴിമതി ചെറുതോ വലുതോ എന്നതല്ല കാര്യം, അത് തെറ്റ് തന്നെയാണ്. എന്നിരുന്നാലും ആ ഒരു മോഷണം മറന്ന് അവർ സൗഹൃദം സൂക്ഷിക്കുന്നു എന്നതാണ് ഇതിലൂടെ നമുക്ക് മനസ്സിലാക്കിയെടുക്കാൻ സാധിക്കുക.

രസകരമായ ഒരു അനുഭവത്തിലൂടെ നമ്മളെ കൂട്ടികൊണ്ടുപോവുകയാണ് “വരട്ട് ചൊറി ” എന്ന കഥയിലൂടെ. ഇതിലെ “വരട്ട് ചൊറി” എന്ന വില്ലനെ അങ്ങിനെതന്നെ കാണാതെ മനുഷ്യരിലെ അസുഖകരമായ ചില സ്വഭാവവിശേഷണമായി അതിനെ കാണുക. അപ്പോൾ നമ്മളിലെ ചില വൃത്തികെട്ട സ്വഭാവ സവിശേഷതകൾ വലിച്ചെറിയാൻ നമുക്ക് തോന്നും.

ഇന്നും നാടകം കാണുക  എന്നത് ഒരു ലഹരിതനെയാണ്. ഒരു നാടകപ്പറമ്പിൽ നടക്കുന്ന സംഭവം രസകരമായി അവതരിപ്പിക്കുമ്പോൾ നമ്മളോർക്കുക, ആസ്വാദനം ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. കൂടാതെ നമ്മുടെ കണ്ണിൽ ചിലർക്ക് ചില കുറവുകൾ ഉണ്ടായെന്നിരിക്കാം അതേസമയം അവർക്ക് മറ്റുപല കഴിവുകളും ഉണ്ടാകാമെന്നും അവരെ അതിന് അഭിനന്ദിക്കുകയും വേണമെന്ന് നമ്മളെ ഓർമ്മപ്പെടുത്തന്ന കഥയാണ് “വെളിച്ചം ഇല്ലാതാകുമ്പോൾ ” എന്നകഥയിലൂടെ നാം മനസ്സിലാക്കേണ്ടത്.

ഫ്രാൻസിൽ നിന്നും വിശാലമനസ്കനായ ഒരു കലാകാരൻ ഒരു കുട്ടിയെ വളർത്താനായി കൊണ്ടുപോകുമ്പോൾ അവളുടെ എല്ലാ സ്വപ്നങ്ങളും പൂവണിയുന്നതിയനായി ഒരാളുടെ പ്രയത്നവും സമർപ്പണവും നാം അറിയേണ്ടതുണ്ട്. വരയായ് വർണ്ണമായ് എന്ന കഥയിലൂടെ കഥാകാരൻ മുംബൈ തെരുവിലൂടെ അലഞ്ഞുനടന്ന കൊച്ചു കലാകാരിയുടെ ജീവിതം വരച്ചുകാണിക്കുന്നു. ഒരു വലിയ ക്യാൻവാസ് ചിത്രം വരച്ചുകാട്ടുന്ന ഈ കഥയിലൂടെ കഥാകാരൻ നമുക്ക് പ്രിയപ്പെട്ടവനാകുന്നു.

നാലുവർണ്ണങ്ങൾ എന്ന കഥ വായിക്കുമ്പോൾ നമ്മുടെ കണ്ണിൽ സങ്കടത്തിൽ കണ്ണുനീർ പൊടിയുകയും അതേസമയം സന്തോഷത്താൽ ഹ്ര്യദയം തുടിക്കുകയും ചെയ്യും. ഒരു പെൺകുട്ടി സ്വന്തം പ്രയത്നത്താൽ ജീവിതവിജയം കണ്ടതുപോലെ നമ്മളിൽ ആർക്കാണ് സന്തോഷിക്കാതിരിക്കാൻ ആവുക?  നാല് വർണ്ണങ്ങളിലുള്ള പൂക്കൾ വിതറി അവൾക്ക്  ആശംസകൾ നേരാതിരിക്കനാവില്ല.

കർണ്ണാടകത്തിലെ പൂക്കൾ വിരിയിക്കുന്ന ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് കേൾക്കാനാകും , ചില സ്ത്രീ ജന്മങ്ങൾ ചതിക്കപ്പെട്ട് ജീവിതം അവസാനിപ്പിച്ച കഥകൾ . പൂക്കളുടെ ഭംഗിപോലെയല്ല ചിലരുടെ ജീവിതങ്ങൾ , അത്ര സുഖകകരവും അല്ല ജീവിതങ്ങൾ. മനസ്സിന്റെ തീച്ചൂളയിലേക്ക് നടന്നുകയറുന്ന പെൺകുട്ടിയെ നമുക്ക് പാട്ടവിളക്ക് എന്ന കഥയിൽ  കാണാം.

