
എഴുത്തിന്റെ വഴിയിൽ ഒരു ഒറ്റയാൻ : പ്രേംരാജ് കെ കെ
എഴുത്തിന്റെ വഴികളിലൂടെ മുന്നോട്ട് പോകുമ്പോൾ തടസ്സങ്ങൾ പലതും ഉണ്ടാകാം. എന്നാൽ പ്രേംരാജ് കെ കെ യെ സംബന്ധിച്ചിടത്തോളം അത്തരം തടസ്സങ്ങളെ കാണാത്തതുപോലെ ഒഴിഞ്ഞുമാറി തന്റെ ലക്ഷ്യം പൂർത്തിയാക്കാനുള്ള യാത്രയിലാണ് ഈ എഴുത്തുകാരൻ. സർഗ്ഗസൃഷ്ടിഎന്നത് സ്വഭാവികമായും കഥാകാരനിൽ ജനിക്കേണ്ടതാണ്. അങ്ങനെ ഭാവനയുടെ ചിറകിൽ പറക്കുന്ന ഈ കഥാകൃത്ത് സൃഷ്ടിച്ചത് പത്തോളം കൃതികളാണ്. എല്ലാം വേറിട്ടുനിൽകുന്നതും ഒന്നിനോടൊന്ന് സാമ്യം കണ്ടെത്താനാവാത്തതുമായവ. ചുറ്റുമുള്ള ജീവിതങ്ങളിലൂടെ കണ്ണും കാതും കൂർപ്പിച്ച് സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന അനുഭവമുത്തുകൾ കഥകളായി പ്രേംരാജ് വാർത്തെടുക്കുമ്പോൾ അതിൽ ജീവൻ തുടിക്കുന്നു എന്നതാണ് വായനയിലൂടെ നമുക്ക് മനസ്സിലാകുന്നത്. പല കഥകളും വരികൾക്കിടയിലൂടെ വായിക്കേണ്ടുന്ന അവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ വായനക്കാർ അത്തരം കഥകൾക്ക് വിവിധ അർത്ഥതലങ്ങൾ കണ്ടെത്തുന്നു.
കഥയുടെ വാതായനങ്ങൾ തുറന്നിടുമ്പോൾ പ്രേംരാജ് കെ കെ തികച്ചും നിശ്ശബ്ദനായിരിക്കും, എന്നാൽ ഓരോ നിമിഷങ്ങളിൽ നിന്നും ചില പാഠങ്ങൾ പഠിക്കുകയാണോ എന്ന് ഓരോരുത്തരും സംശയിക്കും.എന്നാൽ അത്തരം നിമിഷങ്ങൾ ഓർമ്മയുടെ ചില്ലുകൂട്ടിൽ സൂക്ഷിച്ച് പിന്നീട് അതൊരു കഥയുടെ ഭാഗമാകുമ്പോൾ നമ്മൾ അറിയാതെ പാഞ്ഞുപോകും “ദേജ വൂ” . (മലയാളം)
എഴുത്താണ് തന്റെ ലോകം എന്ന് വളരെ വൈകി മനസിലാക്കിയ ഒരു എഴുത്തുകാരനാണ് പ്രേംരാജ് കെ കെ . സ്വകാര്യ സ്ഥാപനങ്ങളിൽ വൈസ് പ്രസിഡന്റ് ആയി ജോലിചെയ്യുമ്പോൾ അതിലായിരുന്നു അദ്ദേഹത്തിൻ്റെ ശ്രദ്ധ മുഴുവൻ. ഏത് ചെയ്യുമ്പോഴും അതിന്റെ പൂർണ്ണതയ്ക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കുക എന്നത് പ്രേംരാജ് കെ കെയുടെ ജോലിയോടുള്ള ആത്മാർത്ഥത കാണിക്കുന്നു. സിനിമാ എഡിറ്റിംഗ് ഒരു ഹരമായി ചെയ്തു തുടങ്ങിയപ്പോൾ തനിക്ക് സ്ക്രിപ്റ്റ് എഴുതാൻ കഴിയും എന്ന് മനസിലാക്കിയ ഈ എഴുത്തുകാരൻ 2022 ലാണ് തനിക്കുവേണ്ടി കഥകൾ എഴുതുവാൻ തുടങ്ങിയത്. തുടന്നങ്ങോട്ട് സാഹിത്യ സൃഷ്ടികളുടെ പ്രവാഹമായിരുന്നു. വർഷം രണ്ടുപുസ്തകം എന്നതിൽ നിന്നും കഴിഞ്ഞവർഷം മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
