Pale Blue Dot – Premraj KK’s short story collection – Story behind stories

കഥകൾക്ക് പിറകിൽ

മങ്ങിയ നീലബിന്ദു

നിങ്ങൾക്ക് അറിവുള്ളവയായിരിക്കാം ഇതിൽ പറയുന്നത്. എന്നിരുന്നാലും ഇതിലെ കഥകൾ എഴുതുന്നതിലേക്ക് കഥാകാരനെ നയിച്ചത് എന്തൊക്കെയാണ് എന്ന് അറിയുന്നത് വായനക്കാർക്ക് കഥകളുമായി അടുക്കാൻ ഉതകും എന്ന് കരുതുന്നു. കഥയെ അനുഭവമാക്കാൻ അതിലെ കഥാപാത്രങ്ങളെ അടുത്തറിയുന്നതും അതിലെ സംഭവങ്ങൾ തന്റേതുകൂടിയാണെന്ന്, അല്ലെങ്കിൽ തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് തോന്നുമ്പോൾ കഥകൾ കൂടുതൽ ഹൃദ്യമാകുന്നു , ഓർമ്മകളിൽ തങ്ങിനിൽക്കുന്നു. അത്തരം കഥകൾ കാലത്തിന് അതീതമാകുന്നു.  വരൂ, കഥകളിലേക്ക് ഒരു എത്തിനോട്ടം നടത്താം.

അഗതിമന്ദിരങ്ങളിലൊ ആതുരാലയങ്ങളിലോ താമസിക്കുന്നവർ അവരുടെ കുറ്റംകൊണ്ടാണോ ആ അവസ്ഥയിൽ ആയത്! അവർക്കും വികാരവിചാരണങ്ങളുണ്ട്. പെൺകുട്ടികൾക്ക് അവരുടെ അച്ഛനോടായിരിക്കുമല്ലോ കൂടുതൽ അടുപ്പവും സ്നേഹവും. അതുപോലൊരു കുട്ടിയെ നമ്മൾ ഇതിലൂടെ വായിക്കുമ്പോൾ ഒരിറ്റു സ്നേഹം തേടുന്നവർ നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ കൂടെയൊരു ആലിംഗനവും കൊടുക്കുവാൻ തോന്നട്ടെ. (ഇരുഹൃദയങ്ങളിൽ..)

കരുക്കൾ എന്നകഥയിലൂടെ വായന മുന്നേറുമ്പോൾ നമ്മൾ എവിടെയോ കണ്ട  ഒരു  വൃദ്ധജന്മം തന്നെയല്ലേ ഇതിൽ കാണുന്നത്. അല്പം സ്വത്തും പണവും ഉണ്ടെങ്കിൽ പേടിച്ചു ജീവിക്കേണ്ടുന്ന അവസ്ഥയാണിപ്പോൾ. അതും തനിച്ചാണെങ്കിൽ പറയുകയും വേണ്ട. സ്വന്തം മക്കളെപ്പോലെ കരുതി കൂടുകൂട്ടിയ ചിലർ നടത്തുന്ന ഗൂഢ തന്ത്രങ്ങൾ ഇതിൽ വായിക്കാം.

മുംബൈ എന്ന മഹാനഗരത്തിലെ ഒരു മലയാളി സംഘടനയും അതിലെ ചിലരുടെ കുരുട്ട് ബുദ്ധിയും വെളിവാക്കുന്ന കഥയാണ് “വിരാറിലെ ഒരു രാത്രി”. നമ്മുടെ തൊട്ടടുത്തുള്ള, നമുക്ക് അറിയുന്ന സംഘടനയിലെ ചില സംഭവങ്ങളുമായി ഈ കഥയെ തട്ടിച്ചുനോക്കുമ്പോൾ കഥയുമായി സാമ്യത കണ്ടേക്കാം.  അതേ സമയം , ചിലർ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും കരുതേണ്ടിയിരിക്കുന്നു.

ഒരുകാലത്ത് (ഇന്നും) നിയമവിരുദ്ധമായ ചില കച്ചവട തന്ത്രങ്ങളുമായി നമുക്ക് ചുറ്റും കൂടിയിരുന്ന ചിലരുണ്ട്, അതിൽ നക്ഷത്ര ആമയും, വെള്ളിമൂങ്ങയും റൈസ് പുള്ളറും ഇറിഡിയവും ഒക്കെ പെടും. ഇത്തരം തട്ടിപ്പുകളിൽ പെട്ടുപോകുന്ന ചിലരുണ്ട്. അന്നന്നത്തേക്കുള്ള അരിവാങ്ങാൻ ബുദ്ധിമുട്ടുന്ന ഇവർ ഇത്തരം വ്യാമോഹങ്ങളിൽ പെട്ട് ജീവിതം തന്നെ ഹോമിക്കപ്പെടുന്നു. അത്തരം ഒരു കഥയാണ് “മില്യൺ ഡോളർ ഡീൽ” എന്ന കഥ.

