കവിത
അവരെല്ലാം എല്ലാം അറിഞ്ഞവർ
കനകം നെടുവത്തൂർ.
കട്ടുറുമ്പും കൂർത്ത മണൽക്കുഞ്ഞുങ്ങളും
നിറംമങ്ങി പച്ചപ്പുമാറി മെഴുമെഴുപ്പ് ദ്രവിച്ചു
പൊടിഞ്ഞ കരിമ്പൂതം പോലുള്ള ഇലക്കൂട്ടവും.
അവൾഅവിടെ ഒരു പൊന്നോമനയെ
പെറ്റിട്ടു.
കടിച്ചു മുറിച്ച്,വലിച്ചു പൊട്ടിച്ച
പുക്കിൾക്കൊടിയുടെ നീണ്ട അറ്റത്തുനിന്നും
രക്തം ചുവന്ന പതാക പോലെ അവനെ
മൂടിപ്പുതപ്പിച്ചു…
തൊള്ള കീറി ആദ്യശ്വാസം എടുക്കുമ്പോഴേക്കും
പെറ്റിട്ട സ്ത്രീ പരിഷ്കാര കൂട്ടത്തില്
മുങ്ങിത്താണു…
അതിനുമുമ്പ്,
കൈതക്കാട്ടിലെ ചെറിയ
നീരരുവിയിൽ ചെഞ്ചായം കഴുകി
തുവർത്തി അവൾ സംസ്കാരക്കൊടി
ഉയർത്തിപ്പിടിച്ചു.
ഉറുമ്പിനും മണലിനും കരിയിലക്കും
കണ്ടവർക്കും പെറ്റവൾക്കും വേദനിച്ചില്ല…
അവൻ കണ്ണുമിഴിച്ചു… തനിക്ക് ചുറ്റും തന്നെ
പോലെ വന്നവർ വളർന്നവർ!!!
അവരുടെ
ഉയർത്തിപ്പിടിച്ച
കൈകളിൽ വടിയും
വടിവാളും
വാക്കത്തിയും
ഉണ്ടായിരുന്നു.
വിശന്ന് തൊള്ളകീറുന്ന
തന്നെവക വരുത്താൻ…
പിന്നെ അവൻ ഒന്നും
അറിഞ്ഞില്ല…
വന്നവർക്ക് എല്ലാം അറിയാമായിരുന്നു…
അവരെല്ലാം അറിഞ്ഞവർ.
Leave a Reply