
ഡോ. പ്രേംരാജ് കെ കെയുടെ രണ്ടു വ്യത്യസ്ത പുസ്തകങ്ങൾ – ഒരാസ്വാദനം.
തയ്യാറാക്കിയത് : പങ്കു ജോബി
കിട്ടിയ പുസ്തകങ്ങൾ ഒക്കെയും നിധിപോലെ സൂക്ഷിക്കുമ്പോഴും വായന നീട്ടി വച്ച് മടിയുടെ മൂടുപടം പുതച്ചിരിക്കുന്ന ഞാൻ.. പക്ഷേ, പ്രേംരാജ് കെ കെയുടെ പുസ്തകത്തിന്റെ വായന നീട്ടിവയ്ക്കാൻ എനിക്കും കഴിയില്ല.
എന്റെ പുസ്തകം കിട്ടിയാലുടനെ വായിച്ച് റിവ്യൂ തരാറുണ്ട് ഡോക്ടർ.
ഇപ്പൊ ദേ, ഡോക്ടറുടെ ഒരു പുസ്തകം ചോദിച്ചപ്പോൾ രണ്ട് പുസ്തകങ്ങളും പ്രകാശനത്തിന് മുമ്പ് അയച്ചും തന്നു.
പ്രകാശനത്തിന് മുമ്പ് പുസ്തകം കൈയിൽ കിട്ടിയ സന്തോഷം വളരെ വലുതാണ് .
ഒരുപാട് സ്നേഹം ഡോക്ടറുടെ സൗഹൃദത്തിലേക്ക് എന്നെക്കൂടി ചേർത്തതിന്…
മഴമേഘങ്ങളുടെ വീട്.(കഥാസമാഹാരം )
മഴമേഘങ്ങളുടെ വീട് : വ്യത്യസ്തരായ ഒരുപിടി കഥാപാത്രങ്ങളുടെ വീട്..
അതിൽ നന്മയും സ്നേഹവും ഒരു നനവായി മനസ്സിൽ സൂക്ഷിക്കുന്ന കഥാപാത്രങ്ങളോട് അടുപ്പം തോന്നും.
മനുഷ്യർ എത്ര തരം?
‘അഞ്ചോ പത്തോ കൂടിയാലും വേണ്ടില്ല, ആ കടയിൽ നിന്നല്ലേ സ്ഥിരമായി തുണി വാങ്ങുന്നതെന്ന്’ അളകമ്മ. അവർക്ക് മനുഷ്യരോടുള്ള സ്നേഹവും വിശ്വാസവും കരുതലും ആ വാചകത്തിൽത്തന്നെ പ്രകടം.
‘കൈനീട്ടമാണ് കടം പറയാൻ ഒക്കില്ല’ കടക്കാരൻ.
വർഷങ്ങളായി അളകമ്മയെ പരിചയമുണ്ടായിട്ടും അയാളത് പറയുമ്പോൾ..
മനുഷ്യബന്ധങ്ങൾക്കുപരി പണത്തിന് മാത്രം വിലകല്പ്പിക്കുന്ന മനുഷ്യരുടെ പ്രതീകമായി അയാൾ..
ഇനിയുമുണ്ട് ഈ കഥ ചൂണ്ടികാണിക്കുന്ന മനുഷ്യർ..
മാതൃസ്നേഹംപോലും വറ്റിതീരുന്ന വിധത്തിൽ ഒരു മകൻ..
നിസ്സഹായത മാതാപിതാക്കളെക്കൂടി മറക്കാൻ പ്രേരിപ്പിക്കുന്ന ജീവിതസാഹചര്യത്തിൽ ഒരു മകൾ…
സ്വന്തം ഭക്ഷണം പകുത്ത് നൽകി സ്നേഹം എന്ന വാക്കിന്റെ യഥാർഥ മൂല്യം പറയുന്ന കഥാപാത്രം..
അതേ മൂല്യം കൂടുതൽ ഉച്ചത്തിൽ പറയുന്ന അളകമ്മ.
ഒരു ലോറി ഡ്രൈവർ ; അയാൾ ആരായിരിക്കും? മനസ്സിൽ നന്മസൂക്ഷിക്കുന്ന മനുഷ്യനോ, അതോ
ചതിക്കാൻ അവസരം കാത്തിരിക്കുന്ന ചെകുത്താനോ?
ശരീരത്തിനും മനസ്സിനും കരുത്തുള്ള സമയം ഓർക്കണം വാർദ്ധക്യവും രോഗാവസ്ഥയും തളർത്തുമ്പോൾ അവന് ഒരു കൂട്ട് കൂടിയേ തീരൂ എന്ന്. ആത്മാർഥയുടെ സ്നേഹനൂലിനാൽ ഹൃദയത്തോട് കൊരുത്ത ഒരു ബന്ധമെങ്കിലും സൂക്ഷിക്കണമെന്ന്.
