ഡോ. പ്രേംരാജ് കെ. കെയുടെ മന്ത്രിക്കുന്ന യന്ത്രങ്ങൾ എന്ന നോവലിനെക്കുറിച്ച് ഒരു
അവലോകനം
വ്യത്യസ്ത ചിന്തയിലൂടെയും, ആശയങ്ങളിലൂടെയും വായനക്കാരെ ആകാംക്ഷയിൽ നിർത്തുന്ന ഡോ. പ്രേംരാജ് . കെ. കെയുടെ ” മന്ത്രിക്കുന്ന യന്ത്രങ്ങൾ ” എന്ന നോവലിലൂടെ മന്ത്രവാദത്തെയും അമാനുഷിക ശക്തികളെയും കൂട്ടുപിടിച്ച് ദുഷ്ട ശക്തികളുമായി പൊരുതുന്ന മന്ത്രതന്ത്രങ്ങളിൽ പ്രാവിണ്യമുള്ള മൂസത് കുടുംബത്തെയും , സമൂഹത്തിൽ ദുഷ്പ്രവൃത്തികൾ ചെയ്യുന്ന ചില മനുഷ്യർ മൂലം അവരുടെ കുടുംബം നേരിടുന്ന കഷ്ടതയും, അതിൽ നിന്ന് മോചനം നേടാൻ അതീന്ദ്രിയ ശക്തിയുള്ള ഏലസ്സിനെ ശരണം പ്രാപിക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളും അതിമനോഹരമായി വായനകാരിൽ എത്തിക്കുന്ന നോവലിസ്റ്റിന്റെ രചനാപാടവം അസാമാന്യം തന്നെ.
ഈ നോവൽ പ്രധാനമായും മൂന്നു ഭാഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സർഗ്ഗ, സ്ഥിതി , ലയ. ആദ്യത്തെ സർഗ്ഗ എന്ന ഭാഗത്തിൽ മെക്സിക്കോ നഗരത്തിന്റെ ഭാഗമായ തുളും ഗ്രാമത്തിലേക്കുള്ള സൂര്യയുടെ ഏലസ്സുമായുള്ള യാത്രയെക്കുറിച്ചാണ് പറയുന്നത്. രണ്ടാമത്തെ ഭാഗമായ സ്ഥിതിയിൽ തുളും ഗ്രാമത്തിലേക്ക് പോകാനുണ്ടായ കാരണങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്. ഈ ഭാഗത്തിൽ, സൂര്യയ്ക്കും, പിതാവ് മഹിഷാക്കാട്ട് ഹരി നാരായൺ , അനുജൻ ചന്ദ്ര, കുടുംബാംഗങ്ങൾക്കും അനുഭവിക്കേണ്ടി വന്ന കഷ്ടതകളും, വേദനകളും പ്രതിപാദിക്കുന്നു. മൂന്നാമത്തെ ഭാഗമായ ലയത്തിൽ കേരളത്തിലേക്ക്, അതായത് കൊച്ചിയിലേക്ക് തിരിച്ചെത്തിയ സൂര്യ നടത്തുന്ന പ്രതിക്രിയകളാണ്. സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തിനായി പൊരുതുന്ന സൂര്യയെയും കൂട്ടരെയും ഇതിൽ കാണാം. വാരാഹി ദേവിയിലുള്ള അവരുടെ ഉലയാത്ത വിശ്വാസം അവർക്ക് തുണയാകുമോ എന്നതാണ് ഞാൻ വായിച്ചറിയേണ്ടത്.
