Book Review by Premraj K K- Book “Neelakkadalinte Rahasya Pusthkam”

പുസ്തകാസ്വാദനം

കൃതി : ലാലി രംഗനാഥ് രചിച്ച നോവൽ “നീലക്കടലിന്റെ രഹസ്യ പുസ്തകം “

ആസ്വാദനക്കുറിപ്പ് എഴുതിയത് : ഡോ. പ്രേംരാജ് കെ കെ

ഏതൊരു പുസ്തകവും വായിക്കാനായി തുറക്കുന്നിടത്തോളം അതിൽ രഹസ്യമുണ്ടെന്ന് വേണം കരുതാൻ. മനുഷ്യരുടെ മനസ്സും അങ്ങിനെതന്നെയെന്ന് വേണം മനസ്സിലാക്കാൻ.

ഇവിടെ  മായയുടെയും താരയുടെയും മനസ്സുകൾ എങ്ങിനെയാണെന്ന് പറയുന്നു…

നീലക്കടലിന്റെ രഹസ്യ പുസ്തകം എന്ന നോവലിലെ കഥാപാത്രങ്ങളെക്കുറിച്ചാണ് പറഞ്ഞത്.  കടൽപോലെ അഗാധമായ മനസ്സാണ് സ്ത്രീകളുടേതെന്ന് വായനക്കാർക്ക് വായിച്ചറിയണമെന്നു ണ്ടെകിൽ ലാലി രംഗനാഥ് രചിച്ച ഈ നോവൽ വായിക്കാം.

നിരീഷ് എന്ന ഒരു  കപ്പിത്താന്റെ ജീവിതം പറഞ്ഞുതുടങ്ങുന്ന ഈ നോവൽ കുറെയധികം മനുഷ്യ മനസ്സുകളിലൂടെ കടന്നുപോകുന്നു. വരികൾക്ക് ഇടയിലൂടെ വായിക്കാതെ നേരിട്ട് വായനക്കാരുമായി സംവദിക്കുന്നതായിട്ടാണ് ഈ കഥ കടന്നുപോകുന്നത്. എങ്കിലും ചിന്തകളുടെ നെരിപ്പോടിൽ ഒരല്പം തീ പകരാൻ ഇതിലെ മായയും റാണിയും ശ്രമിക്കുന്നുണ്ട് എന്നതാണ് വാസ്തവം.

കടൽ ചില മനുഷ്യരെപ്പോലെയാണ്, രഹസ്യങ്ങൾ പുറത്തുവിട്ടില്ല. അഗാധങ്ങളിലേക്ക് കടന്നു ചെന്നാലും കണ്ടെത്താൻ കഴിയാത്ത അത്രയും രഹസ്യങ്ങൾ ഒളിപ്പിച്ചു വെക്കുന്നു എന്ന് നോവലിസ്റ്റ് ഇതിലൂടെ പറയുന്നുണ്ട്. 

ഇപ്പോഴത്തെ യുവ ജനങ്ങളെ കാർന്നു തിന്നുന്ന ലഹരിയും ഇതിൽ പ്രതിപാദ്യവിഷയമാണ്. സ്വവർഗ്ഗരതിയിൽ സന്തോഷം കണ്ടെത്തുന്ന ആളുകൾ കുറവല്ല. അതുമൂലമുണ്ടാകുന്ന മാനസീക വിഷമതകൾ ചിലരെ ജീവിതാവസാനംവരെ അലോസരപ്പെടുത്തുന്നു എന്നൊരു വിഷയം ലളിതമായി പറഞ്ഞിരിക്കുന്നു ഈ നോവലിൽ.

ആഴങ്ങളിലെ മുഴക്കങ്ങൾ പലപ്പോഴും പുറത്തേക്ക് കേൾക്കാറില്ല എന്ന്  കഥാകാരി പറയുന്നതുപോലെ പലരുടെയും കാര്യത്തിൽ ഇത് വാസ്തവമാണ്.  അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്ന  ചില വിഷയങ്ങൾ സമർത്ഥമായി പ്രതിപാദിച്ചിരിക്കുന്നു എന്നത് എടുത്തു പറയേണ്ടുന്ന കാര്യമാണ്. 