പ്രേംരാജിനെ വ്യത്യസ്തനാക്കുന്നത് ഇത് മാത്രമല്ല, തന്റെ കൃതികൾ സ്വയം ഡിസൈൻ ചെയ്യുകയും, കവർ പോലും, പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു എന്നതാണ്. ഐ എസ് ബി നമ്പരോടുകൂടിയാണ് കൃതികളെല്ലാം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഇപ്പോൾ പതിനാറ് കഥകളുള്ള “മഴമേഘങ്ങളുടെ വീട് ” എന്ന ചെറുകഥയും ഓർമ്മകളുടെ വസന്തം എന്ന നോവലും പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ് ഈ കഥാകൃത്ത്. മനുഷ്യർ തമ്മിൽ വേണ്ടുന്ന സഹവർത്തിത്വത്തിന്റെയും സ്നേഹത്തിന്റെയും കഥകൾ പറയുന്ന മഴമേഘങ്ങളുടെ വീട് എന്ന സമാഹാരത്തിലെ കഥകളിലൂടെ വായനക്കാർ കടന്നുപോകുമ്പോൾ കണ്ണിൽ ഒരിറ്റ് കണ്ണുനീർ നിറയ്ക്കാതെ പേജുകൾ മറിക്കുവാൻ ആകില്ല. തൊണ്ണൂറുകളിലെ പാരലൽ കോളേജിന്റെ പശ്ചാത്തലത്തിൽ ഏതാനും സഹപാഠികളുടെ കഥപറയുകയാണ് ഓർമ്മകളുടെ വസന്തം എന്ന നോവലിൽ. ഇന്നത്തെ യുവത്വത്തിന് പരിചിതല്ലാത്ത പാരലൽ കോളേജ് എങ്ങനായിരുന്നു വിദ്യാഭാസരംഗത്ത് മുന്നേറിയിരുന്നത് എന്ന വസ്തുത ഈ നോവലിലൂടെ വായിച്ചെടുക്കാം.
തികച്ചും ബാംഗ്ളൂരിന്റെ പശ്ചാത്തലത്തിൽ പറയുന്ന കഥകളാണ് “ചില നിറങ്ങൾ ” എന്ന സമാഹാരത്തിൽ. പ്രതികാരം,അവജ്ഞ, വിദ്വേഷം എന്നീ വികാരങ്ങൾക്ക് ഇടമില്ലാത്ത ചില മനസുകൾ ഈ സമാഹാരത്തിൽ കാണാം. “മാനം നിറയെ വർണ്ണങ്ങൾ” എന്ന സമാഹാരത്തിൽ വായനക്കാർ സ്നേഹം എന്ന വികാരത്തിന്റെ പരകോടിയിൽ എത്തുന്നു എന്നതാണ്. വരികൾക്കിടയിലൂടെ കഥയെ വായിക്കേണ്ടുന്ന അവസ്ഥയിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. ട്യൂലിപ് പുഷ്പങ്ങളുടെ പാടം എന്ന സമാഹാരത്തിലേക്ക് വായനക്കാർ കടന്നു ചെല്ലുമ്പോൾ തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകളാണ് നമുക്ക് ചുറ്റും എന്ന് തിരിച്ചറിയുന്നു. കിളികൾ പറന്നുപോകുന്നയിടം എന്ന സമാഹാരം പറന്നുപോയതും പറന്നുപോകാൻ കൊതിക്കുന്നതുമായ കുറെയധികം മനുഷ്യ മനസ്സുകളുടെ കഥയാണ്. ബംഗളൂരിലെ അനുഭവങ്ങളിൽ നിന്നും കതിരും പതിരും വേർതിരിച്ചെടുക്കാതെ വായനക്കാരുടെ കണ്മുന്നിലേക്ക് ജീവിതങ്ങൾ തുറന്നുകാട്ടുന്ന കഥകളാണ് ഇതിൽ പലതും.
