
കഥയുടെ മേഘങ്ങൾ കനക്കുമ്പോൾ
അവലോകനം : കെ ജയചന്ദ്രൻ
ബാംഗളൂരിലെ മലയാളി യുവ എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെയുടെ പുതിയ ചെറുകഥാ സമാഹാരമാണ് “മഴമേഘങ്ങളുടെ വീട്”
ആദ്യമേ പറയട്ടെ – ഓരോ കഥയും വ്യത്യസ്തമാണ് – അതാണ് ഒറ്റവാക്കിൽ പറയാൻ കഴിയുക.
ഹൃദയത്തിൻ്റെ അഗാധതലങ്ങളെ സ്പർശിക്കുന്ന നമ്മുടെ ഓരോരാളുടെയും കഥയായി അവ തോന്നും. കോവിഡിൻ്റെ പശ്ചാത്തലത്തിലും ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിലും എഴുതിയ കഥകൾ അക്കൂട്ടത്തിൽ ഉണ്ട്. അതുകൊണ്ടുതന്നെയാണ് ഇതിലെ കഥകൾ വ്യത്യസ്തമാകുന്നത്.
ഗൾഫിലെ ജീവിതം ഉപേക്ഷിച്ച് നാട്ടിൽ ജീവിച്ച ഒരു ഹതഭാഗ്യൻ്റെ കഥ കണ്ണീരണിയിക്കും. ഇത്തരം കഥകൾ വേറെയും കേട്ടിരിക്കും, പക്ഷെ ഇതിൽ പറയുന്നത് തികച്ചും കരളലിയിക്കുന്ന ഒരു സംഭവമാണ്.
ഈ രീതിയിലുള്ള ജീവിതം നമ്മൾക്ക് സുപരിചിതമായിക്കഴിഞ്ഞു. തൻ്റെ മകൻ്റെ ഒപ്പം പഠിക്കുന്ന ഒരു കുട്ടിയുടെ വീട്ടിലെ ദൈന്യതയും ആ കുട്ടി വിനോദ യാത്രക്ക് പോകാതെ തൻ്റെ കുട്ടിയോട് കാണിക്കുന്ന സ്നേഹവും അത് തിരിച്ചറിയുന്ന പിതാവും വ്യത്യസ്തമായ കഥയാണ്. സ്നേഹത്തിന്റെ വഴിയിലൂടെ ഒരു കടം കടംവീട്ടൽ.
കൂടുതൽ വിശദമായി ഒരു വിശകലനം ഉദ്ദേശിക്കുന്നില്ലെങ്കിലും ഒന്നോ രണ്ടോ വരികളിൽ ഓരോ കഥയെക്കുറിച്ചും ലളിതമായി പറയാം.
ഒന്നാമത്തെ കഥയായ ആവലാതികളുടെ അന്ത്യം എന്നത് പാവപ്പെട്ട ഒരു കുടുംബത്തിൻ്റെ ദൈന്യതയും അത് മുതലാക്കാൻ ശ്രമിക്കുന്ന ഒരു സിനിമാ മുതലാളിയുടെയും കഥയാണ്. അതിലൂടെ ഒരാൾ ചില അവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിയുമ്പോൾ കള്ളക്കുഴിയും വെച്ച് കാത്തിരിക്കുന്ന കുറെ ആൾക്കാർ നമുക്ക് ചുറ്റും ഉണ്ടെന്ന വസ്തുത മറക്കാതിരിക്കുവാനുള്ള ഒരു ഒരു അറിയിപ്പ് കൂടിയാണ് ഇത്. പതിവുപോലെ കുറുക്കൻ്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ.
“ഞാൻ എന്ത് വിളിക്കും” എന്ന കഥയിൽ വീട്ടിൽ അച്ചൻ്റെ രണ്ടാം ഭാര്യ കടന്നു വരുമ്പോൾ അവരെ എന്ത് വിളിക്കണം എന്ന ഒരു കൊച്ചു കുഞ്ഞിൻ്റെ ചെറുതല്ലാത്ത ആവലാതിയാണ്. കുട്ടികളിലെ ജിജ്ഞാസ തല്ലിക്കെടുത്തുന്ന രക്ഷിതാക്കൾക്ക് , അദ്ധ്യാപകർക്ക് ഒരു അറിയിപ്പ് കൂടിയാണ് ഈ കഥ. കുട്ടികളിലെ ചോദ്യങ്ങൾ തല്ലിക്കെടുത്തരുത്. അവർ ചോദിക്കട്ടെ.
“തങ്കത്തി ങ്കൾ പോലൊരു പെണ്ണ്” എന്ന കഥയിലേക്ക് കടക്കുമ്പൾ നിങ്ങൾ കാണുന്നത് സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങളും സ്ത്രീയുടെ ഒറ്റപ്പെടലും, ജീവിതത്തെ അവർ സധൈര്യം നേരിടുന്നതുമാണ്.