ചിലപ്പോൾ അന്യദേശങ്ങളിൽ നിന്നും കടൽ താണ്ടി കഥകൾ കടന്നുവരുന്നു . അത്തരം ഒരു കഥയാണ് “പാവക്കൂത്ത് ” . പുരാവൃത്തവും പുരാണവും ഇടകലർത്തി ഇന്നത്തെ ജീവിതത്തോട് വിളക്കിച്ചേർത്ത ഒരു കഥയെന്ന് ഇതിനെ പറയാം. പാവക്കൂത്തിനിടയിൽ മറ്റെവിടെയോ നടക്കുന്ന അപകടത്തിൽ നിന്നും രക്ഷിക്കാനായി ഗ്രീക്ക് ദേവനെപ്പോലെ ഒരാൾ പുറപ്പെടുകയാണ് ഇതിൽ. സഹജീവിയോടുള്ള ഒരു ജൂതന്റെ ആത്മാർത്ഥ സ്നേഹമാണ് ഇതിൽ നമുക്ക് കാണുക.

രസകരമായ മോഷണവും അതിലൂടെ ആരും അറിയാത്ത ഒരാൾ തന്റെ ജീവിതവും കരുപ്പിടിപ്പിക്കുന്നതുമാണ് “ബെൽജിയം കട്ടിങ് ” എന്നകഥയിൽ നാം അറിയുന്നത്. 2003 ഇൽ ആൻറ് വേർപ്പ് എന്ന സുപ്രസിദ്ധ രത്ന സൂക്ഷിപ്പു കേന്ദ്രത്തിൽ നടന്ന രത്ന മോഷണവും അതെ തുടർന്നുണ്ടായ  ഒരു സംഭവം പോലെയാണ് ഈ കഥ പറയുന്നത്. ഈ കഥ വായിക്കുമ്പോൾ മുകളിൽ പറഞ്ഞ സംഭവം ഓർക്കുക.

ഇന്നത്തെ ലോകത്ത് കുടുംബകലഹം സാർവർത്തികമാണല്ലോ. വേർപിരിയാൻ കാരണം അന്വേഷിക്കുന്ന ഭാര്യാഭർത്താക്കന്മാർ സുലഭം. സംശയങ്ങളുടെ പേരിൽ കുടുംബകലഹമാകേണ്ടിയിരുന്ന അവസ്ഥയിൽ ചില അനുഭവങ്ങൾ സ്ഥിതി ആകെ മാറ്റിമറിക്കുന്നു, അതാണ് “ഓരോ കാരണങ്ങൾ” എന്ന കഥയിൽ നിന്നും മനസ്സിലാക്കേണ്ടുന്നത്.

വീണ്ടും വരുന്നു ദേശത്തു നിന്നും വേറെ ഒരു കഥ. “പ്രതീക്ഷയുടെ മാതാവ്”  റിയോ ഡി ജെനീറോ എന്ന ഇടത്തുനിന്നുള്ള സംഭവമാണ് പറയുന്നത്. ചേരി പ്രദേശങ്ങൾ നമ്മുടെ നാട്ടിൽ മാത്രമല്ല , മറ്റു രാജ്യങ്ങളിലും ഉണ്ടെന്ന് ആദ്യം മനസിലാക്കുക. കുന്നിൻ ചെരുവിലെ ചേരിപ്രദേശവും അവിടെ നടക്കുന്ന ചില അക്രമങ്ങളും ഇതിൽ പ്രതിപാദിക്കുന്നു. ധീരരായ പോലീസുകാർ നാടിന് എന്നും സംരക്ഷണമാണ്. ഏവർക്കും  പ്രചോദനം നൽകുന്ന ഒരു കഥയാണ് ഇതിൽ പറയുന്നത്.

ഒരേ സമയം വേദനയാൽ ഹൃദയം നുറുങ്ങുകയും മനസ്സിന്റെ കോണിൽ ഒരിറ്റു സന്തോഷം തോന്നുകയും ചെയ്യുന്ന കഥയാണ് “വിറങ്ങലിച്ച വരാന്തകൾ” ഒരേസമയം കുറെയധികം വികാരങ്ങൾ കോരിച്ചൊരിയുന്ന കഥ എന്നുതന്നെ പറയാം.  സ്വന്തം കുഞ്ഞിനെ വേറെ ഒരാൾക്ക് നൽകേണ്ടുന്ന അവസ്ഥ അതികഠിനമാണ്. ഇത്തരം സംഭവങ്ങൾ നമ്മുടെ ഇടയിൽ ഇപ്പോഴും നടക്കുന്നുണ്ട് ഏന് പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല.

