Book Review by Rema Pisharady – Shantha Menon’s “Neelathoovalulla Pakshi” – poetry collection

നീലത്തൂവലുള്ള പക്ഷി

ശാന്താ മേനോൻ

(കവിതകൾ)

വായനാനുഭവം

രമാ പിഷാരടി

കവിതയും ഒരു ചിറകാണ് . ഓരോ വാക്കും ഒരു തൂവലാണ് ഒന്നിച്ച് ചേർന്നാൽ ആത്മാവിനെ ഉയർത്തി പറത്തുന്നു.   ജീവിതത്തിൻ്റെ നിശ്ശബ്ദത, പ്രത്യാശ, സ്വാതന്ത്ര്യം എല്ലം ചേർന്ന് വായനക്കാരനെ ആത്മീയമായിഒരു യാത്രയിലേക്ക് ക്ഷണിക്കുന്നു ഷൈനി അജിത് അവതാരികയിൽ എഴുതിയിരിക്കുന്നു.

ഗഹനവും തീക്ഷ്നവുമായ സാധനയിൽ നിന്നുരുത്തിരിഞ്ഞ് വന്നിരുന്ന കവിത ഇന്ന് പുതുമ തേടി ചസഞ്ചരിക്കുന്നു. . ഇന്നിൻ്റെ കവിതയുടെ മേന്മയും, പോരായ്മയും അത് തന്നെയാണ്. അക്ഷരങ്ങളറിയുന്ന ആർക്കും എഴുതാവുന്ന സാഹിത്യരൂപമായി കവിത മാറിയിരുക്കുന്നു,  സമുദ്രത്തിൻ്റെ ഗഹനമായ നിഗൂഢനിധികളെക്കാൾ തിരയനക്കങ്ങളിലെക്ക് കവിത പരന്നൊഴുകുന്നു.

ശാന്താ മേനോൻ്റെ നീലത്തൂവലുള്ള  കവിതാസമാഹാരത്തിൻ്റെ ആസ്വാദനം എന്ന വിശേഷപ്പെട്ട കർത്തവ്യത്തിലേക്ക് കടക്കും മുൻപ് എഴുത്തുകാരിക്ക് എല്ലാവിധ ആശംസകളും നേരുന്നു

“ഉപമാ കാളിദാസസ്യ ഭാരവേരർത്ഥഗൗരവം… ” എന്ന സംസ്കൃത ശ്ലോകം കാളിദാസൻ്റെ  ഉപമകളെയും  ഭാരവിയുടെ  അർത്ഥഗൗരവത്തെയും ദണ്ഡിയുടെ  പദലാലിത്യത്തെയും  മാഘൻ്റെ  മൂന്ന്  ഗുണങ്ങളെയും പരാമർശിക്കുന്നു.

ഏത് ശക്തി തൻ പ്രേരണ മൂലമീ ലോകമാകെ സജീവമായ് നിൽക്കുന്നു. ഏതൊരാളിൻ്റെ പുഞ്ചിരിപ്പൂവിതൾ

ആര് പെറ്റ് വളർത്തി വരുന്നതീ പാരിടത്തിൻ ചരാചരമൊക്കെയും

സ്ത്രീകുലത്തിൻ മഹത്വമേകീടുന്ന ലോകമാതാവിനാദ്യം തൊഴുന്നിതാ.

വിക്ടർ ഹ്യൂഗോ പറഞ്ഞ ഒരു വാക്യമുണ്ട്. എൻ്റെ ശിരസ്സിൽ ശിശിരം കൂടുകൂട്ടിയിരിക്കുന്നു. എങ്കിലും എൻ്റെ മനസ്സിൽ ഒരു വസന്തമുണ്ട്,

വൈകി വിരിയുന്ന വൃക്ഷങ്ങൾ പ്രതീക്ഷയെ മനോഹരമായി പ്രതിഫലിപ്പിക്കുന്നു.