മെക്സിക്കൻ സംസ്കാരത്തിന്റെ ആഴത്തിൽ വേരൂന്നിയ വിശ്വാസങ്ങളുടെയും , ആചാരങ്ങളുടെയും ഭാഗമാണ് അമ്യുലേറ്റുകളും , താലിസ്മാൻ അഥവാ രക്ഷാകവചം . എന്നാൽ ഇന്ത്യയിൽ ഇതിനെ ഏലസ്സ് , തായത്തം , ഉറുക്ക് എന്നൊക്കെ പറയുന്നു. നഷ്ടപ്പെട്ടതോ, മോഷ്ടിക്കപ്പെട്ടതോ ആയ വസ്തുക്കൾ തിരിച്ചു കൊണ്ടുവരാനും, ദുഷ്ടശക്തികളിൽ നിന്നും സംരക്ഷണം നേടാനുള്ള കാർത്തവീര്യ യന്ത്രത്തെക്കുറിച്ചു പരാമർശിച്ചിരിക്കുന്നത് കഥാകാരന് അതിനെകുറിച്ച് അറിവിലുള്ളത് കൊണ്ടാണെന്ന് വായനക്കാർ അറിയേണ്ടിയിരിക്കുന്നു. പുരാണങ്ങളിലെ ഹൈഹയ രാജവംശത്തിലെ പ്രശസ്തനും ഉഗ്രപ്രതാപിയുമായ രാജാവിനെ പ്രാർത്ഥിക്കുവാൻ ഉപയോഗിക്കുന്ന ആത്മീയ മാധ്യമമാണ് കാർത്തവീര്യയന്ത്രം. മംഗളകരമായ കാര്യം നടക്കുവാൻ സൂര്യ, സാറായ്ക്ക് ലളിതായന്ത്രം നൽകുകയും, താലിസ്മാൻ വീടിനു മുൻവശത്ത് തൂക്കിയിടുകയും ചെയ്തു.
മഹാഭാരതം, രാമായണം എന്നിവയുടെ അവശേഷിപ്പുകൾ കാൻകൂൺ, മുഹരിസ്, തുളും എന്നിവിടങ്ങളിൽ കഥാകാരൻ വായനക്കാരുടെ മുന്നിലേക്ക് കൊണ്ടുവരുന്നുണ്ട്. അതിലൂടെ മായൻ സംസ്കാരവും ഇന്ത്യൻ സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നോവലിസ്റ്റ് അറിവു നൽകുന്നു. മായന്മാർ മുതലയെ ആരാധിക്കാനുണ്ടായ കാരണവും വ്യക്തമാക്കുന്നു.
ഹനുമാന്റെ മകൻ മകരധ്വജ്, പിതാവ് നൽകിയ ഏലസ്സിൽ നിന്ന് പകുത്തെടുത്ത ശക്തിയാണ് സൂര്യയുടെ കയ്യിലുള്ള ഏലസ്സിൽ ആവാഹിച്ചിരിക്കുന്നത് എന്ന് ഇതിൽ നിന്നും വായിച്ചെടുക്കുന്നതിൽ തെറ്റില്ല.
കാശ്യപ മഹർഷിയുടെ മകനായ മയാസുരന്റെ തലമുറക്കാരാണ് മായൻമാർ എന്നും, മായാസുരന്റെ കൂട്ടുകാരനായ, അഗ്നിച്ചിറകുളളതും സൂര്യ തേജസ്സുള്ളതും പറക്കുന്ന പാമ്പാണ് തക്ഷകൻ.ആ തക്ഷകന്റെ ശക്തിയാണ് സൂര്യയ്ക്ക് തന്റെ കയ്യിലുള്ള ഏലസ്സിൽ ആവാഹിച്ചിട്ടുള്ളത് എന്നകാര്യം വായനക്കാർ ഓർക്കുക. . കൂടാതെ ശരഭയന്ത്രത്തിന്റെ പ്രാധാന്യവും. ഷാമനിസത്തെയും കുറിച്ച് പരമാർശിക്കുന്നു.
