ഡോ. പ്രേംരാജ് കെ.കെ യുടെ ” കായാവും, ഏഴിലം പാലയും ” നോവലിനെക്കുറിച്ച് ഒരവലോകനം.
കായാവ് പൂത്ത മണം ദാമു അറിഞ്ഞു….. അതോ പാലയാണോ പൂത്തത്…..
എഴുത്തും , വായനയും ഒരു നാണയത്തിന്റെ ഇരുവശങ്ങളായി മാറുമ്പോൾ എഴുത്തുകാരൻ വായനകാരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു. ഡോ. പ്രേംരാജ് കെ.കെ ചുറ്റുപാടുള്ള അനുഭവങ്ങളുടെയും, കാഴ്ചപാടുകളുടെയും വെളിച്ചത്തിൽ ഗൃഹാതുരത്വം തുളുമ്പുന്ന വിധത്തിൽ “കായാവും ഏഴിലം പാലയും ” എന്ന നോവലിലെ കഥാപാത്രങ്ങളെ വായനകാരുടെ മനസ്സിൽ ഇടം പിടിക്കത്തക്കവിധത്തിൽ വളരെ മനോഹരമായി അവതരിപ്പിച്ചു.
കാസർകോഡിന്റെ ഹൃദയ ഭാഗത്തു നിന്നും കുറച്ചകലെയുള്ള പൊതിയൂർ എന്ന ഗ്രാമത്തിൽ നടന്ന ഒരു കഥയാണ് ഇരുപത്തിനാല് അദ്ധ്യായങ്ങൾ അടങ്ങിയ ഈ നോവൽ. ഇതിലെ ഓരോ കഥാപാത്രങ്ങളും വായനകാർ തന്നെയാണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
വടക്കൻ മലബാർ ഭാഗത്തുള്ള പൊതിയൂർ എന്ന ഗ്രാമത്തിലെ നെൽ വിത്തുകൾ എങ്ങനെ സൂക്ഷിച്ചു വച്ചു എന്നും, അത് എങ്ങനെ അടുത്ത കൃഷിക്ക്, വരുംതലമുറയ്ക്ക് ഉപകാരപ്രദമാകുമെന്നും , പൊതിയൂർ എന്ന പേര് എങ്ങനെ വന്നു എന്നും നോവലിസ്റ്റ് വ്യക്തമാക്കുന്നു. ആ ഗ്രാമത്തിൽ ഒരേ ഒരു ബസ് സ്റ്റാൻഡ് എന്ന് സൂചിപ്പിക്കുമ്പോൾ തന്നെ എൺപതുകളിലെ അവികസിത കാസർകോഡിന്റെ നേർ കാഴ്ച തന്നെ.
നായനാർ എന്ന പ്രമാണിയെ ചുറ്റിപറ്റിയാണ് നോവൽ പുരോഗമിക്കുന്നത്. തോടും , പുഴകളും, മലകളും , കശുമാവിൻ തോട്ടവും ഒക്കെയുള്ള ഒരു ഗ്രാമീണ അന്തരീക്ഷം. കശുമാവ് മാത്രം നാട്ടുകാർ വാറ്റ് ഉണ്ടാക്കാൻ കൊണ്ടുപോകുമ്പോൾ, കശുവണ്ടി, വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കാമായിരുന്നു.
വടക്കൻ മലബാറിന്റെ പ്രത്യേകതയായ, തൊണ്ടച്ചൻ തെയ്യവും, പൂര മഹോത്സവം, ഒറ്റക്കോല മഹോത്സവം, കാമദേവന്റെ പൂജ എല്ലാം വായനകാരെ ആകർഷിക്കുന്ന വിധം തന്നെ. വിഷുവും, ദീപാവലിയും, ആഘോഷിക്കുമ്പോഴും , അഷ്ടമി രോഹിണിയിലെ ശോഭായാത്രയിലും റെസ്ക്ക് എന്ന വളർത്തു നായ അവരുടെ കൂടെ തന്നെയുണ്ടാകും. നായനാരുടെ തോക്കുമായി ബന്ധപ്പെട്ട ആചാരം ആകാംക്ഷയുണർത്തുന്നു.
കാവിനു സമീപമുള്ള കുളത്തിൽ നീർക്കോലി, തവളകൾ, മറ്റു ജല ജീവികൾ ഉണ്ടായിട്ടും നായനാരുടെ കുടുംബത്തിലെ പെൺകുട്ടികൾ ആർത്തവ സമയത്ത് അതിൽ കുളിച്ച ശേഷമാണ് വീട്ടിനകത്തേക്ക് കയറുന്നത് എന്നതിനു പകരം , അവർക്ക് സ്വന്തം ഭവനത്തിൽ നിന്നു തന്നെ കുളിക്കാമായിരുന്നു.
