Book Review – Panku Jobi’s Short story collection – Noolkooda

പങ്കു ജോബിയുടെ നൂൽക്കൂട എന്ന ചെറുകഥ സമാഹാരത്തെക്കുറിച്ച്  ഡോ. പ്രേംരാജ് കെ കെ യുടെ കുറിപ്പ്

ആദ്യമേ പറയട്ടെ ഇതൊരു അവലോകനക്കുറിപ്പല്ല. ഇതിലെ കഥകൾ വന്ന വഴി തേടിപ്പോകാൻ ഒരു കൊതി. അതുകൊണ്ടുതന്നെ വരികൾക്കിടയിലൂടെ കടന്നു ചെല്ലാൻ ശ്രമിക്കാം. പതിനഞ്ച് കഥകൾ അടങ്ങിയ ഈ സമാഹാരം ഓരോ വായനക്കാരന്റെയും ചിന്തയുടെ ചിറകുകളിലെ ഒരു തൂവലെങ്കിലും പിഴുതുമാറ്റും.

കുഞ്ഞുങ്ങളുടെ മനസിന്റെ വാതായനങ്ങൾ തുറക്കുന്ന “കൊലുസ്സ്” എന്ന കഥ  മുമ്പ് ഓൺലൈനിൽ വന്നപ്പോൾ വായിച്ചിരുന്നു. കുട്ടികളുടെ ആഗ്രഹങ്ങൾ ചെറുതായിരിക്കും അല്ലെങ്കിൽ ബാലിശമായിരിക്കാം, അത് നിവർത്തിക്കൊടുക്കുമ്പോൾ മുതിർന്നവർക്ക് ലഭിക്കുന്ന സന്തോഷം അനിർവചനീയമാണ് ,  കുട്ടിക്കും.

രോഗവും ദാരിദ്രവും ഒരുപോലെ, പിശാചിന്റെ മുഖമാണത്തിന്. എവിടെയും കയറിച്ചെല്ലാം, എവിടെയെങ്കിലും കയറിക്കൂടിയാൽ പിന്നെ ഇറങ്ങിപ്പോകുന്നത് ആരെയെങ്കിലും കൂടെകൂട്ടിയാവും, അതാണ് സൈന്ധവീയം എന്ന കഥ.   നാലു ചെറുപ്പക്കാർ ചെയ്ത ക്രൂരത സുധാശിയിലൂടെ പറയുമ്പോൾ ഒരു കുഞ്ഞിന് ജീവിതം ലഭിക്കുന്ന കഥയാണ് ‘ഇരുൾ കനക്കുന്ന നിഴലി” ൽ പറയുന്നത്.  പ്രണയത്തിൽ സ്നേഹം അവശേഷിച്ചില്ലെങ്കിൽ കുടുംബം നശിക്കുന്നു, ആ പ്രണയത്തിൽ വിരിഞ്ഞ കുഞ്ഞുപോലും ശല്യമായി തരുന്ന അവശയാണ്  “അവകാശി” എന്ന കഥയിൽ തുറന്നു കാട്ടുന്നത്. ഒരു കുഞ്ഞിന്റെ ശരീരത്തിലും മൃഗീയതയുടെ തേറ്റയും കൊമ്പും  വീഴാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ “ബബുനി” എന്ന കഥ വായനക്കാരുടെ ചിന്തയ്ക്ക് തീപ്പെട്ടിയിൽ നിന്നും തീപകരും.

മണൽ കാറ്റിൽ , അസ്ഥി ഉരുകുന്ന ചൂടിൽ ചില ജന്മങ്ങൾ സദാസമയം റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്, പ്രവാസ ജീവിതം എല്ലാവർക്കും തണുപ്പുള്ളതല്ല എന്ന് ചൂണ്ടിക്കാട്ടുന്നു “മണൽ സൂര്യൻ” എന്ന കഥയിലൂടെ. ഭോപ്പാൽ ആണവദുരന്തത്തിന്റെ ആരും കാണാത്ത  ഒരു കഥപറയുന്ന “കനിമ ”  തന്റെ ഭർത്താവും കുഞ്ഞും വിഷവാതകം മൂലം യാത്രയാകുമ്പോൾ നമ്മളോർത്തില്ല ഇങ്ങനെ പല ജന്മങ്ങളും അവിടെ പൊലിഞ്ഞിട്ടുണ്ടാകാം എന്ന്.