സൂര്യയുടെ കയ്യിലുള്ള ഏലസ്സിലെ ചിഹ്‌നങ്ങളായ പുലി, പാമ്പ്, പക്ഷി എന്നിവ മെക്സിക്കോയിൽ ത്രിമൂർത്തികളായി സങ്കല്പ്പിക്കുമ്പോൾ ഇന്ത്യയിൽ വിഷ്ണുവും, ശിവനും, ബ്രഹ്മാവും . എന്നാൽ ക്രിസ്ത്യൻ വിഭാഗത്തിൽ പിതാവ്, പുത്രൻ , പരിശുദ്‌ധാത്മാവ് ആയും സങ്കല്പ്പിക്കുന്നു. മെക്സിക്കോയിൽ വച്ച് ഏലസ്സ് പൂജിക്കുവാൻ അവരുടെ ദേശീയ പുഷ്പമായ ഡാലിയ ഉപയോഗിച്ചു എന്നും പറയുമ്പോൾ കഥാകൃത്ത് എത്രത്തോളം ഈ നോവൽ രചിക്കുന്നതിൽ ശ്രദ്ധ വരുത്തിയിട്ടുണ്ട് എന്ന് മനസിലാക്കാം. .
ഓരോ മനുഷ്യനും ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ഓരോ വിശ്വാസം മുറുകെ പിടിക്കുന്നു . മെക്സിക്കോയിലെ സീബ മരങ്ങൾ പാതാളം, ഭൂമി, സ്വർഗ്ഗം എന്നീ മൂന്നു പ്രപഞ്ചതലങ്ങളെ സൂചിപ്പിക്കുന്നു. “ഉപ്പ് കൈയ്യിൽ കൊടുക്കരുത് , കഷ്ടതകൾ വന്നുചേരും” എന്ന് ഗബ്രിയേൽ സൂര്യയോട് പറയുമ്പോൾ മെക്സിക്കൻ വിശ്വാസവും , ഇന്ത്യൻ വിശ്വാസവും തമ്മിലുള്ള ബന്ധത്തെ നോവലിസ്റ്റ് വായനക്കാരെ ബോധ്യപ്പെടുത്തുന്നു.
മെക്സിക്കൻ ഭക്ഷണങ്ങളായ ട്ടോർട്ടില്ലസ്, ഹിക്കാമ എന്നിവയും, ടെക്വില എന്ന മദ്യവും, കഞ്ചാവ് നിറച്ച സിഗാറിനെയും സൂചിപ്പിക്കുന്നു. മെക്സിക്കൻ ഭാഷാ പ്രയോഗങ്ങളായ ‘ലോ സിയെന്തോ ‘ ഇന്ത്യൻ ഭാഷയിൽ സോറി എന്നും, സൊലാന – സൂര്യ വെളിച്ചം, എലിഓ എന്നാൽ സൂര്യൻ എന്നും നോവലിസ്റ്റ് വായനകാരെ പരിചയപ്പെടുത്തുന്നു.
മായൻ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ നിലനിൽക്കുന്ന തുളും നഗരത്തിന്റെ ചരിത്രം വായനകാരെ ധരിപ്പിക്കുന്നു. മെക്സിക്കോയിലെ കരീബിയൻ കടലിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഇസ്ലാ ദ്വീപ് , കാൻകൂൺ വിനോദസഞ്ചാര കേന്ദ്രം, ഗോൾഫ് കാർട്ടുകൾ, സ്നോർക്കലിംഗ്, മായൻ നഗരമായ ചിചെൻഇട്ട്സ, പത്തുപേർ പേർ മാത്രം സഞ്ചരിക്കുന്ന സെസ്ത വിമാനം എന്നിവയിലൂടെ മെക്സിക്കോയെ വായനക്കാർക്ക് കൂടുതൽ പരിചയപ്പെടുത്തുന്നുണ്ട്.
കുകുൽക്കാൻ പിരമിഡിൽ നിന്നാണ് ഈ ഏലസ്സ് ഉത്ഭവിക്കുന്നത്. അതിനാൽ തന്നെ കുകുൽക്കൻ യന്ത്രം എന്ന പേരു വന്നത്. പഞ്ചാക്ഷരി മന്ത്രം, വാരാഹി മന്ത്രം, ഭൂമിദേവിയെ തൊട്ടു വന്ദിക്കൽ എന്നിവയുടെ പ്രാധാന്യം എടുത്തു പറയുന്നു.
