Book Review by Renjitha V K

ഡോ.പ്രേം രാജ് കെ.കെ യുടെ “കിളികൾ പറന്നു പോകുന്നയിടം ” ചെറു കഥാസമാഹാരത്തെക്കുറിച്ച് ഒരു അവലോകനം.

അക്ഷരങ്ങൾ അനുഭവങ്ങളുടെയും, ഭാവനയുടെയും പശ്ചാത്തലത്തിൽ വ്യത്യസ്ത രീതിയിൽ വായന കാരി ലേക്കെത്തുമ്പോൾ എഴുത്തുകാരൻ എഴുത്തിന്റെ ശൈലിയിൽ സ്വയം അഭിമാനിക്കപ്പെടുന്നു. ഡോ. പ്രേംരാജ് കെ. കെ ലളിതമായ ഭാഷയിൽ നമുക്കു ചുറ്റുമുള്ള ജീവിത യാഥാർത്ഥ്യങ്ങൾ വളരെ മനോഹരമായ ശൈലിയിൽ വായന കാരിലേക്ക് എത്തിച്ചു.

ഡോ. പ്രേം രാജ് കെ. കെ യുടെ “കിളികൾ പറന്നു പോകുന്നയിടം ” എന്ന ചെറു കഥാ സമാഹാരം മനുഷ്യ ജീവിതത്തെ വളരെ സൂക്ഷ്മതയോടെ വർണ്ണിച്ചിരിക്കുന്നു. പതിനഞ്ചു ചെറു കഥകൾ അടങ്ങിയ ഈ ചെറു കഥാ സമാഹാരം വായനകാരിൽ വ്യത്യസ്തമായ ഒരു വായനാനുഭവം നൽകും എന്നതിൽ തർക്കമില്ല.

ജീവിതം അർത്ഥശൂന്യമായി മാറുന്ന അവസ്ഥ പലരുടെയും ജീവിത യാത്രയിൽ ഉണ്ടാകുന്നു. ” ഇമ്മിണി ബല്ല്യൊരമ്മ” യിലെ നാണിയമ്മ സ്വന്തം വിഷമങ്ങൾ മറന്ന് കുടുംബങ്ങളെ നിഷ്കളങ്കമായി സ്നേഹിക്കുകയും, സ്വന്തം ജീവിത ലക്ഷ്യത്തിന് പ്രാധാന്യം കൊടുക്കാതെ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നു. എന്നാൽ ആ വല്യമ്മയുടെ വരവ് പല കുടുംബങ്ങൾക്കും അലോസരമാവുമ്പോൾ, ജീവിതത്തിന്റെ ക്ഷണികത കഥാകാരൻ വായനകാരെ ഓർമ്മപ്പെടുത്തുന്നു.

മനുഷ്യർ ദിനംപ്രതി ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ പാടുപെടുകയാണ് “ചക്കിലാട്ടിയ ജീവിതങ്ങൾ ” എന്ന കഥയിലെ അച്ഛൻ ചക്കിൽ കെട്ടിയ കാളയുടെ അവസ്ഥയും, താനും വലിയ വ്യത്യാസമില്ല എന്നു ചിന്തിക്കുമ്പോൾ, കഥാകാരൻ ജീവിതത്തിന്റെ വേദനാജനകമായ അവസ്ഥകളെ വായനകാരെ ബോധ്യപ്പെടുത്തുന്നു. ഈ കഥയിലെ ക്ലോക്കും, കലണ്ടറും മനുഷ്യ ജീവിതം ഓരോ നിമിഷവും മരണത്തോടു അടുക്കുന്നു എന്ന യാഥാർത്ഥ്യത്തെ ക്കുറിച്ചും , ഭർത്താവിന്റെ അച്ഛനെ സ്വന്തം അച്ഛനെ പോലെ പരിചരിക്കുന്ന മരുമകൾ യുവതലമുറയക്ക് ഒരു മാതൃകയാണെന്നും,മക്കൾ കഷ്ടപാട് അറിഞ്ഞു തന്നെ വളരണം എന്നതിന്റെ പ്രതീകമാണ് സുധി എന്ന കഥാപാത്രമെന്നും വായനകാരിൽ വേദനയുണ്ടാക്കുന്നു.

“പട്ടുനൂൽ പോലെ” എന്ന കഥയിൽ കാമത്തിനടിമപ്പെടുന്ന ചിലർ ജീവിത യാഥാർത്ഥ്യങ്ങളെ മറന്ന് മറ്റുള്ളവരുടെ ജീവിതത്തെ തകർക്കുന്ന അവസ്ഥ ഏതൊരു വായന കാരനെയും ഈറനണിയിക്കുന്നു.

