ഓർമ്മയിലൊരു വസന്തം
………………………………………
അവലോകനം
………………………
ജീവിതാനുഭവങ്ങൾ അക്ഷരങ്ങളായി മാറുമ്പോൾ ഓരോ എഴുത്തുകാരനും അനുഭവിക്കുന്ന ആത്മ സംതൃപ്തി പറഞ്ഞറിയാക്കാനാവാത്ത വിധമാണ്. ഡോ. പ്രേം രാജ് . കെ.കെ യുടെ “ഓർമ്മയിലൊരു വസന്തം” എന്ന നോവൽ ഓരോ വായന കാരനെയും കലാലയ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുപോകുന്നു. പതിനാറ് അധ്യായങ്ങൾ അടങ്ങിയ ഈ നോവൽ വായനകാരനെ പിടിച്ചിരുത്തുന്ന വിധത്തിൽ വളരെ ലളിതമായും, നർമ്മത്തിലൂടെയും എഴുതപ്പെട്ടിരിക്കുന്നു.
ഏതൊരു വ്യക്തിയുടെയും ബാല്യ- കൗമാര കാലഘട്ടത്തിലെ സൗഹൃദങ്ങൾ എപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒന്നാണ്. “സുഖമുള്ള സൗഹൃദങ്ങൾ ” എന്ന അധ്യായത്തിൽ രോഗബാധിതനായി ആശുപത്രി കിടക്കയിൽ കിടക്കുന്ന പ്രകാശ് എന്ന കഥാപാത്രം , അവന്റെ കൗമാര കാലത്തെ സുഹൃത്തുക്കളായ സുരേഷിനെയും മണിയെയും കണ്ടപ്പോൾ അത്യധികം സന്തോഷിക്കുകയും, രോഗ ദുരിതങ്ങൾ മറന്ന് പഴയ കാല ഓർമ്മകൾ പങ്കുവെയ്ക്കുന്നത് ഏതൊരു വായനകാരനെയും കുളിരണിയിക്കുന്നു. എഴുത്തിനെ വളരെയധികം സ്നേഹിക്കുന്നവർ, സ്വന്തം അനുഭവങ്ങൾ കുത്തി കുറിയ്ക്കുവാൻ സമയം കണ്ടെത്തുന്നു. ഈ നോവലിലെ പ്രകാശ് എന്ന കഥാപാത്രം ജീവിതത്തിനും മരണത്തിനും ഇടയിലൂടെ സഞ്ചരിക്കുകയും, ഒടുവിൽ തിരിച്ചു കിട്ടിയ ജീവിതം എഴുത്തിലൂടെ മുന്നേറാം എന്ന തീരുമാനമെടുക്കുകയും ചെയ്യുന്നു.
ഇന്നത്തെ യുഗത്തിൽ സമൂഹ മാധ്യമങ്ങൾ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. പ്രകാശ് എന്ന കഥാപാത്രം , തന്റെ രോഗ ദുരിതങ്ങൾ തമാശയായി കാണുകയും മറ്റുള്ളവരുടെ സുഖ വിശേഷങ്ങളിൽ സന്തോഷിക്കുകയും ചെയ്യുന്നതിലൂടെ ഒരു നല്ല മനസ്സിനുടമയെ വായനകാർക്കു പരിചയപ്പെടുത്തുന്നു.
കുടുംബ സംഗമങ്ങൾ എല്ലായ്പ്പോഴുംസൗഹൃദത്തിന്റെ ഓർമ്മകൾ പുതുക്കുന്നു. പ്രകാശ് എന്ന കഥാപാത്രം രോഗ ദുരിതത്തെ അവഗണിച്ചു കുടുംബ സംഗമത്തിൽ പങ്കെടുക്കുകയും,ആ നിമിഷങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നതിലൂടെ സ്നേഹത്തിന്റെ കെട്ടുറപ്പ് എത്രമാത്രം എന്ന ധാരണ വായനകാരിൽ ഉണരുന്നു. സാഹിത്യത്തോടുള്ള അതിയായ ആഗ്രഹത്താൽ പ്രകാശ് രോഗത്തെ വകവയ്ക്കാതെ കാസർഗോഡേക്ക് യാത്ര തിരിക്കുകയും സാഹിത്യ സംഗമത്തിൽ പങ്കെടുത്തു. അതിനിടയിൽ, ആത്മ സുഹൃത്ത് മരിച്ചതറിഞ്ഞ് അവനെ ഒരു നോക്ക് കണാൻ വെമ്പുന്ന മനസ്സ്, ഒരു നല്ല സാഹിത്യകാരൻ വ്യക്തി ബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നു എന്നു വായനകാരെ ഓർമ്മപ്പെടുത്തുന്നു.