ഈ സമാഹാരത്തിന്റെ പേരുള്ള കഥയാണ് “മഴമേഘങ്ങളുടെ വീട്” എന്നത്. അതിൽ പ്രകൃതി ദുരന്തത്തിനിരയായ തൻ്റെ ഉറ്റവരെ തേടുന്ന ഒരു നായക്കുട്ടിയുടെ കഥയാണ്. അവന്റെ വേവലാതികളിലൂടെ കഥ നീങ്ങുമ്പോൾ വായനക്കാർ മനസ്സിലാക്കുകേണ്ടത് അവന്റെ യജമാനന്റെ ജീവിത സ്ഥിതിയും ആ ചുറ്റുപാടുകളും കൂടിയാണ്. ബോവി എന്ന ആ നായകുട്ടിയുടെ സ്നേഹം വായനക്കാരുടെ കണ്ണിൽ ഒരിറ്റ് കണ്ണുനീർ പൊഴിക്കും.
എന്നാൽ നമ്മൾ “വർണ്ണ വസ്ത്രങ്ങൾ” എന്ന കഥയിൽ എത്തുമ്പോൾ സ്ഥിതിയാകെ മാറി. തൻ്റെ മുഴുവൻ സമ്പാദ്യം ഉപയോഗിച്ച് വസ്ത്രങ്ങൾ വാങ്ങി കെടുതിയിൽ [പെട്ട ജനങ്ങൾക്ക് അതായത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന അളക്ക എന്ന സ്തീയെ കാണാം. താൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് നേരെ മുഖം തിരിക്കാതെ മറ്റുള്ളവരുടെ വേദനയാണ് മുഖ്യം എന്ന് കരുതുന്ന സ്നേഹനിധിയായ ഒരമ്മയെ ഇതിൽ കാണാം.
സ്വയം കൃതാനർത്ഥം എന്ന കഥ തികച്ചും കേരളത്തിലെ ഒരു സാധാരണ നാട്ടുമ്പുറത്തെ അസാധാരണ സ്നേഹത്തിൻ്റെ ചിത്രം വായിച്ചെടുക്കാം. എന്നിരുന്നാലും അസൂയയും, പ്രതികാരവും ഒക്കെ ഇതിലുണ്ട്. അതുകൊണ്ട് ഈ കഥ അല്പം “ത്രില്ലിംഗ്” ആണെന്ന് പറയുന്നതിൽ തെറ്റില്ല.
മാടക്കയുടെ മട്ടുപ്പാവ് : ഒരു വിരമിച്ച ജവാനോട് പോലും സ്വന്തം മകൻ എങ്ങനെ പെരുമാറുന്നു, അതേസമയം നല്ലവരായ നാട്ടുകാർ ആ വിമുക്ത ഭടനെ ആ നാടിൻറെ സ്വന്തം പുത്രനായി കാണുന്നു. മക്കളുടെ സ്നേഹമില്ലായ്മ തന്നെയാണ് മുഴച്ചുനിൽകുന്ന കഥാതന്തു. പക്ഷെ അത് അവതരിപ്പിച്ച “വിധം” ആണ് ഈ കഥയെ വ്യത്യസ്തമാക്കുന്നത്.
പാപ്പാത്തികളുടെ താഴ്വര എന്ന കഥയെ കുറിച്ച് പറഞ്ഞുകഴിഞ്ഞു. കുട്ടികളിൽ “പങ്കുവെക്കുക ” എന്ന സദ്ഭാവന വളർത്തിയെടുക്കുക എന്ന ചിന്ത എന്നിൽ മാത്രം വന്നതാണോ?
നമ്മൾ കളിയായിട്ടാണെങ്കിലും “വരാന്ത വക്കീൽ ” എന്ന് പറയാറുണ്ട്. എന്നാൽ ഇവിടെ കാണുന്നത് വരാന്തയിൽ ട്യൂഷൻ നടത്തുന്ന ഒരു വക്കീലിനെയാണ്. ഇയാൾക്കല്ലേ ആ പേര് സത്യത്തിൽ ചേരുക! മേഘങ്ങളോട് സംവദിക്കാൻ ആ കുഞ്ഞിന് കുറെ കാരണങ്ങൾ ഉണ്ട്. തീർച്ചയായും മാതാപിതാക്കളില്ലാത്ത ആ അവൾ ചിന്തിക്കുന്നതും സംസാരിക്കുന്നതും ആ വിഷയം ആയിരിക്കുന്നതിൽ അതിശയിക്കാനില്ല. തുന്നിക്കെട്ടിയ മേഘങ്ങളിലെ രേഷ്മ വേറെ എന്താണ് ചിന്തിക്കുക! “ഓർമ്മയുടെ വരമ്പുകളിലൂടെ” സഞ്ചരിക്കുമ്പോൾ നല്ല കാഴ്ചകൾ നമുക്കുചുറ്റും കണ്ടേക്കാം, എന്നാൽ കാലിടറാതെ നോക്കേണ്ടത് നമ്മളാണ്. ഈ കഥയുടെ വരമ്പത്ത് കാണുന്ന ഇന്ദുവും സിതാരയും നമ്മളുടെ ഓർമ്മയിൽ തങ്ങിനിൽക്കും. “അനുരാഗത്തിൻ വർണം” എന്ന കഥയിൽ പറയുന്നത് ദിവ്യ എന്ന പെൺകുട്ടിയുടെ അതിരുകളില്ലാത്ത അനുരാഗത്തിന്റെ വർണ്ണചിത്രമാണ്.
