Ranjitha V K’s Collection of Poems – Book Review by Premraj K K

രഞ്ജിത വി കെയുടെ മഴമേഘങ്ങൾ എന്ന കവിത സമാഹാരത്തെക്കുറിച്ച് ഏതാനും വാക്കുകൾ

മഴമേഘങ്ങൾ ഒരു കുളിർമഴ തന്നപ്പോൾ ഞാൻ അറിയാതെ ആ മഴയത്ത് ഇറങ്ങി ആസ്വദിച്ചു എന്ന് പറഞ്ഞാൽ ഭംഗിവാക്കാകില്ല. കാരണം ഈ സമാഹാരമൊരു കവിതാസ്വാദനത്തിന്റെ കാര്യത്തിൽ അനുഭൂതി തന്നെയാണ് നൽകിയത്. ഇതിലൂടെ കവയിത്രി പല സാമൂഹിക വിഷയങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട് എന്നത് കാണുമ്പോൾ രഞ്ജിതയുടെ സാമൂഹിക അവബോധം വായനക്കാർ മനസ്സിലാക്കേണ്ടതുണ്ട്. രാഷ്ട്രീയം കണക്കിലെടുക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ വരുന്നത് സാമൂഹിക പ്രശ്നങ്ങൾ ആയിരിക്കും. ഇതിലെ വരികൾ അത്തരം വിപത്തുക്കളിലൂടെ കടന്നുപോകുമ്പോൾ നമ്മളിലെ മനുഷ്യൻ ഉണരുന്നു. ഗൗരവമായ വിഷയങ്ങൾ കവയിത്രി കവിതകളിലൂടെ ചർച്ചയ്ക്ക് വിധേയമാക്കുന്നു. അപ്പോൾ നമ്മൾ തിരിച്ചറിയുന്നു സമൂഹത്തോടുള്ള ഉത്തരവാദിത്വങ്ങൾ.
“അവൾ പോകുന്ന വഴിയുടെ മണം ” എന്ന കവിതയിൽ ഞാൻ അറിയുന്നു ഓരോ സ്ത്രീയും സുഗന്ധം പരത്തി കടന്നുപോകുമ്പോൾ ആ കാൽപ്പാടുകൾ പലപ്പോഴും മണ്ണിൽ പതിയുന്നില്ല, ആരും അറിയുന്നില്ല എന്നതാണ്. അതേ സമയം “പെറ്റമ്മയുടെ ഗന്ധം, അമ്മിഞ്ഞപ്പാലിന്റെ ഗന്ധം, മാതൃസ്നേഹത്തിന്റെ ഗന്ധം അറിയാത്ത ചിലരും നമുക്കിടയിലുണ്ടെന്ന്. “മിഴികളിൽ ഒഴുകുന്ന പുഴയോട”ടുക്കുമ്പോൾ “ചുടുകണ്ണീരാൽ നനഞ്ഞയെൻ കവിളിനെ മൃദുലമാക്കുന്ന ജലകണങ്ങൾ ” നമ്മളെ ഭൂമിമാതാവിനോട് അടുപ്പിക്കുന്നു എന്ന് തോന്നിപ്പോകുന്നു. ജീവിതം തന്നെ ഒരു “തീവണ്ടി “പോലെ ഓടുമ്പോൾ അകലെ ഒരു ലക്ഷ്യം ഉണ്ടെന്ന് നാം തിരിച്ചറിയുന്നു, എന്നിരുന്നാലും ആ വണ്ടിയുടെ മനസ്സിലെ തീ ഒരു തീകുണ്ഡമായി മാറാതിരിക്കാൻ ശ്രമിക്കുന്നു. സന്തോഷിക്കുവാൻ അർഹതയുണ്ടായിട്ടും സങ്കടങ്ങൾക്ക് കാവലാകുന്ന ചില ജന്മങ്ങൾ ഉണ്ടെന്ന സത്യം നാം “ലിംഗനീതി ” എന്ന കവിതയിൽ വായിച്ചറിയാം.
ചിലപ്പോൾ ഭൂമി ഭീതി ജനിപ്പിക്കുമ്പോൾ നാം നിസ്സഹായരായി നോക്കി പരിതപിക്കുന്ന രംഗം “കളി തുള്ളിയ പ്രകൃതി” എന്ന കവിതയിൽ കാണാം. ചില ഭരണങ്ങളിൽ വേദന തോന്നുന്ന ഈ കവി ഏതാനും വരികളിലൂടെ ആ “വേദന” സൂചിപ്പിക്കുന്നു. മനുഷ്യ ഫോസിലുകൾക്ക് കാരണമാകുന്ന ചില പ്രവർത്തനങ്ങൾ നാം മനുഷ്യൻ ഇന്നേ തുടങ്ങിവെച്ചു എന്ന് കവി “മണ്ണ് ” എന്ന കവിതയിൽ വിവരിക്കുന്നു.