മോശമല്ലാത്ത ഡിഗ്രി എന്ന അധ്യായം പാരലൽ കോളേജും, ഗവൺമെന്റ് കോളേജും റാഗിംഗിൽ എങ്ങനെ എന്ന് അവതരിപ്പിക്കുന്നു. ഡിഗ്രി കാലഘട്ടം, വിദ്യാഭ്യാസത്തിൽ ഒരു തീരുമാനമെടുക്കേണ്ട കാലമാണെന്നും, വിവിധ അധ്യാപകരുടെ അധ്യാപന ശൈലി എങ്ങനെ ഒരു വ്യക്തിയെ പഠനത്തിനോട് കൂടുതൽ അടുപ്പിക്കുന്നു വെന്നും, പഠനത്തിൽ താല്പര്യം കുറഞ്ഞ വിദ്യാർത്ഥികൾ വിവാഹത്തിലേക്കു തിരിയുന്നതും ഈ അധ്യായത്തിൽ കാണാം.
തൊഴിലിനു പ്രാധാന്യം നൽകി വേണം പുതിയ കോഴ്സ് തെരഞ്ഞെടുക്കുവാൻ എന്ന കാര്യം ” അടുത്ത കടമ്പയിലൂടെ ” എഴുത്തുകാരൻ വായനകാരെ ധരിപ്പിക്കുന്നു. ഏത് കോഴ്സ് പഠിച്ചാലും മലയാള ഭാഷ കൈവെടിയരുത് എന്ന് ഡോ. പ്രേംരാജ് കെ. കെ വായനകാരെ ഓർമ്മപ്പെടുത്തുന്നു.
ഓരോരുത്തരും സ്വന്തം ഭാവി കെട്ടിപടുക്കുവാൻ ശ്രമിക്കണമെന്നും, ടെക്നിക്കൽ കോഴ്സുകൾക്ക് പ്രാധാന്യം കൊടുക്കണമെന്നും, ചില ഭവനങ്ങളിൽ ഇപ്പോഴും പഠിക്കുവാൻ വേണ്ടി നാട്ടു പണിക്കു പോകുന്ന വിദ്യാർത്ഥികളുടെ ഒരു പ്രതിനിധിയായി സുമേഷ് എന്ന കഥാപാത്രത്തെ എഴുത്തുകാരൻ “ആരാകണം ? ” എന്ന അധ്യായത്തിലൂടെ സൂചിപ്പിക്കുന്നു.
വ്യക്തികൾ അതാതു സമയത്തു തീർക്കേണ്ട പ്രവർത്തികൾക്ക് പ്രാധാന്യം നൽകണമെന്നും, അല്ലെങ്കിൽ ജീവിതം തന്നെ ഒരു പുലിവാൽ ആകുമെന്ന് ” ചില കീറാമുട്ടികൾ ” എന്ന അധ്യായത്തിലൂടെ എഴുത്തുകാരൻ വിശദീകരിക്കുന്നു. സൗഹൃദവും, പഠനവും ഒരുമിച്ചു കൊണ്ടുപോവാം, അതിനിടയിൽ നേരം പോക്കിനായുള പ്രണയത്തിന് പ്രാധാന്യം നൽകാതെ സ്വന്തം കാൽക്കലേക്ക് ചൂട്ട് പിടിക്കാനാണ് എഴുത്തുകാരൻ പരോക്ഷമായ് വായന കാരനോട് ആഹ്വാനം ചെയ്യുന്നത്.
സ്കൂൾ കോളേജ് പരിസരത്ത് ഒറ്റപ്പെട്ടു കിടക്കുന്ന കെട്ടിടങ്ങൾ എല്ലായ്പ്പോഴും സാമൂഹിക ദ്രോഹികളുടെ വാസസ്ഥലമാണ്. “സങ്കേതം ” എന്ന അധ്യായത്തിലൂടെ അത്തരമൊരു ചുറ്റുപാടിലൂടെ കുറച്ചു വിദ്യാർത്ഥികൾ അറിയാതെ എത്തിപ്പെടുന്നതും , പിന്നീട് ചില സുഹൃത്തുക്കളുടെ സംയോജിത ഇടപെടൽ അവരുടെ കണ്ണു തുറപ്പിക്കുന്നു. പഠന കാര്യത്തിൽ സുഹൃത്തുക്കളുടെയും, അധ്യാപകരുടെയും പരസ്പര സഹായം എന്നിവ പരമാർശിക്കുന്നു.
