Book Review by P Geetha – Book Ulka

അവലോകനം

കൃതി : ഉൽക്ക (ബാല നോവൽ)

അവലോകനം : ഗീത പി

നോവലിസ്റ്റ് : ഡോ. പ്രേംരാജ് കെ കെ

 ————–

പിറവം സ്വദേശി അജിത്ത് ഒരു എൻജിനീയർ ആണ്, അയാളിൽ നിന്നാണ് നോവൻ ആരംഭിക്കുന്നത്. അസമയത്ത് വീട്ടിൽ ഒരു കാവിവേഷധാരി കയറി വരുന്നു. ഉത്പതിഷ്ഠാനന്ദ എന്ന് സ്വയം പരിചയപ്പെടുത്തുന്നു. ഒരു മിനുത്ത കല്ല് സാളഗ്രാമമാണെന്ന് പറഞ്ഞ് അജിത്തിനെ ഏല്പിക്കാൻ ശ്രമിക്കുന്നു. വിശ്വാസിയല്ലാത്ത അജിത്ത് കൂട്ടാക്കാതെ വന്നപ്പോൾ അയാൾ തന്നെ അത് പൂജാമുറിയിൽ കൊണ്ട് വെക്കുന്നു. നിത്യവും പൂജിച്ചാൽ വീട്ടിൽ ഐശ്വര്യം ഉണ്ടാവുമെന്നും പറയുന്നു. പിന്നീട് വന്ന് തിരിച്ചെടുത്തോളാമെന്ന്  പറഞ്ഞ് അയാൾ സ്ഥലം വിടുന്നു.  യഥാർത്ഥത്തിൽ അയാൾ കൊണ്ടുകൊടുത്ത ആ കല്ല് തേടി ചിലരൊക്കെ അയാളെ പിൻതുടരുന്നുണ്ടായിരുന്നു എന്ന് വായനക്കാർ  പിന്നീടാണ് അറിയുന്നത്.   അന്ന് തന്നെ സഹോദരി ഒരു കുഞ്ഞിന് ജനം നൽകിയെന്ന വാർത്തയെത്തുന്നു. അജിത്ത് ജോലിചെയ്യുന്ന  കമ്പനിക്ക് അമേരിക്കയിൽ നിന്നുള്ള ഒരു പ്രോജക്ടിന്  അനുമതി ലഭിച്ചതോടെ അച്ഛനും അമ്മയും സാളഗ്രാമത്തെ വിശ്വസിക്കാനും ആരാധിക്കാനും തുടങ്ങി.

കാലം കടന്ന് പോയത് നാമറിയുന്നത് കൊച്ചിയിലെ വീട്ടിലേക്ക്  ജിതിനും ജാനകിയും മക്കളായ ക്രിഷ്ണദാസും (കൃഷ് എന്ന വിളിപ്പേര്) ശ്രീപ്രഭയും താമസം മാറി വരുന്നതായിട്ടാണ്.  മുഖാന്ധത എന്ന ജനിതക വൈകല്യമുള്ള  ക്രിഷിന് വിദ്യാഭ്യാസം ഒരു വെല്ലുവിളിയായിരുന്നു. ശൈശവദശയിലുള്ള ഒരു കുഞ്ഞ് മാതാപിതാക്കളെപ്പോലും തിരിച്ചറിയുന്നതിനെടുക്കുന്ന ബുദ്ധിമുട്ടിന് സമാനമായ അവസ്ഥയാണ് ക്രിഷ് നിരന്തരമായി നേരിടുന്നത് . തന്റെ അച്ഛനും സുഹൃത്തും ചേർന്ന് വികസിപ്പിച്ചെടുത്ത “റെക്കോ” എന്ന സാങ്കേതികവിദ്യയുടെ (ഒരു ഉപകരണം) സഹായത്തോടെ കൃഷ് തന്റെ വൈകല്യത്തെ മറികടക്കുന്നു.  മാത്രല്ല സഹപാഠികളുടെയും അധ്യാപകരുടെയും സഹാനുഭൂതി കൊണ്ടുകൂടിയാണ്.

കൃഷ് അടക്കമുള്ള  കൗമാരസംഘമാണ് പിന്നീട് കഥയെ സജീവമാക്കുന്നത്.  കൂടാതെ കൃഷിൻ്റെ സന്തത സഹചാരിയായ ഹാച്ചി എന്ന വളർത്തു നായയും. ആ നയക്കുട്ടിക്ക് കൃഷിന്റെ കൈകളിലേക്ക് ചെല്ലുന്നതും അവനു ഹാച്ചി എന്ന് പേര് ഉണ്ടായതിനെക്കുറിച്ചും കഥാകാരൻ വിവരിക്കുന്നുണ്ട്.

