
വ്യത്യസ്തവും വൈചിത്ര്യം നിറഞ്ഞതുമായ അനുഭവങ്ങൾ കൊണ്ട് സമ്പന്നമാണ് സാധാരണ മനുഷ്യരുടെ ജീവിതം ……. ദന്തഗോപുരവാസിയല്ലാത്ത ഏതൊരു കഥാകാരനും തനിക്കു ചുറ്റുമുള്ള മനുഷ്യ ജീവിതങ്ങളെ സഹാനുഭൂതിയോടെ കാണാനും അവരുടെ ജീവിത പരിതോവസ്ഥകളെ കഥാരൂപത്തിൽ ആവിഷ്ക്കരിക്കാനും കഴിയും. ‘പറയാനെന്തെങ്കിലും ഉണ്ടാവുക ;പറയേണ്ട രീതിയിൽ പറയുക’ അത് ഏത് തട്ടിലുള്ള വായനക്കാരനും ആസ്വദിക്കാൻ കഴിയുക’ എന്നതായിരിക്കണം കഥയെഴുത്തിൻ്റെ ആത്യന്തികമായ ലക്ഷ്യം.
ബൗദ്ധികമായ വെച്ചു കെട്ടലുകളുമൊന്നുമില്ലാതെ, സാധാരണ മനുഷ്യരുടെ (തിര്യക്കുകളുടെയും ) ജീവിതങ്ങളെ വരച്ച് കാട്ടുന്ന 16 ചെറുകഥകളാണ് പ്രേംരാജിൻ്റെ ‘മഴ മേഘങ്ങളുടെ വീട് ‘എന്ന സമാഹാരത്തിൻ്റെ ഉള്ളടക്കം.
‘മഴ മേഘങ്ങളുടെ വീട്’ എന്ന കഥയിൽ നിന്നു തന്നെ തുടങ്ങാം. കഥകളും കഥാപാത്രങ്ങളും സാങ്കല്പികമാണ് എന്നു കഥാകാരൻ മുൻകൂറായി പറയുന്നുണ്ടെങ്കിലും ഷിരൂരിലെ അങ്കോളയിൽ താമസിക്കുന്ന ലോകേഷിൻ്റെയും മയൂരയുടെയും പ്രിയപ്പെട്ട നായക്കുട്ടിയായ ബോവിയുടെ വികാരവിചാരങ്ങളിലൂടെ മുന്നേറുന്ന കഥ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട് . അങ്കോളയിലെ ഷിരൂർ മണ്ണിടിച്ചിലും മണ്ണിനടിലായ തൻ്റെ ഉറ്റവരെ തിരഞ്ഞ് ജലപാനം പോലുമില്ലാതെ ദിവസങ്ങളോളം ആ പരിസരത്ത് തന്നെ കഴിഞ്ഞ നായയുടെ ദയനീയതയും ആരും മറക്കാനിടയില്ല. പക്ഷേ ഇവിടെ ബോവിയുടെ അമ്മ മയൂര ചെളിയിൽ നിന്നും എഴുന്നേറ്റ് വരുന്നുണ്ട് എന്നതാണ് കഥാന്ത്യത്തെ വ്യത്യസ്തമാക്കുന്നത്. മഴമേഘങ്ങളുടെ സ്വതന്ത്ര സഞ്ചാരത്തെക്കുറിച്ച് ബോവി ആലോചിക്കുന്നുണ്ട് തകഴി യുടെ ‘വെള്ളപ്പൊക്കത്തിൽ ‘ എന്ന ഏറെ പ്രസിദ്ധമായ കഥയിലെ നായയെ ഓർത്തുപ്പോവുന്നു. ബോധധാരാ രീതിയിൽ എഴുതിയ ഈ കഥ ഏറെ വ്യത്യസ്തത പുലർത്തുന്നുണ്ട്
ആവലാതികളുടെ അന്ത്യം എന്ന ആദ്യ കഥയിൽ മൃദംഗവായനക്കാരനായ മധുവും ഭാര്യ കനകമ്മയും അനുഭവിക്കുന്ന ജീവിത പ്രയാസങ്ങൾക്കിടയിൽ സിനിമ എന്ന പ്രലോഭനവുമായി എത്തുന്ന ‘ കാസിം ഭായി എന്ന കഥാപാത്രം ആ കുടുംബത്തിൻ്റെ ആവലാതികൾ അവസാനിപ്പിക്കുകയാണോ അതോ പുതിയ ആവലാതികൾക്ക് തുടക്കമാവുകയാണോ എന്ന സന്ദേഹം ബാക്കിയാക്കുന്നു.
