ഡോ. പ്രേംരാജ് കെ കെ യുടെ രണ്ടു കഥാ സമാഹാരങ്ങളെക്കുറിച്ച് ഒരാസ്വാദനക്കുറിപ്പ്.
മാനം നിറയെ വർണ്ണങ്ങൾ , ട്യൂലിപ് പുഷ്പങ്ങളുടെ പാടം എന്നീ കഥാസമാഹരണങ്ങളെക്കുറിച്ച് രവീന്ദ്രൻ അയ്യപ്പൻ എഴുതിയ ആസ്വാദനകുറിപ്പ്.
മാനം നിറയെ വർണ്ണങ്ങൾ
പ്രേംരാജ് കെ കെ യുടെ ചെറുകഥ സമാഹാരം “മാനം നിറയെ വർണ്ണങ്ങൾ ” എന്ന കൃതിയെക്കുറിച്ച് ആസ്വാദനക്കുറിപ്പ് എഴിതിയത് രവീന്ദ്രൻ അയ്യപ്പൻ
ഈ കഥാസമാഹാരം വായിച്ചപ്പോൾ തോന്നിയത് ഞാൻ കാണുന്ന ഈ മാനം മുഴുവനായും പുഷ്പ്പിച്ചതായാണ്. പലതരം വർണ്ണ പുഷ്പങ്ങൾക്ക്കൊണ്ട് ആകാശം നിറഞ്ഞുനിന്നു. അതോടൊപ്പം എന്റെ മനസ്സും വർണങ്ങളാലും ചിന്തകളാലും വികാരവിക്ഷോപങ്ങളാലും നിറഞ്ഞു.
കഥാകൃത്തിന്റെ ഭാവനാ സാമ്രാജ്യത്തിൽ ഞാനും ഒരു അന്തേവാസിയയായി മാറിയ നിമിഷങ്ങൾ. അതുകൊണ്ടുതന്നെ ഞാൻ അറിയിന്നു ആ സാമ്രാജ്യത്തിലെ ചെടികളിൽ നിന്നും അടർത്തിയെടുത്ത അതിമനോഹര പുഷ്പങ്ങളാണ് ഇതിലെ കഥകളെല്ലാം – അതി മനോഹരങ്ങളായ പുഷ്പങ്ങൾ.
കഥാകൃത്തിന്റെ ജീവിതാനുഭവങ്ങളും ഭാവനകളും സമൂഹത്തോടുള്ള സന്ദേശവും ഒത്തുചേരുമ്പോൾ ഇതിലെ കഥകളെല്ലാം മറക്കാനാവാത്ത എന്റെയും അനുഭവനങ്ങളായി മാറുന്നു.
“മനെ ബേക്കാ മനെ” ഒരു സെയിൽസ് എക്സിക്യൂട്ടീവിന്റെ സ്വപ്നത്തിന്റെയും കഷ്ടതയുടെയും കഥയാണ്. അയാളെ മനസ്സിലാക്കാനോ പ്രോത്സാഹിപ്പിക്കുവാനോ അറിയാത്ത ഒരു സമൂഹത്തിൽനിന്നും അയാൾ വിടപറയുന്നു.
“അവൾ കമല ” കാമാട്ടിപുരയിൽ അകപ്പെട്ട പെൺകുട്ടിയുടെ കഥപറയുന്ന. അവളെ രക്ഷിക്കാൻ ശ്രമിച്ച , അതോടൊപ്പം കാണാതായ തന്റെ ഭാര്യയെ കണ്ടെത്തുവാനും ശ്രമിക്കുന്നതിനിടയിൽ അയാൾ ജീവിതം ഹോമിക്കപ്പെടുന്നു.
വർത്തമാനകാലത്തെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരന്റെ കഥയാണ് “കല്യാൺ നഗറിലെ പല്ലി ” പകൽ മുഴുവൻ ഓഫീസെന്ന കൂട്ടിൽ ഇരിക്കുന്നു, രാത്രിയിൽ പുറംലോകം കാണുന്ന മനുഷ്യൻ. കുടുംബജീവിതവും ഔദ്യോഗിക ജീവിതവും വണ്ടിക്കാളകളെപ്പോലെ വലിച്ച് ജീവിതം തള്ളിനീക്കുന്ന ശശി നമ്മുടെ നിത്യജീവിതത്തിലെ പലരെയും ഓർമ്മപ്പെടുത്തുന്നു.
ഈ സമാഹാരത്തിലെ എല്ലാകഥകളും ജീവിതത്താളുകളിൽ നിന്നും അടർത്തിയെടുത്തതാണ് എന്ന് പറഞ്ഞാൽ “ക്ളീഷേ ” എന്ന് പറയും. എന്നാൽ അംങ്ങനെയല്ല, അപ്രതീക്ഷിതമായ വഴിത്തിരിവും മനുഷ്യരുടെ സ്വഭാവ വൈവിധ്യവും ഇതിലെ കഥകളിൽ കാണാം എന്നതാണ് വസ്തുത. ഏതായാലും പ്രേംരാജ് കെ കെ യ്ക്ക് ഭാവുകങ്ങൾ നേരുന്നു.