ഒരു കുഞ്ഞു പൂമ്പാറ്റയുടെ ഹൃദയ “സ്പന്ദനം” നമ്മുടെ ഹൃദയ താളമായി മാറാൻ അധികം താമസമില്ല. നൈമിഷികമായ ജീവിതത്തിൽ സുന്ദരമായ ഒരു ജീവിയുടെ കനവുകൾ നാമറിയുന്നുണ്ടോ! മുഖപടമില്ലാതെ “ഹൃദയവാതിൽ ” തുറക്കുമ്പോൾ സന്മനസ്സുകൾ നമ്മളിലേക്കും കടന്നുവരും എന്ന് തിരിച്ചറിയുക. “അയിത്തം” മനസ്സിൽ കൊണ്ടുനടക്കുമ്പോൾ നമ്മളറിയുക , നമ്മൾ മനുഷ്യരിൽ നിന്നും അകന്നുപോകുന്നു എന്ന സത്യം ഏതാനും വരികളിലൂടെ കവി വിവരിക്കുന്നു. “ബന്ധങ്ങളു”ടെ കണ്ണികൾ പണംകൊണ്ടുള്ളതാകുമ്പോൾ പലതരം മുഖംമൂടികൾ നമുക്ക് ചുറ്റും നടമാടുന്നു എന്നത് ലോക സത്യമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. “വിശപ്പി”ന്റെ മുന്നിൽ കുലത്തിനോ മരണത്തിനോ വ്യതാസമില്ല.

