ഉൽക്ക – പ്രേംരാജ് കെ കെ യുടെ ബാലനോവലിനെ കുറിച്ച്
ഉൽക്ക എന്ന ബാല നോവൽ വായിച്ചു , അതീവ ഹൃദ്യം എന്ന് പറയേണ്ടുന്ന കൃതി തന്നെയാണ് ഇത്. നോവലിനെ കുറിച്ച് പറയുന്നതിനു മുമ്പ് ചില കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.
കഥാകാരനെക്കുറിച്ച് :
വ്യത്യസ്തതരം കഥകൾ രചിച്ച കഥാകാരനാണ് പ്രേംരാജ് കെ കെ . ഇതിനു മുമ്പ് പ്രസിദ്ധീകരിച്ച നൂറോളം കഥകൾ ഓരോന്നും കഥാ കദന രീതികൊണ്ടും കഥ തന്തുകൊണ്ടും വ്യത്യസ്തമാണ്. അതുപോലെ നോവലുകളും അങ്ങിനെതന്നെ. കായവും ഏഴിലം പാലായും എന്ന നോവൽ ഒരു ഗ്രാമവും അവിടുത്തെ ജനങ്ങളുമാണ് പ്രധാന വിഷമെങ്കിൽ ഷെഹ്നായി മുഴങ്ങുമ്പോൾ അത് തീർത്തും മാറിയിക്കുന്നു. അതിൽ പറയുന്നത് ബോംബെ നഗരവും അവിടുത്തെ ഒരു പാഴ്സി കുടുംബവുമാണ്. എന്നാൽ ഓർമ്മയിലൊരു വസന്തം എന്ന നോവലിലേക്കെത്തുമ്പോൾ തൊണ്ണൂറുകളിലെ ഒരു പാരലൽ കോളേജാണ് പശ്ചാത്തലം. അതിന് നിന്നും വിഭിന്നമായി നമ്മൾ എത്തപ്പെടുന്ന ലോകമാണ് ഉൽക്ക എന്ന ബാല നോവലിൽ. കഥ പറയുന്നതിൽ ഇത്തരം വ്യത്യസ്തതകളാണ് പ്രേംരാജ് കെ കെ യുടെ കഥകളിലെ മേന്മയും സൗകുമാര്യതയും. ലളിതമായ കഥാ കദന രീതിയും അപ്രതീക്ഷിതമായ വഴിത്തിരുവുകളും കൊണ്ട് വായനക്കാരെ തന്റെ കഥകളിലേക്ക് അടുപ്പിക്കുവാനുള്ള പ്രേംരാജ് കെ കെ യുടെ കഴിവ് എടുത്തു പറയേണ്ടുന്നതുതന്നെയാണ്. ഏതു തരത്തിലുമുള്ള പശ്ചാത്തലവും തന്റെ കഥകൾക്ക് വിളനിലമാണ് എന്ന് തെളിയിക്കുന്ന രചനകളാണ് പ്രേംരാജ് കെ കെ യെ എഴുത്തിന്റെ മേഖലയിലെ ഒറ്റയാനാകുന്നത്. ഇതിനകം നൂറോളം കഥകളെഴുതിയ ഈ കഥാകാരന്റെ ചിന്തകളുടെ വ്യാപ്തി അനിർവചനീയമാണ്. ഒരു വായനക്കാരനും പ്രവചിക്കാൻ കഴിയാത്തതാണ് ഈ കഥാകാരന്റെ ചിന്തകൾ വ്യാപരിക്കുന്ന ഇടങ്ങൾ.