കായാവും എന്നത് കൃഷ്ണനായും, ഏഴിലം പാല മരണം അല്ലെങ്കിൽ യക്ഷിയായും സങ്കല്പ്പിക്കുമ്പോൾ , പണ്ട് ആരോ ആ ഗുഹയിലേക്ക് പോയതിനു ശേഷം വന്നില്ല എന്നു പറയുന്നു. അത് ദാമുവിന്റെ മുൻ തലമുറ കാരോ ,അതോ നായനാരുടെ ആരെങ്കിലും അല്ലെങ്കിൽ കച്ചവട മാർഗ്ഗമോ , അതോ വൈ കുണ്ഠ സങ്കല്പമോ ആവാം എന്നു കരുതുന്നു.
ദീപാവലി ആഘോഷ സമയത്ത് ദാമുവിന് രണ്ടോ, അതിലധികമോ മുണ്ട് കൊടുക്കുമ്പോൾ നായനാർക്ക് സ്വന്തം മകനോടുള്ള സ്നേഹത്തേക്കാൾ ഇരട്ടി സ്നേഹമാണ്. “ആ മൂന്നു ശിഖരങ്ങളുടെ ഇടയിൽ ചിരട്ട വച്ച് തിരി തെളിയിക്കും” . കൂടാതെ ദാമുവും , പതിനഞ്ചു പേരടങ്ങുന്ന സംഘം ഉച്ചത്തിൽ ‘ ഹര ഹരോ ഹര , പൊലിയന്ത്രം…. പൊലിയന്ത്രം വിളിക്കുമ്പോൾ ആ ഗുഹയ്ക്ക് കൃഷ്ണചൈതന്യവും, അതോടൊപ്പം , മുരുകചൈതന്യവും ഉണ്ട് എന്ന് മനസ്സിലാക്കാം.
ഈ നോവലിലെ തോണിക്കാരൻ നായനാരെ അവസാനമായി കാണുമ്പോൾ ” ആത്മവിദ്യാലയമേ …. ” എന്ന മൂളി പാട്ട് നായനാർ പാടിയിരുന്നു എന്നു പറയുമ്പോൾ അദ്ദേഹത്തിന്റെ മരണം ഉറപ്പാക്കി എന്ന് സംശയിക്കാം.
പുതിയൂർ ഗ്രാമത്തിലെ ജേസൺ സായിപ്പിന്റെ വരവോടു കൂടി പുഴയിൽ ബോട്ട് സർവ്വീസ് ആരംഭിച്ചതും, അന്നുമുതലേ അവർ കച്ചവടം നടത്തിയതും , അല്പമൊരു പുരോഗമനം തന്നെ.
എൺപതുകളിലെ സ്ത്രീകൾ സഹന ശേഷിയുള്ളവരായിരുന്നു. ഈ നോവലിലെ ദാമുവിനു ശാരദയോടും, നായനാർക്ക് ജലജയോടും, ബെല്ലയോടും ഉള്ള ബന്ധം രഹസ്യമായിരുന്നു. സ്വന്തം ഭർത്താവ് ജലജയെ രഹസ്യമായി പ്രണയിക്കുന്നു എന്നറിഞ്ഞിട്ടും
അവളെ സ്വന്തം സഹോദരിയായി കാണുന്ന പാർവ്വതി അമ്മ സഹനത്തിന്റെ പ്രതീകം തന്നെ . ഒപ്പം സ്വന്തം ഭർത്താവിനെ ജീവനു തുല്യം സ്നേഹിക്കുന്ന അഭിമാനിയായ ഭാര്യയും.എന്നാൽ യുവ തലമുറ സ്വന്തം കാലിൽ നിൽക്കുവാൻ ശീലിച്ചാൽ പിന്നെ അടിമയെ പോലെ ജീവിക്കാതെ ഭർത്താവിന്റെ അനീതിക്കെതിരെ പ്രതികരിക്കുന്നു.
ജലജ : “ഞാൻ അകത്തു കയറാമോ ? ഞാൻ അന്യജാതിയല്ലേ”
നായനാർ: ” കൂടെ കിടക്കാം… വീട്ടിനകത്തേക്ക് കയറാൻ പാടില്ല ….”. താഴ്ന്ന ജാതിയിൽ പിറന്ന സ്ത്രീയുടെ കൂടെ രഹസ്യമായി ജീവിക്കുകയും, അതിൽ ഒരു കുഞ്ഞു പിറന്നിട്ടു പോലും അവളെ ആത്മാർത്ഥമായി സ്നേഹിക്കാതെ അയിത്തത്തിന്റെ പേരും പറഞ്ഞ് വീടിനകത്തേക്ക് കയറാൻ പാടില്ല എന്നു പറയുന്ന നായനാർ കാമ ഭ്രാന്തൻ തന്നെ.
