Book Review – Tulip Pushpangalude Paadam

പ്രേംരാജിന്റെ കഥാപുഷ്പങ്ങളുടെ പാടം
(ട്യൂലിപ് പൂക്കളുടെ പാടം)

ഒരു പുസ്തകം മനസ്സിനിണങ്ങുമ്പോൾ അതേപ്പറ്റി രണ്ട് വരികള്‍ മറ്റുളളവരോട് പറയാതിരിക്കുന്നത് തെറ്റാണ് എന്ന് വിശ്വസിക്കുന്നവളാണ് ഞാന്‍. ഡോ പ്രേംരാജിന്റെ ചെറുകഥാസമാഹാരം എനിക്ക് പ്രിയപ്പെട്ടതായകാരണം അതിനെപ്പറ്റി സംസാരിക്കാതിരിക്കാനാവുന്നില്ല.
ജീവിതത്തിലെ അതിക്രൂരതയും അതിന്റെ നൊമ്പരങ്ങളും.. പിന്നെ ബാല്യത്തിന്റെ നിർമ്മലതയുളള സ്നേഹവും…. ജീവൻ നിലനിര്‍ത്താന്‍ മനുഷ്യനുളള പ്രതീക്ഷയും… സമ്പന്നതയോടുളള ആർത്തി തുലച്ചുകളയുന്ന ജീവിതവും… ഭയാനകമായ പകർച്ചവ്യാധിയുടെ സഹനകാലവും ഒരു പോലെ തീരേ വിരസമല്ലാത്ത രീതിയിൽ വാക്കുകളാൽ അവതരിപ്പിക്കുക എന്നത് അസാമാന്യമായ ഒരു കഴിവാണ്. ആ കഴിവിന് ഉടമയാണ് പ്രേംരാജ്.
മൺ ശില്‍പങ്ങള്‍ എന്ന കഥയിൽ ഒരു പെൺകുട്ടി സ്വന്തം ഭാവനക്കനുസരിച്ച് മിനുക്കിയെടുക്കുന്ന തന്റെ കുഞ്ഞു ശില്‍പങ്ങള്‍ തനിക്ക് കൂട്ടായി എന്നും സംരക്ഷണം നല്കും എന്ന അവളുടെ വിശ്വാസത്തിനെ തകർത്ത് വെറും ഉത്തരവാദിത്വമില്ലാത്ത സമൂഹത്തെ പോലെ നോക്കി നിൽക്കുകയാണ്. അവളുടെ കുഞ്ഞു വിരലുകള്‍ കുറ്റവാളികളായ നമ്മുടെ നേരെ ചൂണ്ടുകയാണ് എന്ന സത്യം കണ്ണുനീർ തൂകി നില്ക്കുകയാണ് വരികളിൽ.
വീണ്ടും ഒരു കുഞ്ഞുമനസ്സിന്റെ മോഹമേഘങ്ങൾ പെയ്തൊഴിയുകയാണ് മേഘചിത്രങ്ങൾ എന്ന കഥയില്‍. പട്ടാളക്കാരനായ അച്ഛന്റെ മേഘനഗരങ്ങളിലെ യുദ്ധം അവിസ്മരണീയമായി പ്രേംരാജിന്റെ തൂലിക എഴുതി. അഭിനന്ദനങ്ങള്‍ സുഹൃത്തേ.
കനലിൽ എരിയാൻ വിധി ചിതകൂട്ടിയ പാവം കൗമാരക്കാരി! പെററമ്മയുടെ തെറ്റായ വഴികളിലൂടെ രണ്ടാനച്ഛന്റെ ശിശുവിനെ ഗർഭത്തിൽ ചുമക്കേണ്ടിവന്ന മകൾ!!! അമ്മയുടെ സപത്നിയാവുക എന്ന വിധി അനുഭവിക്കേണ്ടിവന്ന ആ കുട്ടിയിലൂടെ സ്ത്രീയാണ് സ്ത്രീയുടെ ശത്രു എന്ന സത്യം കഥാകാരന്‍ വരച്ചിടുന്നു.
പ്രതികരിക്കാന്‍ പലപ്പോഴും മറന്നു പോകുന്ന ഒരു സമൂഹത്തെ വീണ്ടും ഓർമ്മിപ്പിക്കുകയാണ് ഇസ്തിരിക്കാരന്റെ മകളുടെ കഥയിലൂടെ. പലപ്പോഴും പശ്ചാത്താപം പരിഹാസ്യമാകുന്നു!!!
സ്വർഗ്ഗത്തിലേക്ക് വഴികാട്ടിയായി ജിയാനയുടെ മിന്നാമിന്നികൾ അഗ്നിമുത്തുകളുമായി പറക്കുന്ന മനോഹാരിത വായിച്ചു തന്നെ അനുഭവിക്കണം
ഒട്ടിച്ചുവെച്ച ചിറകുകളില്‍.
ഒരു പിറന്നാളഘോഷത്തിലേക്ക് എത്തുമ്പോൾ പ്രേംരാജിന്റെ പ്രതിഭക്ക് മുന്നില്‍ വായനക്കാരൻ കൈകൾ കൂപ്പുന്നു.
ജീവിതത്തിന്റെ ഇടനാഴികളിലേക്ക് ചൂട്ടുകത്തിച്ച് വെളിച്ചം പകരണം എഴുത്തുകാരൻ എന്ന കടമ ഓരോ ചെറുകഥ കളിലും പ്രേംരാജ് നിർവ്വഹിച്ചിരിക്കുന്നു.
ഇനിയും അനുഭവങ്ങളില്‍ തൂലികമുക്കി ജീവിതഗന്ധികളായ അനേകം കഥകൾ എഴുതാന്‍ ഡോ. പ്രേംരാജ് എന്ന എഴുത്തുകാരന് സാധിക്കുമാറാകട്ടെ.
ആശംസകള്‍ അഭിനന്ദനങ്ങൾ ഹൃദയപൂർവ്വം പ്രാർത്ഥനയോടെ

വത്സല നിലമ്പൂർ (സെക്രട്ടറി ഓഫ് നിർമ്മാല്യം കലാസാഹിത്യ സാംസ്കാരിക വേദി ).

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*