ഉൽക്ക – കുട്ടികളിലെ ഉണർവിന്റെയും ബുദ്ധികൂർമ്മതയുടെയും വെളിച്ചം
കാട്ടിലെ ആനയുടെയും കുറുക്കന്റെയും അതുപോലെ നാട്ടിലെ പട്ടിയുടെയും പൂച്ചയുടെയും മറ്റും കഥകൾക്ക് ഇന്നും വായനക്കാരുണ്ട് എന്നതിൽ സംശയമില്ല. അവയുടെ കുസൃതികൾ കേൾക്കുവാനും അവയോടൊത്ത് സഞ്ചരിക്കുവാനും കൊതിക്കുന്ന മനസ്സുകളുണ്ട്. എന്നാൽ “ഉൽക്ക ” വായിക്കുന്നതോടെ നിങ്ങൾ ഇതിലെ കുട്ടികളോടൊപ്പം കൂട്ടുകൂടാൻ ആഗ്രഹിക്കാൻ തുടങ്ങും എന്നതാണ് ഉൽക്ക എന്ന നോവലിനെക്കുറിച്ച് ആദ്യമേ പറയാനുള്ളത്. കൊച്ചിയിൽ രണ്ടു കടുംബങ്ങൾ അയൽവാസികളായ ഒത്തുചേരുന്ന നാടകീയ മുഹൂർത്തം തന്നെയാണ് ഇതിലെ കുട്ടികളുടെ സൗഹൃദത്തിന് തുടക്കം കുറിക്കുന്നത്. അജിത്ത് എന്ന കഥാപാത്രം “ഉൽക്ക” കൈയിൽ ലഭിച്ച ശേഷം അമേരിക്കയിലേക്ക് പോകുന്നു, അതിനുശേഷം കുറെ വർഷങ്ങൾക്ക് ശേഷമാണ് കൃഷ് എന്ന കുട്ടി കഥാപാത്രം വായനക്കാരുടെ മുന്നിൽ അവതരിക്കുന്നത്. അന്ന് അത് സാളഗ്രാമം ആയിരുന്നെങ്കിൽ കുട്ടികൾക്ക് മുന്നിൽ അത് ഉൽക്കയാണ്. അതിനാലാണ് കൃഷിനും കൂട്ടുകാർക്കും അതിനോട് താല്പര്യം തോന്നുന്നത്. ശാസ്ത്ര കുതുകികളായ ഈ കുട്ടികൾ ആ ഉൽക്കയെ കുറിച്ച് കൂടുതൽ പഠിക്കാനുറച്ചു, എന്നാൽ അത് കാണാതെ പോയി അല്ലെങ്കിൽ മോഷണം പോയി. അപ്പോഴാണ് കൃഷ് എന്ന കുട്ടി ശരിക്കുമൊരു കുറ്റാന്വേഷകനാകുന്നത്. ബഡായി കഥകളുടെ നിർമ്മാതാവായ രൂപേഷിന് ഇതിൽ വലിയൊരു കൈയുണ്ട്. അങ്ങനെ ആശുതോഷ് എന്ന കുട്ടിയും ചേരുന്നതോടെ അന്വേഷണ സംഘം രൂപീകരിക്കുന്നു, ഇവരുടെ കൂടെ വേറെയും കുട്ടികൾ ചേർന്നു. ഈ കുട്ടി അന്വേഷണസംഘം എത്തിച്ചേർന്നത് ശാത്രീയമായ അന്വേഷണ ഘട്ടത്തിലാണ്, അതിനായി പ്രത്യക്ഷമായും പരോക്ഷമായും ചിയ മുതിർന്നവരും . മോഷണം പോയ ഈ ഉൽക്കയെ കണ്ടെത്താൻ അവർ ശാത്രീയമായ തെളുവുകൾ കണ്ടതെന്നതോടൊപ്പം ശാത്രീയമായ പരീക്ഷണ – നിരീക്ഷണങ്ങളും നടത്തുന്നു. ഈ കുട്ടികളുടെ അന്വേഷണ പാടവം വിളിച്ചറിയിക്കുന്ന രംഗമാണിത്. ഒടിവിലവർ ആ ഉൽക്ക മോഷ്ടിച്ച ആൾക്കാരെയും കണ്ടെത്തുന്നു എന്ന് മാത്രമല്ല അവരെ നിയമത്തിന്റെ മുന്നിൽ എത്തിക്കുകയും ചെയ്യുന്നു.