“നീ എന്നെ ഒരു കളിപ്പാവയാക്കി മാറ്റിയിട്ടും കള്ളമില്ലാത്തൊരു മനസ്സുമായി ” കവി മുന്നോട്ട് പോകുന്നു. ഇങ്ങനെ പറയുന്ന കവിയുടെ “മനസ്സ്” വായനക്കാർ കാണാതെ പോകരുത്. പുലരി വന്ന് വിളിക്കുമ്പോൾ നമ്മളിൽ “പ്രതീക്ഷ “യും ഉദിക്കുന്നു. പ്രപഞ്ചസത്യമായ സൂര്യൻ നമുക്ക് മുകളിൽ ജ്വലിക്കുമ്പോൾ ആശ കൈവിടരുതെന്ന സന്ദേശം ഞാൻ അറിയുന്നു. “അധർമ്മങ്ങളും ധർമ്മങ്ങളും കാക്കുന്ന ദേവനോട് തന്റെ ധമ്മങ്ങൾ ഏതെന്ന് ചോദിക്കുമ്പോൾ ഈ സമൂഹത്തിൽ കവിക്ക് ചില സംശയങ്ങൾ ഉണ്ടാകുന്നു അതാണ് “സ്വാർത്ഥത ” എന്ന കവിത. “അഭിനയ”മല്ലേ നമുക്ക് ചുറ്റും കാണുന്ന ഓരോരുത്തരും ചെയ്യുന്നത് എന്ന് കവി മനസ്താപത്തോടെ ഓർക്കുന്നു.
കൊറോണ വന്നു , പോയി ഇപ്പോൾ മനുഷ്യർ വീണ്ടും മനസ്സിൽ വിഷം നിറച്ച് ചുറ്റും തന്നിലെ വിഷം ചീറ്റുമ്പോൾ നാമെങ്ങോട്ട് എന്ന ചിന്ത “കൊറോണയും മനുഷ്യരും ” എന്ന കവിതയിൽ നിഴലിച്ചു കാണാം. മഹാബലിയോട് തന്നെയും കൂടെ കൂട്ടാമോ ഭൂമിക്കടിയിലേക്ക്, കാണാൻ വയ്യ ഈ ലോകത്തിന്റെ “ചില അവസ്ഥകൾ ” എന്ന് കവി പറയുമ്പോൾ ആ മനസ്സിൽ അലയടിക്കുന്ന വിങ്ങൽ വായനക്കാർ അറിയുക.
വെട്ടാനും കൊല്ലാനും മാത്രം”ഹർത്താൽ ” എന്ന അവസ്ഥ ജനങ്ങൾ തെര ഞ്ഞെടുക്കുന്നു എന്ന ചിന്ത കവിയെ വേദനിപ്പിക്കുന്നു.ഓരോ പ്രണയിനിയും ആഗ്രഹിക്കുന്നു തന്നെ മറക്കരുതെന്ന് , “മറന്നു പോയോ നീ ” എന്ന കവിതയിൽ ഒരു പ്രണയിനിയെ കാണാം. ചില മുഖം മൂടികൾ പിച്ചിച്ചീന്തുവാൻ വെമ്പുന്ന കവിയുടെ മനസ്സ് നമുക്ക് പലയിടത്തും കാണാം. ഓരോരുത്തരും അത് വലിച്ചുകീറി തന്റെ സ്വത്വം ലോകത്തിന് കാണിക്കുക. “ഞാനീ ഭൂമിയിൽ ഏകയായി ” തുടരുമ്പോൾ ഒരു “കടൽ” മനസ്സിൽ അലകൾ ആഞ്ഞടിക്കുന്നുണ്ട് എന്ന് വായനക്കാർ അറിയുന്നുണ്ടോ! ഓർമ്മകൾ മരിക്കുന്നില്ല, അവ തണുത്ത അനുഭവങ്ങളായാൽ തീർച്ചയായും മനസ്സിന്റെ അടിത്തട്ടിൽ എന്നും ആ ഓർമ്മകൾ കുടിയിരിക്കുന്നു എന്ന് “ഓർമ്മകൾ ” എന്ന കവിതയിൽ വായിച്ചെടുക്കാം.
” മാറുന്ന സ്നേഹം ” എന്ന കവിതയിൽ ഓരോരുത്തരും തന്റെ അവസ്ഥയ്ക്ക് അനുസരിച്ച് സ്നേഹത്തിന് രൂപമാറ്റം വരുത്തുന്നു എന്നത് തന്നെ. കവി വീണ്ടും പ്രകൃതിയിലേക്ക് മടങ്ങുന്ന കാഴ്ചയാണ് ” വേനലിൽ ഒരു മഴയോർമ്മ ” എന്ന കവിതയിൽ നാം കാണുന്നത്. എന്നിരുന്നാലും ആ ഓർമ്മകിൽ താളം തെറിയ ദീനരോദനവും നഷ്ടമായ ബാല്യവും നമുക്ക് വായിച്ചെടുക്കാം.
കവിതാലോകത്ത് പുത്തൻ പ്രതീക്ഷകളുമായി രഞ്ജിത വി കെ വരികൾ കുറിക്കുമ്പോൾ, സാമൂഹ്യ വിപത്തുക്കൾക്ക് എതിരെ പോരാടുന്ന ഒരു സ്ത്രീശക്തിയായി എനിക്ക് തോന്നുന്നു. ജനങ്ങൾ കണ്ണ് തുറന്നു കാണേണ്ടുന്ന വിഷയങ്ങൾ തന്റേതായ കണ്ണുകളിലൂടെ കണ്ട് മനസ്സിൽ അടവെച്ച് വിരിയിച്ചെടുക്കുന്ന ഈ സമാഹാരത്തിലെ കവിതകൾ കവിതാസ്വാദകർക്ക് പുത്തൻ ഉണർവായിരുക്കും എന്നതിൽ സംശയമില്ല. ഈ കവയിത്രിക്ക് എല്ലാവിധ ആശംസകളും നേരുന്നു. കൂടാതെ കവിതകളിലൂടെ സമൂഹതിന്മയ്ക്കെതിരെ പൊരുതുന്ന ഒരു ശക്തിയായി ഉയരട്ടെ എന്നും പ്രതീക്ഷിക്കുന്നു.
സ്നേഹാശംസകളോടെ
ഡോ. പ്രേംരാജ് കെ കെ

2 Comments

Leave a Reply to Renjitha V K Cancel reply

Your email address will not be published.


*