സുഹൃത്തിനുവേണ്ടി സ്വന്തം സന്തോഷംപോലും ത്യജിക്കാൻ ഇന്ന് എത്രപേർ തയ്യാറാകും? അത്തരമൊരു കഥപറയുന്ന പാപ്പാത്തികളുടെ താഴ്വര.
മനുഷ്യബന്ധങ്ങളിലെ തെറ്റിദ്ധാരണ മനസ്സിനെ പിടിച്ചുമുറുക്കും. ആ തെറ്റിദ്ധാരണ മാറുമ്പോൾ സ്നേഹത്തിന്റെ തിളക്കം ഇരട്ടിയാവുമോ? അങ്ങനെ ആവും എന്നാണ് വേണു പറയുന്നത്.
ഇനിയും ഉണ്ട് ഈ മഴമേഘങ്ങളുടെ വീട്ടിലെ താമസക്കാർ..
അപരിചിതരായ വിരുന്നുകാരിൽ നിന്നും രക്ഷതേടി നിശബ്ദതയിൽ തന്റെ ഇഷ്ടം കണ്ടെത്തുന്ന ഒരു കുഞ്ഞും ആ കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കമായ..ഉത്തരം കിട്ടാത്ത ചോദ്യങ്ങളും.
ചാരിറ്റിയുടെ മറവിൽ തട്ടിപ്പ് നടത്തുന്നവരും ചതിയനും കൊലപാതകിയും മൃദംഗവിദ്വാനും
പിന്നെ… വ്യത്യസ്ത സ്വഭാവങ്ങളുമായി വേറെയും ചില താമസക്കാരും.
ഓർമ്മയിലൊരു വസന്തം (നോവൽ )
ചെറുപ്പകാലവും അക്കാലത്തിന്റെ മധുര സ്മരണകളും ഓർക്കാനും ഓമനിക്കാനും കൊതിയില്ലാത്ത ആരെങ്കിലും ഉണ്ടാവുമോ? പോയകാലത്തിന്റെ ഓർമ്മകളെ സൗഹൃദത്തിന്റെ സൗന്ദര്യത്തെ അതിമനോഹരമായി അതിലേറെ സരസമായി പറയുന്ന ‘ഓർമ്മയിലൊരു വസന്തം ‘
ജീവിച്ചു തീർത്ത വഴികളെ അക്ഷരങ്ങളായി വരച്ചുചേർത്തങ്ങനെ സൂക്ഷിക്കാൻ ഒരിക്കൽകൂടി പാരലൽ കോളേജിന്റെ ക്ലാസ്സ് മുറികളിൽ കയറിയിരിക്കാൻ കൊതിക്കുന്ന ഏതൊരു മനസ്സിനും നോവൽ നല്ലൊരു വായനാനുഭവം നൽകും.
മാറിയ സമൂഹവും, അത് മാറ്റിയെടുത്ത ഒരു വിഭാഗം കുഞ്ഞുങ്ങളും അവർക്കന്യമാകുന്ന സൗഹൃദവും മുന്നിൽകണ്ട് നിൽക്കുന്ന ഈ സാഹചര്യത്തിൽ..
വയലൻസും പ്രതികാരവും ഹീറോയിസമായി പറയുന്ന കഥകളല്ല, ഹൃദ്യമായ സൗഹൃദവും സ്നേഹബന്ധങ്ങളും പറയുന്ന കഥകൾ ഈ കാലഘട്ടത്തിന്റെ ആവശ്യമായിരിക്കേ…
നോവലിൽ കാണുന്ന മനോഹരമായ സൗഹൃദം തികച്ചും പ്രാധാന്യമർഹിക്കുന്നു.
കൂടെതന്നെ ദുഃശീലങ്ങൾ തുടങ്ങിവയ്ക്കാൻ സൗഹൃദം എങ്ങനെ വഴിവയ്ക്കുന്നു എന്നും തെളിമയോടെ പറയുന്നുണ്ട് നോവലിസ്റ്റ്.
ഡോക്ടർക്ക് ഇനിയും ഒരുപാട് പുസ്തകങ്ങൾ എഴുതാനാവട്ടെ…
പുസ്തകങ്ങൾ ഒരുപാട് വായനയിലേക്കും എത്തട്ടെ..
ആശംസകൾ!
ഓർമയിലൊരു വസന്തം & മഴമേഘങ്ങളുടെ വീട്
Adore publishing House
പ്രേംരാജ് കെ കെ
Leave a Reply