രക്ത ബന്ധങ്ങളെല്ലാം അകന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ “വേരുകൾ തേടി ” എന്ന കഥ വായനകാരെ സ്നേഹബന്ധങ്ങളുടെ ആഴത്തിന്റെ അളവ് മനസ്സിലാക്കുവാൻ പ്രേരിതമാക്കുന്നു. സ്വന്തം തലമുറയെ കണ്ടെത്താൻ ഒരു ഡി.എൻ. എ സ്കാനർ നിർമ്മിക്കുകയും, അതിന്റെ സോഫ്റ്റ് വെയറിലൂടെ പാരമ്പര്യത്തെ മനസ്സിലാക്കുവാൻ ശ്രമിക്കുന്ന വിദേശ മലയാളി കഥാപാത്രം വായനകാരെ പാരമ്പര്യത്തിന്റെ മഹാത്മ്യത്തെ ഓർമ്മപ്പെടുത്തുന്നു.

“സർവ്വീസ് ബുക്ക് ” ഗവൺമെന്റ് ജോലിക്കാരുടെ ജീവിതരേഖ തന്നെയാണ് എന്നു പറയാം. ജോലിയിലുള്ള ചില ഉദ്യോസ്ഥരുടെ അശ്രദ്ധ, ചുമതല മറന്നു പ്രവർത്തിക്കുന്ന ഒരു തലമുറയെ കഥാകാരൻ ഓർമ്മപ്പെടുത്തുന്നു.

പ്രണയത്തിനും , ദാമ്പത്യ ജീവിതത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ മനുഷ്യ ജീവിതത്തിന്റെ ചില കാപട്യങ്ങളും , അവയുണ്ടാക്കുന്ന വേദനയും ” ചില ബന്ധങ്ങൾ ” എന്ന കഥയിലൂടെ എഴുത്തുകാരൻ വായന കാരെ ബോധ്യപ്പെടുത്തുന്നു.

മരണാനന്തര വിശ്രമം ചിലർക്ക് മുന്നേകൂട്ടിയുള്ള ഒരു മോഹമാണ്. സ്വന്തമായി ഒരു ചുടുകാടൊരുക്കുവാനുള്ള ശ്രീകണ്ഠപൊതുവാൾ എന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥയും, ചിന്തയും ,അന്യദേശത്തു നിന്ന് മരണപ്പെട്ടു പോകുന്ന അവസ്ഥയെക്കാളും ആത്മാഭിമാനമായി കരുതുന്നു എന്ന വസ്തുത ” മണ്ണിലേക്കുള്ള മടക്കം ” എന്ന കഥ വായന കാരിൽ ആശങ്കയുളവാക്കുന്നു.

സ്കൂൾ ജീവിതവും, കോളേജ് ജീവിതവും എല്ലാവർക്കും ആനന്ദം നൽകുന്ന ഒന്നാണ്. “കുടുംബ സംഗമം ” എന്ന കഥയിൽ രോഗ ദുരിതവും, കഷ്ടപാടും നിറഞ്ഞ ജീവിതത്തിനിടയിലും സുഹൃത്തുക്കൾ അകമഴിഞ്ഞ സ്നേഹത്തോടെ സഹപാഠിയുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ശ്രമിക്കുന്നു

ഒറ്റയ്ക്കുള്ള യാത്രയിൽ ചില പെൺകുട്ടികൾ ചതി കുഴിയിൽ പ്പെട്ടു പോകുന്നു. “ആഗ്രഹങ്ങൾക്കപ്പുറം ” എന്ന കഥ സൗമ്യ എന്ന പെൺകുട്ടിയിലൂടെ ലക്ഷ്യത്തിലേക്കെത്താൻ പരിശ്രമിക്കുന്ന ആധുനിക തലമുറയെ സൂചിപ്പിക്കുന്നു. അതോടൊപ്പം അവൾ അറിയാതെ കെണിയിൽ അകപ്പെടുന്ന അവസ്ഥ വായനകാരിൽ വേദനയുണ്ടാക്കുന്നു.

ചില സൗഹൃദങ്ങളും ബന്ധങ്ങളും എത്ര അകലെയാണെങ്കിലും ചില സമയങ്ങളിൽ ഒറ്റപ്പെട്ട വരെ ചേർത്തു നിർത്തുന്നു . കൂടാതെ ജോലി തിരിക്കിനിടയിലും മാതാപിതാക്കൾ സ്നേഹം കൊതിക്കുന്ന കുഞ്ഞുങ്ങളുടെ നിഷ്കളങ്ക മനസ്സ് കാണാതെ പോവരുത് എന്നും ” അറ്റുപോകാത്ത കണ്ണികൾ ” എന്ന കഥയിലൂടെ കഥാകൃത്ത് വായനകാരെ ഓർമ്മപ്പെടുത്തുന്നു.