ആധുനിക തലമുറ ആർട്ടിഫിഷൽ ഇന്റലിജൻസിലൂടെ പെൺകുട്ടികളെ പ്രണയത്തിലാക്കി വഞ്ചിക്കുമ്പോൾ , എൺപതുകളിൽ പ്രമാണി ചമഞ്ഞ് കാണുന്ന സ്ഥലത്തൊക്കെ സംബന്ധം കൂടുന്ന അവസ്ഥയും ഒരു താരതമ്യ പഠനമാക്കാം എന്നു ചിന്തിക്കുന്നു.
.
പണ്ടൊക്കെ പ്രമാണിമാരുടെ ഭാര്യമാർ വീട്ടിൽ ഒതുങ്ങി കൂടുകയായിരുന്നു. ഇടയ്ക്ക് വച്ച് പാർവ്വതി അമ്മ നായനാരോട് ഒരു സ്വർണ്ണ മാല വാങ്ങി തരുവാൻ ആവശ്യപ്പെടുകയും, അത് വാങ്ങാൻ അവർ പട്ടണത്തിലേക്ക് പോയപ്പോൾ എല്ലാവരും നായനാരെ കണ്ട് ബഹുമാനപൂർവ്വം കുശലം ചോദിച്ചപ്പോൾ പാർവ്വതി അമ്മ അതിശയിച്ചു പോയി. ഇന്നത്തെ കാലത്ത് സ്ത്രീകൾ പുരുഷ മാർക്കു തുല്യം ഒറ്റയ്ക്കു ആകാശ യാത്ര നടത്തുന്നതും കാലോചിതമായ മാറ്റം തന്നെ.
സ്ത്രീകളെ ഒരു ഉപകരണമായി മാത്രം കാണുന്ന പുരുഷൻമാരും ഒട്ടും കുറവല്ല. സ്നേഹിച്ച പെണ്ണിനെ ഗർഭിണിയാക്കി, അവളറിയാതെ അതിനെ കൊല്ലാൻ ശ്രമിക്കുന്ന പുരുഷൻമാർ കാലത്തിന്റെ ചോദ്യചിഹ്ന
മായി മാറുന്നു.
പൊതിയൂർ ഗ്രാമത്തിൽ വേണ്ടത്ര യാത്രാസൗകര്യമില്ലാത്തതിനാൽ ജ്യോതി എന്ന പെൺകുട്ടിക്ക് കണ്ണിന് പരുക്കേറ്റപ്പോൾ തക്കസമയത്ത് ചികിത്സ കിട്ടാതെ പോയി. ഇപ്പോഴും പല ഗ്രാമങ്ങളിലും വേണ്ടത്ര യാത്രാ സൗകര്യമില്ലാതെ ജനങ്ങൾ ദുരിതമനുഭവിക്കുന്നു. രാഷ്ട്രീയകാർ അവരുടെ സ്വാർത്ഥ താല്പര്യത്തിനു മാത്രം മുൻതൂക്കം നൽകുന്നു എന്നത് ചിന്തിക്കേണ്ട വസ്തുത തന്നെയാണ്.
കാമഭ്രാന്തനാണെങ്കിലും, നായനാർ വയസ്സായപ്പോൾ അല്പം ദയാലുവായി. ജ്യോതിയുടെ ചികിത്സ ഏറ്റെടുത്തു , ദാമുവിന് താമസിക്കുവാൻ സ്ഥലം നൽകി. വയോജനങ്ങൾക്ക് വിദ്യാലയങ്ങൾ നിർമ്മിച്ചു.
ഒരിളം കാറ്റിൽ നായനാരുടെ മേൽമുണ്ട് പറന്ന് പറന്നു ഏഴിലം പാലയുടെ താഴത്തെ കൊമ്പിൽ പറന്നിറങ്ങി എന്നു പറയുമ്പോൾ നായനാരും, സഹധർമ്മിണിയും വൈകുണ്ഠം പ്രവേശിച്ചതോടെ കായാവും ഏഴിലം പാലയും അർത്ഥപൂർണ്ണമായി.
” ഓടക്കുഴൽ നാദം , ആ ഗുഹയ്ക്കകത്തു നിന്നാണ്. വാ അങ്ങോട്ടു പോകാം …”. ഡോ. പ്രേംരാജ് കെ.കെ യുടെ അസാമാന്യമായ ഈ രചനാ ശൈലിയിലൂടെ ഓരോ വായനകാരനെയും പൊതിയൂർ ഗ്രാമത്തിലെത്തിച്ചു. ” കായാവും ഏഴിലം പാലയും ” എന്ന നോവൽ കൂടുതൽ വായനകാരുടെ അന്തരംഗങ്ങളിൽ ഇടം പിടിക്കട്ടെ എന്ന് ആശംസിക്കുന്നു.
രഞ്ജിത . വി.കെ
കോഴിക്കോട്.

Leave a Reply