സംഭവബഹുലം എന്നൊന്നും പറയാതെ ലളിതമായ വായനാസുഖം തരുന്ന ഈ കൃതിക്ക് മുതൽകൂട്ടായത് ഇതിലെ പ്രധാന കഥാപാത്രങ്ങളായ നിരീഷും താരയും മായയും രൂപേഷും റാണിയും ഇന്ദിരയും ഒക്കെയാണ്.  ഒരു ചെറുമഴ പോലെ വന്നുപോകുന്ന ഇന്ദിര എന്ന കഥാപാത്രം ഉണ്ടാക്കുന്ന അലകൾ പോലും ഈ നോവലിൽ പലയിടത്തുമായി കാണാം എന്നുള്ളത് ഈ കഥാപാത്രത്തിന്റെ അനിവാര്യത കാണിക്കുന്നു. 

അങ്ങിനെ കഥാപാത്രങ്ങളെ ആവശ്യത്തിനു മാത്രം  കടലാസ്സിൽ  നിരത്തിവെച്ചുകൊണ്ടുള്ള നല്ലൊരു നോവൽ എന്ന് പറയുന്നത് കൂടാതെ ചില മനുഷ്യ മനസ്സുകളുടെ ആഴങ്ങളിലേക്ക് ഊളിയിട്ടു ചെല്ലാനുള്ള ശ്രമവും വായനക്കാർക്ക് ഈ നോവലിൽ കാണാം. മനസ്സിൽ തോന്നുന്ന വികാരങ്ങൾ , വിഷമങ്ങൾ , സന്തോഷങ്ങൾ ഒക്കെ പങ്കിടാൻ ഒരാളുണ്ടാകുക എന്നത് ഓരോരുത്തർക്കുമുള്ള ആഗ്രഹമാണ്. അങ്ങനെയുള്ള കഥാപാത്രങ്ങൾ വായനക്കാർ ഈ നോവലിലൂടെ വായിച്ചറിയുമ്പോൾ സ്വയം ഒന്ന് ചിന്തിക്കും, തനിക്കും അങ്ങനെ ഒരാളുണ്ടോ എന്ന്. ഇല്ലെന്ന സത്യം മനസ്സിലാക്കുമ്പോൾ നാം നമ്മളെത്തന്നെ വെറുക്കുന്നു.

എന്നും ചോദ്യ ചിഹ്നമായി അവശേഷിക്കുന്ന മനുഷ്യമനസ്സിനെ ചില കണ്ണുകളിലൂടെ നിരീക്ഷിക്കുകയാണ് നോവലിസ്റ്റ് ഈ നോവലിലൂടെ ചെയ്യുന്നത്. ഒരു മനഃശാസ്ത്ര വിദഗ്ധയുടെ പാടവത്തോടെ ലാലി രംഗനാഥ് കൈകാര്യം ചെയ്യുന്ന ഇതിലെ കഥാപാത്രങ്ങൾ നമ്മളിൽ ഒളിഞ്ഞിരിക്കുന്നതായും തോന്നാം. ഈ നോവൽ  ഒരു സാധാരണ നോവലിൽ നിന്നും വ്യത്യസ്തമാകുന്നതിന്റെ കാരണം ഇതു തന്നെയാണ് ” ആഴങ്ങളിലെ മുഴക്കങ്ങൾ പലപ്പോഴും പുറത്തേക്ക് കേൾക്കാൻ പാകത്തിലുള്ളതായിരിക്കില്ല. ” കഥാകാരി പറയുന്നത് പോലെ.

മനസ്സിലെ സംഘർഷങ്ങളുടെ അലകൾ ഒടുങ്ങട്ടെ ഇളം കാറ്റ് വീശിയടിക്കട്ടെ, അതിനുള്ള “വഹ” ഈ നോവൽ നിങ്ങൾക്ക് നൽകുമെന്ന് എനിക്ക് തോന്നുന്നു.

നോവലിസ്റ്റിന് എല്ലാവിധ ആശംസകളും നേരുന്നു.

സ്നേഹപൂർവ്വം

പ്രേംരാജ് കെ കെ

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*