ഈ സമാഹാരത്തിന്റെ പേരിലുള്ള കഥയാണ് നൂൽക്കൂട, മരിക്കുന്നതിനുമുമ്പ് ഒരു കൂടയുണ്ടാക്കി കാമുകന് നൽകാൻ കൊതിച്ച അവൾ തിരിച്ചറിയുന്നു, ആ കൂടയ്ക്ക് അർഹതപ്പെട്ടത് കാമുകനല്ല എന്ന  സത്യം. സ്നേഹമാണ് എല്ലാം, മറിച്ച് പ്രേമമല്ല.

അപരിചിതർ  തമ്മിൽ പരിചയത്തിലേക്കോ സൗഹൃദത്തിലേക്കോ ഉള്ള ദൂരം എത്രയാണ്! അത് പറയുകവയ്യ, നേരിട്ട് അറിയുകതന്നെ വേണം. അതാണ് “അപരിചിതർ ” എന്ന കഥയുടെ ഉൽനാമ്പ്.  പ്രയത്നം തന്നെയാണ് ജീവിത വിജയ രഹസ്യം, ചൂണ്ടുപലക  അതിലേക്കാണോ നമ്മെ എത്തിക്കുന്നത്? മകൾക്ക് വേണ്ടി നേടുന്ന ഓരോ അമ്പത്രൂപ നോട്ടും എവിടെയാണ് ചെല്ലുന്നത് എന്നറിയാൻ വായനക്കാരും അവരുടെ പിന്നാലെ പോകട്ടെ.  ഒറ്റി , ഇര, ഇരുളൻ , അപരാധി എന്നീ കഥകളും വായനക്കാരുടെ ചിന്തകളുടെ ആക്കം കൂട്ടുന്നു.

തികച്ചും വ്യത്യസ്തമായ പതിനഞ്ചു കഥകൾ , അവയെല്ലാം വായനക്കരുടെ മനസ്സിലെ അലട്ടുന്ന ഓരോ പ്രശ്ങ്ങളുടെ, ജീവിത സത്യങ്ങളുടെ നേർക്കാഴ്ചകൾ ആകുമ്പോൾ ഈ കഥകൾ  മായാതെ നിൽക്കും. നമുക്ക് ചുറ്റും നടക്കുന്ന അനീതികളോട് പ്രതികരിക്കാൻ തോന്നും. സ്നേഹവും പ്രതീക്ഷയും കഥകളിലൂടെ വരച്ചുകാട്ടി തരാൻ  പങ്കു ജോബിയുടെ കഥകൾക്ക് സാധിക്കുന്നുണ്ട്.  ഈ രണ്ടു ഘടകങ്ങളും  അസ്തമിക്കുമ്പോൾ ജീവിതം  ഒരു വലിയ സമസ്യയായി നമുക്കുമുന്നിൽ നിൽക്കുന്നു. അത്തരം അന്ധാളിപ്പിൽ നിന്നും കരകയറുവാൻ ഇവ രണ്ടും കൊടുക്കുകയും വാങ്ങുകയും ചെയ്യുക എന്ന വസ്തുത ഇതിലെ കഥകളിലൂടെ തിരിച്ചറിയുക.  പങ്കു ജോബിയുടെ കഥ സമാഹാരം “നൂൽ ക്കൂട” കൂടുതൽ കൈകളിലേക്ക് ചേരട്ടെ എന്നും, കൂടുതൽ കഥകൾക്ക് ജീവൻ നൽകാൻ ഈ എഴുത്തുകാരിക്ക് കഴിയട്ടെ എന്നും ആശംസിക്കുന്നു.

സ്നേഹപൂർവ്വം

ഡോ. പ്രേംരാജ് കെ കെ 

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*