Radha Promod writing about “Suloshowa Diary” Short story collection

പ്രേംരാജ് കെ കെ യുടെ സുലോഷോവ ഡയറി എന്ന കഥ സമാഹാരത്തിന്റെ വായനാനുഭവം

പങ്കുവെക്കുന്നത് : രാധ പ്രമോദ്.

വായന പോലെ തന്നെ എഴുത്തും നിരന്തരമായ നവീകരണമാണ്. എഴുത്തുകാരൻ നിരന്തരം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു……… ആ നവീകരണത്തിൻ്റെ അടയാളങ്ങൾ വിഷയ സ്വീകരണം മുതൽ അവതരണം വരെയുള്ള ഓരോ ഘട്ടത്തിലും , 

അയാളെ പിൻതുടരുന്ന വായനക്കാരന് അനുഭവവേദ്യമാവും.

ഒരു കഥാകാരനെ സംബന്ധിച്ചിടത്തോളം ഈ മാറ്റം കഥയെഴുത്തിനെ കൂടുതൽ ഏകാഗ്രവും ഏകതാനവുമായ പ്രക്രിയയാക്കി മാറ്റുന്നു.

പ്രേംരാജ് കെ കെ  യുടെ ‘സുലോഷോവ ഡയറി ‘ എന്ന  ഏറ്റവും പുതിയ കഥാസമാഹാരം വായിച്ചപ്പോൾ പ്രേംരാജിൻ്റെ കഥയെഴുത്തിൻ്റെ ആദ്യകാലം മുതൽ പിൻതുടരുന്ന വായനക്കാരി എന്ന നിലയിൽ എനിക്ക് തോന്നിയത് ഈ നവീകരണ പ്രക്രിയ പ്രേം രാജിൻ്റെ കഥകളിൽ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നാണ് .

പതിനഞ്ച് കഥകൾ, പതിനഞ്ച് കഥസ്ഥലികൾ. ജർമ്മനിയും അലാസ്കയും ജാഫ്നയും ചെന്നൈയും ബാംഗ്ലൂരും കേരളവുമെല്ലാം കഥകൾ മുളച്ചു വന്ന കഥയിടങ്ങൾ……  തുറന്നു വെച്ച കണ്ണും മനസ്സും കൊണ്ട് അളന്നെടുത്ത ജീവിതാവിഷ്ക്കാരങ്ങൾ ……… മിക്ക കഥകളിലും ഒരു പ്രവാസി മലയാളിയെ കണ്ടെത്താൻ കഴിയും എന്നതാണ് ഒരു യാഥാർഥ്യം …….

കഥാപാത്രങ്ങളുടെ ആത്മാവിഷ്ക്കാരങ്ങളാണ്,”സുലോഷോവ ഡയറി’; ‘ആരെ കൊത്ത്യാലും പോരേല്ലേ?’ , ‘ഓലച്ചാത്തൻ’ ‘ബിഗിച്ച് ടവേഴ്സ്’, ‘വരയായ് വർണമായ്’  തുടങ്ങിയ കഥകളെല്ലാം തന്നെ…… …..

കഥാകാരൻ്റെ ഉള്ളിലെ പാരിസ്ഥിതിക ബോധം എടുത്തു പറയേണ്ട വസ്തുതയാണ്. പ്രകൃതിയും കൃഷിയും മിക്കവാറും  കഥകളിൽ വിഷയമായി വരുന്നുണ്ട്  എന്നത് കഥകളുടെ  സമകാലിക പ്രസക്തി വ്യക്തമാക്കുന്നു.

ബാല്യകാലാനുഭവങ്ങളുടെ തീഷ്ണമായ ഓർമ്മകളാണ്  ലോഗ് ബുക്ക് ഓലച്ചാത്തൻ , നീങ്കളെ കൊത്ത്യാലും തുടങ്ങിയ കഥകളെ മനോഹരമാക്കുന്നത്.

പ്രേം രാജിൻ്റെ കഥകളിലെ ദൃശ്യപരത കഥയ്ക്ക് കൂടുതൽ ആകർഷണീയത നൽകുന്നുണ്ട്

പൂക്കൾ, പഴങ്ങൾ കൃഷിയിടങ്ങൾ , കിളികൾ ,വർണപ്പൂക്കൾ ചൂടിയ മരങ്ങൾ, പൂമ്പാറ്റകൾ … അങ്ങനെ……വരയെ ഏറെ  ഇഷ്ടപ്പെടുന്ന കഥാകാരൻ്റെ, വർണാഭമായ ക്യാൻവാസ്  കഥകളെ ഏറെ മനോഹരമാക്കുന്നു.

‘മോചനദ്രവ്യം’, ‘ലിവിംഗ് വിൽ  ,’ തുടങ്ങിയ കഥകൾ സ്ത്രീ മനസ്സുകളുടെ ആധിയും ഒറ്റപ്പെടലും വരച്ചു കാട്ടുന്നുണ്ട്…

ഈ സമാഹാരത്തിലെ ഹൃദയത്തെ കീഴടക്കുന്ന കഥ’ ‘ലിവിംങ് വിൽ ‘ ആണെന്നു പറയാം

ആർക്കും വേണ്ടാതാവുന്ന മനുഷ്യരുടെ നിലവിളികൾ ഒരു വാർത്തയല്ലാതാവുന്ന കാലമാണല്ലൊ ഇത് …..

എഴുത്ത് ഒരു  ഉത്തരവാദിത്വം കൂടിയാണല്ലൊ. വെകിളിപിടിച്ച് ഓടുന്ന മനുഷ്യർക്ക് ഒരു തിരിഞ്ഞുനോട്ടത്തിന് പ്രേരിപ്പിക്കുന്നതാവണം

ഓരോ എഴുത്തും എന്നു തിരിച്ചറിഞ്ഞ കഥാകാരനെ ‘സുലോഷോവ ഡയറി’ എന്ന കഥാസമാഹാരത്തിലെ ഓരോ കഥയിലും കണ്ടെത്താൻ കഴിയും.

നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന പ്രകൃതിഭംഗികളെ, കൃഷിയിടങ്ങളെ, മനുഷ്യനന്മയെ പുന:സൃഷ്ടിക്കാൻ പ്രേംരാജിലെ കഥാകാരന് കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ് സുലോഷോവ ഡയറി’യെ വേറിട്ട വായനാനുഭവമാക്കുന്നത്.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*