കവ്ത വാക്കുകളെ കാവ്യാത്മകമായി അടുക്കിചേർത്ത് വയ്ക്കുന്ന  ഇന്ദ്രജാലമാണ്. കവിത വിപ്ലവാത്മകമായ, ജനാധിപത്യപരമായ മാറ്റങ്ങളിലൂടെ കടന്ന് പോകുന്ന കാലഘട്ടമാണിത്. എഴുതി മനോഹരമാക്കാൻ കഠിനപ്രയത്നം ആവശ്യമായിരുന്ന വിശിഷ്ട സാഹിത്യരൂപമായിരുന്നു ഒരിക്കൽ കവിത. അവർണ്ണസവർണ്ണ ജാതിമതചിന്തകളുടെ വേർതിരിവുകളിൽ നിന്ന് കവിതയെ വിമോചിപ്പിക്കാനുള്ള ശ്രമമാണ് പുതുകാലകവിത നിർവ്വഹിക്കുന്നത് എന്നാണ് വിമർശകരുടെ അഭിപ്രായം. ഗുണമേന്മയുള്ളത് കാലത്തെ അതിജീവിക്കും. അതിന് സാധന ആവശ്യമാണ്. സാധനയുടെ, അനുശീലനത്തിൻ്റെ പോരായ്മ ഇന്നത്തെ സാഹിത്യലോകത്തുണ്ട് എന്നത് സത്യമാണ്.  എഴുത്തച്ചനെ പോലെ വാക്കുകളുടെ മാന്ത്രികനായ ഇതിഹാസങ്ങളുടെ സമഗ്രവിവർത്തനം കൊണ്ട് ഇന്നും പ്രാതസ്മരണിയരായവർ സാഹിത്യലോകത്ത് മലായാളഭാഷയ്ക്കുണ്ട് എന്നത് വിസ്മരിക്കാനാവാത്ത സത്യമാണ്.

കാലത്തെ അതിജീവിച്ച് സാഹിത്യം സഞ്ചരിക്കുന്നത് സമർപ്പിതമായ സാഹിത്യമാണ്. സാഹിത്യത്തെ ആത്മാവിലുൾക്കൊണ്ട്  പൂർവ്വകാലസാഹിത്യാന്വേഷണങ്ങളിൽ നിന്നുള്ള പാഠമുൾക്കൊണ്ട് വർത്തമാനകാലത്തെ കരതലാമലകം പോലെ മനസ്സിലാക്കി ഭാവിയുടെ ചെറുനാമ്പുകൾക്കായി ഒരു തരി വെളിച്ചമെങ്കിലും പകർന്നെടുക്കാനുള്ള ശ്രോതസ്സ് അക്ഷരങ്ങളിൽ ചേർത്ത് ആത്മസമർപ്പണം ചെയ്യുന്ന സാഹിത്യത്തിന് ഒരിക്കലും അപചയം സംഭവിക്കില്ല എന്നതിൻ്റെ സാക്ഷ്യമാണ് ഇന്നും എഴുത്തച്ഛനെയും പുരാതനകവികളെയും തേടി സാഹിത്യലോകം സഞ്ചരിക്കുന്നത് നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്.

പാലത്തെക്കുറിച്ച് അമേരിക്കൻ കവി ഹാർട്ട് ക്രെയിൻ്റെ ദി ബ്രിഡ്ജ് എന്ന ദീർഘകവിത ന്യൂയോർക്കിലെ ബ്രൂക് ലിൻ പാലത്തെ കേന്ദ്രീകരിച്ച് അമേരിക്കയുടെ ചരിത്രം വികസനം ഭാവി എല്ലാം എഴുതിച്ചേർത്തിരിക്കുന്ന കൃതിയാണ്.

“How many dawns chill from this rippling rest”

തിരയിളകുന്ന തൻ്റെ വിശ്രമത്തിൽ നിന്ന് എത്രയോ പ്രഭാതങ്ങൽ തണുത്തുണർന്നു.

