Home – Malayalam Cinema Released on Amazone Prime

#Home – Malayalam Cinema Released on Amazone Prime

Directed by Rojin Thomas
Starring Indrans, Sreenath Bhasi, Vijay Babu, Manju Pillai, Neslin, Kainakary Thankaraj, KPAC Lalitha, Srikanth Murali, Johny Antony, Pauly Wilson, Maniyan Pillai Raju, Anoop Menon, Aju Varghese, Kiran Aravindhakshan, Chithra, Priyanka Nair

Smt. Suma Sathish’s review

ഒറ്റവാക്കിൽ ഗംഭീരം. കഥാപാത്രങ്ങൾ ഒന്നിനൊന്നു മെച്ചം. കാസ്റ്റിംഗ് പെർഫെക്റ്റ്.
കഥ അനുയോജ്യം, കാലികം, അർത്ഥപൂർണ്ണം.

ഇന്ദ്രൻസ് എന്ന നടന്റെ നടന വൈഭവം അറിഞ്ഞു നൽകിയ കഥാപാത്രം, ഒലിവർ ട്വിസ്റ്റ്‌. കിറുകൃത്യമായി ആദ്യം മുതൽ അവസാനം വരെ കഥാപാത്രത്തെ അളന്നു മുറിച്ചു ജീവിച്ചു കാണിച്ചു തന്നു ആ മഹാനടൻ.

എല്ലാ വിഭവങ്ങളോടെ സ്വാദിഷ്ഠമായ ഒരു ഓണസദ്യ ഉണ്ട പ്രതീതി. നാമെന്താണോ ആഗ്രഹിക്കുന്നത് അതിനപ്പുറം ആയിരുന്നു ഓരോ ഷോർട്ടും. സാഹചര്യത്തിനനുസരിച്ചുള്ള കഥാപാത്രങ്ങളുടെ വികാരങ്ങളും വിക്ഷോഭങ്ങളും പറഞ്ഞറിയിക്കാൻ പറ്റാത്തത്ര കണിശമായിരുന്നു.
ഏതു കോണിൽ നിന്നു നോക്കിയാലും കഥയും സംഭാഷണവും സംവിധാനവും കലയും, ഗാനവും രംഗങ്ങളും ക്യാമറയും എന്ന് വേണ്ട എല്ലാം സുന്ദരം സുരഭിലം. ഓരോ ചലനങ്ങളും സംഭാഷണവും ആശയസമ്പുഷ്ടവും
കുറിക്കു കൊള്ളുന്നതുമാണെന്ന് പറയാതെ വയ്യ.

കഥാപാത്രങ്ങളുടെ നാമകരണവും കഥയുടെ പേരും, ട്വിസ്റ്റും ഫിലിം തുടങ്ങുമ്പോഴും ഇടവേളയിലും പ്രേക്ഷകനോട് പറഞ്ഞതും നന്നേ ഇഷ്ടപ്പെട്ടു. തിലകൻ എന്ന മഹാനടനെ ഓർമ്മിപ്പിച്ച ഒലിവർ ട്വിസ്റ്റിന്റെ അപ്പാപ്പനും കുട്ടിയമ്മയും മക്കളും തുടങ്ങി എല്ലാം ഗംഭീരമാക്കി. മഞ്ജു പിള്ളയുടെ രൂപമാറ്റം എന്തിനായിരുന്നെന്നു മനസ്സിലായില്ല. ഒരുപക്ഷെ ഒരു റിയാലിറ്റി ഫീൽ ഉണ്ടാക്കാനായിരുന്നോ.
വളരെ മുന്നേ ജഗദീഷിന്റെ കൂടെയും പിന്നീട് ‘തട്ടിയും മുട്ടിയും’ എന്ന പറമ്പരയിലും ടെലിവിഷൻ പ്രേക്ഷകർക്ക് ചിരപരിചിതയായ മികച്ച നടി, മഞ്ജുവിന്റെ കൈകളിൽ കുട്ടിയമ്മ ഭദ്രം. കഥയുടെ നട്ടെല്ലായി നിലകൊണ്ട കുട്ടിയമ്മ മികച്ച നിലവാരം പുലർത്തി.

