എഴുത്തിന്റെ മന്ത്രികതയുമായി ഒരു നോവൽ “മന്ത്രിക്കുന്ന യന്ത്രങ്ങൾ”
മനസ്സിൽ മലയോളം കഥകളുമായി ഒരു കഥാകാരൻ, അയാൾ എഴുതുന്ന കഥകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. ആരും പറയാത്ത കഥകൾ എഴുതുന്ന മാന്ത്രിക പേനയുമായാണ് പ്രേംരാജ് കെ കെ എന്ന എഴുത്തുകാരൻ എഴുത്തിന്റെ ലോകത്തേക്ക് കടന്നു വന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതിനകം നൂറോളം കഥകളും അഞ്ചോളം നോവലുകളും പ്രസിദ്ധീകരിച്ച ഒരു എഴുത്തുകാരൻ എന്ന നിലയിൽ നമുക്ക് പ്രേംരാജിനെ പരിചയപ്പെടാം. ഇപ്പോൾ അതിശയിക്കുന്ന വിധത്തിലുള്ള ഒരു നോവലുമായി പ്രേംരാജ് കെ കെ വായനക്കാരെ ആകർഷിച്ചിരിക്കുകയാണ് . ആ കൃതിയാണ് മന്ത്രിക്കുന്ന യന്ത്രങ്ങൾ. ഏതാനും മാസങ്ങൾക്ക് മുമ്പ് ‘ഉൽക്ക ” എന്ന ബാലനോവലുമായി വായനക്കാരെ അത്ഭുതപ്പെടുത്തിയ ഇദ്ദേഹം ഈ പുതിയ നോവലിലൂടെ വായനയുടെ മന്ത്രികലോകത്തേക്ക് കൂട്ടികൊണ്ടുപോവുകയാണ് വായനക്കാരെ. മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ശൈലിയും കഥയും വിവരണങ്ങളും ഒക്കെ കൊണ്ട് വ്യത്യസ്തമായ ഒരു നോവലാണ് “മന്ത്രിക്കുന്ന യന്ത്രങ്ങൾ”.
പ്രസ്തുത കൃതിയിലേക്കൊരു എത്തിനോട്ടം എന്നത് മാത്രമാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ നോവൽ സർഗ്ഗ, സ്ഥിതി, ലയ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, അതിനുള്ളിൽ കുറെ അദ്ധ്യായങ്ങളും. നോവൽ തുടങ്ങുന്നത് “സർഗ്ഗ ” എന്ന ഭാഗത്തിലാണ്.
കഥ ആരംഭിക്കുന്നത് അങ്ങ് ദൂരെ മെക്സിക്കോയിലാണ്. സൂര്യ എന്നയാൾ അവിടുത്തെ സ്ഥലങ്ങൾ സന്ദർശിക്കുന്നത് സ്ഥലവാസിയും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് ജീവിതം നയിക്കുന്ന ഗബ്രിയേൽ എന്ന ചെറുപ്പക്കാരനോടൊപ്പമാണ്. അയാളുടെ വീട്ടിൽ പോവുകയും അയാളുടെ അമ്മയുടെയും കാമുകിയുടെയും കൂടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്യുന്നു. പുരാതന നഗരമായ , മായൻ സംസ്കാരത്തിന്റെ ഉറവിടമായ തുളും ഗ്രാമമാണ് സൂര്യയുടെ ലക്ഷ്യം. അയാളെ അവിടേക്ക് എത്തിക്കുന്നതിന്റെ പിന്നിൽ ചില സംഭവങ്ങൾ നടന്നിട്ടുണ്ടായിരുന്നു. ആ സംഭവങ്ങൾ സ്ഥിതി എന്ന ഭാഗത്തിൽ വിവരിക്കുന്നുണ്ട്. ശോഭ നഷ്ടപ്പെട്ട തന്റെ ഏലസ്സിന്റെ ശക്തി വീണ്ടെടുക്കാനായി തുളും ഗ്രാമത്തിൽ വെച്ച് സൂര്യ ചില ക്രിയകൾ ചെയ്യുന്നു. അവിടം മുതൽ നോവലിന്റെ ഗതി മാറുകയാണ്. വായനക്കാരെ ഉദ്വേഗത്തിന്റെ ഉച്ചിയിൽ എത്തിച്ച ശേഷം ഇടയ്ക്കിടെ രോമാഞ്ചകരമായ സംഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ ഓരോ സംഭവങ്ങൾ അനാവൃതമാവുകയാണ്.