പ്രണയം മരുഭൂമിയിലെന്നപോലെ ദിക്കറിയാതെ പറന്നുപോകുന്ന അവസ്ഥ , പ്രണയിനി കൈയെത്തും ദൂരെ എത്തിയിട്ടും വിധിയെന്ന കാറ്റിൽ അകന്നകന്നു പോയപ്പോൾ ഏറെ വേദനിച്ചു. കാലം ആ ഓർമ്മകൾ വേറെ ഒരു രൂപത്തിൽ അവതരിച്ചപ്പോൾ കരയണോ സന്തോഷിക്കണോ എന്നറിയാതെ ബുദ്ധിമുട്ടുന്ന ഒരാൾ നിങ്ങളാണോ? വായിക്കുക “ഒരു വിളിക്കായ് ” എന്ന കഥ,

കംപ്യൂട്ടർ വിപ്ലവം തുടങ്ങിയിട്ട് ഏറെ കാലമായി. എന്നാലിപ്പോൾ എ ഐ വിപ്ലവമാണല്ലോ. ഒരു ജോലിക്ക് വേണ്ടി അലയുമ്പോൾ തന്നെ ഇന്റർവ്യൂ ചെയ്യന്നത് എ ഐ ആയാലെന്ത് മനുഷ്യൻ ആയാലെന്ത്! അങ്ങനെയുള്ള ഒരു അനുഭവ കഥ പറയുകയാണ് “ഒരു എ ഐ അപാരത ” എന്ന കഥയിലൂടെ.

മങ്ങിയ നീലബിന്ദു , അതൊരു വെറും ബിന്ദുവല്ല . അതാണ് നമ്മുടെ സ്വന്തം ഭൂമി. വോയേജർ എന്ന പേടകം നമ്മുടെ ക്ഷീരപഥവും കടന്ന് ദൂരെ എവിടേക്കോ യാത്ര തുടരുകയാണ്. ആ യാത്രയിൽ സ്വന്തം ക്യാമറ നിർത്തി,  ഊർജ്ജം തുടർന്നുള്ള യാത്രയ്ക്കായി കരുതിവെച്ച ഈ വോയേജർ ഒരു അത്ഭുതം തന്നെയാണ്. എന്നാൽ ആ ക്യാമറ  , ആകാശത്തിരിക്കുന്ന തന്റെ അമ്മയ്ക്ക് നൽകിയാണ് അവൻ മുന്നോട്ട് പോകുന്നതെന്ന് കരുതുന്ന ഒരു കുട്ടി. അതേ  ക്യാമറ ഉപയോഗിച്ച് അമ്മ തന്റെ ഫോട്ടോ എടുക്കും എന്ന് കരുതി സുന്ദരനായി ആകാശത്തേക്ക് നോക്കിയിരിക്കുന്ന കുട്ടി. ശാസ്ത്രം ഭാവനയിൽ ചാലിച്ച ഒരു കഥ എന്ന് പറയേണ്ടുന്ന ഒരു കഥയാണ് “മങ്ങിയ നീല ബിന്ദു” . നിങ്ങളുടെ കണ്ണിൽ ഒരിറ്റ് കണ്ണുനീർ ഊറിക്കൂടിയില്ലെങ്കിൽ നിങ്ങളിലെ ഭാവന വറ്റിപ്പോയെന്ന് കരുതേണ്ടിവരും.

അങ്ങനെ പന്ത്രണ്ട് കഥകളിലൂടെ നിങ്ങൾ കടന്നുപോകുമ്പോൾ നിങ്ങളിലെ കുട്ടി ഉണരുകയും മനുഷ്വത്വം പുനർജീവിക്കുകയും ചെയ്യും. അനുഭവങ്ങൾ കൊണ്ട് മാത്രം കഥയാകില്ല. അനേകം  അനുഭവങ്ങൾ ഭാവനയുടെ നിറങ്ങളും ചേർത്ത്  അലിയിച്ച്  ക്യാൻവാസിൽ തേച്ചുപിടിപ്പിക്കുമ്പോൾ ഹൃദ്യങ്ങളായ കഥകൾ ഉണ്ടാകുന്നു.  ഈ കഥാകാരന്റെ കഥകളുടെ തടാകം വറ്റിവരളുന്നില്ല, കൂടുതൽ അരുവികൾ അതിലേക്ക് ഒഴുകി ചേരുന്നതോടൊപ്പം വായനക്കാർക്കായി ചില കഥകൾ താളുകളിലേക്ക് ഒഴുക്കിവിടുകയും ചെയ്യുന്നതുകൊണ്ട് വായനക്കാർക്ക് സുന്ദരങ്ങളായ കഥകൾ വായിക്കുവാനും ആസ്വദിക്കുവാനും കഴിയുന്നു. എല്ലാവർക്കും ഇതിലെ കഥകൾ വായിക്കുക, ആസ്വദിക്കുക.

ഷൈനി അജിത്

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*