ഇതിൽ എടുത്തു പറയേണ്ടുന്ന ചില കാര്യങ്ങൾ , കുട്ടികളുടെ അന്വേഷണ പാടവം തന്നെ. അവരുടെ സൗഹൃദവും കാര്യങ്ങൾ പഗ്രഥിക്കുക വിഷയങ്ങൾ ചർച്ച ചെയ്യുക കൂട്ടായ തീരുമാനങ്ങൾ എടുക്കുക എന്നൊക്കെയുള്ളത് ഇപ്പോഴത്തെ കുട്ടികൾ മനസ്സിലാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടുന്ന സ്വഭാവ സവിശേഷതകൾ ആണെന്നുള്ളതാണ്. മാതാ പിതാക്കളോടും ഗുരുജനങ്ങളോടും വിഷയങ്ങൾ തുറന്നു സംസാരിക്കുക അതിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കുക എന്നൊതൊക്കെ എടുത്തു പറയേണ്ടുന്ന കാര്യങ്ങൾ തന്നെയാണ്. മുഖാന്ധത എന്ന വൈകല്യത്തെ തരണം ചെയ്തുകൊണ്ട് ഈ അന്വേഷണ സംഘത്തിന്റെ ബുദ്ധികേന്ദ്രമാവുകയാണ് കൃഷ് എന്ന കൊച്ചു കുട്ടി. അതുപോലെ നമ്മൾ ശ്രദ്ധിക്കാതെപോകുന്ന ചില വസ്തുക്കളാണ് ഇവർക്ക് മോഷണത്തിന്റെ തെളിവായി കണ്ടെത്തുന്നത്. ആ ചെറിയ തെളിവുകളിലൂടെ പിടിച്ചുകയറി മോഷ്ടാക്കളിലേക്ക് എത്തിച്ചേരുന്ന ഇവർ വായനക്കാരെ അതിശയിപ്പിക്കും.
കഥാപാത്രങ്ങൾ :
ഈ നോവലിലെ കഥാപാത്രങ്ങളെ സൃഷ്ഠിക്കുന്നതിൽ കഥാകാരൻ അവലംബിച്ച രീതി മനോഹരമാണ്. ഓരോ കഥാപാത്രത്തിനും അവരുടേതായ റോൾ ഉണ്ട്. രംഗം വികൃതമാക്കാതെ തന്മയത്വത്തോടെ വരികളിലേക്ക് കടന്നുവരികയും തന്റെ വ്യക്തിത്വം നിനനിർത്തി കടന്നുപോവുകയും ചെയ്യുന്നു. അതിനാൽ അവർ അരോചകമാകുന്നില്ല എന്നതാണ് വാസ്തവം. അജിത്ത് എന്നയാൾ അമേരിക്കയിലേക്ക് പോകുന്നതിനു മുമ്പും ശേഷവും പ്രധാനപ്പെട്ട കഥാപാത്രം തന്നെയാണ്. വളരെ പക്വതയുള്ള മനുഷ്യൻ, അദ്ദേഹത്തിന്റെ ഭാര്യയും ചിലയിടത്തൊക്കെ വന്നുപോകുന്നുണ്ട്. അതുപോലെ ജിതിൻ , ജാനകി – കൃഷ്ണദാസ് / ശ്രീപ്രഭ എന്നിവരുടെ മാതാപിതാക്കൾ അരോചകമാകാതെ വായനക്കാരുടെ മനസ്സിൽ കയറുന്നു. അന്ത്രുവും മമ്മദും രസകരമായ വായനാ നിമിഷങ്ങൾ നൽകുന്നു. ഈ നോവലിന്റെ ആദ്യം കാണുന്ന സ്വാമി പിന്നീട് തനി സ്വരൂപം പുറത്തുകാണിക്കുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടുപോകുന്ന രീതിയിലാണ് കഥയുടെ ഒഴുക്ക്. ഏതായാലും ഇതിലെ കഥാപാത്രങ്ങളെല്ലാം വായനക്കാർക്ക് വിരുന്നൊരുക്കും എന്നതിൽ തർക്കമില്ല.
ഏതായാലും വളരെ വായനാസുഖം തരുന്നതും ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്നതുമായ ബാല സാഹിത്യം തന്നെയാണ് പ്രേംരാജ് കെ കെ യുടെ ഉൽക്ക. കുറെയധികം കൈകളിലൂടെ ഈ കൃതി യാത്രചെയ്യട്ടെ എന്നും അനേകം വായനക്കാരുടെ പ്രിയ പുസ്തകമാകട്ടെ എന്നും ആഗ്രഹിക്കുന്നു അതിനായി ആശംസിക്കുന്നു.
സസ്നേഹം
ജയചന്ദ്രൻ കെ
കരിവെള്ളൂർ
Leave a Reply