അക്കരെ പിറന്ന് കാറ്റുകൾ കുന്നുകളെ ചുമന്ന് കടന്ന് ഭാരമാണതിൻ്റെ ഓർമ്മകൾ

ഒരു കരയിലെ വേനൽ മറുകരയിലെ വർഷത്തോട് കടം വാങ്ങുന്ന മഴയാണതിൻ്റെ ഉടൽ

സമാഹാരത്തിൻ്റെ ആദ്യകവിതയായ നീലത്തൂവലുള്ള പക്ഷിയിൽ

നീണ്ട പാതയിലെ

ഇരുപത്തേഴാം മൈൽ കുറ്റിയുടെ

ഇടത് വശത്തെ പാഴ്മരത്തിൻ്റെ

മെലിഞ്ഞ ശിഖരത്തിൽ

എൻ്റെ സ്വപ്നക്കൂട്

ഈ പക്ഷിയുടെ പേരെന്താണ്

അറിയില്ലെനിക്ക്

ലളിതവും, ആർദ്രവുമായ ആഖ്യാനശൈലിയാണ് ശാന്താമേനോൻ്റെ കവിതകളിൽ നിന്ന് വായിച്ചെടുക്കാനാവുന്നത്

മകൾക്ക് എന്ന കവിതയിൽ ഭൂമിയും ആകാശവും  വഴിപിരിയുന്ന തുരുത്തിൽ നീയൊരു മുറി പണിയണം

മകൾക്ക് ഉപദേശം പോലെ എഴുതിയ വരികളുടെ അവസാനം

സൂക്ഷ്മമായ കരുതലിൻ്റെ സ്നേഹകവചം പാരിതോഷികമായ് മകളെ ഞാൻ നിനക്ക് കാത്ത് വയ്ക്കും

കാത്ത് വയ്ക്കും കരുതി വയ്ക്കും എന്നായിരുന്നെങ്കിൽ അല്പം കൂടി നന്നായെനെ എന്ന് വായനയിൽ അനുഭവപ്പെട്ടു,

മാതൃഹൃദയത്തിൻ്റെ  സ്നേഹവും, കരുതലുമാണ് ഈ കവിതയിൽ

ചിരി എന്ന കവിതയിൽ

—————————————–

നീയൊരു പൂത്ത ചില്ലയാണ് …. (എന്തൊരു മനോഹരമായ വരി)

മണവും നിറവുമുള്ള വശ്യത.. (?)

നീയൊരു ഈണമാർന്ന കാവ്യമാണ്

ഞാനത് ഹൃദിസ്ഥമാക്കി

അവസാനം തടാകക്കരയിൽ  ഒറ്റക്ക് നിന്ന

എന്നെ നോക്കി നക്ഷത്രങ്ങൾ ചിരിച്ച് കൊണ്ടിരുന്നു.