ഗ്രാമത്തിന്റെ ഭംഗിയും അവിടെയുള്ള ജനങ്ങളുടെ സഹവർത്തിത്വവും, നായനാർ എന്ന ഭൂ ഉടമയുടെ അളവറ്റ സ്നേഹവും തിരിച്ചറിയാൻ നിങ്ങൾ “കായാവും ഏഴിലം പാലയും ” എന്ന നോവലിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. ഈ നോവലിനെ മികച്ച ഒരു കൃതിയാക്കുന്നത് അതിലെ കഥാപാത്രങ്ങളും ഒരു നാടിൻറെ ഹൃദയത്തുടിപ്പും തന്നെയാണ്.
“ഷെഹനായി മുഴങ്ങുമ്പോൾ” എന്ന നോവൽ ഇതിനകം ഇംഗ്ലീഷിലും കന്നഡയിലും പ്രസിദ്ധീകച്ചിട്ടുണ്ട്. ഇംഗ്ലീഷ് പരിഭാഷ പ്രേംരാജ് കെ കെ തന്നെയാണ് ചെയ്തതെങ്കിലും കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്തത് ഷിമോഗയിലുള്ള കെ പ്രഭാകരനാണ്. മുംബൈയിലെ പാർസി സമൂഹത്തിന്റെ കഥപറയുന്ന നോവൽ ആ സമൂഹത്തിന്റെ ആചാരങ്ങളിലൂടെയും ഭക്ഷണ വൈവിധ്യങ്ങളിലൂടെയും വായനക്കാരെ കൂട്ടി കൊണ്ടുപോകുന്നു.
മലയാളം വായനക്കാർക്ക് തികച്ചും വ്യത്യസ്തമായ കഥാന്തരീക്ഷവും കഥാകഥനവുമാണ് ഈ നോവലിലൂടെ പരിചയപ്പെടുന്നത്. മലയാളിയായ ഒരു വയലിനിസ്റ്റ് മുംബൈയിൽ ചെല്ലുകയും അവിടെ വെച്ച് ഒരു പാർസി കുടുംബത്തെ പരിചയപ്പെടുകയും അയാളിലൂടെ ആ പാർസി കുടുംബത്തിന്റെ മൂന്ന് തലമുറകളിലൂടെ കഥ അതീവ ഹൃദ്യമായ രീതിയിൽ വായനക്കാർക്ക് ആസ്വദിക്കാം.
പൈങ്കിളി കഥകൾക്ക് തന്റെ മനസ്സിൽ ഇടമില്ലെന്ന് പറയാതെ പറയുകയാണ് പ്രേംരാജ് കെ കെ തന്റെ കഥകളിലൂടെ. എന്നാൽ സത്യത്തിന്റെ മുഖം വിരൂപമാണെന്ന് കഥാകാരൻ മറക്കുന്നില്ല. അത്തരം അവസ്ഥകളെ ഒഴിച്ചുകൂടാൻ കഴിയില്ലെന്നും അതിനെ നേരിട്ട് ജീവിതത്തിൽ മുന്നേറുകയാണ് ആവശ്യം എന്നും വായനക്കാർക്ക് വായിച്ചെടുക്കാൻ സാധിക്കും.
മഴമേഘങ്ങളുടെ വീട് എന്ന സമാഹാരത്തിൽ ഒരു കഥയുണ്ട് “ബൊഫെ പുരസ്കാരം ” , അതിൽ പറയുന്നു പുരസ്കാരങ്ങൾ നിരത്തിവെച്ചിരിക്കുന്നു, ആരൊക്കെ പൈസ കൊടുത്തിട്ടുണ്ട്, അവർക്കൊക്കെ പുരസ്കാരം, എന്ന അവസ്ഥയാണ് നാമിപ്പോൾ കാണുന്നത്. രാഷ്ട്രീയത്തിന്റെ ചായ്‌വ് പിടിച്ചുകൊണ്ടും പുരസ്കാരങ്ങൾ നേടാം. എന്നാൽ അവാർഡുകൾക്കും പ്രശക്തികൾക്കും പുറകെ പോകാതെ എഴുത്താണ് തന്റെ ലോകം എന്ന് തിരിച്ചറിഞ്ഞ് ഒറ്റയ്ക്ക് മുന്നേറുകയാണ് പ്രേംരാജ് കെ കെ എന്ന എഴുത്തുകാരൻ
ജയചന്ദ്രൻ കെ , കരിവെള്ളൂർ

Leave a Reply