ഓരോരുത്തരും തങ്ങളുടെ വേഷങ്ങൾ ആഴത്തിലും തന്മയത്വത്തോടെയും ചെയ്തതായി അനുഭവപ്പെട്ടു.

മാദക സൗന്ദര്യമില്ലാതെ,
വൃത്തികേടില്ലാതെ അസഭ്യങ്ങളില്ലാതെ മദ്യമോ പുകവലിയോ സ്റ്റണ്ടോ ഒന്നുമില്ലാതെ, എന്നാൽ അർത്ഥ പൂർണമായ നീക്കങ്ങളിലൂടെ, പ്രേക്ഷകനെ ചിരിപ്പിച്ചു കൊണ്ട് ചിന്തിപ്പിച്ച ഹോം, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗൃഹാതുരത്ത്വത്തിന്റെ ഈട്ടില്ലമായി മഴയുടെ പശ്ചാത്തലത്തിൽ മനോഹരമായി വരച്ചിട്ടു.

ഒട്ടും ശങ്കയില്ലാതെ കുടുംബസമേതം ഇരുന്നു കാണാം, #ഹോം എന്ന ആശയ സമ്പുഷ്ട്ടമായ
ഈ അത്യഗ്രൻ സിനിമ. ഇങ്ങനെയും സിനിമ ഉണ്ടാക്കാമെന്നു ചിലരെ ഓർമ്മിപ്പിക്കുന്ന പടം.

ചലച്ചിത്രം എന്നതിന്റെ പൂർണത ഇവിടെ കണ്ടു. ഇതാവണം സംവിധാനം. ഇങ്ങനെ ആവണം കഥപറയൽ. കുടുംബാന്തരീക്ഷം, മോഹിപ്പിക്കുന്ന വീട്, പൂന്തോട്ടം, കൃഷി, പഴമ പുതുമ എല്ലാം സംയോജിപ്പിച്ചു മനോഹരമാക്കിയിട്ടുണ്ട്. ചിരിക്കാനും ചിന്തിക്കാനും അതിലുപരി തിരിച്ചറിവിന്റെ ഇടങ്ങളും ധാരാളമായി ഉൾക്കൊള്ളിച്ച കാമ്പുള്ള സിനിമ. നമ്മളും നമ്മുടെയിടയിലെ ഓരോരുത്തരും എന്നും നേരിടുന്ന സാഹചര്യങ്ങളും സംഭാഷണവും ചിരിക്കു വക നൽകുന്നു.

ഒരുപാട് അച്ഛൻമാരെ പ്രതിനിധീകരിച്ച് ഒലിവരും എത്രയോ അമ്മമാരുടെ മനസ്സുമായി കുട്ടിയമ്മയും മനസ്സിൽ മായാതെ കിടക്കുന്നു. പരസ്പരം മനസ്സിലാക്കാനും മക്കളെ വകതിരിവ് പഠിപ്പിക്കാനും നമ്മളായിരങ്ങളുടെ നാവായി കൂടി ഈ സിനിമ മാറിയിരിക്കുന്നു. തിരിച്ചു മാതാപിതാക്കൾക്ക് മക്കളെ മനസ്സിലാക്കിക്കാനും ഓർമ്മിപ്പിക്കുന്നുണ്ട് ഈ ചിത്രം. സിനിമാ മേഖലക്കും സമൂഹത്തിനും മുതൽ കൂട്ട് തന്നെയാണിത്.

ചലച്ചിത്ര മേഖലയിൽ മലയാള സിനിമ വേറെ ലെവൽ തന്നെ എന്ന് വീണ്ടും തെളിയിച്ചു. നവാഗതനായ കഥകാരന് എല്ലാ ആശംസകളും നേരുന്നു.

സുമ സതിഷ്

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*