Book Review – Jalaja Madhusudanan’s Hrudaya Sarangi

പുസ്തക പരിചയം… ഹൃദയസാരംഗി.. ലാലി രംഗനാഥ്.

പരിമളമുതിർത്തും ഹൃദയസാരംഗി…

ശ്രീമതി ജലജ മധുസൂദനന്റെ 49 കവിതകളുടെ സമാഹാരം വായിച്ചു കഴിയുമ്പോൾ, ആദ്യം ഓർമ്മയിലെ ത്തുന്നത് ഈ പുസ്തകത്തിന് “ഹൃദയസാരംഗി “എന്ന പേരിനേക്കാൾ അനുയോജ്യമായ ഒരു നാമം ചേർത്തുവയ്ക്കാനാവില്ല എന്നതാണ്. കാരണം പ്രിയ കവിയുടെ ഹൃദയത്തിൽ നിന്നുതിർന്ന ഈ കവിതകളെല്ലാം തന്നെ വാസനാ
പുഷ്പങ്ങളാണ്,
അതിന്റെ വശ്യമായ ഗന്ധം വായനക്കാരെ ഉന്മത്തരാക്കുന്നു എന്നുള്ളതാണ്.

പുസ്തകത്തിന്റെ അവതാരികയിൽ ശ്രീ. ജയകുമാർ സാർ പറഞ്ഞത് കടമെടുക്കുമ്പോൾ,

” അനുസരണയില്ലാതെ എവിടെയും വളരുന്ന കാട്ടുചെടികളല്ല ജലജയുടെ കവിതകൾ.. മറിച്ച് സുനിയന്ത്രിതമായ ആശയവിശ്വാസങ്ങളുടെ തൊടിയിൽ പരിപാലിക്കപ്പെട്ട ഫലവൃക്ഷങ്ങളാണ് അവ” എന്നാണ്.

ചിന്തകളുടെ ശിഖരത്തിൽ കനലെരിയുമ്പോഴും, സ്വന്തബന്ധങ്ങൾ അന്യമാകുന്നത് തിരിച്ചറിയുമ്പോഴും, കരൾ നോവിൽ ഉടൽ വെന്തുരുകുമ്പോഴും ആ കവി മനസ്സിൽ ഉരുത്തിരിയുന്ന വരികൾക്ക് ആർദ്രതയുടെ മഴത്തണുപ്പാണ്.

ആത്യന്തികമായി ജലജയുടെ കവിതകൾ അനുവാചകനിലേക്ക് ഒഴുകിപ്പരക്കുന്ന സ്നേഹത്തിന്റെ കുളിരാണ്.

” കനലെരിയുന്നൊരെൻ
ചിന്തതൻ ശിഖരത്തിൽ
നറു മലരായ് വിരിയുമോ പ്രണയമേ..?
അടരുവാനാകാതെ
ജന്മാന്തരങ്ങളായി
നിന്നിൽ പടരുവാനാശിച്ച
മകരന്ദ ശാഖി ഞാൻ.
ഞെട്ടറ്റു പോകില്ലൊരുനാളും
അകതാരിൽ
മൊട്ടിട്ടൊരാ വർണ്ണ
സ്നേഹാർദ്ര മലരുകൾ”.

ഈ വരികളുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന വിശ്വാസത്തിന്റെ
പരിമളം അനിഷേധ്യമാണ്. അതാണ് കവിയുടെ മാർഗ്ഗദീപവും.

പ്രതീക്ഷയുടെ സൗന്ദര്യത്തെ ചേതോ ഹരമാക്കുന്ന വരികളാണ്
“എന്തിനോ “എന്ന കവിതയിലെ ഈ ചോദ്യങ്ങൾ.

” അറിയാതെ എരിയുന്ന
നറുതിരി ദീപമെൻ,
ഹൃദയമാം കോവിലിൽ
ഏറ്റിയതെന്തിനോ?
ശ്രുതി ലയഭാവമായ്
സുന്ദരനാദമായ്
അനുരാഗ ഗീതികൾ
മീട്ടിയതെന്തിനോ? “

“ഹേമന്തരാവ് “എന്ന കവിത വായിക്കുമ്പോൾ പ്രണയത്തിന്റെ നൂൽമഴ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നത് പോലെ..

” കരളിനുള്ളിലെ പ്രണയാനുഭൂതികൾ
തിരകളിൽ ഉന്മാദത്തേൻ മഴയാകുന്നു.
മിഴികളാലെഴുതിയ പ്രണയാക്ഷരങ്ങളോ
ഹൃദയാഭിലാഷങ്ങളായ് കുളിരല പാകുന്നു.”

ജലജയുടെ കവിതകളിൽ പ്രണയം വ്യക്തികൾ തമ്മിലുള്ളതിനുമപ്പുറം ജീവിത പ്രണയമായി പരിണമിക്കുന്നുണ്ട്.

ലോകാനുരാഗമെന്നും, ലോകാനുഗ്രഹ പരതയെന്നും കുമാരനാശാൻ പറഞ്ഞുവെച്ച ഉന്നതിയിലേക്ക് പറന്നുയരാനുള്ള ഔൽസുക്യം ഈ സമാഹാരത്തിലെ കവിതകൾക്ക്കവിതകൾക്ക്ചിറക് നൽകുന്നു. പ്രിയ കവയിത്രിയുടെ തൂലികയിൽ നിന്നും ഇനിയും വിസ്മയങ്ങൾ പിറക്കട്ടെ എന്ന ആശംസകളോടെ..

ലാലിമ ( ലാലി രംഗനാഥ് )

പ്രസാധകർ.. ഹരിതം ബുക്സ്.

വില.. Rs. 135/-

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*