37  കവിതയായ ചിന്ത

ചിന്തിച്ചിരിക്കാനായി വെറുതെ തിരിഞ്ഞ് നോക്കി

ഏകദേശം വിജനമായ വഴിയിൽ  പൊട്ട് പോലെ ചിലത്

ഏത് തിരഞ്ഞെടുക്കണം തിടുക്കം വേണ്ട

തിങ്ങിമറയുന്ന വിചാരങ്ങളെ ഒന്ന് തരം തിരിക്കണം

41  എന്തോ ഒന്ന്

സന്ധ്യയ്ക്കും രാത്രിയ്ക്കും ഇടയിലെ  എന്തോ ഒന്നിൻ്റെ നിഴലാട്ടം

പച്ചപ്പിലൂടെ ഉരുണ്ടുരുണ്ട് ദൂരെയുള്ള മലയടിവാരത്തിലെ

കുഞ്ഞരുവിയിൽ കഴുകിയെടുത്ത തെളിഞ്ഞ മനസ്സിന് വിലയിടാൻ

നീ വരുമെന്ന് ഉറപ്പായിരുന്നു

42 മൗനം

ഏറ്റവും പറയാനുള്ളപ്പോഴാണ് മൗനം അണിഞ്ഞൊരുങ്ങി ഒപ്പം നടക്കുക

നാടവസാനിക്കുന്ന അതിരിലാണ് കാറ്റും മഴയും വെയിലും തലോടാത്ത എൻ്റെ ഒറ്റ മുറി വീട്

43 കാഴ്ച

ദളങ്ങളൊക്കെയും കൊഴിയും എന്നുറപ്പാണ്

വിത്തുകൾ ഉറക്കം നടിക്കുകയും

തായ് വേരിൻ്റെ അരികിലായി

അകത്തേക്ക് തുറക്കുന്ന ദ്വാരമിടാം

തന്മാത്രകൾ ചേർത്ത് വയ്ക്കാം

വിചാരങ്ങളെ ചാരിനിർത്താം

പ്രതലത്തിലാകെ മഷിത്തണ്ട് പടർത്തണം

ഇനി പുഴയിലേക്കിറങ്ങാം

അവിടെ നിഴലുകളുടെ പ്രളയമുണ്ട്

പുഴ കൊണ്ട് അത് മറയ്ക്കേണ്ട എനിക്ക്

പെരുമഴത്തുള്ളി

കാത്ത് വയ്ക്കാനൊരിടം വേണ്ടേ

പക്ഷികൾ പാട്ട് പാടുന്നത് ആരും പറഞ്ഞിട്ടാകില്ല. ആ പക്ഷിയുടെ പേരെന്താണാവോ. കവിയ്ക്കറിയാത്ത പാടുന്ന പക്ഷി.

ആകാശം ശൂന്യമാണെന്ന് ആരോ കളവ് പറഞ്ഞു. തണുത്തുറഞ്ഞ ആകാശഗർത്തത്തിൽ നിന്ന് അന്ന് ഞാനെൻ്റെ സ്വത്വവും വീണ്ടെടുത്തു.

ശാന്താമേനോൻ്റെ  യാത്ര എന്ന കവിതയിൽ സ്വത്വം കണ്ടെടുത്ത ആത്മസത്യം ദർശിക്കാം

ഗഹനവും, സൂക്ഷ്മവുമായ ചിന്താമണ്ഡലത്തിലൂടെയാണ് ശാന്താ മേനോൻ്റെ കവിതകൾ സഞ്ചരിക്കുന്നത്. പ്രകൃതി, പ്രപഞ്ചം, മാനവികത എന്നിവയിലൂടെ സഞ്ചരിക്കുന്ന ലളിതമെന്ന് വായനയിൽ അനുഭവപ്പെടുമെങ്കിലും നിഗൂഢവും, ഹൃദ്യവും  ഗഹനവുമായ അർത്ഥതലങ്ങളുടെ രചനാശൈലിയാണ് ശാന്താമേനോൻ്റെ കവിതകളിൽ വായിച്ചെടുക്കാനാകുന്നത്.

നീലത്തൂവലുള്ള പക്ഷി എന്ന കവിതാസമാഹാരത്തിന് ഇനിയുമിനിയും ഉത്തമമായ വായനാനുഭവങ്ങൾ ഉണ്ടാവട്ടെ എന്ന ആശംസകളോടെ..

 ഹൃദയാവർജ്ജകമായ  84 കവിതകളുടെ 113 പേജിലുള്ള  ഈ പുസ്തകം പ്രേം രാജിൻ്റെ അഡോർ പബ്ളിക്കേഷനാണ്  പ്രസിദ്ധീകരിച്ചിരിക്കുന്നത്

രമാ പിഷാരടി

ബാംഗ്ളൂർ

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*