തൊട്ടടുത്ത വീട്ടിൽ താമസിക്കാനെത്തുന്ന  അമേരിക്കൻ റിട്ടേൺ അജിത്തിന്റെ കുടുംബവുമായി ക്രിഷും കുടുംബവും ഗാഢ സൗഹൃദത്തിലാവുന്നതോടെ കഥയുടെ ഗതിമാറുകയാണ്. കുറെ വർഷങ്ങൾക്ക് ശേഷമാണ് അജിത്ത് ഇന്ത്യയിലേക്ക് തിരികെ വരുന്നതും ആ അവന്യുയിൽ താമസമാക്കുന്നതും. അജിത്തിൻ്റെ കൈവശമുള്ള സാളഗ്രാമത്തെ ഉല്ക്കയെന്ന് കൃഷും കൂട്ടുകാരും  തെറ്റിദ്ധരിക്കുന്നു, അജിത്തിനെ അമേരിക്കൻ ചാരനായും ഉൽക്ക കടത്തിക്കൊണ്ടുവന്ന ആളാണ് രൂപേഷ് എന്നകുട്ടി കഥകൾ മെനെഞ്ഞുണ്ടാക്കുന്നു. കുട്ടികൾ ആ കല്ല് ശാസ്ത്രമേളയിൽ പ്രദർശിപ്പിക്കുവാൻ ആലോചിക്കുന്നു. എന്നാൽ ആ കല്ല് മോഷ്ടിക്കപ്പെടുന്നു. അതിന്റെ   സത്യം പുറത്തു കൊണ്ടുവരാൻ ഊർജ്ജിതാമ്പേഷണം തന്നെയാണ്  നോവലിന് ആകാംക്ഷാഭരിതമായ പരിസമാപ്തിക്ക് കാരണമാകുന്നത്.

വീടിനും സ്കൂളിനും വെളിയിൽ വിശാലമായ സമൂഹത്തിലേക്ക് അന്വേഷണത്വരയോടെ, നിരീക്ഷണ പാടവത്തോടെ അവർ ഇറങ്ങിച്ചെല്ലുകയാണ്. കപട സന്യാസികളുടെ മുഖംമൂടി വലിച്ചു ചീന്തപ്പെടുകയാണ്.

 കുട്ടികളിലെ ബുദ്ധിപരിമിതികളെ മാത്രംകൊണ്ട് അവരെ താഴ്ത്തിക്കെട്ടാതെ നൈസർഗ്ഗികമായ അവരുടെ സിദ്ധികളെ പോഷിപ്പിച്ചെങ്കിൽ മാത്രമേ ഉത്തമ പൗരന്മാരെ സൃഷ്ടിക്കാനാവൂ എന്ന സന്ദേശമാണ ഈ കൃതി മുന്നോട്ടു വെക്കുന്നത്. ഈ ഡിജിറ്റൽ ലോകത്ത് ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകൾ പഠനത്തിലും ആരോഗ്യ , ഗവേഷണ മേഖലകളിലും കൃഷിയിലുല്ലൊം ഫലപ്രദമാക്കുന്നതെങ്ങനെയെന്നും അവർ മനസ്സിലാക്കണം

  ലളിതമായ ഭാഷയിലൂടെ നാടകീയമായ മുഹൂർത്തങ്ങളിലൂടെ തികച്ചും യുക്തിഭദ്രമായ ഒരു പരിസമാപ്തിയിലേക്ക് നോവലിസ്റ്റ് കഥയെ എത്തിച്ചിട്ടുണ്ട്. മലയാള അക്ഷരങ്ങൾ പഠിച്ച് വായനയിലക്ക് കടക്കുന്ന കുട്ടികളുടെ കയ്യിലേക്ക് നിശ്ചയമായും എത്തേണ്ട ഒരു കൃതിയാണിതെന്ന് നിസ്സംശയം പറയാം.

നോവലിസ്റ്റ് പ്രേംരാജ് കെ കെ യ്ക്കും “ഉൽക്ക ” ബാലനോവലിനും എല്ലാവിധ വിജയാശംസകളും നേരുന്നു.

സ്നേഹപൂർവ്വം

പി.ഗീത

ബെംഗളൂരു

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*