കാണുന്നവരെയെല്ലാം ‘ഞാൻ എന്തു വിളിക്കും’ എന്ന് സന്ദേഹിക്കുന്ന വിനുക്കുട്ടൻ്റെ കുഞ്ഞു മനസ്സിൻ്റെ ജിജ്ഞാസകൾ, നഗരത്തിൽ നിന്ന് നീണ്ടു പോകുന്ന ദേശീയ പാതയിലെ മേൽപ്പാലത്തിനടിയിൽ ഷെഡ് കെട്ടി താമസിക്കുന്ന ‘രേവക്ക ‘ എന്ന വേശ്യാസ്ത്രി . വർണവസ്ത്രങ്ങൾ എന്ന കഥയിലെ തുണിവിൽപ്പനക്കാരി അളക്ക തൻ്റെ സമ്പാദ്യത്തിൽ നിന്ന് തുണികൾ വാങ്ങി ദുരിതാശ്വാസ ക്യാമ്പിലേക്ക് അയക്കാൻ കാണിക്കുന്ന നല്ല മനസ്സ് .
സ്വയംകൃതാനർഥം എന്ന കഥയിലെ മനുഷ്യത്വം നഷ്ടപ്പെട്ട കുഞ്ഞിരാമന് ഒടുവിൽ വിധിയുടെ മുമ്പിൽ കീഴടങ്ങേണ്ടി വരുന്നു. മക്കളെ തേനെ പാലേ എന്ന് പറഞ്ഞ് വളർത്തുകയും ഒടുവിൽ മക്കളാൽ തിരസ്കരിക്കപ്പെടുകയും ചെയ്യുന്ന പുതിയ കാലത്തിൻ്റെ ഭീകരമുഖം മാടക്കടയുടെ മട്ടുപ്പാവ് എന്ന കഥയിലൂടെ അനാവരണം ചെയ്യുന്നുണ്ട്
കഥാകാരൻ്റെ തന്നെ വരയിലൂടെ മനോഹരമാക്കിയ കവർ പേജ് -മഴ മേഘങ്ങൾ – കഥകളിൽ പലയിടത്തും ദ്യശ്യബിംബങ്ങളായി പ്രത്യക്ഷപ്പെടുന്നത് കാണാം. പൊയ്ക്കാലുകൾ എന്ന കഥയിലെ വികലാംഗരെ പോലും ചൂഷണം ചെയ്യുന്ന സന്നദ്ധ സംഘടനകൾ. മനുഷ്യമനസ്സുകളുടെ നിഗൂഢതകൾ , നിശ്ശബ്ദ നിലവിളികൾ , നൈരാശ്യങ്ങൾ തുടങ്ങി ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന വ്യത്യസ്തരായ മനുഷ്യർക്കെല്ലാം പറയാനുണ്ടാകും ഇത്തരത്തിൽ വ്യത്യസ്തമായ ജീവിത പാഠങ്ങൾ .അവരിൽ ചിലരെ പ്രേംരാജിൻ്റെ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ നമുക്കു കണ്ടെത്താൻ കഴിയും
ബുദ്ധി കൊണ്ട് വ്യാപരിക്കേണ്ട പ്പെടേണ്ടതല്ല, ഹൃദയം കൊണ്ട് അടയാളപ്പെടുത്തേണ്ടതാണ് മനുഷ്യജീവിതഗാഥകൾ എന്ന് പ്രേംരാജിൻ്റെ കഥകൾ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു എഴുത്തിൻ്റെ പാതയിൽ ഇനിയുമേറെ ദൂരെ സഞ്ചാരിക്കാൻ പ്രേംരാജിന് കഴിയട്ടെ ഭാവുകങ്ങൾ.
തയ്യാറാക്കിയത് :
രാധാ പ്രമോദ് , വെങ്ങാട്ട്

Leave a Reply