“ട്യൂലിപ് പുഷ്പങ്ങളുടെ പാടം” ശക്തമായ ഒരു സന്ദേശമാകുമ്പോൾ …
ജീവിതത്തെ ഒരാൾ സ്‌നേഹിക്കുമ്പോൾ സഹജീവികളെയും സ്നേഹിക്കുന്നു , അതുകൊണ്ടുതന്നെ അയാൾ ജീവിതത്തെ ആരാധിക്കുകയും ചെയ്യുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആ വീക്ഷണം പ്രേംരാജ് കെ കെ യുടെ കൃതികളിലും കാണാം. ജീവിതയാത്രയിൽ കണ്ടുമുട്ടുന്ന സഹയാത്രികരെയും അവരുടെ ജീവിതത്തെയും മനസ്സിൽ സൂക്ഷിക്കുന്നു. അവ ഭാവനയുടെ മേമ്പൊടി ചേർത്ത് തന്റേതായ ശൈലിയിൽ കഥകളായി രൂപപ്പെടുന്നു, അത് പിന്നീട് സമൂഹത്തിന്റെ മുന്നിൽ ശക്തമായ സന്ദേശത്തോടെ ഈ കഥാകൃത്ത് അവതരിപ്പിക്കുന്നു.
ഈ സമാഹാരത്തിലെ ഒരു കഥയാണ് “മൺശില്പങ്ങൾ ” എന്നത്. ഈ കാലഘട്ടത്തിലെ ഏറ്റവും അപകടകരമായ ഒരു അവസ്ഥയെക്കുറിച്ച് ഒരു മുന്നറിയിപ്പ് തരാനാണ് കഥാകൃത്ത് ഈ കഥയിലൂടെ ശ്രമിക്കുന്നത്. ഈ കഥ പല ആംഗിളുകളിൽ കാണേണ്ടതുണ്ട്. രണ്ടും മൂന്നും ആവൃത്തി വായിച്ചാൽ മാത്രമേ കഥാകാരൻ ഈ കഥയിൽ പറയാൻ ഉദ്ദേശിച്ചത് വായനക്കാർക്ക് മനസിലാവുകയുള്ളൂ എന്നതാണ് പരമാർത്ഥം. വളരെ ആലോചനാമൃതമാണ് ഈ കഥ. ഇതിലെ പെൺകുട്ടിയെ നിങ്ങൾ പല രൂപങ്ങളിൽ കാണാൻ ശ്രമം,ശ്രമിക്കുക. വരികൾക്കിടയിലൂടെ വായിക്കുമ്പോൾ മാത്രമേ ഇതിന്റെ വ്യാപ്തി മനസ്സിലാവുകയുള്ളൂ. “സ്വനാസനം ” എന്ന കഥ സമൂഹ മനഃസാക്ഷിയെ പിടിച്ചു കുലുക്കും തരത്തിലുള്ള ഒരു മഹത്തായ ചിത്രം വരച്ചുകാട്ടുന്നു. വിപ്ലവത്തിന്റെ തുടക്കം മനുഷ്യ മനസ്സുകളിൽ നിന്നും എന്ന് കഥാകൃത്ത് ഇതിലൂടെ പറയുന്നു.
“മേഘച്ചിത്രങ്ങൾ ” നമ്മളെ വേദനിപ്പിക്കും, മനസ്സിന്റെ അടിത്തട്ടിൽ എത്തുന്ന തരത്തിലുള്ള മുറിവുകൾ ഉണ്ടാക്കാൻ ഈ കഥയ്ക്ക് കഴിയുന്നു . വായുസേനയിൽ ജീവിതം നാടിനുവണ്ടി ഹോമിച്ചപ്പോൾ ആ അച്ഛനെ കാത്തിരിക്കുന്ന കുട്ടി – അവനാണ് ഈ കഥ പറയുന്നത്. അവന്റെ മനസ്സ് വേദനിക്കാതിരിക്കാൻ സ്വന്തം വേദന കടിച്ചമർത്തി പുതിയ കഥകൾ പറഞ്ഞുകൊടുക്കുന്ന അമ്മ അതിലൂടെ ആശ്വാസം കണ്ടെത്തുന്നു. ആ അമ്മയുടെ കഥകളിലൂടെ അവൻ പുതിയ ലോകം സൃഷ്ടിച്ചു, പുതിയ സ്വപ്നങ്ങൾ കണ്ടു. മേഘ കീറുകൾക്കിടയിൽ അച്ഛന്റെ വീട് അവൻ കണ്ടു. അവിടെയിരുന്ന് അച്ഛൻ തന്നെ നോക്കുന്നതും അച്ഛൻ ഫോൺ ചെയ്യുന്നതും അവൻ അറിഞ്ഞു. അച്ഛനോട് പറയേണ്ടുന്ന കാര്യങ്ങൾ ഓരോന്നായി പുസ്തകത്തിൽ കുറിച്ചിടുമ്പോൾ അവൻ പ്രതീക്ഷിക്കുന്നു അച്ഛന്റെ ഒരു ഫോൺ വിളി. അവൻ കാത്തിരിക്കുന്നു.
നമ്മുടെ ഓരോരുത്തരുടെയും കണ്ണിൽ ഒരിറ്റു കണ്ണുനീർ പൊടിയുന്ന മുഹൂർത്തങ്ങൾ ഓരോ കഥകളിലും കാണാം. അതുകൊണ്ടുതന്നെ നിങ്ങളെ ഓരോരുത്തരെയും ഈ കഥാകൃത്തിന്റെ ലോകത്തേക്ക് ക്ഷണിക്കാൻ ഞാനീ അവസരം ഉപയോഗപ്പെടുത്തുന്നു. നിങ്ങൾക്കും ഇതൊരു അനുഭവമായിരിയ്ക്കും എന്ന് എനിക്കുറപ്പുണ്ട്. ആശംസകളോടെ
രവീന്ദ്രൻ അയ്യപ്പൻ
Leave a Reply