കോളേജ് കാലഘട്ടത്തിലെ വിദ്യാർത്ഥികളുടെ ഇടയിൽ പരീക്ഷയോടടുപ്പിച്ച് പുസ്തകങ്ങൾ അന്വേഷിക്കുന്നതും , പഠനത്തിൽ ഉഴപ്പി സിനിമയോടുള്ള താല്പര്യം വരുന്നതും , ഒടുവിൽ അതിനു വേണ്ടി പ്രയത്നിക്കും എന്ന പ്രകാശ് കഥാപാത്രത്തിന്റെ ഉറച്ച തീരുമാനം പ്രശംസനീയം തന്നെ.
നഷ്ടവും, ലാഭവും കണക്കുകൂട്ടി ജീവിക്കുവാൻ കുറച്ചു പ്രയാസമാണ് എന്ന ചിന്ത” ബാലൻസ് ഷീറ്റ് ” എന്ന അധ്യായം നമ്മെ ധരിപ്പിക്കുന്നു. എല്ലാ കാലത്തും വ്യക്തികൾ സൗഹൃദം പങ്കിടുവാൻ ആൽമരചുവട് ആഗ്രഹിക്കുന്നു എന്ന് എഴുത്തുകാരൻ എടുത്തു പറയുന്നു
” ട്രയൽ ബാലൻസ് ” എന്ന അധ്യായത്തിൽ പഠന കാലത്തുണ്ടാകുന്ന സുഹൃത്തുക്കളുടെ പ്രണയം, അത് യാഥാർത്ഥ്യമാവാൻ സാധ്യതയില്ല എന്ന മുൻകരുതലോടെ സ്വന്തം ജീവിത ലക്ഷ്യം മറന്നു പോകരുതെ എന്ന തത്വം വായന കാരനെ ഓർമ്മപ്പെടുത്തുന്നു.
ഓരോ വ്യക്തിയും വിദ്യാഭ്യാസം നേടുന്നത് നല്ലൊരു വ്യക്തിയായി സമൂഹത്തിനും , രാഷ്ട്രത്തിനും ഒരു മുതൽ കൂട്ടാവണമെന്നും “സാമ്പത്തിക ശാസ്ത്രം ” എന്ന അധ്യായത്തിലൂടെ എഴുത്തുകാരൻ വായനകാരനെ ധരിപ്പിക്കുന്നു.
ജീവിതത്തിൽ എല്ലാ കാര്യത്തിനും ആസൂത്രണം ഉണ്ടായിരിക്കുകയും, സ്വന്തം ജീവിതം ദു:ശീലങ്ങളിൽ അകപ്പെടാതെ മുന്നേറണം എന്ന് ” ഒരാസൂത്രണം” നമ്മെ ധരിപ്പിക്കുന്നു.
” റിവിഷൻ ക്ലാസ് ” കൗമാര കാലഘട്ടത്തിലെ വിദ്യാഭ്യാസ ജീവിതവും, “സിസ് ലർ ബാർ ” ചെറുപ്പത്തിന്റെ ആവേശത്തിൽ മദ്യത്തിനടിമയാകുന്ന വിദ്യാർത്ഥികളെക്കുറിച്ചും , അതിന്റെ ദൂഷ്യഫലങ്ങളും സൂചിപ്പിക്കുന്നു. കൂടാതെ അമ്മ നഷ്ടപ്പെട്ട പ്രകാശ് എന്ന കഥാപാത്രം അചഛന്റെ രണ്ടാം വിവാഹം അറിഞ്ഞ് ഇതികർത്തവ്യമൂഢനായി തീർന്നു. പോറ്റമ്മ ഒരിക്കലും പെറ്റമ്മയക്ക് തുല്യമല്ല എന്ന പ്രകാശിന്റെ ചിന്ത വായനകാരനെ ഈറനണിയിക്കുന്നു.
ഓരോരുത്തരുടെയും ജീവിതം പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ഒരു ഇടവേളയിൽ സൗഹൃദങ്ങൾ നിറങ്ങളായി മാറുന്നു. കാലക്രമേണ നിറങ്ങൾ മങ്ങുന്നു. ഒരു മിച്ചൊഴുകുന്ന മരകഷ്ണങ്ങൾ വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ച് വിട്ടകലുന്നു. മനോഹരമായ ചിന്തകൾ നിറഞ്ഞു നിൽക്കുന്ന ഡോ. പ്രേം രാജ് കെ.കെ യുടെ ഈ നോവൽ എന്നും വായനകാരുടെ മനസ്സിൽ ഒളിമങ്ങാതെ നിൽക്കട്ടെ
രഞ്ജിത . വി.കെ
കോഴിക്കോട്

Leave a Reply