കൊച്ചി നഗരത്തിൽ നിന്നും മാറി താമസിക്കുന്ന മൂസത് കുടുംബത്തിൽ നടക്കുന്ന ചില അനർത്ഥങ്ങൾക്ക് പരിഹാരം തേടിയാണ് സൂര്യ മെക്സിക്കോയിലേക്ക് പോയത്, ആ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അയാൾ തന്റെ അച്ഛനോടൊപ്പം ദുഷ്ടശക്തികളോട് ഏറ്റുമുട്ടുന്നതാണ് തുടർന്ന് നമുക്ക് കാണാനാകുന്നത്. അയാളുടെ കൂടെ തന്റെ ഇളയ സഹോദരനും കൂട്ടുകാരും ഉണ്ട്. ഹരിദ്വാറിൽ വെച്ച് ഏതാനും ശത്രുക്കളിൽ നിന്നും രക്ഷിച്ച മൂന്നാംലിംഗക്കാരായ മീനാക്ഷിയും കൂട്ടരും സൂര്യക്ക് സഹായികളായി വർത്തിക്കുന്നു. ദുഷ്ടശക്തികളിൽ നിന്നും അവർ എങ്ങനെ രക്ഷനേടുന്നു എന്നത് മാത്രമല്ല നാം നോവലിൽ നിന്നും വായിച്ചറിയേണ്ടത്. ചരിത്രപരമായും ആചാരപരമായും കുറെയധികം അറിവുകൾ നമുക്ക് ഇതിൽ നിന്നും നേടാനാകും എന്നതിൽ സംശയമില്ല.
പ്രേംരാജ് കെ കെ യുടെ ഈ നോവലിന്റെ മഹത്വം തന്നെ കുറെ അറിവുകളുടെ മേമ്പൊടിയാണ്. ഈ നോവലിൽ മെക്സിക്കോയിലെ മായൻ സംസ്കാരവും ഭാരതീയ സംസ്കാരവും തമ്മിലുള്ള ബന്ധം വരച്ചുകാട്ടുന്നു എന്നത് വളരെ രസകരമാണ്. കഥാകാരൻ തന്റെ യാത്രയിൽ നേടുന്ന അറിവുകൾ പലപ്പോഴായി കഥകളിൽ വായനക്കാർക്കായി പകരുന്നുണ്ട്, അത് ഇതിലും സംഭവിക്കുന്നു. പ്രായഭേദമന്യേ ഏവർക്കും വായിക്കാവുന്ന ഒരു നോവൽ എന്നതിൽക്കവിഞ്ഞ് നോവൽ വിഭാഗത്തിൽ ഇത്തരമൊരു കൃതി അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. നോവൽ ഇഷ്ട്ടപ്പെടുന്ന ഏതൊരു വായനക്കാരനും ഇതൊരു പുത്തൻ അനുഭവമാകും എന്നതിൽ സംശയമില്ല. ഈ കുറിപ്പ് ഒരു “രസംകൊല്ലി” ആക്കാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളെല്ലാവരും ഈ കൃതി വായിക്കുക.
ഈ അവസരത്തിൽ പ്രസ്തുത നോവലിന് അനേകം പതിപ്പുകൾ ഉണ്ടാക്കട്ടെ എന്ന് ആശംസിക്കുന്നു.
ഈ നോവൽ ഓൺലൈനിൽ ഓർഡർ ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക. കഥാകാരനിൽ നിന്നും നേരിട്ട് വാങ്ങാൻ ആഗ്രഹിക്കുന്നവർ ഫോൺ ചെയ്യുക: 9886910278
ആമസോൺ : https://www.amazon.in/dp/9358120797
ഫ്ലിപ്കാർട്ട് : https://www.flipkart.com/manthrikkunna-yanthrangal/p/itmf29d2f5a64c22?pid=RBKHNU532RY4QHWS

Leave a Reply