ജീവിതത്തിലെ ഓരോ നിമിഷവും മാറി കൊണ്ടിരിക്കുന്നു. “പരിവർത്തനം ” എന്ന കഥയിലെ ജ്യോതിഷ് എന്ന കഥാപാത്രത്തിന് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരപകടത്തെ തുടർന്ന് ലിംഗ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വരുന്ന അവസ്ഥ അത്യധികം വേദനാജനകം തന്നെ എന്ന് എഴുത്തുകാരൻ വായനകാരെ ധരിപ്പിക്കുന്നു.

ഒറ്റപ്പെടുന്നവരെ സംരക്ഷിക്കുക എന്നത് സമൂഹത്തിന്റെ ആവശ്യകതയാണ്. “കിളികൾ പറന്നുപോകുന്നയിടം ” എന്ന കഥയിലെ ശങ്കുണ്ണി എന്ന കഥാപാത്രം മക്കളില്ലാതിരുന്നിട്ടും ആരോരുമില്ലാത്തവരെ സ്വന്തം കുടുംബത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ, യുവ തലമുറ രക്ത ബന്ധങ്ങളെ അനാഥാലയത്തിലാക്കുന്ന അവസ്ഥയും തമ്മിലുള്ള വ്യത്യാസം വായനകാരെ ചിന്തയിലേക്കു നയിക്കുന്നു.

ആത്മാർത്ഥമായ സ്നേഹം ലഭിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. പല കുടുംബങ്ങളും പരസ് പര സ്നേഹത്തിനു പ്രാധാന്യം നൽകാതെ സ്വാർത്ഥ താൽപര്യങ്ങൾ മുൻ നിർത്തി ജീവിക്കുന്നതു കാരണം കുട്ടികൾ ഒറ്റപ്പെട്ടവരായി മാറുന്നു. അവർ സ്നേഹം കിട്ടുന്നിടത്തേക്ക് സഞ്ചരിക്കുന്നു. മുനിയപ്പ എന്ന കഥാപാത്രത്തിന്റെ ഭാര്യ സ്വന്തം മകനെ പോലെ വന്നു ചേർന്ന കുട്ടിയെ സ്നേഹിക്കുന്നു. സ്വന്തം മക്കളെ പോലും ഉപേക്ഷിക്കുന്ന കാലഘട്ടത്തിൽ ചിലരെങ്കിലും മനുഷ്യത്വം വെടിയാത്തവരാണെന്ന നേർ കാഴ്ച കഥാകാരൻ ” റാന്തൽ വിളക്കിന്റെ വെളിച്ചം ” എന്ന കഥയിലൂടെ വായനകാരെ ധരിപ്പിക്കുന്നു.

സമൂഹത്തിൽ ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും തുല്യ സ്ഥാനമാണുള്ളത്. എങ്കിലും ഇപ്പോഴും ചില ഭവനത്തിൽ വേർതിരിവ് കാണിക്കുന്നു. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ അല്പമൊന്നു ആഴത്തിൽ ചിന്തിക്കണമെന്നും, പുറംമോടിയിൽ മയങ്ങി പോവരുത് എന്നും, എല്ലാം ലോട്ടറി തരും എന്നു പറഞ്ഞ് അദ്ധ്വാനിക്കാതെ ജീവിക്കുന്ന ഒരു ജനതയെയും “മോഹങ്ങളുടെ ആയുസ്സ് ” എന്ന കഥയിലൂടെ കഥാകാരൻ വിവരിക്കുന്നു.

നിഷ്കളങ്ക ബാല്യത്തെയും, ഒരു വ്യക്തിയുടെ സ്വകാര്യ സ്വത്ത് ഒരു സുപ്രഭാതത്തിൽ പൊതു മുതലാക്കേണ്ടി വരുന്ന അവസ്ഥയും, ഇന്നത്തെ യുവ തലമുറ പൊതുമുതൽ നശിപ്പിക്കുന്നതിനെ പറ്റിയും കഥാകാരൻ
“മീനിന്റെ ആത്മാവ് ” എന്ന കഥയിലൂടെ സൂചിപ്പിക്കുന്നു.

മനുഷ്യമനസ്സിന്റെ വിവിധ ചിന്തകളെ വളരെയധികം താളാത്മകതയോടും, ഹൃദയസ്പർശിയോടും കൂടി അവതരിപ്പിക്കുന്ന ഡോ. പ്രേം രാജ് കെ.കെ യുടെ”കിളികൾ പറന്നു പോകുന്നയിടം ” എന്ന ഈ ചെറു കഥാ സമാഹാരം എല്ലാ വായനകാരിലേക്കും പറന്നു ഉയരട്ടെ എന്ന് ആശംസിക്കുന്നു.

രഞ്ജിത . വി.കെ
കോഴിക്കോട്.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*