കൂട്ടിയിട്ട കരിയിലകളിൽ ചില കിളികൾ ഒളിച്ചിരിപ്പുണ്ടാകും, നമുക്ക് അറിയുകയേ ഇല്ല. എന്നാൽ എന്തെങ്കിലും അനക്കമുണ്ടായാൽ  അവറ്റകൾ കൂട്ടത്തോടെ പറന്നുപൊങ്ങും. അത്തരം മനുഷ്യർ നമുക്കുചുറ്റും ഉണ്ടാകാം. അവരെ തിരിച്ചറിയാതെ , അല്ലെങ്കിൽ അവർ അവിടെ ഉണ്ടെന്നറിയാത്ത നമ്മൾ കടന്നു ചെല്ലുകയും അവർ പേടിപ്പെടുത്തി പറന്നുപോവുകയും ചെയ്യുന്നു. അത്തരം ചിലരുടെ കഥകൾ കരിയിലക്കിളികൾ എന്ന കഥയിലൂടെ നമുക്കറിയാം.

ഗൃഹാതുരത്വം എന്നത് ആർക്കും പിടിപെടാം. ചിലപ്പോൾ പ്രായമേറെ ചെല്ലുമ്പോൾ അതുകൂടിക്കൂടിവന്നെന്നും വരാം. ഒരമ്മ നാടിനെ സ്വപ്നം  കണ്ട് കഴിയുമ്പോൾ കൂടെയുള്ളവർ അത് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന ആ അമ്മയുടെ ആഗ്രഹസാഫല്യം വിവരണങ്ങൾക്ക് അതീതമാകുന്നു. അന്യ നാടുകളിൽ ജീവിക്കുന്ന ഒരു അമ്മയെ നമുക്ക് ഞൊട്ടാനൊടിയൻ എന്ന കഥയിൽ വായിച്ചെടുക്കാം.

ഓരോരുത്തർക്കും ജീവിക്കാനുള്ള സ്വന്തന്ത്ര്യം പോലെത്തന്നെ മരിക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്ന് പറയുന്ന കഥയാണ് ലിവിങ് വിൽ. മേഴ്സി കില്ലിംഗ് – ദയാവധം എന്ന് നാം കേട്ടിരിക്കും. മരിക്കാൻ കിടക്കുന്ന ഒരാളെ മരണത്തിന് വിട്ടുകൊടുക്കണമെന്ന് ബന്ധുക്കൾ അപേക്ഷിക്കുന്നതാണ് അത്. എന്നാൽ ജീവിച്ചിരിക്കുമ്പോൾത്തന്നെ തനിക്ക് മരിക്കാനുള്ള അനുവാദം ചോദിക്കുന്ന അപേക്ഷയുണ്ട്. അതിന് വേണ്ടി മനസിനെ സന്നദ്ധമാക്കണമെങ്കിൽ ഒരാളുടെ മാനസികാവസ്ഥ നമുക്ക് മനസ്സിലാകുമോ എന്തോ. എനിക്കറിഞ്ഞുകൂടാ. നിങ്ങൾ ഓരോരുത്തരും ആലോചിക്കുക.

ഈ കഥകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന വസ്തുത, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കൂടുതലായി വരച്ചുകാട്ടുന്നു എന്നുള്ളതാണ്.  അവർ അനുഭവിക്കുന്ന കഷ്ടതകളും  അവഗണനയും വായനക്കാരുടെ മനസ്സിൽ കാരിരുമ്പ് പോലെ തറച്ചുകേറുന്ന അനുഭവം ഉണ്ടാകുന്നു. പ്രേംരാജ് കെ കെ യുടെ മുൻ സമാഹാരങ്ങളിലും സ്ത്രീ കഥാപാത്രങ്ങൾ വളരെ പ്രാധാന്യം ഉള്ളവയാണ്. എന്നാൽ  സുലോഷോവ ഡയറി എന്ന ഈ  സമാഹാരത്തിൽ കൂടുതൽ കഥകളും സ്ത്രീ സമൂഹത്തിന്റെ നേർക്കാഴ്ചകളാണ്.  അതുകൊണ്ട് സ്ത്രീ സമൂഹം വായിക്കേണ്ടുന്ന ഒരു സമാഹാരമാണ് സുലോഷോവ ഡയറി. അവരെ സ്നേഹിക്കുന്ന, അവർക്ക് പരിഗണന നൽകുന്ന പുരുഷ സമൂഹം മനസ്സിലാക്കേണ്ടുന്ന  ചില സത്യങ്ങൾ ഈ സമാഹാരത്തിലൂടെ അടുത്തറിയാം.  പലയിടത്തും വരികൾക്കിടയിലൂടെ നാം കടന്നുപോകുമ്പോൾ വായനക്കാർ അതിശയിക്കുന്ന തരത്തിലുള്ള സ്ത്രീ വികാരങ്ങൾ നമുക്കതിൽ കാണാം. അതുകൊണ്ട് തന്നെയാണ്  പറയുന്നത് ഈ സമാഹാരം അംഗീകരിക്കപ്പെടേണ്ടതും വായിക്കപ്പെടേണ്ടതുമാണ്. ഈ കഥാസമാഹാരം തികച്ചും വ്യത്യസ്തമാണ് , അവതരണത്തിലും കഥകളിലും എന്ന് പറയാതെ തരമില്ല. ഡോ. പ്രേംരാജ് കെ കെ എന്ന കഥാകാരന് എല്ലാവിധ ആശംസകളും നേരുന്നു.

സ്നേഹപൂർവ്വം

ജയചന്ദ്രൻ കെ

കരിവെള്ളൂർ

ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് സുജിലീ പബ്ലിക്കേഷൻസ്, കൊല്ലം. വില 220 രൂപ. പേജുകൾ 142. കവർ ഡിസൈൻ : കഥാകൃത്ത്

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*