When Shehnayi Sounds – Novel Release

പ്രേംരാജ് കെ കെ യൂടെ ഏറ്റവും പുതിയ നോവൽ “ഷെഹ്നായി മുഴങ്ങുമ്പോൾ ” ഈ വരുന്ന ജൂലൈ യിൽ പ്രസിദ്ധീകരിക്കുന്നു. . ഇത് ഇംഗ്ലീഷിലും മലയാളത്തിലും ഒരേ സമയം പുറത്തിറങ്ങുന്നുണ്ട്.

മുംബൈയിലെ പാഴ്‌സി കുടുംബത്തിന്റെ കഥ പറയുന്ന ഈ നോവലിൽ മനുഷ്യന്റെ വികാരങ്ങളുടെ സമ്മേളനമാണ്  എന്ന് പറയാം. “When Shehnayi Sounds ” എന്ന്  ഇംഗ്ലീഷിൽ പേരിട്ടിരിക്കുന്ന  ഈ നോവൽ രണ്ടുഭാഷകളിലും പ്രേംരാജ് തന്നെയാണ് എഴുതിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇതിനെക്കുറിച്ച് പ്രശസ്ത സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരജേതാവുമായ ശ്രീ. സുധാകരൻ രാമന്തളി ഇങ്ങനെ പറഞ്ഞിരിക്കുന്നു.

“മലയാള സാഹിത്യത്തിന് താരതമ്യേന അപരിചിതമായ ഒരു മേഖലയാണ് പാഴ്സി അഥവാ സൊരാഷ്ട്രീയ മതത്തിൽപ്പെട്ടവരുടെ ജീവിതം. അറബ് അധിനിവേശകാലത്തും അതിനുമുമ്പും മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപെടാൻ മദ്ധ്യകാല ഇന്ത്യയിലേക്ക് കുടിയേറിയ പേർഷ്യക്കാരാണ് ഇവരുടെ പൂർവ്വികർ. ഇങ്ങനെ മുംബൈയിൽ താമസമുറപ്പിച്ച ഒരു പാഴ്സി കുടുംബത്തിന്റെ മൂന്നു തലമുറകളുടെ കഥയാണ് പ്രേംരാജ് കെ കെ യുടെ പുതിയ നോവലായ “ഷെഹ്നായി മുഴങ്ങുമ്പോൾ”

സുധാകരൻ രാമന്തളിയുടെ അവതാരികയിൽ കഥയെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു :

“സംഗീതത്തിൽ അസാമാന്യമായ അഭിരുചിയും താല്പര്യവുമുള്ള തോമസ് എന്ന മലയാളി വയലിനിസ്റ് മുംബൈയിൽ എത്തിച്ചേരുകയും സംഗീതരംഗത്തെ തന്റെ ഭാവിഭാഗധേയം സ്വപ്നംകണ്ട്, അൽപം ചില സൗഹൃദങ്ങളുമായി ജീവിച്ചുപോരുകയും ചെയ്യുന്നു. ഒരു പ്രശസ്ത പാഴ്സി കുടുംബത്തിലെ അനാഹിത എന്ന പെൺകുട്ടിയുമായി അയാൾ പ്രണയത്തിലാവുന്നു.  സാമുദായിക സമ്പ്രദായങ്ങളിൽ കടുത്ത നിഷ്ഠ പുലർത്തുന്ന അവളുടെ കുടുംബക്കാർ അവളെ തോമസിൽനിന്ന് അകറ്റാൻ പല വിദ്യകളും പ്രയോഗിക്കുകയും ഒടുവിൽ അവൾ ഒരിക്കലും തിരിച്ചുവരില്ലെന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. വൈകാരികമായ ഈ ആഘാതം താങ്ങാനാവാതെ തോമസ് മാനസികമായി തളരുന്നു. സുഹൃത്തായ അവരിന്ദന്റെ സ്നേഹവും കരുതലും ഒരു തകർച്ചയിൽനിന്ന് അയാളെ രക്ഷിക്കുന്നു – ഇതാണ് ഷെഹ്നായി മുഴങ്ങുമ്പോൾ എന്ന നോവലിന്റെ കഥാതന്തു.”

നോവലിനെക്കുറിച്ച് നോവലിസ്റ്റ് ഇങ്ങനെ പറയുന്നു

“വളരെ അപൂർവമായ കഥാതന്തു ആണ് ഇതിന്റെ പ്രത്യേകത. ഇന്നത്തെ ജനങ്ങളുടെ മനസ്സിൽ പല വികാരങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന സത്യം ഉൾക്കൊണ്ടുകൊണ്ട് വേണം ഈ നോവലിനെ സമീപിക്കാൻ. എന്നാൽ 90 കാലഘട്ടത്തിലെ ജനങ്ങളിൽ ഉണ്ടായിരുന്ന പല വികാരങ്ങളുടെയും ഓലത്തള്ളൽ ഇതിൽ കാണാം. സ്ത്രീകളുടെ ശബ്ദത്തിന് കുടുംബജീവിതത്തിൽ എത്രത്തോളം വിലയുണ്ടായിരുന്നു എന്നത് ഈ നോവലിൽ കാണാം. കലാകാരന്മാരും മനുഷ്യരാണ് അവർക്കും വികാരവിചാരങ്ങൾ ഉണ്ട്, ചിലരുടെ ചിന്താഗതികൾ സഹജീവികൾക്ക് ഊഹിക്കാൻപോലും കഴിയാത്ത തലങ്ങളിൽ വിഹരിക്കുന്നു എന്നതാണ് വാസ്തവം. ഈ നോവൽ ഒരു വ്യത്യസ്ത അനുഭവം തന്നെയായിരിക്കും എന്നും നോവലിസ്റ്റ് കൂട്ടിച്ചേർത്തു.

180 ഓളം പേജുകൾ ഉള്ള ഈ നോവൽ പ്രേംരാജ് കെ കെ തന്നെയാണ് പ്രസിദ്ധീകരിക്കുന്നത്. കൂടാതെ ഇതിന്റെ ഇംഗ്ലീഷിലുള്ള വിവർത്തനവും ചെയ്തിരിക്കുന്നത് നോവലിസ്റ്റ് തന്നെയാണ്. “When Shehnayi Sounds ” എന്നാണ് ഇംഗ്ലീഷിലുള്ള ഈ പുസ്തകത്തിന്റെ പേര്. അടുത്ത മാസം (ജൂലൈ 2024 )  ഈ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നതോടെ ഓൺലൈനിലും ഈ പുസ്തകം വാങ്ങാവുന്നതാണ്.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*