സമൂഹത്തിലെ ചില അനീതികളിൽ പങ്കാളിയാവേണ്ടി വരുന്ന വർ ഏലസ്സ് ധരിച്ചാൽ അതിൽ നിന്നു മോചനം നേടാം എന്ന മിഥ്യാധാരണയും നോവലിസ്റ്റ് ചൂണ്ടികാണിക്കുന്നു.
സഹോദരന്മാരയ വിലാസ് , ഷയാൻ റാത്തർ, എന്നിവർ ചന്ദ്രയിൽ നിന്നും മൂസത് കുടുംബത്തിന്റെ ഏലസ്സിന്റെ മഹാത്‌മ്യം മനസ്സിലാക്കുകയും അത് തട്ടിയെടുക്കുവാൻ, ഫ്രാൻസിസ് എന്ന രാഷ്ട്രീയക്കാരെയും, ചില ക്ഷുദ്ര മന്ത്രവാദികളെ കൂട്ടുപിടിച്ച് മൂസത്തിന്റെ കുടുംബത്തെ നശിപ്പിക്കുവാൻ ശ്രമിക്കുകയും,അവരുടെ കൊച്ചു മകനെ തട്ടി കൊണ്ടുപോവുകയും ഒക്കെ ഇതിൽ പറയുന്നുണ്ട്. മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന മൂന്നാം ലിംഗക്കാരായ മീനാക്ഷി , സുഗന്ധി, ശെൽവി , രുദ്രഎന്നിവരും , സൂര്യയുടെ സുഹൃത്തുക്കായ കിരൺ , അശോക് ,എൽദോ , നാരായൺ കുട്ടി , റഷീദ് എന്നിവർ ജാതി ഭേദമെന്യേ അവരെ സഹായിക്കുകയും ചെയ്യുന്നതായി വിവരിക്കുന്നു. ..
സമൂഹത്തിൽ നടക്കുന്ന കൊള്ളയും, കൊലപാതകങ്ങളും , സ്ഥാനമാനങ്ങൾക്കു വേണ്ടി എന്തു ക്ഷുദ്രവിദ്യയും ചെയ്യുന്ന ദുർ മന്ത്രവാദികളുടെ പ്രവർത്തിയും എല്ലാകാലത്തും മാറ്റമില്ലാതെ തുടരുന്നു. എന്നാൽ പഞ്ചേന്ദ്രിയങ്ങൾക്ക് അതീന്ദ്രമായ ശക്തിയുള്ള ഏലസ്സും, പ്രാർത്ഥനയും, പഞ്ചഭൂത നിർമ്മിതമായ മനുഷ്യനെ ഒരു പരിധി വരെ ആപത്തിൽ നിന്നും രക്ഷിക്കുന്നു. ചിലപ്പോൾ അത് അന്ധവിശ്വാസമാവാം. വ്യക്തികൾക്ക് ശരി എന്നു തോന്നുന്ന വിശ്വാസം തെരഞ്ഞെടുക്കുകയും, അല്ലാത്തവ ഒഴിവാക്കേണ്ടതാണെന്നും ഈ നോവൽ വായനക്കാരെ ഓർമ്മപ്പെടുത്തുന്നു. എഴുത്തുവിദ്യയിൽ പുതുമ കൊണ്ടുവരുന്ന ഡോ. പ്രേംരാജ് . കെ. കെയുടെ ഈ മിസ്റ്റിക്ക് ത്രില്ലർ നോവൽ കൂടുതൽ വായനകാരുടെ ഹൃദയത്തിൽ ഇടം പിടിക്കട്ടെ എന്നാശംസിക്കുന്നു.
രഞ്ജിത. വി.കെ
കോഴിക്കോട്.

Leave a Reply