ആസ്വാദനക്കുറിപ്പ്
രാധാ പ്രമോദ് വെങ്ങാട്ട്
കൃതി: ഉൽക്ക
രചയിതാവ് : പ്രേംരാജ് കെ കെ
കുട്ടികൾക്ക് വായിച്ച് ആസ്വദിക്കാൻ കഴിയുന്ന കൃതികളെയാണല്ലോ നാം പൊതുവേ ബാല
സാഹിത്യ വിഭാഗത്തിൽപ്പെടുത്തുന്നത് കുട്ടികൾ മാത്രമല്ല കുട്ടിത്തം കൈമോശം വരാത്ത മുതിർന്നവരും ഒരു പോലെ വായിച്ചാസ്വദിക്കുന്ന ഒട്ടേറെ രചനകൾ ബാലസാഹിത്യ വിഭാഗത്തിലുണ്ട്.
തീർച്ചയായും ആ ഗണത്തിൽപ്പെടുത്താൻ എന്തുകൊണ്ടും യോജ്യമായ കുട്ടികളുടെ നോവലാണ് ഉൽക്ക. ‘
ചെറുകഥകളിലൂടെയും നോവലുകളിലൂടെയും സർഗ്ഗപരമായ അടയാളപ്പെടുത്തലുകളിലൂടെ മലയാള സാഹിത്യത്തിൽ ഇടം നേടിയ പ്രേംരാജ് കെ കെ യുടെ പ്രഥമ ബാല നോവലാണ് ഉൽക്ക
കുട്ടികളുടേതായ ജിജ്ഞാസയും കൗതുകവും ഉണർത്തി വായനയെ ത്വരിപ്പിക്കുവാനുള്ള ആദ്യ ശ്രമം വിജയം കണ്ടു എന്ന് പറയാതെ വയ്യ…..
ഡിജിറ്റൽ മാധ്യമങ്ങളുടെ അടിമകളായി മാറി കഴിഞ്ഞിരിക്കുന്ന മഹാഭൂരിപക്ഷം വരുന്ന കുട്ടികളെ വായനയുടെ വിശാലവും വിശ്വസനീയവുമായ ലോകത്തേക്ക് തിരിച്ചു കൊണ്ടു വരിക എന്നത് പ്രതിബദ്ധതയുള്ള എഴുത്തുകാരൻ്റെ കൂടി ഉത്തരവാദിത്വമാണ്. കുഞ്ഞു മനസുകളെ വായനയിലേക്ക് ആകർഷിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് കഥാകൃത്ത് നോവൽ രചനയിലൂടെ സാധ്യമാക്കിയിട്ടുള്ളത്.
ബാലനോവൽ എന്ന നിലയിൽ മാത്രമല്ല. ഒരു അപസർപ്പക കഥ കൂടിയാണ് ഉൽക്ക എന്ന് നിസ്സംശയം പറയാം. അന്വേഷണ ത്വര കൂടുതലുള്ള കുട്ടികൾ പൊതുവേ ഇത്തരം കഥകളോട് കൂടുതൽ ആഭിമുഖ്യം പുലർത്തുന്നവരാണല്ലോ…. ആവേശം ജനിപ്പിക്കുന്ന കഥ ലാളിത്യത്തോടെ അവതരിപ്പിക്കുന്നു എന്നത് മാത്രമല്ല ഉൽക്കയുടെ പ്രത്യേകത കഥയുടെ രസച്ചരട് മുറിയാതെ അവസാനം വരെയുള്ള അവതരണവും എടുത്തു പറയേണ്ടതാണ്.
ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരാണ് കുട്ടികൾ . കഥാസന്ദർഭങ്ങൾ മികവാർന്ന ചിത്രങ്ങളിലൂടെ വരച്ചു കാട്ടുന്നുണ്ട് എന്നത് ഏറെ ശ്രദ്ധേയമായ വസ്തുതയാണ്. ‘പ്രോസോ പ്രാഗ്നോസിയ ( മുഖാന്ധത ) പോലുള്ള അസുഖങ്ങൾ, സാളഗ്രാമം, ഉൽക്കകൾ, പറക്കും തളിക തുടങ്ങിയ വസ്തുക്കളെ കുറിച്ചുള്ള അറിവുകൾ അങ്ങനെ കുട്ടികളുടെ അറിവിൻ്റെ ലോകം വിശാലമാക്കാനും ഈ കൃതിയിലൂടെ സാധിക്കുന്നുണ്ട്…… കുട്ടികളുടെ അറിവും ആസ്വാദനവും ഒരുപോലെ ലക്ഷ്യം വെക്കുന്ന കൃതി രചിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഈ മേഖലയിൽ പ്രേം രാജിൻ്റെ ആദ്യ ശ്രമം പാഴായില്ല എന്ന് നിസ്സംശയം പറയാം.
ബാലസാഹിത്യ മേഖലയിൽ കഥാകൃത്തിന് ധൈര്യപൂർവ്വം ഇനിയും തൂലിക ചലിപ്പിക്കാം എന്ന് കുട്ടികൾക്കുള്ള രചനകൾ വായിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ ഉറപ്പിച്ചു പറയാൻ കഴിയും..
രാധാ പ്രമോദ്
Leave a Reply