എന്നാൽ പൊയ്ക്കലുകൾ എന്ന കഥയിലേക്ക് എത്തുമ്പോൾ അവസ്ഥ വീണ്ടും മാറുന്നു. കാലുകൾ നമ്മൾ നടക്കാനുമുപയോഗികുമ്പോൾ വായനക്കാർ ആ കാലുകളെ ചിന്തിക്കാനും ഉപഗോഗിക്കുന്നു , കാലുകൾ ചിന്തയിലേക്ക് നടന്നുവരുന്നു എന്നതാണ്. “ഭൂമിയെ വന്ദിച്ചു പാടുക നാം” എന്ന കഥ നമ്മുടെ തലയിലേക്ക് വെളിച്ചം വീശുന്ന കഥയാണ്. നമ്മൾ എത്രമാത്രം ഭൂമിയെ ഉപദവിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്നു.
സാഹിത്യ ലോകത്ത് പുരസ്കാരങ്ങൾക്കായി ഓടുന്ന ചിലരുണ്ട്. പൈസകൊടുത്ത് “വാങ്ങുന്ന” കുറെ പുരസ്‌കാരങ്ങൾ ഇതിൽ കാണാം. സാധാരണ ജനങ്ങൾക്ക് പുരസ്‌കാരങ്ങളുടെ പിന്നാമ്പുറ കളികൾ അറിയണമെന്നില്ല. “ജുറാബ് ഗംഞ്ച്” : ഒരു കൊലപാതകവും , കഥാകാരനും പോലീസും അയാളിലേക്ക് എത്തുന്നതുമായ കഥയാണ് വിവരിച്ചിരിക്കുന്നത്.
ഇങ്ങനെ വ്യത്യസ്തങ്ങളായ 16 കഥകളാണ് ഈ പുസ്തകത്തിൽ. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അക്രമങ്ങൾ – എന്ന വിഷയമായിരിക്കും കഥകളിൽ ഏറ്റവും കൂടുതൽ വിഷയമായിരിക്കുന്നത്.
ഇതിലെ ചെറുകഥകൾ അങ്ങനെ തന്നെ കാണാതെ ഒരു നോവലിന്റെ കാൻവാസിൽ ചിന്തിക്കാൻ തയ്യാറാകുന്ന മനസ്സുകൾക്ക് എളുപ്പത്തിൽ വായിക്കാനും കടലോളം ചിന്തിക്കാനും ഉള്ള കഥകളാണ് ഇതിൽ. വളരെ എളുപ്പത്തിൽ വായിച്ചു പോകാവുന്ന രീതിയിലാണ് കഥാരചന, എങ്കിലും ചിന്തകൾക്ക് തീകൊളുത്താൽ ഈ തീ പൊരികൾ ധാരാളം.
ഈ സമാഹാരം ഡിസൈൻ ചെയ്തതും കവർ ഡിസൈൻ , എഡിറ്റിംഗ്, പബ്ലിഷിങ് എന്നിവയെല്ലാം പ്രേംരാജ് കെ കെ തന്നെയാണ് നിർവഹിക്കുന്നത് എന്നതുകൊണ്ട് ഓരോ വായനക്കാരനും ഈ പുസ്തകത്തെ മറ്റുള്ള പുസ്തകപ്രേമികളിലേക്ക് പ്രചരിപ്പിക്കണം. അങ്ങനെയേ നമുക്ക് ഈ എഴുത്തുകാരനെ പ്രോത്സാഹിപ്പിക്കുവാൻ കഴിയുകയുള്ളൂ. എന്നാൽ മാത്രമേ കൂടുതൽ മികച്ച കഥകൾ നമുക്ക് വായിക്കുവാൻ കഴിയൂ.
ഇനിയും ഒരു പാട് എഴുതാൻ ഈ യുവ കഥാകൃത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു
വില 230 /-
136 പേജുകൾ
പ്രസാധനം : അഡോർ പബ്ലിഷിങ് ഹൗസ്
സസ്‌നേഹം
കെ ജയചന്ദ്രൻ
കരിവെള്ളൂർ
സത്യസന്ധമായ അവലോകനം. പക്ഷേ ആവലാതികളുടെ അന്ത്യം വായിച്ചു കഴിഞ്ഞപ്പോൾ എനിക്കു തോന്നിയത് ആവലാതികളുടെ തുടക്കമല്ലേ എന്നാണ്.
ഒത്തിരി ഇഷ്ടമായി
കഥകളും അതിൻ്റെ പഠനവും