Book Review by Radha Pramod – Premraj K K’s Novel : Ormmayiloru Vasantham

‘ഇവിടെയുണ്ടു ഞാൻ
എന്നറിയിക്കുവാൻ
മധുരമാമൊരു
കൂവൽ മാത്രം മതി ‘
പി.പി രാമചന്ദ്രൻ്റെ ‘ലളിതം’ എന്ന കവിതയിലെ, ലളിതമെങ്കിലും ഗൗരവമേറെയുള്ള വരികളാണ് പ്രേംരാജിൻ്റെ “ഓർമ്മയിലൊരു വസന്ത”മെന്ന ചെറുനോവൽ വായിച്ചപ്പോൾ മനസ്സിൽ വന്നത്.

ഞാനും ഇവിടെ ജീവിച്ചിരുന്നു എന്ന അടയാളപ്പെടുത്തൽ. സർഗ്ഗപരമായ ഏതൊരു സൃഷ്ടിയുടെയും ലക്ഷ്യം ഈ അടയാളപ്പെടുത്തൽ തന്നെയാണല്ലോ സ്വജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി മനുഷ്യർ , അവരുടെ ആശകളും ആശങ്കകളും ഇതൊക്കെ തന്നെയാണ് പ്രേം രാജിൻ്റെ ഓർമ്മയിലൊരു വസന്തം എന്ന നോവലിൻ്റെ പ്രമേയം 90 കളിലെ പാരലൽ കോളേജ് ജീവിതം… കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കുന്ന ചെറുപ്പക്കാരുടെ ജീവിത പ്രതിസന്ധികൾ, പ്രണയം, സൗഹൃദം…… നോവലിനെ മനോഹരമായി തീർക്കുന്ന മൂഹൂർത്തങ്ങൾ ഇവയൊക്കെയാണ് 90 കളിലെ കോളേജ് ജീവിതത്തിൻ്റെ നേർചിത്രം – എന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവൽ ഒരു ആത്മകഥാ കഥനം പോലെയാണ് എന്ന് എനിക്ക് തോന്നിയത് തികച്ചും യാദൃശ്ചികമാവാം.

ആശുപത്രിയിലെ തീവ്രപരിചരണമുറിയിൽ കിടക്കുന്ന പ്രകാശ് എന്ന കേന്ദ്ര കഥാപാത്രത്തിൻ്റെ ചിന്തകളിലൂടെ, ഓർമ്മകളിലൂടെ, അനുഭവങ്ങളിലൂടെ വികസിക്കുന്ന നോവൽ , താൻ എങ്ങനെ എഴുത്തിൻ്റെ ലോകത്തേക്ക് തിരിഞ്ഞു എന്നും പറഞ്ഞു തരുന്നുണ്ട്. കോമേർസ് ഐച്ഛിക വിഷയമായി പഠിക്കുന്ന സുഹൃത്തുക്കൾ ഡിഗ്രി പഠനശേഷം എന്താവണം എന്ന ആശങ്ക , പല മേഖലകളിലേക്ക് ചേക്കേറിയവരുടെ ഒത്തു ചേരലുകൾ. ലളിതമായ വാക്കുകളിലൂടെ ഒരു കാലത്ത് നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ ചുക്കാൻ പിടിച്ചിരുന്ന പാരലൽ കോളേജ് -അനുഭവങ്ങളെ തികഞ്ഞ ഗൃഹാതുരതയോടെ അവതരിപ്പിക്കുന്നുണ്ട് ഓർമ്മയിലൊരു വസന്തം എന്ന നോവൽ പ്രേംരാജിൻ്റെ എഴുത്തിൻ്റെ വസന്തകാലത്തിന് വർണ ഭംഗി നൽകുന്നഒരു മനോഹര പുഷ്പം തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ലതന്നെ.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*