വായിച്ച് വളരാൻ മുതൽക്കൂട്ടായി ഒരു നോവൽ കൂടി.
പ്രേംരാജ് കെ കെ യുടെ “മന്ത്രിക്കുന്ന യന്ത്രങ്ങൾ ” എന്ന നോവലിനെക്കുറിച്ച് രാധാ പ്രമോദ് എഴുതുന്നു.
വായന ഒരു ശീലം എന്നതിനപ്പുറം അതൊരു ഊർജ്ജവും ശക്തിയുമാണ്.
നരജീവിതം സമ്മാനിക്കുന്ന ആധിവ്യാധികളെ സമചിത്തതയോടെ കാണാനും അറിവിനോടൊപ്പം ജീവിതം ആനന്ദം നിറഞ്ഞതാക്കാനും വായനയിലൂടെ സാധിക്കും… ഒരു നല്ല വായനക്കാരൻ , നിരന്തര വായനയിലൂടെ തന്നെത്തന്നെ പുതുക്കി കൊണ്ടിരിക്കുന്നു… നവീനമായ ആശയങ്ങളിലൂടെ ചിന്താധാരകളിലൂടെ വേറിട്ട രചനാതന്ത്രങ്ങളിലൂടെ എഴുത്തുകാരനും സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്നു… നോവൽ രചനയിൽ വേറിട്ടൊരു ചുവടുവെപ്പ് നടത്തിയ ശ്രീ പ്രേം രാജ് കെ കെ യുടെ “മന്ത്രിക്കുന്ന യന്ത്രങ്ങൾ ” എന്ന നോവലിനെ കുറിച്ചുള്ള എൻ്റെ വിചാരങ്ങളാണ് ഈ വായന ദിനത്തിൽ ഞാൻ പങ്കുവെക്കുന്നത്…. പ്രേംരാജിൻ്റെ മറ്റെല്ലാ രചനകളും വായിക്കാനുള്ള അവസരം ലഭിച്ച ഒരു വായനക്കാരി എന്ന നിലയിൽ , പ്രേംരാജ് എഴുത്തിൻ്റെ പുതിയ മേഖലയിലേക്ക് കടന്നിരിക്കുകയാണെന്ന് നിസ്സംശയം പറയാൻ കഴിയും. സാധാരണക്കാരായ മനുഷ്യരുടെ സാധാരണ ജീവിതമായിരുന്നു എഴുത്തുകാരൻ്റെ ആദ്യകാല രചനകൾക്ക് വിഷയമായിരുന്നത്… എന്നാൽ “മന്ത്രിക്കുന്ന യന്ത്രങ്ങൾ ” എന്ന നോവൽ ‘അപസർപ്പകനോവൽ’ വിഭാഗത്തിൽ പെടുന്ന തികച്ചും മിസ്റ്റിക്കൽ ത്രില്ലർ നിറഞ്ഞ നോവലാണ് .. കോട്ടയം പുഷ്പനാഥിൻ്റെയും ബാറ്റൺ ബോസിൻ്റെയും തോമസ് ടി അമ്പാട്ടിൻ്റെയും ക്രൈം ത്രില്ലർ നോവലുകൾ ആർത്തിയോടെ വായിച്ച കുട്ടിക്കാല ഓർമ്മകൾ ഉണർത്താൻ .പര്യാപ്തമായ തികച്ചും മന്ത്രികവും രഹസ്യാത്മകവുമായ കഥാതന്തുവിന് തികച്ചും അനുയോജ്യമായ, ഗൗരവമേറിയ രചനാശൈലി എടുത്തു പറയേണ്ട പ്രത്യേകതയാണ്…. വായനക്കാരൻ്റെ ആകാംക്ഷയെ ഉണർത്തി അവസാനം വരെ നിലനിർത്തുക എന്നത് ഏറെ പ്രയാസമേറിയ ദൗത്യമാണ് .. നോവലിസ്റ്റ് ആ ദൗത്യത്തിൽ പൂർണമായുംവിജയിച്ചിട്ടുണ്ട്…. നിഗൂഢവും അമാനുഷികവുമായ കഥ പറയുന്ന ഈ നോവൽ സർഗ്ഗ, സ്ഥിതി, ലയ എന്നിങ്ങനെ പ്രപഞ്ചത്തിൻ്റെ നിലനിൽപ്പും ചാക്രികതയുമായി ബന്ധപ്പെട്ട ദാർശനികമായ തത്വങ്ങളെ അടിസ്ഥാനമാക്കി മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.. പുരാതന മായൻ സംസ്കാരം മുതൽ പൗരാണികമായ അതീന്ദ്രിയ ശക്തികളെ കുറിച്ചുള്ള വിശ്വാസം വരെ നോവൽ രചനയ്ക്ക് വിഷയമായിട്ടുണ്ട് … തിന്മയ്ക്ക് മേൽ നന്മയുടെ വിജയം ( victory of Good over evil) എന്ന ആത്യന്തികമായ ലക്ഷ്യം എല്ലാ രാജ്യങ്ങളുടെയും തികച്ചും പൗരാണികമായ ആശയമാണ്. ഭാരതത്തെ സംബന്ധിച്ച് ഈ ഒരാശയവുമായി ബന്ധപ്പെട്ടുള്ള സാഹിത്യരചനകൾ ഏറെയുണ്ട്…. നമ്മുടെ അപസർപ്പക നോവലുകളെ സംബന്ധിച്ച് ഈ ഒരാശയത്തിന് ഏറെ പ്രാധാന്യമുണ്ട്.. തിന്മയക്ക് മേൽ നന്മയുടെ വിജയം തന്നെയാണ് ഈ നോവലിൻ്റെ ലക്ഷ്യവും. ഇന്ത്യയിലും വിദേശത്തുമായി നടക്കുന്ന കഥാസന്ദർഭങ്ങൾ വായനക്കാരനെ പിടിച്ചിരുത്താൻ ഉതകുന്ന രീതിയിൽ ആവിഷ്ക്കരിച്ചിട്ടുണ്ട് …
നിഗൂഢമായ മന്ത്ര തന്ത്രങ്ങൾ മനുഷ്യനെ ദ്രോഹിക്കാനല്ല, സഹായിക്കാനാണ് ഉപയോഗിക്കേണ്ടത് എന്ന പാഠം ഈ നോവൽ പകർന്നു നൽകുന്നു… മെക്സിക്കോയിൽ വെച്ച് നടക്കുന്ന ആദ്യഭാഗത്തെ സംഭവവികാസങ്ങൾ,’ സർഗ്ഗ ‘എന്ന ഭാഗത്തും ഗംഗയിലും കാശിയിലും കേരളത്തിലും വെച്ച് നടക്കുന്ന സംഭവങ്ങൾ ‘സ്ഥിതി ‘ എന്ന ഭാഗത്തും മഹിഷാകാട്ട് ഇല്ലത്ത് വെച്ച് നടക്കുന്ന പൂജകളും മന്ത്രങ്ങളും അതീന്ദ്രിയ ശക്തികളുടെ രംഗ പ്രവേശവും ഒടുക്കം ദുഷ്ടശക്തികളുടെ കീഴടങ്ങലും മൂന്നാം ഭാഗമായ ‘ലയ’ യിലുമായിട്ടാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ജിജ്ഞാസയുടെ രസച്ചരട് മുറിയാതെയുള്ള രചനാരീതി ഏറെ വൈവിധ്യം പുലർത്തുന്നു. സൂര്യ, ചന്ദ്ര, അച്ഛൻ മൂസത്, ഗബിയേൽ , സാറ , ജാനകിയമ്മ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം തന്നെ വ്യത്യസ്തമായ വ്യക്തിത്വം പുലർത്തുന്നവരാണെന്ന് കാണാം… മലയാളത്തിൽ അപസർപ്പക നോവൽ വിഭാഗത്തിൽ ഒരുപാട് രചനകളില്ലെങ്കിലും ഉള്ളവയെല്ലാം ഏറെ മികച്ചവയാണ്…. കൂടുതൽ എഴുത്തുകാരൊന്നും കടന്നു ചെല്ലാത്ത മിസ്റ്റിക്കൽ ത്രില്ലർ രചനയിലേക്കുള്ള കെ.കെ പ്രേംരാജിൻ്റെ ചുവടുമാറ്റം ഏറെ പ്രോത്സാഹനാർഹം തന്നെയാണ് എന്നു പറയാതെ വയ്യ !
‘വായിച്ച് വളരുന്ന’തോടൊപ്പം ‘ചിന്തിച്ച് വിവേകം നേടാൻ’ വായനയുടെ മനോഹരവും കൗതുകമേറിയതുമായ ലോകത്തേക്ക് വളർന്നു വരുന്ന തലമുറയെ കൈപിടിച്ച് നടത്താൻ പ്രേരിപ്പിക്കുന്നതാവട്ടെ ഓരോ കൃതിയും ….
വായനദിനാശംസകൾ
രാധാ പ്രമോദ് , വെങ്ങാട്ട്

Leave a Reply